തമിഴിലും തെലുങ്കിലും കയ്യടി നേടി മലയാളത്തിന്റെ മിന്നും താരങ്ങൾ
നിരൂപക പ്രശംസ ഏറെ പിടിച്ചുപറ്റിയ പരിയേറും പെരുമാളിന് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്ത തമിഴ് ചിത്രം കർണൻ ഒ ടി ടി യിൽ റീലിസ് ചെയ്തപ്പോൾ ധനുഷ് അവതരിപ്പിച്ച കർണനോളം പ്രധാന്യമുള്ള യമരാജ എന്ന കഥാപാത്രമായി എത്തിയ ലാലും, ദ്രൗപതിയായി എത്തിയ രജീഷ വിജയനും ഒരിക്കൽ കൂടി തമിഴകത്ത് മലയാളി പെരുമ ഉയർത്തിയിരിക്കുകയാണ്. നേരത്തെ തമിഴിൽ ഇരുപത്തഞ്ചോളം സിനിമകളിൽ ലാൽ അഭിനയിച്ചിരുന്നുവെങ്കിലും കർണനിലെ കഥാപാത്രമാണ് ഏറെ കൈയടിനേടിയത്. ഒപ്പം കാർത്തിയുടെ സിനിമ സുൽത്താനിൽ മൻസൂർ എന്ന വേഷത്തിലും ലൽ അഭിനയിച്ചു. വലിയ താരനിര അണിനിരക്കുന്ന മണിരത്നം ചിത്രം പൊന്നിയിൽ സെൽവനാണ് ലാലിന്റേതായി ഇനി റിലീസിനൊരുങ്ങുന്ന തമിഴ് ചിത്രങ്ങൾ.
രജീഷ വിജയന്റെയും തമിഴകത്തേക്കുള്ള ചുവടുവെയ്പ്പ് ഗംഭീരമായി.രവി തേജയുടെ നായികയായി രജീഷ തെലുങ്കിലേക്കും അരങ്ങേറുന്നുവെന്ന റിപോർട്ടുകൾ പുറത്തുവന്നെങ്കിലും താരം ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
തമിഴകത്തെ മറ്റൊരു ഹിറ്റ് മേക്കർ കാർത്തിക് സുബ്ബരാജ് ഒരുക്കുന്ന ജഗമേ തന്തിരത്തിലും മലയാളി തിളക്കമുണ്ട്. ഗാംഗ്സ്റ്റർ ചിത്രമാണ് .ജൂൺ പതിനെട്ടിന് റിലീസിനെത്തുന്ന ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ധനുഷിന്റെ നായികയായ ആൻഡ്രിയ എന്ന വേഷത്തിൽ മലയാളത്തിന്റെ ഐശ്വര്യ ലക്ഷ്മി എത്തുമ്പോൾ ദിവദോസ് എന്ന കഥാപാത്രമായി ജോജു ജോർജും എത്തുന്നു. ചിത്രത്തിലെ ഗാനം നേരത്തെ പുറത്തുവന്നിരുന്നു. ജോസഫിലെ പ്രകടനം കണ്ടാണ് ജോജുവിനെ ജഗമേ തന്തിരത്തിലേക്ക് വിളിച്ചതെന്നും , പേട്ട ചെയ്യുന്നതിന് മുൻപേ ഐശ്വര്യയെ കാസ്റ്റ് ചെയ്തിരുന്നുവെന്നും. രണ്ടുപേരുടേയും പ്രകടനം ഗംഭീരമാണെന്നും സംവിധായകൻ കാർത്തിക് പറഞ്ഞു. ഇതോടൊപ്പം മണിരത്നം ചിത്രം പൊന്നിയിൽ സെൽവനിലും ഐശ്വര്യ അഭിനയിച്ചു. ഗോഡ്സേയിലൂടെ തെലുങ്ക് സിനിമയിലും നായികാമുഖമാവുകയാണ് ഐശ്വര്യ.
നസ്രിയ നായികയായും ഫഹദ് ഫാസിൽ വില്ലനായും തെലുങ്കിൽ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. വിവാഹശേഷം കൂടെ, ട്രാൻസ് തുടങ്ങിയ സിനിമകളിൽ മാത്രമാണ് നസ്രിയ അഭിനയിച്ചത്. അല്ലു അർജുൻ നായകനാകുന്ന ത്രില്ലർ ചിത്രം പുഷ്പയിൽ വില്ലനായാണ് ഫഹദ് തെലുങ്കിലേക്ക് കടക്കുന്നത്. വിവേക് അത്രേയ സംവിധാനം ചെയ്യുന്ന അണ്ടേ സുന്ദരാനികി എന്ന ചിത്രത്തിലെ നായികയായാണ് നസ്രിയയുടെ അരങ്ങേറ്റം. നാനിയാണ് നസ്രിയയുടെ നായകനായി എത്തുന്നത്. അങ്കമാലി ഡയറീസ് , ജല്ലിക്കെട്ട് എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ആന്റണി വർഗീസ് കമല ഹാസൻ ചിത്രം വിക്രമിലൂടെ തമിഴിൽ തുടക്കം കുറിക്കാൻ ഒരുങ്ങുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |