ആഘോഷമായി 'ദൂരെ ഏതോ ' പാട്ട് റിലീസ്
തെന്നിന്ത്യയിലെ പ്രശസ്ത ഗായകൻ ശ്രീനിവാസും ഗായികയായ മകൾ ശരണ്യ ശ്രീനിവാസും ഇതാദ്യമായി ഒരുമിച്ച് പാടുന്നു. ദൂരെയേതോ എന്ന സംഗീത ആൽബത്തിലൂടെയാണ് അച്ഛനും മകളും ഒരുമിക്കുന്നത്. സംഗീത സംവിധാനം നിർവഹിക്കുന്നതും ശ്രീനിവാസ് തന്നെയാണ്. ഹരീഷ് ശിവരാമകൃഷ്ണൻ സിതാര കൃഷ്ണകുമാർ, വിധുപ്രതാപ്, ജ്യോത്സ്ന, രാധാകൃഷ്ണൻ, രാഹുൽരാജ്, സയനോര ഫിലിപ്പ്, രഞ്ജിനി ജോസ്, ശ്രീകാന്ത് ഹരിഹരൻ, ഹരിശങ്കർ കെ.എസ്, സിദ്ധാർത്ഥ് മേനോൻ, സൂരജ് സന്തോഷ്, ആര്യ ദയാൽ എന്നിവർ തങ്ങളുടെ സമൂഹ മാദ്ധ്യമ പേജുകളിലൂടെ കഴിഞ്ഞ ദിവസം വൈകിട്ട് ആറിനാണ് ആൽബം റിലീസ് ചെയ്തത്.
തെന്നാലി, കൊഞ്ചം കോഫി, കൊഞ്ചം കാതൽ, അംബികാപതി, കങ്കാരു, മെർസൽ, ജൂലൈ കാട്രിൽ തുടങ്ങിയ നിരവധി തമിഴ് ചിത്രങ്ങളിലും മലയാളത്തിൽ ദ ട്രെയിൻ എന്ന ചിത്രത്തിലും ശരണ്യ പാടിയിട്ടുണ്ട്. ദ ട്രെയിൻ എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചതും ശ്രീനിവാസായിരുന്നു.
ഓരോ ദിവസവും പ്രതിഭാധനരായ സംഗീത പ്രേമികൾ ഒത്തുകൂടുന്ന പാതിരാപ്പാട്ടുകൾ എന്ന ക്ളബ്ഹൗസ് റൂമിൽ മാലാപാർവതി തുടങ്ങിവച്ച ആശയമാണ് ഈ പാട്ടിന്റെ പിറവിക്ക് പിന്നിൽ. പാതിരാപ്പാട്ടുകൾ മാഞ്ചോട്ടിൽ കൂടാം എന്നീ ക്ളബ് ഹൗസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ കാണാതെ എന്ന ഗാനം പുറത്തിറക്കിയിരുന്നു. ഇത് കേട്ടാണ് ശ്രീനിവാസ് ഇവർക്കൊപ്പം മറ്റൊരുപാട്ട് ചിട്ടപ്പെടുത്താൻ തീരുമാനിച്ചത്. സൗത്ത് ഇന്ത്യൻ ഫിലിം അക്കാദമി സി.ഇ.ഒ ആയ ഷിൻസി നോബിളാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. 'കാണാതെ"പാട്ടൊരുക്കിയ സജീവ് സ്റ്റാൻലിയാണ് ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നത്. ബേബി സാം എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചതും സജീവ് സ്റ്റാൻലിയായിരുന്നു.
അമ്മ മരത്തണലിൽ എന്ന ചിത്രത്തിന്റെ ഗാനരചയിതാവാണ് ഷിൻസി നോബിൾ.പാതിരാപ്പാട്ട് സംഘം ദൃശ്യവത്കരിച്ച ദൂരെ ഏതോ എന്ന ആൽബം നിർമ്മിച്ചിരിക്കുന്നത് സർജാം പ്രൊഡക്ഷൻസാണ്. മ്യൂസിക് 247 ആണ് ആൽബം അവതരിപ്പിക്കുന്നത്.
ദൂരെ ഏതോയുടെ റിലീസിനോടനുബന്ധിച്ച് കഴിഞ്ഞ ദിവസം ക്ളബ് ഹൗസിലെ
'പാതിരാപ്പാട്ടുകൾ" റൂമിൽ അരങ്ങേറിയ ആഘോഷത്തിൽ അതിഥികളായി ശ്രീനിവാസും ശരണ്യയും പങ്കെടുത്തു. ഇവർക്കൊപ്പം സംഗീത ലോകത്തെ പ്രമുഖരായ ഹരീഷ് ശിവരാമകൃഷ്ണൻ, വീത്രാഗ്, സിതാര കൃഷ്ണകുമാർ, പ്രദീപ് സോമസുന്ദരം, പാലക്കാട് ശ്രീറാം എന്നിവരും അഭിനേത്രിയായ വീണാനന്ദകുമാറും പാതിരാപ്പാട്ടുകളെ പ്രതിനിധീകരിച്ച് മാലാ പാർവതിയും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |