മലയാള സിനിമയിലെ ഏറ്റവും ഡിമാൻഡുള്ള തിരക്കഥാകൃത്തുക്കളിൽ പ്രമുഖരായ ബോബി സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയിൽ പ്രിയദർശൻ ചിത്രം ഒരുങ്ങുന്നു. ഇരുവരുടെയും തിരക്കഥയിൽ ഏറ്റവും ഒടുവിലായി പുറത്തു വന്ന ചിത്രമാണ് ടൊവിനോ തോമസും സുരാജ് വെഞ്ഞാറമ്മൂടും ഐശ്വര്യ ലക്ഷ്മിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'കാണെക്കാണെ". പ്രിയദർശൻ ചിത്രത്തിന് ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന വിവരം കൗമുദി ടി വി യുടെ 'റീൽ ടു റിയൽ" എന്ന പ്രതിവാര സിനിമാധിഷ്ഠിത അഭിമുഖ പരിപാടിയിൽ അതിഥികളായി എത്തിയപ്പോഴാണ് ബോബിയും സഞ്ജയും വെളിപ്പെടുത്തിയത്.
ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന 'സല്യൂട്ട് " എന്ന ചിത്രമാണ് ബോബി സഞ്ജയ്യുടെ തിരക്കഥയിൽ അടുത്തതായി പുറത്തു വരുന്ന ചിത്രം. അതിനു ശേഷം 'അതിരൻ" എന്ന സിനിമയുടെ സംവിധായകനായ വിവേക് സംവിധാനം ചെയ്യുന്ന സിനിമ, തുടർന്ന് റോഷൻ ആൻഡ്രൂസിന് വേണ്ടി മറ്റൊരു ചിത്രം, 'കാണെക്കാണെ"യ്ക്ക് ശേഷം മനു അശോകന് വേണ്ടിയും തിരക്കഥ എഴുതുന്നുണ്ട്. ഇതിനൊപ്പമാണ് പ്രിയദർശൻ ചിത്രത്തിന് വേണ്ടിയും തങ്ങൾ തിരക്കഥ ഒരുക്കുന്നു എന്ന് ഈ സഹോദരങ്ങൾ വെളിപ്പെടുത്തിയത്. എന്നാൽ ആരായിരിക്കും സിനിമയിലെ താരങ്ങളെന്ന് പറയാറായിട്ടില്ലെന്നും ചർച്ചകൾ പ്രാരംഭഘട്ടത്തിലാണെന്നും ഇവർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |