മലയാളം എന്നും പ്രിയപ്പെട്ട സിനിമ മേഖലയാണെന്ന് നടൻ നാനി. മലയാളം, കന്നട, തമിഴ്, തെലുങ്ക് ഭാഷകളിൽ 24ന് ഇറങ്ങുന്ന ഏറ്റവും പുതിയ ചിത്രമായ ശ്യാം സിംഘ റോയിയുടെ മലയാളം ട്രെയ്ലറിന്റെയും ഗാനത്തിന്റെയും ലോഞ്ചിംഗിനായി കൊച്ചിയിൽ എത്തിയതായിരുന്നു നാനി.മലയാളത്തിൽ അവസരം ലഭിച്ചാൽ തീർച്ചയായും അഭിനയിക്കും. അതിനുള്ള കാത്തിരിപ്പിലാണ് ഞാൻ. ഫഹദ് ഫാസിലും നസ്രിയയും എന്റെ അടുത്ത സുഹൃത്തുക്കളാണ്. മോഹൻലാൽ ആണ് എന്റെ ഏറ്റവും പ്രിയപ്പെട്ട മലയാള താരമെന്നും നാനി പറഞ്ഞു. മലയാളത്തിലേക്ക് മൊഴി മാറ്റിയിട്ടുള്ള എന്റെ ഈച്ച സിനിമയ്ക്ക് വലിയ ജനപിന്തുണ ലഭിച്ചിട്ടുണ്ട്. ശ്യാം സിംഘ റോയിയെയും മലയാളം ഏറ്റെടുക്കുമെന്നാണ് വിശ്വാസം. ലോക്ക് ഡൗൺ സമയത്ത് ഏറ്റവും കൂടുതൽ കണ്ടത് മലയാളം ചിത്രങ്ങളാണ്. ഓൺലൈനിൽ ചിത്രം കാണാൻ ഇരുന്നാൽ ആദ്യം കാണുന്നത് എപ്പോഴും മലയാളം ചിത്രങ്ങളാണ്. വർഷങ്ങൾക്കു ശേഷമാണ് കേരളത്തിൽ എത്തുന്നത്. മലയാള പ്രേക്ഷകരിൽ നിന്നും ലഭിക്കുന്ന സ്നേഹത്തിന് നന്ദിയുണ്ടെന്നും നാനി പറഞ്ഞു. രാഹുൽ സംകൃത്യൻ സംവിധാനം ചെയ്ത ചിത്രത്തിൽ സായ് പല്ലവിയാണ് നായിക.
വെങ്കട്ട് ബോയനപള്ളിയാണ് നിർമ്മാണം. റഫീഖ് അഹമ്മദിന്റേതാണ് ഗാനങ്ങൾ. മഡോണ സെബാസ്റ്റ്യൻ, രാഹുൽ രവീന്ദ്രൻ, മുരളി ശർമ്മ, അഭിനവ് ഗോമതം, ജിഷു സെൻ ഗുപ്ത, ലീല സാംസൺ, മനീഷ് വാദ്വ, ബരുൺ ചന്ദ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |