ഇൗ മാസം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത് 15 ചിത്രങ്ങൾ
ഇന്ന് അഞ്ച് റിലീസ്
മലയാളത്തിലെ ഏറ്റവും വലിയ റിലീസ് മാസമായായി ജൂലായ്. 15 ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങുന്നത്. ഷെയ്ൻ നിഗം നായകനാവുന്ന ഉല്ലാസം, ഷൈൻ ടോം ചാക്കോ, സണ്ണി വയ്ൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന അടിത്തട്ട്, തമിഴ് നടൻ ആർ. മാധവൻ നായകനായും സംവിധായകനുമായി എത്തുന്ന റോക്കട്രി ദ നവി എഫക്ട് ,രാഹുൽ മാധവ്. ഇന്ദ്രൻസ്എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന സാന്റാക്രൂസ് ,സുനിൽ സുഖദ, ജയൻ ചേർത്തല, ഡോ. റോണി എന്നിവർ അഭിനയിക്കുന്ന ഇ.എം.ഐ എന്നീ അഞ്ച് ചിത്രങ്ങൾ ഇന്ന് റിലീസ് ചെയ്യും. മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി, ഇംഗ്ളീഷ്, തെലുങ്ക്, കന്നട ഭാഷകളിലും അന്താരാഷ്ട്ര ഭാഷകളിലും റോക്കട്രി ദി നമ്പി എഫക്ട് എന്ന ബ്രഹ്മാണ്ഡ ചിത്രം എത്തുന്നുണ്ട്.
7ന് കടുവ 8ന് കുറി, തീ, പ്യാലി
പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ 7ന് തിയേറ്ററിൽ എത്തും. വിവേക് ഒബ്റോയ് പ്രതിനായക വേഷത്തിൽ എത്തുന്ന ചിത്രത്തിൽ സംയുക്ത മേനോൻ ആണ് നായിക.വിഷ്ണു ഉണ്ണിക്കൃഷ്ണനെ കേന്ദ്ര കഥാപാത്രമാക്കി കെ.ആർ. പ്രവീൺ രചനയും സംവിധാനവും നിർവഹിക്കുന്ന കുറി എന്ന ചിത്രത്തിൽ സുരഭി ലക്ഷ്മി, അദിതി രവി, വിഷ്ണു ഗോവിന്ദൻ, വിനോദ് തോമസ് എന്നിവരാണ് മറ്റു താരങ്ങൾ.8ന് ചിത്രം റിലീസ് ചെയ്യും.
യുവ എം.എൽ.എ മുഹമ്മദ് മുഹ്സിൻ, സാഗര എന്നിവരെ നായകനും നായികയുമാക്കി അനിൽ വി. നാഗേന്ദ്രൻ സംവിധാനം ചെയ്യുന്ന തീ 8ന് തിയേറ്ററിൽ. നവാഗതരായ സബിത -റിൻ ദമ്പതികൾ സംവിധാനം ചെയ്യുന്ന പ്യാലി എന്ന ചിത്രത്തിൽ ബോളിവുഡിലെ പ്രശസ്ത ബാലതാരവും സംസ്ഥാന പുരസ്കാര ജേതാവുമായ അരവ്യ ശർമ്മ ആണ് പ്യാലിയെ അവതരിപ്പിക്കുന്നത്.8ന് ചിത്രം റിലീസ് ചെയ്യും.
15ന് പാപ്പൻ, പത്മ
ഇടവേളയ്ക്കുശേഷം ജോഷിയും സുരേഷ് ഗോപിയും ഒരുമിക്കുന്ന ചിത്രമാണ് പാപ്പൻ, വൻ താരയിൽ ഒരുങ്ങുന്ന പാപ്പനിൽ സുരേഷ്ഗോപി രണ്ടു കാലഘട്ടത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നടൻ അനൂപ് മേനോൻ സംവിധായകനായും നായകനായും എത്തുന്ന പത്മ എന്ന ചിത്രത്തിൽ സുരഭി ലക്ഷ്മി നായിക. അനൂപ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തും നിർമ്മാതാവും.ഇരു ചിത്രങ്ങളും 15ന് എത്തും
.
മഹാവീര്യർ 21ന്
നിവിൻപോളി, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി എബ്രാഡ് ഷൈൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് മഹാവീര്യർ.എം. മുകുന്ദന്റെ കഥയ്ക്ക് എബ്രിഡ് ഷൈൻ രചന നിർവഹിക്കുന്നു. ഷാൻവി ശ്രീവാസ്തവ ആണ് നായിക. ഇടവേളയ്ക്കുശേഷം നിവിൻപോളിയും ആസിഫ് അലിയും ഒരുമിക്കുന്ന ചിത്രമാണ് മഹാവീര്യർ.
29ന് ബർമുഡ, വീകം, കില്ലർ
ധ്യാൻ ശ്രീനിവാസനെ നായകനാക്കി സാഗർ ഹരി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന വീകം എന്ന ചിത്രത്തിൽ സിദ്ദിഖ്, ഷീലു എബ്രഹാം, അജു വർഗീസ്, ഡെയ്ൻ ഡേവിഡ്, ഡയാന ഹമീദ് എന്നിവരാണ് മറ്റു താരങ്ങൾ. ഷെയ്ൻ നിഗം, വിനയ് ഫോർട്ട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ടി.കെ. രാജീവ്കുമാർ സംവിധാനം ചെയ്യുന്ന ബർമുഡയിൽ സൈജു കുറുപ്പ്, മണിയൻപിള്ള രാജു, ഇന്ദ്രൻസ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. രചന കൃഷ്ണദാസ് പങ്കി. റിയാസ് ഖാനെ കേന്ദ്ര കഥാപാത്രമാക്കി അനീഷ് ജെ. കരിനാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് സസ്പെൻസ് കില്ലർ. ശേഖർ മേനോൻ, വിജയകുമാർ പ്രഭാകരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അർജുൻലാൽ , അജിത്കുമാർ രവീന്ദ്രൻ എന്നിവർ ചേർന്നു സംവിധാനം ചെയ്യുന്ന രണ്ട് രഹസ്യങ്ങൾ എന്ന ചിത്രവും ഈ മാസം റിലീസ് ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |