SignIn
Kerala Kaumudi Online
Monday, 11 May 2026 8.21 PM IST

'ലൈംഗികമായി പീഡിപ്പിച്ചു, കുട്ടികളുടെ വീഡിയോ പകര്‍ത്തി സൂക്ഷിച്ചു'; സംഗീത സംവിധായകനെതിരെ ഗായികയുടെ ഗുരുതര വെളിപ്പെടുത്തല്‍

Increase Font Size Decrease Font Size Print Page
swagatha-s-krishnan


തമിഴിലെ പ്രമുഖ സംഗീത സംവിധായകനിൽ നിന്ന് ലൈംഗിക അതിക്രമം നേരിട്ടെന്ന് വെളിപ്പെടുത്തി തമിഴ് ഗായിക സ്വാഗത എസ് കൃഷ്ണൻ. പേര് വെളിപ്പെടുത്താൻ തയ്യാറാകാത്ത സ്വാഗത മദ്രാസിലെ എപ്സ്റ്റീൻ ‍എന്നാണ് സംഗീത സംവിധായകനെ വിശേഷിച്ചത്. അതിക്രമത്തിന് ശേഷമാണ് തമിഴ് സിനിമാ മേഖല വിട്ടതെന്നും ഋഷികേശിലേക്ക് താമസം മാറ്റിയതെന്നും ശിവശങ്കരി ടോക്‌സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഗായിക വെളിപ്പെടുത്തി.


താൻ ജോലി ചെയ്തിരുന്നത് ആ സംഗീത സംവിധായകന്റെ കീഴിലാണ്. ചൂഷണത്തിന് മുൻപ് അയാൾ തന്റെ വിശ്വാസം പിടിച്ചുപറ്റിയിരുന്നു. ജീവതത്തിൽ തളർന്ന ഘട്ടത്തിൽ തനിക്ക് വൈകാരികമായ പിന്തുണ നൽകി. പലപ്പോഴായി തന്നിൽ നിന്ന് പണം കടം വാങ്ങിയിരുന്നുവെന്നും സ്വാഗത കൃഷ്ണൻ പറഞ്ഞു. ഇതിന് പിന്നാലെയാണ് ശാരീരികമായ പീഡനവുമുണ്ടായത്. ശാരീരിക പീഡനത്തിന് ശേഷം സംഗീത സംവിധായകനിൽ നിന്ന് കനത്ത മാനസിക ആഘാതമാണ് ഏറ്റതെന്നും സ്വാഗത പറഞ്ഞു.


തന്റേത് ഒറ്റപ്പെട്ട സംഭവമല്ലെന്നും മറ്റ് സ്ത്രീകളെയും അയാൾ സമാന രീതിയിൽ പീഡിപ്പിച്ചിട്ടുണ്ടെന്നും സ്വാഗത വെളിപ്പെടുത്തി. സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോയ സ്ത്രീകൾ തനിക്ക് മെസജ് അയച്ചതായും അവർ പറഞ്ഞു. സ്റ്റുഡിയോയിൽ വരുന്ന കുട്ടികളുടെ ദൃശ്യങ്ങൾ രഹസ്യമായി റിക്കോർഡ് ചെയ്ത് കാണുന്നത് അയാൾക്കൊരു ഹോബി പോലെയായിരുന്നു. സ്വതന്ത്രരായ സ്ത്രീകളെയാണ് അയാൾ ലക്ഷ്യമിടുന്നതെന്നും അവരെ സാമ്പത്തികമായി ചൂഷണം ചെയ്യുമെന്നതടക്കം ഗുരുതരമായ വെളിപ്പെടുത്തലുകളാണ് സ്വാ​ഗത നടത്തിയത്.


പീഡനം നേരിടേണ്ടിവന്നതിന് പിന്നാലെ സ്റ്റുഡിയോയിലെ ജോലി ഉപേക്ഷിച്ച തനിക്കു മേൽ വ്യാജ മോഷണക്കുറ്റം ആരോപിച്ചു. പലരോടും തന്നെപ്പറ്റി മോശമായി പറഞ്ഞു. ശാരീരികവും മാനസികവുമായി ഏറ്റ ആഘാതത്തിൽ നിന്ന് പുറത്തുവരാൻ ഒരുപാട് സമയമെടുത്തുവെന്നും കുടുംബമാണ് പൂർണ പിന്തുണ നൽകി കൂടെ നിന്നതെന്നും സ്വാഗത ക‍ൃഷ്ണൻ പറഞ്ഞു. അഭിഭാഷകരുമായും ഉദ്യോഗസ്ഥരുമായും നേരത്തെ സംസാരിച്ചിരുന്നെങ്കിലും ധൈര്യവും പിന്തുണയും ഇല്ലാത്തതിനാൽ ആ സമയത്ത് പരാതി നൽകിയിരുന്നില്ലെന്ന് പറഞ്ഞ സ്വാഗത നിലവിൽ നിയമനടപടിക്ക് ഒരുങ്ങുകയാണെന്നും വ്യക്തമാക്കി.


15 വർഷം തമിഴ് സിനിമ മേഖലയിൽ ഉൾപ്പെടെ സജീവമായിരുന്ന ഗായികയാണ് സ്വാഗത കൃഷ്ണൻ. സൗണ്ട് എൻജിനീയറായി ജോലി ചെയ്തിരുന്ന സ്വാഗത തമിഴിൽ നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. 2021ൽ പുറത്തിറങ്ങിയ ‘ബാച്ചിലർ’ എന്ന സിനിമയിലെ ‘കാതൽ കൺമണി’, ‘കാട്രിൻ മൊഴി’ എന്ന സിനിമയിലെ ‘ഡേർട്ടി പൊണ്ടാട്ടി’ തുടങ്ങി നിരവധി ഗാനങ്ങൾ സ്വാഗത കൃഷ്ണൻ ആലപിച്ചിട്ടുണ്ട്. പിന്നണി ഗാനരംഗം വിട്ട സ്വാഗത കൃഷ്ണ കുറച്ചു വർഷങ്ങളായി ഋഷികേശിൽ ബിസിനസ് ചെയ്യുകയാണ്.

TAGS: SWAGATHA S KRISHNAN, TAMIL CINEMA, SEXUAL ASSAULT, MUSIC COMPOSER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY