SignIn
Kerala Kaumudi Online
Friday, 19 April 2024 5.42 PM IST

ഗാലറിയുടെ ആരവങ്ങളിലേക്ക് മലയാളം,​ സ്പോർട്സ് ഡ്രാമയുമായി മോഹൻലാൽ - പ്രിയദർശൻ,​ രൺവീർ സിംഗിന്റെ 83യുമായി പൃഥ്വിരാജ്

colash

അണിയറയിൽ നാലു കായിക ചിത്രങ്ങൾ കൂടി

മലയാളം വീണ്ടും ഗാലറിയുടെ ആരവങ്ങളിലേക്ക് കാമറ സ്റ്റാന്റിൽ വയ്ക്കുന്നു. സ്പോർട്സ് പശ്ചാത്തല സിനിമകൾക്ക് തമിഴകത്തും ബോളിവുഡിലും നേടുന്ന പ്രേക്ഷക സ്വീകാര്യതയായിരിക്കും ഒരു കാരണം. അത്തരം സിനിമകൾ ഭാഷാഭേദമില്ലാതെ സ്വീകരിക്കുന്നതും കായിക വിനോദങ്ങളോടുള്ള മലയാളിയുടെ പ്രേമവും മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടാം. മരക്കാർ അറബിക്കടലിന്റെ സിംഹത്തിനുശേഷം മോഹൻലാൽ- പ്രിയദർശൻ ടീം ഒന്നിക്കുന്ന സ്പോർട്സ് ഡ്രാമ അണിയറയിൽ ഒരുങ്ങുന്നു.കായിക അദ്ധ്യാപകന്റെ വേഷത്തിലാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്.ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കഥ പറയുന്ന രൺവീർ സിംഗിന്റെ ബോളിവുഡ് ചിത്രം 83 മലയാളത്തിൽ എത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് . കപിൽദേവിന്റെ വേഷമാണ് ചിത്രത്തിൽ രൺവീർ സിംഗിന്. ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കഥ പറയുന്ന ചിത്രം അവതരിപ്പിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് പൃഥ്വിരാജ് പറയുന്നു. അതേസമയം കായിക പശ്ചാത്തലത്തിൽ നാല് ചിത്രങ്ങൾ കൂടി മലയാളത്തിൽ ഒരുങ്ങുന്നുണ്ട്. ഈ ചിത്രങ്ങൾ ഒരുക്കുന്നത് നവാഗത സംവിധായകരാണ് .ഫുട്ബാളും ഒാട്ടമത്സരവും ക്രിക്കറ്റും ഗുസ്തിയും കബഡിയും ഖോ-ഖോയും കടന്നു വടംവലിയിൽ എത്തിനിൽക്കുന്നു മലയാളത്തിലെ സ്പോർട്സ് പശ്ചാത്തല പ്രമേയങ്ങൾ. ഇൗ ചിത്രങ്ങളിൽ അധികവും മികച്ച വിജയം നേടുകയും ചെയ്തു.പൂർണമായി വടംവലി പശ്ചാത്തലത്തിൽ പുറത്തിറങ്ങിയ ആദ്യ മലയാള സിനിമയാണ് ആഹാ.വടംവലി ചർച്ച ചെയ്യപ്പെടേണ്ട വിഷയമായതിനാലാണ് ആദ്യ ചിത്രത്തിന്റെ പ്രമേയമായി സ്വീകരിച്ചതെന്ന് സംവിധായകൻ ബിബിൻ പോൾ സാമുവേൽ പറഞ്ഞു. വടംവലി എന്ന കായികവിനോദത്തിന് ലക്ഷക്കണക്കിന് ആരാധകരുണ്ട്. എല്ലാ ജില്ലകളിലും വടംവലി ക്ളബുകളുണ്ട്. എന്നാൽ അർഹമായ പ്രാതിനിധ്യം മാത്രം ലഭിച്ചിട്ടില്ലെന്ന് ബിബിൻ ചൂണ്ടിക്കാട്ടുന്നു. ഇന്ദ്രജിത്ത്, അമിത് ചക്കാലക്കൽ, ശാന്തിബാലചന്ദ്രൻ എന്നിവർ പ്രധാന വേഷം അവതരിപ്പിച്ച ചിത്രം ഒരാഴ്ച മുൻപാണ് റിലീസ് ചെയ് തത്.

ഫയൽവാനും ധാരാസിംഗും

നാലരപതിറ്റാണ്ട് മുൻപ് ആലുംമൂടൻ, പറവൂർ ഭരതൻ, അടൂർഭാസി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എ.ബി. രാജ് സംവിധാനം ചെയ്ത ഫുട്ബാൾ ചാമ്പ്യൻ എന്ന ചിത്രത്തിൽനിന്ന് ആരംഭിക്കുന്നതാണ് മലയാള സിനിമയുടെ കായിക പ്രേമം .പദ്മരാജിന്റെ ഒരിടത്തൊരു ഫയൽവാൻ പൂർണമായും ഗുസ്തി പശ്ചാത്തലത്തിലായിരുന്നു. സിബിമലയിലിൽ സംവിധാനം ചെയ്ത മുത്താരംകുന്ന് പി.ഒയിലൂടെ ബോളിവുഡ് നടനും ഗുസ്തിക്കാരനുമായ ധാരാസിംഗ് മലയാളത്തിന്റെ കാമറയ്ക്ക് മുന്നിൽ എത്തി.മഹാസമുദ്രത്തിൽ മോഹൻലാൽ കഥാപാത്രം ഫുട്ബാൾ കളിക്കാരൻകൂടിയായിരുന്നു. സ്പീഡ് ട്രാക്ക്, സെവൻസ് , ടൂർണമെന്റ്, പന്ത്, ഗോൾ, നോൺസെൻസ്, ടീം 5, ദിവാൻജി മൂല, കവി ഉദ്ദേശിച്ചത്, റബേക്ക ഉതുപ്പ് കിഴക്കേമല, ജലോത്സവം, കൊച്ചൗവ പൗലോ അയ്യപ്പകൊയ്ലോ, ഫൈനൽസ്, കരിങ്കുന്നം സിക്സസ്, ആദി, ക്യാപ്ടൻ, ഗോദ, 1983, സുഡാനി ഫ്രെം നൈജീരിയ, ഖോ- ഖോ എന്നിവയാണ് വിവിധ കായിക വിനോദ പശ്ചാത്തലത്തിൽ എത്തി ശ്രദ്ധേയമായ മലയാള ചിത്രങ്ങൾ.തമിഴകത്ത് സമീപകാലത്ത് മികച്ച വിജയം കൈവരിച്ച സാർപട്ടാ പരമ്പരൈ ഇടിക്കൂട്ടിന്റെ പശ്ചാത്തലത്തിലാണ് ഒരുങ്ങിയത്. വടക്കൻ ചെന്നൈയിലെ ബോക്സിംഗ് കുലങ്ങൾ തമ്മിലുള്ള ശത്രുതയുടെയും കിടമത്സരത്തിന്റെയും കഥയാണ് ചിത്രം പറഞ്ഞത്. വെണ്ണിലാ കബഡിക്കൂട്ടം, ബിഗിൽ, കെന്നഡി ക്ളബ്, ചാമ്പ്യൻ, കാലത്തിൽ സന്ധിപ്പോം എന്നിവയാണ് തമിഴിലെ ശ്രദ്ധേയ സ്പോർട്സ് ചിത്രങ്ങൾ.

ബോളിവുഡിൽ ദംഗലും ചക് ദേ ഇന്ത്യയും

ബോളിവുഡിൽ ആരവം തന്നെയാണ് ദംഗൽ തീർത്തത്. ദംഗൽ എന്ന വാക്കിന്റെ മലയാള അർത്ഥം ഗുസ്തി എന്നാണ്. മഹാവീർ സിംഗ് ഫോഗട്ട് എന്ന ഫയൽവാനായി അമിർഖാൻ ചിത്രത്തിൽ നിറഞ്ഞാടി. ഷാരൂഖ് ഖാന്റെ ചക് ദേ ഇന്ത്യ ഇന്ത്യൻ ഹോക്കിയുടെ പശ്ചാത്തലത്തിലാണ് ഒരുങ്ങിയത്. സൈന, ഗോൾഡ്, 22 യാർഡ്സ്, മെഡൽ , കബഡി, സുൽത്താൻ, സ്പീഡി സിംഗ് എന്നിവയാണ് ബോളിവുഡിലെ ശ്രദ്ധേയ സ്പോർട്സ് ചിത്രങ്ങൾ. ഇന്ത്യൻ ക്രിക്കറ്റ് മുൻ ക്യാപ്ടൻ മഹേന്ദ്രസിംഗ് ധോണിയുടെ ജീവിതത്തെ ആസ്പദമാക്കി എം.എസ് ധോണി :ദ അൺടോൾഡ് സ്റ്റോറിയും സച്ചിൻ തെൻഡുൽക്കറുടെ ജീവിതം പറഞ്ഞ സച്ചിൻ: എ ബില്യൺ ഡ്രീംസും ബോളിവുഡിൽ എത്തിയിരുന്നു.ഡിസംബർ 24നാണ് രൺവീർ സിംഗിന്റെ 83 റിലീസ് ചെയ്യുക.കബീർഖാൻ ആണ് സംവിധാനം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CINEMA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.