നാലുവർഷം കൊണ്ട് നാലു ഭാഷകളിൽ അഭിനയസാന്നിദ്ധ്യം
അങ്കമാലി ഡയറീസിൽ ആലീസ് എന്ന പൊലീസുകാരിയെ അവതരിപ്പിച്ചു അഭിനയരംഗത്തെത്തിയ ശ്രുതി ജയൻ ബോളിവുഡിലേക്ക്. രാജേഷ് ടച്ച് റിവർ രചനയും സംവിധാനവും നിർവഹിക്കുന്ന ദഹ്നി എന്ന ചിത്രത്തിലൂടെയാണ് ശ്രുതിയുടെ ബോളിവുഡ് പ്രവേശം. ജെ.ഡി ചക്രവർത്തി, തനിഷ്ക ചാറ്റർജി എന്നിവർക്കൊപ്പം കേന്ദ്ര കഥാപാത്രത്തെയാണ് ശ്രുതി അവതരിപ്പിക്കുന്നത്. ഒറീസയിലെ ജുഗൽ കാടുകളിൽ ചിത്രീകരിച്ച ചിത്രത്തിലെ പല്ലവി എന്ന ഗ്രാമീണ പെൺകുട്ടിയുടെ വേഷമാണ് ചിത്രത്തിൽ ശ്രുതി.
ഫെസ്റ്റിവൽ ചിത്രമായ ദഹ്നിയുടെ ഡബ്ബിംഗ് അടുത്ത ആഴ്ച മുംബെയിൽ ആരംഭിക്കും. നാലുവർഷം കൊണ്ട് നാല് ഭാഷകളിൽ ശ്രുതി ജയൻ അഭിനയസാന്നിദ്ധ്യം അറിയിച്ചു. തമിഴിൽ കാക്കി, അഗ്നി എന്നീ സിനിമകളിലാണ് അഭിനയിച്ചത്. കാക്കിയിൽ വിജയ് ആന്റണിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തെലുങ്കിൽ കമൽ എന്ന ചിത്രത്തിലും അഭിനയിച്ചു. തമിഴിലും തെലുങ്കിലും അഭിനയിച്ച ചിത്രങ്ങൾ റിലീസിന് ഒരുങ്ങുകയാണ്. ശ്രുതിയുടെ ആദ്യ തെലുങ്ക് വെബ് സീരീസ് ഗോഡ്സ് ഒഫ് ധർമ്മപുരി (GOD) ഹിറ്റ് ചാർട്ടിലാണ് ഇപ്പോഴും.
രണ്ടാമത്തെ തെലുങ്ക് വെബ് സീരീസിൽ ഉടൻ അഭിനയിക്കാൻ ഒരുങ്ങുന്നു. തമിഴ് വെബ് സീരീസിലും അഭിനയിച്ചു. തെലുങ്ക് ചിത്രമായ കമൽ കണ്ടിട്ടാണ് രാജേഷ് ടച്ച് റിവർ ബോളിവുഡ് ചിത്രമായ ദഹ്നിയിലേക്ക് വിളിക്കുന്നത്. ജൂൺ സിനിമയിലെ ചൂളമടിക്കുന്ന മായാ മിസ് എന്ന കഥാപാത്രത്തിലൂടെയാണ് ശ്രുതി പ്രേക്ഷകർക്ക് കൂടുതൽ പരിചിത. പൈപ്പിൻചുവട്ടിലെ പ്രണയം, ജനമൈത്രി, സത്യം പറഞ്ഞാ വിശ്വസിക്കുമോ, കാണെക്കാണെ എന്നിവയാണ് മറ്റു ചിത്രങ്ങൾ. ആസിഫ് അലി രജിഷ വിജയൻ ചിത്രമായ എല്ലാം ശരിയാവും ആണ് അവസാനം റിലീസ് ചെയ്തത്.ഈ ചിത്രത്തിലെ ഇടതു യുവ നേതാവിന്റെ വേഷം ഏറെ ശ്രദ്ധേയമായിരുന്നു.മേമോ ഇൻ ദുബായ് ആണ് അവസാനം അഭിനയിച്ച് പൂർത്തിയാക്കിയത്.
രജിഷ വിജയനോടൊപ്പം അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമായ വേദയുടെ ചിത്രീകരണം അടുത്ത ആഴ്ച ആരംഭിക്കും. പ്രൊഫഷണൽ നർത്തകിയായ ശ്രുതിയെ കാത്ത് നിരവധി അവസരങ്ങളാണ് എന്നാൽ ചിത്രീകരണം ആരംഭിക്കുന്നതിന്റെ തലേദിവസം വരെ അവസരം മാറിപ്പോകാം എന്നു വിശ്വസിക്കുന്ന ആളാണ് ശ്രുതി. നവംബർ 28നായിരുന്നു ശ്രുതിയുടെ അച്ഛനും ഗായകനുമായ ജയൻ ഹൃദയാഘാതത്തെതുടർന്ന് മരിച്ചത്. അച്ഛൻ മരിച്ചതിനാൽ എല്ലാം ശരിയാകും പ്രേക്ഷകർക്ക് ഒപ്പം ഇരുന്ന് കാണാൻ കഴിഞ്ഞില്ല. വേദനകളെ മറക്കാൻ കല ഒരു നല്ല മരുന്നെന്ന് കരുതാനാണ് ശ്രുതി ജയന് താത്പര്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |