അഭിനയത്തിനൊപ്പം തിരക്കഥാവഴിയിലും വിജയം നേടുകയാണ് താരങ്ങൾ. വൻവിജയം നേടിയ അങ്കമാലി ഡയറീസിനു ശേഷം ഭീമന്റെ വഴിയും ശ്രദ്ധിക്കപ്പെട്ടതോടെ ചെമ്പൻ വിനോദ് ജോസ് എന്ന നടൻ തിരക്കഥാകൃത്ത് എന്ന നിലയിലും തിളങ്ങുന്നു.
അടുത്ത സിനിമയുടെ എഴുത്ത് ആലോചനകളിലാണ് ചെമ്പൻ. ആദ്യ തിരക്കഥാരചനയായ ജാൻ എ. മൻ പത്തുകോടി ഗ്രോസ് കളക്ഷൻ കേരളത്തിൽ നിന്നു നേടി മുന്നേറുമ്പോൾ ഇനിയും എഴുത്തു ഉണ്ടാവുമെന്ന് നടൻ ഗണപതി. ബാലതാരമായി വെള്ളിത്തിരയിൽ എത്തിയ ഗണപതി ആദ്യമായാണ് സിനിമയ്ക്ക് തിരക്കഥ എഴുതുന്നത്. ''കൂട്ടെഴുത്തിലൂടെയാണ് ഞാൻ - എ. മൻ രൂപപ്പെട്ടത്. സ്വതന്ത്രമായ രചനയും ഉണ്ടാവും. ഗണപതിയുടെ വാക്കുകൾ. ഓപ്പറേഷൻജാവയിലൂടെ ശ്രദ്ധേയനായ നടൻ ബിനു പപ്പു ആദ്യ തിരക്കഥ രചനയുടെ ജോലിയിലാണ്.
ഒാപ്പറേഷൻ ജാവയുടെ സംവിധായകനായ തരുൺമൂർത്തിയുടെ അടുത്ത സിനിമ ബിനുപപ്പുവിന്റെ രചനയിലാണ് ഒരുങ്ങുന്നത്. മലർവാടി ആർട്സ് ക്ളബ് എന്ന വിനീത് ശ്രീനിവാസൻ സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തിയ താരമാണ് ഭഗത് മാനുവൽ.ഭഗത് ആദ്യമായി തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. ഏറെ രസകരമായ ഇതിവൃത്തമാണ് ആദ്യ ചിത്രത്തിന്റേതെന്ന് ഭഗത് വ്യക്തമാക്കി. ഈ ചിത്രത്തിലെ നായകനും ഭഗത് തന്നെയാണ്.
നടി ലെന ആദ്യമായി രചന നിർവഹിക്കുന്ന ചിത്രമാണ് ഓളം.ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലും ലെന എത്തുന്നുണ്ട്. ഈ വർഷം തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ച നടനാണ് അജുവർഗീസ്. സാജൻ ബേക്കറി സിൻസ് 1962 എന്ന ചിത്രത്തിലൂടെയായിരുന്നു അത്. പുതുതലമുറയിൽ അഭിനയത്തിൽനിന്ന് തിരക്കഥാവഴി വിജയം കൈവരിച്ച എത്രയോ നടന്മാരുണ്ട്. വിനീത് ശ്രീനിവാസൻ, അനൂപ് മേനോൻ, ധ്യാൻ ശ്രീനിവാസൻ തുടങ്ങിയവർ ഉദാഹരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |