SignIn
Kerala Kaumudi Online
Monday, 18 May 2026 3.21 AM IST

' ഫോണിലെ അശ്ലീല സംഭാഷണം കേട്ട് ഞാൻ കൈഞരമ്പ് മുറിച്ചു, ഫിറോസിന് പല സ്‌ത്രീകളുമായും ബന്ധം, ഇനിയും പേടിക്കാൻ വയ്യ'

sajna

ബിഗ് ബോസ് താരങ്ങളായ സജ്‌നയും ഫിറോസ് ഖാനും തമ്മിലുള്ള വിവാഹമോചന വാർത്തകൾ വന്നതിന് പിന്നാലെ പല അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നു. വിവാഹമോചനത്തിന് കാരണം സിനിമാമേഖലയിലെ ഒരാളാണ് എന്നതുൾപ്പെടെയുള്ള അഭ്യൂഹങ്ങൾ വന്നതോടെ താൻ അനുഭവിച്ച ക്രൂരമായ ശാരീരിക മാനസിക പീഡനങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സജ്‌ന നൂർ. ഫിറോസ് ഖാൻ തന്നെയും തന്റെ കുഞ്ഞുങ്ങളെയും നിരന്തരം വേട്ടയാടുകയാണെന്നും വഞ്ചിക്കപ്പെട്ട ജീവിതമായിരുന്നു തന്റേതെന്നും സജ്‌ന സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.

'എന്റെ രണ്ടാം വിവാഹമായിരുന്നു. ആദ്യ വിവാഹത്തിലെ മകളെ പൊന്നുപോലെ നോക്കാമെന്ന് പറഞ്ഞാണ് ഫിറോസ് എന്നെ വിവാഹം കഴിച്ചത്. എന്നാൽ, വിവാഹം കഴിഞ്ഞ് ആദ്യമാസം മുതൽ എന്റെ കുഞ്ഞിനെ കാണാൻ അയാൾ സമ്മതിക്കാതെയായി. പിന്നീട് ഗർഭിണിയായ സമയത്തും വീട്ടുകാരെ വിളിക്കാനോ കുഞ്ഞിനെ കാണാനോ സമ്മതിച്ചില്ല. ക്രൂര പീഡനങ്ങളാണ് ഞാൻ അനുഭവിച്ചത്. പ്രസവം കഴിഞ്ഞ് മൂന്നുമാസം തികയുന്നതിന് മുമ്പ് ഫിറോസിന്റെ ഫോണിൽ നിന്ന് മറ്റൊരു സ്‌ത്രീയുമായുള്ള അശ്ലീല സംഭാഷണം കേട്ട് ഞാൻ തകർന്നുപോയി. ആ വിഷമത്തിൽ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്‌ക്ക് പോലും ശ്രമിച്ചു.

പിന്നീട് എറണാകുളത്തേക്ക് താമസം മാറിയപ്പോൾ സിനിമാ സെറ്റിൽ വച്ച് മറ്റൊരു പെൺകുട്ടിയുമായി ഞാൻ നേരിട്ട് പിടികൂടി. ആ പെൺകുട്ടി മാപ്പ് പറഞ്ഞതോടെയാണ് ആ പ്രശ്‌നം അവസാനിച്ചത്. ഷിയാസ് കരീമിന്റെ കേസുമായി ബന്ധപ്പെട്ട ഒരു യുവതിയുമായും ഫിറോസിന് അടുത്ത ബന്ധമുണ്ടായിരുന്നു. ഇത്തരം വഞ്ചനകൾ സഹിക്കാനാവാതെയാണ് ബന്ധം വേർപെടുത്താൻ ഞാൻ തീരുമാനിച്ചത്.

എനിക്ക് കർമയിൽ വിശ്വാസമില്ല. അതിനുവേണ്ടി കാത്തുനിന്നാൽ വർഷങ്ങൾ നീണ്ടുപോകും. പലതും ഞാൻ കാണേണ്ടിയും കേൾക്കേണ്ടിയും വരും. എനിക്കതിന് സമയമില്ല. ഞാൻ നിയമപരമായി നീങ്ങിയിട്ടുണ്ട്. ഇതുവരെയുള്ള എല്ലാ കാര്യങ്ങളും പറഞ്ഞ് കേസ് കൊടുത്തിട്ടുണ്ട്. കുഞ്ഞുങ്ങൾക്ക് വേണ്ടി ഞാൻ പേടിച്ച് ജീവിച്ചിട്ടുണ്ട്. എനിക്കിനി പേടിക്കാൻ വയ്യ' - സജ്‌ന പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SAJNA NOOR, FIROZ KHAN, VIDEO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY