ആർ.ആർ.ആറിനു പിന്നാലെ പ്രഭാസിന്റെ രാധേശ്യാമിന്റെയും റിലീസ് നീട്ടി
ഒമിക്രോൺ വ്യാപനം ശക്തമായതോടെ വമ്പൻ സിനിമകളുടെ റിലീസ് നീട്ടിവയ്ക്കുന്നു. ഷാഹിദ് കപൂറിന്റെ ജേഴ്സിയാണ് കൊവിഡ്, ഒമിക്രോൺ വ്യാപനത്തെത്തുടർന്ന് ആദ്യംറിലീസ് നീട്ടിവച്ച ബോളിവുഡ് ചിത്രം. ഡിസംബർ 31ന് ചിത്രം റിലീസ് ചെയ്യാനായിരുന്നു തീരുമാനം . ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ആർ.ആർ.ആറാണ് റിലീസ് മാറ്റിയ മറ്റൊരു ചിത്രം. ജനുവരി 7ന് ലോക വ്യാപകമായി റിലീസ് ചെയ്യാനായിരുന്നു തീരുമാനം.പ്രഭാസും പൂജ ഹെഗ്ഡെയും പ്രധാന വേഷത്തിൽ എത്തുന്ന രാധേശ്യമാണ്അവസാനം റിലീസ് മാറ്റിവച്ച ചിത്രം. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം ജനുവരി 14ന് റിലീസ് ചെയ്യാനായിരുന്നു തീരുമാനം. രാധേശ്യാം മാർച്ച് മാസത്തിലേക്കാണ് നീട്ടിയിട്ടുള്ളത്. ബാഹുബലിക്ക് ശേഷം പ്രഭാസിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ രാധേശ്യാം പ്രണയവും സസ്പെൻസും നൽകുന്ന ദൃശ്യവിരുന്നാണ് സംവിധായകൻ രാധാകൃഷ്ണ കുമാർ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറിൽ ടൈറ്റാനിക്കിന്റെ ക്ളൈമാക്സിനെ ഒാർമ്മപ്പെടുത്തുന്നതിനാൽ വാനോളം പ്രതീക്ഷയിലായിരുന്നു ആരാധകർ. തെലുങ്ക്, ഹിന്ദി, മലയാളം, തമിഴ് എന്നീ നാല് ഭാഷകളിലാണ് രാധേശ്യാം ഒരുങ്ങുന്നത്. എന്നാൽ ആർ.ആർ.ആറിന്റെ പുതിയ റിലീസ് തീയതി തീരുമാനിച്ചിട്ടില്ല. മാർച്ച് മാസത്തിൽ ആർ.ആർ.ആർ റിലീസ് ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നിർമ്മാതാക്കൾ. അജിത് കുമാർ നായകകനാവുന്ന വലിമൈ ആണ് റിലീസിന് ഒരുങ്ങുന്ന മറ്റൊരു വമ്പൻ ചിത്രം. ജനുവരി 14ന് ചിത്രം തിയേറ്ററുകളിൽ എത്തും. വലിമൈയുടെ റിലീസ് മാറ്റേണ്ടതില്ലെന്ന തീരുമാനത്തിലാണ് നിർമ്മാതാക്കൾ.
എന്നാൽ തമിഴ് നാട്ടിൽ ഞായർ സമ്പൂർണ ലോക് ഡൗൺ തീരുമാനിച്ചതിനാൽ വലിമൈയുടെ റിലീസ് നീട്ടാൻ സാദ്ധ്യതയുണ്ടെന്നാണ് സൂചന.വലിമൈയ്ക്കുശേഷം വിജയ്യുടെ ബീസ്റ്റ് ആണ് തമിഴകത്തെ മറ്റൊരു മേജർ റിലീസ്. ഏപ്രിൽ റിലീസായാണ് ബീസ്റ്റ് ഒരുങ്ങുന്നത്. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൂജ ഹെഗ്ഡെ ആണ് നായിക.ഷൈൻ ടോം ചാക്കോ, അപർണദാസ് എന്നിവരുടെ തമിഴ് പ്രവേശം കൂടിയാണ് ബീസ്റ്റ്.നിലവിൽ മലയാള ചിത്രങ്ങളുടെ റിലീസ് മാറ്റം നിർമ്മാതാക്കളുടെ ആലോചനയിലില്ല. പുതുവർഷത്തിലെ ആദ്യ മലയാളം റിലീസുകൾ ജനുവരി 7നാണ് എത്തുക. എന്നാൽ കൊവിഡ് വ്യാപനത്തിൽ സെക്കൻഡ് ഷോ ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടായാൽ മേജർ ചിത്രങ്ങളുടെ റിലീസ് മാറ്റുക മാത്രമേ മാർഗമുള്ളു.ഫെബ്രുവരിയിലാണ് പുതുവർഷത്തിലെ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ആദ്യ റിലീസ് ചിത്രങ്ങൾ എത്തുക.അയ്യപ്പനും കോശിയുടെ തെലുങ്ക് പതിപ്പായ ഭീംല നായക്കിന്റെയും റിലീസ് ജനുവരിയിൽ നിന്നും ഫെബ്രുവരി 25 ലേക്ക് മാറ്റിയിട്ടുണ്ട്. സാഹചര്യം അനുകൂലമല്ലെങ്കിൽ മാർച്ച് മാസത്തിലേക്ക് മാറ്റാനും നിർമ്മാതാക്കൾ ആലോചിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |