ബാബു ആന്റണിയെ കേന്ദ്ര കഥാപാത്രമാക്കി ഒമർലുലു സംവിധാനം ചെയ്യുന്ന പവർ സ്റ്റാർ 30ന് കണ്ണൂരിൽ ആരംഭിക്കും. ആക്ഷൻ ത്രില്ലർ ഗണത്തിൽപ്പെട്ട പവർസ്റ്റാറിന്റെ അഞ്ച് ദിവസത്തെ ചിത്രീകരണമാണ് കണ്ണൂരിൽ പ്ളാൻ ചെയ്യുന്നത്. മംഗലാപുരം ,കൊച്ചി എന്നിവിടങ്ങളാണ് മറ്റു ലൊക്കേഷൻ. ബാബുരാജ്, റിയാസ് ഖാൻ, അബു സലിം എന്നിവർക്കൊപ്പം ഹോളിവുഡ് താരം ലൂയിസ് മാൻ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിൽ നായികയോ ഗാന രംഗങ്ങളോയില്ല . റൊമാൻസിനും കോമഡിക്കും സംഗീതത്തിനും പ്രാധാന്യമുള്ള സിനിമകളാണ് ഒമർലുലു മുൻപ് ഒരുക്കിയത്. മയക്കുമരുന്ന് വിപണിയുമായി ബന്ധപ്പെട്ടതാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് വിവരം. അകാലത്തിൽ വിട പറഞ്ഞ പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് അവസാനമായി രചന നിർവഹിച്ച ചിത്രമാണ്.
2020 ന്റെ ആദ്യപകുതിയിൽ പ്രഖ്യാപിച്ച ചിത്രമാണ് പവർസ്റ്റാർ. എന്നാൽ പലതവണ ചിത്രീകരണം ആരംഭിക്കാൻ തീരുമാനിച്ചെങ്കിലും കഴിഞ്ഞില്ല. കൊവിഡിനെ തുടർന്ന് പിന്നെയും ആരംഭിക്കാൻ വൈകി. വെർച്വർ ഫിലിംസിന്റെ ബാനറിൽ രതീഷ് ആനാടത്താണ് ചിത്രം നിർമ്മിക്കുന്നത്.
അതേസമയം വർഷങ്ങളുടെ ഇടവളേയ്ക്കുശേഷം ബാബുആന്റണി വീണ്ടും മുഴുനീള ആക്ഷൻ സിനിമയുടെ ഭാഗമാകുകയാണ്. ചന്ത, ഭരണകൂടം, ദാദ, കടൽ , കമ്പോളം, ഉപ്പുകണ്ടം ബ്രദേഴ്സ് എന്നിവയാണ് ബാബു ആന്റണിയുടെ ശ്രദ്ധേയമായ ആക്ഷൻ ചിത്രങ്ങൾ. ഇൗ ചിത്രങ്ങളിലൂടെ നിരവധി ആരാധകരെ നേടിയ ബാബു ആന്റണി തുടർന്ന് ഇത്തരം സിനിമകളിൽനിന്ന് മാറിനിൽക്കുകയായിരുന്നു. പൃഥ്വിരാജിന്റെ എസ്ര എന്ന ചിത്രത്തിൽ വേറിട്ട കഥാപാത്രത്തെ അവതരിപ്പിച്ചാണ് മടങ്ങിവരവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |