പ്രണയത്തിന് വേണ്ടി വാളെടുക്കും, ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ട്

ദീപു മോഹൻ | Friday 25 January 2019 1:41 PM IST
irupathiyonnaam-noottaand

പ്രണവ് മോഹൻലാൽ നായകനാകുന്ന രണ്ടാം സിനിമയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. മോഹൻലാലിന്റെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രത്തിന്റെ പേരിനോട് സാദൃശ്യം ഉള്ളത് കൊണ്ടാവണം ഇതൊരു അധോലോക കഥയല്ല എന്ന അടിക്കുറിപ്പ് സിനിമയുടെ ടൈറ്റിലിൽ തന്നെയുണ്ട്. ഇത് പ്രണയത്തിന് വേണ്ടി ഏതറ്റം വരെയും പോകുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ്. പ്രണയം ഏവർക്കും എന്നും പ്രിയപ്പെട്ട വിഷയമാണ്. തീവ്രമായ പ്രണയത്തിനായുള്ള നെട്ടോട്ടമാണ് സംവിധായകൻ ഇവിടെ പറയാൻ ശ്രമിച്ചത്. എന്നാൽ ആ ശ്രമം വികലമാണ്. അത് കാണുന്ന പ്രേക്ഷകന് യാതൊരു തീവ്രതയും അനുഭവപ്പെടുകയുമില്ല.

irupathiyonnaam-noottaand

നോട്ട് എ ഡോൺ സ്റ്റോറി

ഗോവയിൽ ഹോംസ്റ്റേ നടത്തുന്ന സ്ഥലത്തെ പഴയ കാല ഗുണ്ടയാണ് ബാബ (മനോജ് കെ ജയൻ). ബാബയുടെ മകനാണ് അപ്പു (പ്രണവ്). അച്ഛനുണ്ടാക്കി വയ്ക്കുന്ന പൊല്ലാപ്പിനെല്ലാം പരിഹാരം കാണുന്നത് അപ്പുവാണ്. ഇങ്ങനെ ചില പ്രശ്നങ്ങളുമായി നടന്ന അപ്പുവിന്റെ ജീവിതത്തിലേക്ക് സായ എന്ന മലയാളി പെൺക്കുട്ടിയെത്തുന്നു. തുടക്കത്തിലേ ചെറിയ പിണക്കങ്ങൾക്ക് ഒടുവിൽ ഇരുവരും അടുപ്പത്തിലാകുന്നു. സായയോട് തന്റെ പ്രണയം പറയാൻ പോകുന്ന അപ്പു അവൾ ഒരു സാധാരണ പെണ്ണല്ല എന്ന് തിരിച്ചറിയുന്നു. തന്റെ മുന്നിലുള്ള തടസങ്ങളെയെല്ലാം അതിജീവിച്ചു സായയെ സ്വന്തമാക്കാൻ ശ്രമിക്കുന്ന അപ്പുവിന്റെ പോരാട്ടങ്ങളാണ് 'ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ' ഇതിവൃത്തം. അഭിനവ് ജനാൻ അവതരിപ്പിച്ച മാക്രോണി എന്ന കഥാപാത്രത്തിനാണ് ചിരിപ്പിക്കാനുള്ള ചുമതല. എന്നാൽ പാളിപ്പോയ തമാശകളാണ് അവയിൽ കൂടുതലും. ഒരു ട്വിസ്റ്റോടെയാണ് ഒന്നാം പകുതി അവസാനിക്കുന്നത്. ഓർത്തു വയ്ക്കാവുന്ന മുഹൂർത്തങ്ങൾ ഒന്നുമില്ലാതെ പോകുന്ന കഥയിലേക്ക് ധർമ്മജനും ബിജുക്കുട്ടനും എത്തി അൽപ്പനേരം ചിരി പടർത്തുന്നുണ്ട്. രണ്ടാം പകുതിയിൽ ഏറെയും സമകാലീന വിഷയങ്ങളെ ആക്ഷേപത്തിൽ കൂടി പറഞ്ഞു പോകുകയാണ്. പറഞ്ഞത് പച്ച പരമാർത്ഥം ആണെങ്കിലും പല സംഭാഷണങ്ങളും ഏച്ചുക്കെട്ടിയത് പോലെയായിരുന്നു. ക്ലൈമാക്സിന് മുൻപുള്ള അതിസാഹസികമായ സംഘട്ടന രംഗങ്ങൾ മികച്ചവയാണ്. ഒടുവിൽ സിനിമ അവസാനിക്കുമ്പോൾ നല്ലത് എന്തൊക്കെ എന്ന് പറയാൻ അധികം ചിന്തിക്കേണ്ടി വരില്ല. വികലമായ സംഭാഷണങ്ങളും അഭിനയവും നിറഞ്ഞ സിനിമയിൽ ചുരുക്കം ചില നർമ്മ മുഹൂർത്തങ്ങളും ആക്ഷനും ഒഴിച്ച് നല്ലതൊന്നും പറയാനില്ല.

irupathiyonnaam-noottaand

അഭിനയിക്കാൻ നായകനും നായികയും നന്നായി കഷ്ടപ്പെടുന്നത് സിനിമയിൽ ഉടനീളം കാണാം. അതിസാഹസികമായ ആക്ഷൻ രംഗങ്ങൾ നന്നായി വഴങ്ങുന്ന പ്രണവിന് പക്ഷെ അഭിനയം അത്ര എളുപ്പമല്ല. ഡയലോഗ് ഡെലിവറിയുടെ കാര്യത്തിലും അദ്ദേഹം ഏറെ മെച്ചപ്പെടാനുണ്ട്. നായികയായ സായ ഡേവിഡും ശരാശരി പ്രകടനമാണ്. മനോജ് കെ.ജയൻ, അഭിരവ് ജനാൻ എന്നിവർ നല്ല രീതിയിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അതിഥി വേഷങ്ങളിൽ എത്തുന്ന ധർമജൻ, ബിജുക്കുട്ടൻ, ഗോകുൽ സുരേഷ്, സിദ്ദിഖ് എന്നിവർ കൈയ്യടി നേടുന്നുണ്ട്.

ഗാനങ്ങൾ അത്ര ഗംഭീരമായി തോന്നിയില്ല എങ്കിലും ഗോപി സുന്ദർ ഒരുക്കിയ പശ്ചാത്തല സംഗീതം മികച്ചതാണ്. പീറ്റർ ഹെയ്‌ൻ പതിവ് തെറ്റിച്ചില്ല; പ്രണവിന്റെ സംഘട്ടന രംഗങ്ങൾ പടത്തിന്റെ നല്ല ഘടകങ്ങളിൽ ഒന്നാണ്.

അഭിനന്ദൻ രാമാനുജത്തിന്റെ ഛായാഗ്രഹണം ദൃശ്യങ്ങൾ മനോഹരമായി ഒപ്പിയെടുത്തു.

രാമലീല എന്ന തന്റെ ആദ്യ സിനിമ തന്നെ സൂപ്പർഹിറ്റാക്കിയ സംവിധായകനാണ് അരുൺ ഗോപി. എന്നാൽ ആദ്യ സിനിമയിൽ പ്രേക്ഷകന് ലഭിച്ച ആവേശമോ അനുഭവമോ നൽകാൻ തന്റെ രണ്ടാം സിനിമയായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ കൂടി അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. ബോൾഡ് എന്ന് തോന്നാവുന്ന വിഷയമാണെങ്കിലും കേട്ട് പഴകിയ സംഭാഷണങ്ങളും ശരാശരി നിലവാരം മാത്രം പുലർത്തുന്ന അഭിനയവുമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഒട്ടാകെ. രണ്ടാം പകുതിയിലെ രാഷ്ട്രീയം മലയാളിയുടെ പൊതു ബോധത്തെ ചോദ്യം ചെയ്യുന്നുണ്ട്. മോഹൻലാലിന്റെ ഹിറ്റ് സംഭാഷണങ്ങളും കഥാപാത്രങ്ങളുടെ പേരും ഇടയ്ക്കിടെ പറയുന്നത് അനാവശ്യമായി തോന്നി. കഥയ്ക്കോ കഥാപാത്രങ്ങൾക്കോ കെട്ടുറപ്പില്ലാത്ത സിനിമയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്.

വാൽക്കഷ്ണം: ചുമ്മാ ഒരു പടം

റേറ്റിംഗ്: 2/5

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN CINEMA
YOU MAY LIKE IN CINEMA