തിരുപ്പതിയിൽ വിവാഹം
മാലിദ്വീപിൽ റിസപ്ഷൻ
നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും ജൂൺ 9ന് തിരുപ്പതിയിൽ വിവാഹിതരാവും.
തിരുപ്പതിയിൽ ക്ഷേത്രത്തിൽ വിവാഹം നടത്തണമെന്ന് നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും ആഗ്രഹം കൂടിയായിരുന്നു. സുഹൃത്തുക്കൾക്കായി മാലി ദ്വീപിൽ റിസപ്ഷൻ നടത്തും. ഇതിന്റെ തീയതി രണ്ടുദിവസത്തിനകം തീരുമാനിക്കുമെന്നാണ് വിവരം.
ഏഴുവർഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരുടെയും വിവാഹം.
കഴിഞ്ഞ വർഷം ജൂണിലായിരുന്നു വിവാഹനിശ്ചയം. വിവാഹം ജൂണിൽ തന്നെ മതിയെന്ന് ഇരുവരും തീരുമാനിച്ചിരുന്നതാണ്.
നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ സെറ്റിൽവച്ചാണ് നയൻതാരയും വിഘ്നേഷ് ശിവനും പ്രണയത്തിലാവുന്നത്.
ചിത്രത്തിന്റെ സംവിധായകനായിരുന്നു വിഘ്നേഷ് ശിവൻ. 2015ൽ ആരംഭിച്ചതാണ് ഇരുവരുടെയും പ്രണയം.
2003ൽ സത്യൻ അന്തിക്കാട് ചിത്രം മനസിനക്കരയിലൂടെ സിനിമയിൽ എത്തിയ നയൻതാര തമിഴിലും തെലുങ്കിലും കന്നടയിലും സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒരുക്കി.
ഡയാന മറിയം കുര്യൻ എന്ന തിരുവല്ലക്കാരി തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാറായി തിളങ്ങിനിൽക്കുന്നു. പതിനഞ്ചുവർഷമായി തുടരുന്ന വിജയ യാത്ര.
37ലും സുന്ദരി
പ്രായം 37. ഇപ്പോഴും ചെറുപ്പക്കാരി തന്നെ. മുൻപത്തേതിനേക്കാൾ സുന്ദരി. നായകൻമാരുടെ പിൻബല വേണ്ട നയൻതാര ചിത്രങ്ങൾക്ക്. ഒറ്റയ്ക്ക് വിജയം നേടുന്നു. താഴ്ചകളിൽ നിന്നു ഉയരങ്ങളിലേക്ക് കയറി വിജയറാണിപ്പട്ടം ചൂടിയ പാരമ്പര്യം നയൻതാരയ്ക്ക് മാത്രം അവകാശപ്പെട്ടതാണ്. ചിമ്പുവും പ്രഭുദേവയുമായുള്ള പ്രണയവും പ്രണയത്തകർച്ചയും എല്ലാത്തിനെയും അതിജീവിച്ച് അജയ്യയായി നയൻതാര കുതിപ്പ് തുടരുന്നു.
മംഗല്യഭാഗ്യത്തിന് തിരുപ്പതി
മംഗല്യഭാഗ്യത്തിന് തിരുപ്പതി വെങ്കിടേശ്വരന്റെ ദർശനം ഉത്തമമെന്നണ് വിശ്വാസം. നയൻതാരയും വിഘ്നേഷ് ശിവനും കടുത്ത വെങ്കിടേശ്വര ഭക്തർ. പുതിയ ചിത്രമായ കാതുവാക്കിലെ രണ്ടുകാതൽ റിലീസ് ചെയ്തപ്പോൾ ഇരുവരും തിരുപ്പതി ദർശനം നടത്തിയതാണ് അവസാനത്തേത്. വിവാഹശേഷം വിഘ്നേഷ് ശിവനും നയൻതാരയും തിരക്കിൽ തന്നെയായിരിക്കും.
അജിത് നായകനാവുന്ന ചിത്രത്തിന്റെ സംവിധാന ജോലിയിൽ വിഘ്നേഷ് ശിവൻ.ചിത്രത്തിൽ നയൻതാര ആണ് നായിക.
അറ്റ്ലിയുടെ ഷാരൂഖ്ഖാൻ ചിത്രത്തിൽ നയൻതാരയാണ് നായിക. ഈ ചിത്രത്തിന്റെ തിരക്കിലേക്ക് നയൻതാരയും. ആദ്യ ബോളിവുഡ് പ്രവേശനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |