മമ്മൂട്ടിയും ബോളിവുഡ് താരം പൂജാബത്രയുമൊന്നിച്ചുള്ള പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് കഴിഞ്ഞ ദിവസമാണ്. ഹംഗറിയിൽ ചിത്രീകരണം പുരോഗമിക്കുന്ന ഏജന്റ് എന്ന തെലുങ്ക് ചിത്രമായ ഏജന്റിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളാണ് പ്രചരിക്കുന്നത്. മമ്മൂട്ടിയും തെലുങ്ക് യുവതാരം അഖിൽ അക്കിനേനിയും തുല്യ പ്രാധാന്യമുള്ള വേഷങ്ങൾ അവതരിപ്പിക്കുന്ന ഏജന്റിൽ ബോളിവുഡ് താരം സാക്ഷി വൈദ്യയാണ് അഖിലിന്റെ നായികയാകുന്നത്. മമ്മൂട്ടിയോടൊപ്പമുള്ള പൂജാബത്രയുടെ ചിത്രങ്ങൾ കണ്ടപ്പോൾ പൂജയാണോ മമ്മൂട്ടിയുടെ നായികയെന്ന സംശയമായി ആരാധകർക്ക്.
പ്രിയദർശൻ സംവിധാനം ചെയ്ത ചന്ദ്രലേഖയിലൂടെ മലയാളത്തിലെത്തിയ പൂജാ ബാത്ര മമ്മൂട്ടിയുടെ നായികയായത് പ്രിയദർശന്റെതന്നെ മേഘത്തിലാണ്.തെലുങ്ക് ചിത്രമായ ഏജന്റിൽ മമ്മൂട്ടിയുടെ നായികയല്ലെന്ന് മാത്രമല്ല, പൂജ അഭിനയിക്കുന്നുമില്ലെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. എന്നാൽ പൂജയുടെ ഭർത്താവും ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ചിത്രങ്ങളിൽ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള വില്ലൻ നടനുമായ നവാബ് ഷാ ഏജന്റിൽ ഒരു സുപ്രധാന വേഷമവതരിപ്പിക്കുന്നുണ്ട്. മോഹൻലാലിന്റെ കീർത്തി ചക്രയിലെ വില്ലനായി മലയാളത്തിൽ അരങ്ങേറിയ നവാബ് ഷാ മമ്മൂട്ടിയോടൊപ്പം രൗദ്രത്തിലും രാജാധിരാജയിലും അഭിനയിച്ചിട്ടുണ്ട്.
എ.കെ. എന്റർടെയ്ൻമെന്റ്സും സുരേന്ദർ 2 സിനിമയും ചേർന്ന് നിർമ്മിക്കുന്ന സ്പൈ ത്രില്ലറായ ഏജന്റ് സംവിധാനം ചെയ്യുന്നത് തെലുങ്കിലെ ഹിറ്റ് മേക്കറായ സുരേന്ദർ റെഡ്ഡിയാണ്. ഒരു പട്ടാള ഉദ്യോഗസ്ഥന്റെ വേഷമാണ് മമ്മൂട്ടിക്ക്.ഏജന്റിന്റെ ഹംഗറി ഷെഡ്യൂൾ നവംബർ രണ്ടിന് പൂർത്തിയാകും. മമ്മൂട്ടിയുടെ ഇൻട്രോ സീൻ ഉൾപ്പെടെയുള്ള രംഗങ്ങളാണ് ഹംഗറിയിൽ ചിത്രീകരിക്കുന്നതെന്ന് നേരത്തെ കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. രാഹുൽ ഹെറെയ്ൻ ധരുമാനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ഹിപ്ഹോപ്പ് തമിഴയുടേതാണ് സംഗീതം. ഏജന്റിന്റെ ഹംഗറി ഷെഡ്യൂൾ പൂർത്തിയാക്കി തിരിച്ചെത്തിയ ശേഷം നവംബർ അഞ്ചുമുതൽ ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി അഭിനയിച്ച് തുടങ്ങും. പഴനിയാണ് ലൊക്കേഷൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |