ചിത്രീകരണക്കുരുക്കിൽപ്പെട്ട് കിടക്കുന്ന ഇന്ത്യൻ - 2വിന്റെ കാര്യത്തിൽ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസുമായി വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാട് വ്യക്തമാക്കി ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകൻ ഷങ്കർ.കമലഹാസൻ നായകനാകുന്ന ഇന്ത്യൻ - 2 പൂർത്തിയാക്കുന്നതിന് പകരം അന്യന്റെ ഹിന്ദി റീമേക്കും രാംചരൺ തേജ നായകനാകുന്ന തെലുങ്ക് ചിത്രവുമായി മുന്നോട്ട് പോകാനാണ് ഷങ്കറിന്റെ തീരുമാനം. ഇന്ത്യൻ - 2 പൂർത്തിയാക്കുന്നതിന് മുൻപ് ഷങ്കർ മറ്റ് ചിത്രങ്ങളൊരുക്കുന്നതിൽ നിന്ന് ഷങ്കറിനെ വിലക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ലൈക്കാ പ്രൊഡക്ഷൻസ് മദ്രാസ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. കോടതിക്ക് പുറത്ത് പ്രശ്നം ഒത്തുതീർപ്പാക്കാൻ കഴിയാതെ വന്നതിനാലായിരുന്നു ഈ നീക്കം. കോടതി നിർദ്ദേശിച്ചതനുസരിച്ച് ജൂണിൽ ഇന്ത്യൻ - 2 പൂർത്തിയാക്കാമെന്ന് ഷങ്കർ സമ്മതിച്ചിരുന്നു. കമലഹാസനും ജൂണിൽ ഡേറ്റ് നൽകാൻ തയ്യാറായിരുന്നു. എന്നാൽ മറ്റ് ചിത്രങ്ങൾ ഇന്ത്യൻ - 2ന് മുൻപ് ഏറ്റെടുക്കില്ലെന്ന് ഷങ്കർ രേഖാമൂലം ഉറപ്പ് നൽകണമെന്ന് ലൈക്കാ പ്രൊഡക്ഷൻസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഷങ്കർ ഈ ആവശ്യം അംഗീകരിച്ചില്ല. കഴിഞ്ഞ ദിവസം ഈ കേസിന്മേലുള്ള വാദം കോടതി മൂന്നാഴ്ചത്തേക്ക് കൂടി നിട്ടിയിരുന്നു.
രാംചരൺ തേജ നായകനാകുന്ന ചിത്രവും, നേരത്തെ പ്രഖ്യാപിക്കപ്പെട്ട അന്യന്റെ ഹിന്ദി റീമേക്കുമായി മുന്നോട്ട് പോകാൻ തന്നെയാണ് ഷങ്കറിന്റെ തീരുമാനമെന്നറിയുന്നു. തെലുങ്കിലെ പ്രമുഖ നിർമ്മാതാവായ ദിൽരാജു അദ്ദേഹത്തിന്റെ അമ്പതാമത്തെ നിർമ്മാണ സംരംഭമായാണ് ഷങ്കർ - രാംചരൺ ചിത്രം പ്രഖ്യാപിച്ചത്. മൂന്നാഴ്ച കഴിഞ്ഞ്കോടതി കൂടുമ്പോഴേ കൂടുതൽ ദൃശ്യങ്ങൾ വ്യക്തമാകുകയുള്ളൂവെങ്കിലും ഷങ്കറും ലൈക്കാ പ്രൊഡക്ഷൻസും അനുനയത്തിന് തയ്യാറാവാത്തത് ദിൽരാജുവിനെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |