ആരാധകലോകം വർഷങ്ങളായി കാത്തിരിക്കുന്ന നയൻതാര, വിഘ്നേഷ് ശിവൻ വിവാഹം നാളെ ചെന്നൈ മഹാബലിപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ നടക്കും. ക്ഷണിക്കപ്പെട്ട അതിഥികൾക്കു മാത്രമാണ് പ്രവേശനം. തമിഴ് ചലച്ചിത്രലോകത്തുനിന്ന് പ്രമുഖരായ 30 താരങ്ങൾ പങ്കെടുക്കുന്നുണ്ട്.
തിരുപ്പതിയിൽ വിവാഹം നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാൽ സാങ്കേതിക കാരണങ്ങളാൽ മഹാബലിപുരത്തെ ഹോട്ടലിലേക്ക് മാറ്റുകയായിരുന്നു. ജൂൺ 11ന് നയൻതാരയും വിഘ്നേഷ് ശിവനും ഒരുമിച്ച് മാദ്ധ്യമങ്ങളെ കാണും. അതിനുശേഷം മാദ്ധ്യമപ്രവർത്തകർക്കായി പ്രത്യേക വിരുന്ന് ഒരുക്കിയിട്ടുണ്ട്. സ്വകാര്യ ഒ.ടി.ടി കമ്പനിക്കാണ് വിവാഹ ചടങ്ങുകൾ ചിത്രീകരിക്കാനുള്ള അവകാശം നൽകിയിരിക്കുന്നത്. തമിഴ് ചലച്ചിത്രലോകം ആവേശത്തോടെ കാത്തിരിക്കുന്നതാണ് നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹം. ഹിന്ദു ആചാരപ്രകാരമാണ് വിവാഹം. വിക്കിയും നയൻസും എവിടേക്കാണ് ഹണിമൂൺ ട്രിപ്പ് പോവുക എന്നാണ് ഇപ്പോൾ ആരാധകർ ഉറ്റുനോക്കുന്നത്.
ഷാരൂഖ് ഖാന്റെ അറ്റ്ലി ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റം നടത്തിയിരിക്കുകയാണ് നയൻതാര. അജിത്തിനെ നായകനാക്കി സിനിമ ഒരുക്കാൻ ഒരുങ്ങുകയാണ് വിഘ്നേഷ് ശിവൻ. നയൻതാരയാണ് ചിത്രത്തിൽ നായിക.സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസിനക്കരെ സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തിയ നയൻതാര തെന്നിന്ത്യൻ സിനിമാലോകത്ത് ലേഡി സൂപ്പർ സ്റ്റാറായി തിളങ്ങുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |