സോനുവുമായുള്ള വിവാഹബന്ധം വേർപെടുത്തിയതിന്
ശേഷമാണ് അഭിനേതാവായ നവാബ് ഷായുമായുള്ള തന്റെ
ബന്ധത്തെക്കുറിച്ച് പൂജ വെളിപ്പെടുത്തിയത്
സൂപ്പർ മെഗാതാരങ്ങളായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയുംനായികയായി ചന്ദ്രലേഖ, മേഘം തുടങ്ങി ഒരുപിടി ചിത്രങ്ങളിലൂടെ മലയാളികൾക്കും സുപരിചിതയായ ബോളിവുഡ് സുന്ദരിയാണ് പൂജാബത്ര.
സ്കൂളിൽ പഠിക്കുമ്പോൾ മികച്ചൊരു അത്ലറ്റായിരുന്ന പൂജാബത്ര പിന്നീട് മോഡലിംഗിലേക്ക് തിരിയുകയായിരുന്നു. ലിറിൽ സോപ്പിന്റേതുൾപ്പെടെ ഒട്ടേറെ പരസ്യചിത്രങ്ങളിലഭിനയിച്ച പൂജ 1993-ൽ മിസ് ഇന്റർനാഷണൽ മത്സരത്തിൽ പങ്കെടുത്ത് കിരീടം നേടിയ പൂജാബത്ര 1997-ൽ തേവർ മകന്റെ ഹിന്ദി റീമേക്കായ പ്രിയദർശൻ ചിത്രം വിരാസത്തിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറിയത്. ചന്ദ്രലേഖയിലൂടെ പ്രിയൻ തന്നെയാണ് പൂജയെ മലയാളത്തിലെത്തിച്ചത്. തുടർന്ന് പ്രിയന്റെ തന്നെ മേഘത്തിലും അഭിനയിച്ചു.
ലോസാഞ്ചലസിലെ ഓർത്തോപീഡിക്ക്സർജനായിരുന്ന ഡോ. സോനു അഹ്ലുവാലിയയെ 2002-ൽ പൂജ വിവാഹം കഴിച്ചെങ്കിലും എട്ട് വർഷമേ ആ ദാമ്പത്യം നീണ്ടുനിന്നുള്ളൂ.
സോനുവുമായുള്ള വിവാഹബന്ധം വേർപെടുത്തിയതിന് ശേഷമാണ് അഭിനേതാവായ നവാബ് ഷായുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് പൂജ വെളിപ്പെടുത്തിയത്. ഇരുവരും രണ്ട് വർഷം മുൻപ് വിവാഹിതരായി.
ടി.കെ. രാജീവ്കുമാർ സംവിധാനം ചെയ്ത രാജാ കോ റാണി സേ പ്യാർ ഹോ ഗയാ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്ത്തുടക്കം കുറിച്ച നവാബ് ഷാ മമ്മൂട്ടിയുടേതും മോഹൻലാലിന്റേതുമുൾപ്പെടെ അര ഡസനിലേറെ മലയാള സിനിമകളിലഭിനയിച്ചിട്ടുണ്ട്. കീർത്തിചക്രയിലെ പ്രധാന വില്ലനായി മലയാളത്തിലെത്തിയ നവാബ് ഷാ തുടർന്ന് രൗദ്രം, കാണ്ഡഹാർ, രാജാധിരാജ തുടങ്ങിയ സൂപ്പർതാര ചിത്രങ്ങളിലുമഭിനയിച്ചു.മലയാളത്തിലെ സൂപ്പർതാരങ്ങളുടെ നായികയായിരുന്ന പൂജാബത്ര ഇപ്പോൾ അവരുടെ വില്ലനായഭിനയിച്ച നവാബ് ഷായുടെ ഭാര്യയാണെന്നത് ആരാധകരിൽ പലർക്കും അറിയാത്ത രഹസ്യം.
ഭർത്താവുമൊന്നിച്ചുള്ള പുത്തൻ ചിത്രങ്ങൾ കഴിഞ്ഞ ദിവസം പൂജാബത്ര സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് ഈ താരദമ്പതികൾ വാർത്തകളിൽ നിറഞ്ഞത്.
മലയാളത്തിനും ഹിന്ദിക്കും പുറമെ തമിഴ്, തെലുങ്ക്, പഞ്ചാബി, ഇംഗ്ളീഷ് ഭാഷകളിലും പൂജാബത്ര അഭിനയിച്ചിട്ടുണ്ട്. നവാബ് ഷാ മലയാളത്തിനും ഹിന്ദിക്കും പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും വേഷമിട്ടിട്ടുണ്ട്.
ഭവനരഹിതരായ കുട്ടികൾക്കും, എയ്ഡ്സ് രോഗബാധിതർക്കും കാശ്മീർ യുദ്ധത്തിൽ പരിക്കേറ്റ പട്ടാളക്കാർക്കുമുള്ള നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളിയായ പൂജാബത്ര ഇന്ത്യയിലെ ദരിദ്രരായ കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള ധനശേഖരണാർത്ഥം നിർമ്മിച്ച മൈ ലിറ്റിൽ ഡെവിൾ എന്ന ചിത്രത്തിൽ പ്രതിഫലം വാങ്ങാതെ അഭിനയിച്ചു. എൻ.എഫ്.ഡി.സിയും ഒരു കനേഡിയൻ കമ്പനിയും ചേർന്ന് സംയുക്തമായി നിർമ്മിച്ച് ഗോപി ദേശായി സംവിധാനം ചെയ്ത ഈ ചിത്രം മോൺട്രിയൽ വേൾഡ് ഫിലിം ഫെസ്റ്റിവലിലും ചിക്കാഗോ ഇന്റർനാഷണൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവലിലും ഫിലാഡെൽഫിയ ഫിലും ഫെസ്റ്റിവലിലും മലേഷ്യയിലെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലും പ്രദർശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |