SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.11 PM IST

'ഓർമ്മയായി മാറുമ്പോഴല്ലേ ചന്തം',​ സംവിധായകൻ പി. പദ്‌മരാജൻ വിടപറഞ്ഞിട്ട് ഇന്ന് 31 വർഷം

cinema


'ഓർമ്മയായി മാറുമ്പോഴല്ലേ എന്തിനും ചന്തം കൂടുക' എന്ന് പി. പദ്മരാജൻ പറഞ്ഞതുപോലെ ഓർമ്മയായി മാറിയപ്പോഴാണ് പദ്മരാജന്റെ സിനിമകൾക്ക് ആരാധകർ ഏറിയത്. എക്കാലവും നിലനിൽക്കുന്ന വികാരവും അനുഭവവുമാണ് പ്രണയം. ആ പ്രണയമെന്ന വികാരത്തെ അതിന്റെ ആഴവും പരപ്പും ഉൾകൊണ്ട് എഴുതുകയും, സിനിമയിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുകയും ചെയ്ത പ്രതിഭയാണ് മലയാളികളുടെ സ്വന്തം പപ്പേട്ടൻ. ഒരു ആണിനും പെണ്ണിനും ഇടയിൽ ഉണ്ടാകുന്ന സ്വാഭാവിക വികാരം എന്ന രീതിയിൽ അവതരിപ്പിക്കാതെ വ്യത്യസ്തമായ തലങ്ങളിലൂടെ സഞ്ചരിച്ച്, പദ്മരാജന്റെ സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളാണ് ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. ഓരോ പെണ്ണുങ്ങൾക്കും അവരുടേതായ കഥകൾ പറയാനുണ്ടാകും. അദ്ദേഹത്തിന്റെ സിനിമകളിലെ സ്ത്രീ കഥാപാത്രങ്ങളെ വളരെ ആഴത്തിലാണ് സൃഷ്ടിച്ചിരിക്കുന്നത്. അന്നത്തെ കാലത്തെ സദാചാരബോധത്തെ തച്ചുടയ്ക്കുന്ന കഥാപാത്രങ്ങളായിരുന്നു എല്ലാം.

കൂടെവിടെയിലെ ആലീസ്
ഊട്ടിയിലെ ഒരു ബോർഡിംഗ് സ്‌കൂളിലെ അദ്ധ്യാപികയാണ് ആലീസ്. അച്ചടക്കമില്ലാത്ത രവി പുത്തൂരാനെ നല്ല വിദ്യാർത്ഥിയായി മാറ്റിയെടുക്കുന്നതിൽ ആലീസ് വിജയിക്കുന്നു .ആലീസ് എന്ന കഥാപാത്രം സുഹാസിനിയുടെ കൈയിൽ എത്ര ഭദ്രം.എല്ലാ കാലത്തും നമുക്ക് പരിചിതയാണ് ആലീസ്.

മുന്തിരിത്തോപ്പുകളിലെ സോഫിയ

സോളമന്റെ സോഫിയ. ഒരു ഘട്ടത്തിൽ സോഫിയ പ്രേക്ഷകരുടേതുമാകുന്നു. ഉത്തമ ഗീതത്തിലെ ഗീതങ്ങളാലാണ് ഇരുവരുടെയും പ്രണയ സന്ദേശങ്ങൾ പ്രേക്ഷകർക്ക് പദ്മരാജൻ കൈമാറിയത്.
പദ്മരാജന്റെ എല്ലാ ചിത്രങ്ങളിലും പ്രണയവുമുണ്ട്. നമുക്ക് പാർക്കാം മുന്തിരിത്തോപ്പുകളിൽ പ്രണയം നിറഞ്ഞ് ഒഴുകുന്നു പുതിയ കാലത്തിലേക്കും.


ഫയൽവാനിലെ ജയന്തി

ഗ്രാമത്തിലെ സുന്ദരിയായ ചക്കരയാണ് ജയന്തി. നാടൻ സുന്ദരി പെണ്ണ്. ഒരിടത്തൊരു ഫയൽവാൻ കണ്ടു പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഫയൽവാനെ പോലെ ജയന്തിയും ഓർമ്മിക്കുന്നു.


തിങ്കളാഴ്ച നല്ല ദിവസത്തിലെ അമ്മ

മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച അമ്മ കഥാപാത്രം പദ്മരാജന്റെ തിങ്കളാഴ്ച നല്ല ദിവസത്തിലെ ജാനകിക്കുട്ടി തന്നെ. കവിയൂർ പൊന്നമ്മയുടെ ശക്തമായ പകർന്നാട്ടം. അതേപോലെ ഒരു അമ്മ തിങ്കളാഴ്ച നല്ല ദിവസം കഴിഞ്ഞ് ലഭിച്ചിട്ടില്ലെന്ന് കവിയൂർ പൊന്നമ്മ തന്നെ പറഞ്ഞിട്ടുണ്ട്‌.

നൊമ്പരത്തിപ്പൂവിലെ ജിജി

ഒരു അപകടത്തെത്തുടർന്ന് ബുദ്ധിസ്ഥിരത നഷ്ടപ്പെട്ട അനാഥകുട്ടി. അവളെ എടുത്തുവള‌ർത്തുന്ന വളർത്തമ്മ. ബേബി സോണിയയുടെ ജിജി എന്ന കഥാപാത്രം ഇന്നും നൊമ്പരമാണ്. അവളുടെ മുഖത്തെ അനാഥത്വവും വിങ്ങലായി പ്രേക്ഷകരിലേക്ക് പടർന്നു.

തൂവാനത്തുമ്പികളിലെ ക്ളാരയും രാധയും

തൂവാനത്തുമ്പികളിലെ ക്ലാരയും രാധയും സ്വഭാവം കൊണ്ട് വ്യത്യസ്തരാണ് രണ്ടുപേരും. നായകനായ ജയകൃഷ്ണൻ വച്ചുനീട്ടുന്ന ജീവിതം തിരസ്കരിച്ച് സ്വന്തം വഴിയിലൂടെ സഞ്ചരിച്ച കഥാപാത്രമാണ് ക്ലാര. തന്റെ കന്യകാത്വത്തിനോ, പരപുരുഷബന്ധത്തിനോ ക്ലാര വലിയ പ്രാധാന്യമൊന്നും കൽപ്പിക്കുന്നില്ല. അതേസമയം രാധ നാട്ടിൻപുറത്തുകാരിയായ പെൺകുട്ടിയാണ്. ജയകൃഷ്ണനെ ഹൃദയതുല്യം അവൾ സ്നേഹിക്കുന്നു. ജയകൃഷ്ണന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് അവനിൽ നിന്നുത്തന്നെ അറിയുമ്പോൾ അവൾക്ക് വിഷമം തോന്നുമെങ്കിലും അതിലുപരിയായിരുന്നു അവൾക്കുണ്ടായിരുന്ന പ്രണയം.

ഗന്ധർവനിലെ ഭാമ

പദ്മരാജന്റെ അവസാനത്തെ സ്ത്രീ കഥാപാത്രമാണ് ഞാൻ ഗന്ധർവ്വനിലെ ഭാമ. ശാപം കിട്ടി ഭൂമിയിൽ വന്ന ഗന്ധർവ്വനെ പ്രണയിച്ച ഭാമ. ശാപമേറ്റ് ഭൂമിയിലേക്കു വരുമ്പോൾ അയാൾക്കു ശാപമോക്ഷത്തിനുള്ള വഴി കന്യകയെ പ്രാപിക്കലായിരുന്നു. പക്ഷേ അവർക്കിടയിൽ പ്രണയം പൂക്കുന്നു. ആ പ്രണയത്തിൽ ബാക്കിയുള്ള പ്രശ്നങ്ങളെല്ലാം അവർ അവഗണിക്കുന്നു. എത്ര മനോഹരമായാണ് പദ്മരാജൻ ഭാമയെ സൃഷ്ടിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PADMARAJAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.