തെന്നിന്ത്യയിലെ ഏറ്റവും തിരക്കേറിയ നായികമാരിലൊരാളാണ് പൂജാ ഹെഗ്ഡേ. കൊവിഡ് കാലത്തെ അനിശ്ചിതാവസ്ഥയ്ക്കിടയിലും ലൊക്കേഷനുകളിൽ നിന്ന് ലൊക്കേഷനുകളിലേക്ക് പറക്കുകയാണ് താരം.
ഹൈദരാബാദിൽ പ്രഭാസ് നായകനാകുന്ന രാധേശത്തിലഭിനയിച്ച് വന്ന താരം കഴിഞ്ഞ ദിവസം മുതൽ വിജയ് നായകനാകുന്ന തമിഴ് ചിത്രത്തിലഭിനയിച്ച് തുടങ്ങി. സൺ പിക്ചേഴ്സ് നിർമ്മിച്ച് നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ബീസ്റ്റ് എന്ന ചിത്രത്തിന് വേണ്ടി വിജയ്യും, പൂജയുമഭിനയിക്കുന്ന ഒരു ഗാനം ചെന്നൈയിൽ പ്രത്യേകം തയ്യാറാക്കിയ സൈറ്റിൽ കഴിഞ്ഞ ദിവസം മുതൽ ചിത്രീകരിച്ച് തുടങ്ങി. ബീസ്റ്റിലെ ഗാനചിത്രീകരണം പൂർത്തിയാക്കിയ ശേഷം പൂജാ ഹെഗ്ഡേ വീണ്ടും പ്രഭാസിന്റെ രാധേ ശ്യാമിലഭിനയിക്കാൻ ഹൈദരാബാദിലേക്ക് പറക്കും.
അജിത് നായകനായ വീരത്തിന്റെ ഹിന്ദി റീമേക്കായ ഭായ്ജാനിൽ സൽമാൻ ഖാനോടൊപ്പവും രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സർക്കസിൽ രൺവീർ സിംഗിനൊപ്പവും പൂജാ ഹെഗ്ഡേ അഭിനയിക്കുന്നുണ്ട്. അക്ഷയ്കുമാറിനെ നായകനാക്കി ഫർഹദ് സാംജി സംവിധാനം ചെയ്ത ഹൗസ്ഫുൾ -4 എന്ന ചിത്രത്തിലാണ് പൂജാ ഹെഗ്ഡേ ബോളിവുഡിൽ ഒടുവിലഭിനയിച്ചത്. സൽമാൻഖാൻ നായകനാകുന്ന ഭായ് ജാൻ സംവിധാനം ചെയ്യുന്നതും ഫർഹദ് സാംജിയാണ്.
അഖിൽ അക്കിനേനിയെ നായകനാക്കി ഭാസ്കർ സംവിധാനം ചെയ്യുന്ന മോസ്റ്റ് എലിജിബിൾ ബാച്ച്ലർ എന്ന തെലുങ്ക് ചിത്രം പൂജ പൂർത്തിയാക്കിക്കഴിഞ്ഞു.
സൗന്ദര്യമത്സരങ്ങളിൽ നിന്ന്സിനിമാ രംഗത്തേക്കെത്തിയ താരമാണ് പൂജാ ഹെഗ്ഡേ. 2019-ൽ മിസ് ഇന്ത്യാ മത്സരത്തിൽ പങ്കെടുത്തുവെങ്കിലും ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. തൊട്ടടുത്ത വർഷം മിസ് യൂണിവേഴ്സ് ഇന്ത്യാ മത്സരത്തിൽ രണ്ടാം സ്ഥാനം നേടി.
ജീവയെ നായകനും നരെയ്നെ പ്രതിനായകനുമാക്കി മിഷ്ക്കിൻ സംവിധാനം ചെയ്ത മുഖം മൂടി എന്ന തമിഴ് ചിത്രത്തിലൂടെ ഒൻപത് വർഷം മുൻപാണ് പൂജാ ഹെഗ്ഡേ അഭിനയ രംഗത്ത് അരങ്ങേറിയത്. സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്ത പൂജയുടെ ചിത്രങ്ങൾ കണ്ടിട്ടാണ് മിഷ്ക്കിൻ മുഖം മൂടിയിലെ നായികയാക്കിയത്.
അല്ലു അർജുൻ നായകനായ അല വൈകുണ്ഠപുരമുലോ (അങ്ങ് വൈകുണ്ഠപുരത്ത്) എന്ന ചിത്രത്തിന്റെ തകർപ്പൻ വിജയമാണ്പൂജാ ഹെഗ്ഡേയെ സൂപ്പർ നായികയാക്കി മാറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |