ചതിയനായ ദിലീപിന്റെ പേര് അനശ്വര പ്രണയത്തിന്റെ സ്‌മാരകത്തിൽ ഉണ്ടാവരുത്,​ എന്നോടും കാവ്യയോടും കള്ളം പറഞ്ഞു: ആർ.എസ് വിമൽ

Tuesday 12 February 2019 7:13 PM IST
rs-vimal-

നടൻ ദിലീപിനെതിരെ രൂക്ഷവിമ‌ർശനവുമായി സംവിധായകൻ ആർ.എസ് വിമൽ രംഗത്ത്. തന്നോടുള്ള പക പോക്കുന്നതിന് വേണ്ടിയാണ് ബി.പി മൊയ്തീൻ സ്മാരമന്ദിര നിർമാണത്തിനായി 30 ലക്ഷം രൂപ ദിലീപ് നൽകിയതെന്ന് വിമൽ ആരോപിച്ചു. എന്ന് നിന്റെ മൊയ്തീനിൽ ആദ്യം ദിലീപിനെയും കാവ്യ മാധവനെയുമാണ് നായികാനായകന്മാരായി ആദ്യം ആലോചിച്ചിരുന്നത്. കാവ്യ അഭിനയിക്കാൻ തയ്യാറായെങ്കിലും ദിലീപ് പിന്മാറുകയായിരുന്നുവെന്നും വിമൽ വ്യക്തമാക്കി. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കാഞ്ചനമാല ആ പണം തിരികെ നൽകണം. അനശ്വര പ്രണയത്തിന്റെ സ്മാരകത്തിൽ ചതിയനായ ദിലീപിന്റെ പേരുണ്ടാകരുതെന്നും വിമൽ ആവശ്യപ്പെട്ടു. എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രവുമായി ബന്ധപ്പെട്ട് ദിലീപ് എന്നോടും കാവ്യ മാധവനോടും കള്ളം പറഞ്ഞു. ഇവർ ഇരുവരെയുമാണ് ആദ്യം ഞാൻ നായികാനായകന്മാരായി ആലോചിച്ചിരുന്നത്. ഇതിനായി കാഞ്ചനമാലയുടെ ജീവിതം പറയുന്ന, ഞാൻ സംവിധാനം ചെയ്ത 'ജലം കൊണ്ട് മുറിവേറ്റവൾ' എന്ന ഡോക്യുമെന്ററിയുമായി കാവ്യയെ കണ്ടു. ഡോക്യുമെന്ററി ഇഷ്ടപ്പെട്ട കാവ്യ സിനിമയിലെ കാഞ്ചനമാലയാവാൻ താൽപര്യം പ്രകടിപ്പിച്ചു. അതോടൊപ്പം ദിലീപിനെ കാണിക്കാനായി ഒരു കോപ്പി വേണമെന്നും കാവ്യ പറഞ്ഞു. അന്ന് വൈകിട്ട് ദിലീപ് എന്നെ വിളിച്ചു. സിനിമ ചെയ്യാൻ താൽപര്യമുണ്ടെന്ന് പറഞ്ഞു. പിന്നീട് ഇതുമായി ബന്ധപ്പെട്ട് ഞങ്ങൾ നിരന്തരം സംസാരിച്ചു. എന്നാൽ ദിലീപ് പിന്നീട് പ്രോജക്ടിൽ നിന്ന് പിന്മാറി. ഒരു നവാഗതസംവിധായകന്റെ സിനിമയിൽ താൻ അഭിനയിച്ചത് പരാജയപ്പെട്ടതാണ് ദിലീപിനെ പിന്നോട്ടുവലിച്ചത്.

പിന്നാലെ കാവ്യ എന്നെ ഫോണിൽ വിളിച്ച് പൊട്ടിത്തെറിച്ചു. നിങ്ങൾക്ക് ഞാനൊരു അവസരമല്ലേ തന്നതെന്നും അതെന്തിനാണ് ഇല്ലാതാക്കിയതെന്നും കാവ്യ ചോദിച്ചു. പിന്നീടാണ് കാവ്യ ദേഷ്യപ്പെട്ടതിന്റെ കാരണം മനസിലായത്. ദിലീപ് എന്നോടും കാവ്യയോടും കള്ളം പറയുകയായിരുന്നു. താൽപര്യമില്ലെന്ന് എന്നോട് പറഞ്ഞ ദിലീപ് കാവ്യയോട് പറഞ്ഞത് ദിലീപിനെ നായകനാക്കാൻ ഞാൻ താൽപര്യപ്പെടുന്നില്ലെന്നാണ്. എന്റെ സിനിമയിൽ സഹകരിക്കാതിരുന്നത് ഇപ്പോൾ ഭാഗ്യമായി കരുതുന്നു.

എന്ന് നിന്റെ മൊയ്തീൻ ഇത്രയും ജനപ്രിയമാകുമെന്ന് ദിലീപ് കരുതിയില്ല. പിന്നീടാണ് മൊയ്തീൻ സേവാമന്ദിറിന് 30 ലക്ഷം മുടക്കാൻ ദിലീപ് രംഗത്തെത്തുന്നത്. ആ സമയത്ത് ഞാനും പൃഥ്വിരാജും ഏറെ പഴികേട്ടു. കാഞ്ചനമാലയെ സന്ദർശിച്ചതിന്റെ പിറ്റേന്ന് ദിലീപ് എന്നെ വിളിച്ചു. കാഞ്ചനമാല ഞങ്ങളുടെ സിനിമയ്‌ക്കെതിരേ കൊടുത്ത കേസ് കോടതിയിൽ നടക്കുന്നതിനാലാണ് സേവാമന്ദിർ നിർമ്മാണത്തിൽ നിന്ന് തൽക്കാലത്തേക്ക് പിന്മാറിയതെന്നും ചിത്രീകരണത്തിന് മുൻപ് കാഞ്ചനമാലയ്ക്ക് അഞ്ച് ലക്ഷം നൽകിയിരുന്നതായും ഞാൻ ദിലീപിനോട് പറഞ്ഞു. സ്മാരകം നിർമ്മിക്കുന്നത് ഞങ്ങൾക്ക് താൽപര്യമുള്ള കാര്യമാണെന്നും പറഞ്ഞു. അങ്ങനെയൊരു കേസ് നടക്കുന്നുണ്ടെങ്കിൽ അതിന് മധ്യസ്ഥം വഹിക്കാൻ താൻ തയ്യാറാണെന്നായിരുന്നു ദിലീപിന്റെ മറുപടി. അപ്പോഴാണ് ദിലീപിന്റെ യഥാർഥ റോൾ എനിക്ക് മനസിലായത്. ഒരുതരം പകവീട്ടൽ തന്നെയായിരുന്നു അത്. അങ്ങനെ ഒരു മധ്യസ്ഥന്റെ ആവശ്യമില്ലെന്ന് അപ്പോൾത്തന്നെ ദിലീപിനോട് പറഞ്ഞു.

ആറ് കോടി സാറ്റലൈറ്റ് റൈറ്റ് ലഭിച്ച സിനിമയാണ് മൊയ്തീൻ. ആ പണത്തിന്റെ പങ്ക് നിർമ്മാതാക്കളിൽ നിന്ന് ഞാനോ പൃഥ്വിരാജോ വാങ്ങിയിട്ടില്ല. അതിൽ നിന്ന് ഒരു വിഹിതമെടുത്ത് എന്ന് നിന്റെ മൊയ്തീൻ നിർമ്മാതാക്കൾ സേവാമന്ദിർ പണിയണം. ദിലീപിന്റെ പേര് ഒരിക്കലും സേവാമന്ദിറിന്റെ ശിലാഫലകത്തിൽ വരരുത്.' താഴേക്ക് വീണുകൊണ്ടിരിക്കുന്ന ആളുടെ തലയിൽ വീണ്ടും ചവിട്ടുകയല്ല താനെന്നും അനുഭവിച്ച വേദന പങ്കുവെക്കുക മാത്രമാണെന്നും വിമൽ പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN CINEMA
YOU MAY LIKE IN CINEMA