'ഞാൻ പ്രകാശനല്ല',​ ഞാൻ തനി മലയാളി

ആർ.സുമേഷ് | Friday 21 December 2018 3:03 PM IST
fahad

കാലമെത്ര മാറിയാലും കോലം മാറാത്ത മലയാളി എന്നൊരു പറച്ചിലുണ്ട് നമ്മുടെ നാട്ടിൻപുറങ്ങളിൽ. വെറുതെ പറയുന്നതല്ല,​ അതിൽ വാസ്തവമുള്ളത് കൊണ്ട് തന്നെയാണ്. അത്തരത്തിൽ നമുക്കിടയിലുള്ള തനി മലയാളിത്തരങ്ങളെ പുറംപൂച്ച് പൊളിച്ച് തുറന്നു കാട്ടുകയാണ് സത്യൻ അന്തിക്കാട് എന്ന

സംവിധായകൻ തന്റെ ഏറ്റവും പുതിയ സിനിമയായ 'ഞാൻ പ്രകാശൻ' എന്ന സിനിമയിലൂടെ. സന്ദേശം പോലുള്ള കാലാനുവർത്തിയായ സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച സത്യൻ - ശ്രീനിവാസൻ കൂട്ടുകെട്ട് 16 വർഷത്തിന് ശേഷം ഒന്നിച്ച സിനിമ കൂടിയാണിത്. ചിത്രത്തിലെ നായകനായി യുവനടൻ

ഫഹദ് ഫാസിലിനെ കാസ്റ്റ് ചെയ്തതിലുമുണ്ട് ഇവരുടെ മികവ്.നഴ്സിംഗ് ഡിഗ്രി ഉണ്ടായിട്ടും ആ പണിക്ക് പോകാതെ എളുപ്പത്തിൽ പണക്കാരനാകാൻ ആഗ്രഹിച്ചു നടക്കുന്ന പ്രകാശൻ എന്ന യുവാവിന്റെ കഥയാണ് ഈ സിനിമയിലൂടെ സത്യൻ പറയുന്നത്. പണി കിട്ടാത്തതു കൊണ്ടല്ല,​ ദുരഭിമാനം തലയ്ക്ക് മുകളിൽ കയറിനിന്നാൽ പിന്നെങ്ങനെ ശരിയാവും. അത്

തന്നെയാണ് ഇവിടേയും സത്യൻ - ശ്രീനി കൂട്ടുകെട്ട് പ്രമേയമാക്കിയിരിക്കുന്നത്.

fahad3

കല്യാണത്തിന് പോയി എല്ലാവർക്കും മുമ്പേ ഇടിച്ചു കയറി സദ്യ കഴിച്ച ശേഷം അതിനെ കുറ്റം പറയുന്നതിൽ തുടങ്ങുന്ന മലയാളിയുടെ പ്രത്യേക മാനറിസങ്ങളുടെ നേർക്കാഴ്ചയാണ് ഈ സിനിമ. പ്രേമിച്ച പെണ്ണിനെ വ‍ഞ്ചിക്കുന്നതും (ന്യൂജെൻ ഭാഷയിൽ തേപ്പ്)​,​ പിന്നീട് മുൻകാമുകി വിദേശത്ത് ജോലി കിട്ടി രക്ഷപ്പെടാൻ പോകുന്നതറിഞ്ഞ് വീണ്ടും അവളുമായി അടക്കുന്നതും ഒടുവിൽ കാമുകനെ കാമുകി നൈസായങ്ങ് തേയ്ക്കുന്നതും സിനിമയിലുണ്ട്.


സ്വന്തം നാട്ടിലെ ചേറിലും പാടത്തും പണിയെടുക്കാൻ മടി കാണിക്കുകയും അന്യനാടുകളിൽ പോയി കരിങ്കല്ല് ചുമക്കാനും കക്കൂസ് കഴുകാനും മടിയില്ലാത്ത മലയാളിയുടെ മലയാളിത്തരങ്ങളേയും സിനിമ കണക്കിന് പരിഹസിക്കുന്നുണ്ട്. കേരളത്തിലെ പാടങ്ങളിൽ ഞാറ് നടാനും മറ്റ് ജോലികൾക്കും ബംഗാളികളെ കൊണ്ടുവരുന്ന പരിതാപകരമായ സാഹചര്യങ്ങളേയും സിനിമ തുറന്ന് കാണിക്കുന്നു. പാടത്ത് ഞാറ് നടുന്ന ബംഗാളികൾ അവരുടെ കൊയ്‌ത്ത് പാട്ട് പാടുന്നത് പോലും ഒരു സൂചകമാണ്. മലയാള സിനിമ റിയലിസത്തിന്റെ പാതയിലേക്ക് വീണ്ടും മടങ്ങിയെത്തുമ്പോൾ ഇത്തരത്തിലുള്ള യാഥാർത്ഥ്യ ബോധത്തോടെയുള്ള സിനിമകൾ മുതൽക്കൂട്ടാകുമെന്ന് കരുതാതെ വയ്യ. തന്റെ താൽക്കാലിക നേട്ടത്തിനായി അന്യന്റെ കുടുംബത്തിന് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത മക്കളെ കൂടി സിനിമ ഓർമിപ്പിക്കുന്നു.

fahad1

കല്യാണ സദ്യക്ക് മൃഷ്ടാനം വെട്ടിവിഴുങ്ങിയ ശേഷം കുറ്റം പറയുന്ന, രാഷ്ട്രീയത്തിൽ കൈവച്ച്, അഴിമതി കൊണ്ട് ജീവിക്കാമെന്ന് കരുതുന്ന, വഴി ചോദിച്ചെന്നുവരെ വട്ടം ചുറ്റിക്കുന്ന,​ തനിക്ക് കിട്ടാത്ത സുന്ദരിയും സമ്പന്നയുമായ പെണ്ണിനെ കുറിച്ച് അപവാദം പറഞ്ഞ് പരത്തുന്ന എന്നിങ്ങനെ നമുക്ക് ചുറ്റും കാണുന്ന, കുശുമ്പും അസൂയയും നിറഞ്ഞ മനുഷ്യരുടെ പ്രതീകമാണ് പ്രകാശൻ എന്ന പി.ആർ.ആകാശ് എന്ന ചെറുപ്പക്കാരൻ. പ്രകാശൻ എന്ന പേരിന് ഗ്ളാമർ പോരെന്ന് തോന്നിയത് കൊണ്ട് പി.ആർ.പ്രകാശൻ എന്ന് പേര് മാറ്റുന്ന ഫഹദിന്റെ കഥാപാത്രം പലരുടേയും നേർക്കുള്ള ചൂണ്ടുവിരലാണ്. ഊതിവീർപ്പിക്കലുകൾക്കപ്പുറത്ത് കാമ്പുള്ള കഥയൊരുക്കുകയും അത് പ്രേക്ഷകർക്ക് ഫീൽ ചെയ്യിക്കുകയുമാണ് സംവിധായകൻ ഈ സിനിമയിലൂടെ. സിനിമ കണ്ടിറങ്ങിയവർക്കൊക്കെ ഒരുപക്ഷേ,​ തോന്നിയേക്കാം ഇത് ഞാൻ തന്നെയല്ലേയെന്ന്. ആ തോന്നൽ തന്നെയാണ് ഒരു സിനിമയുടെ ഏറ്റവും വലിയ വിജയവും. പത്താംക്ളാസ് വിദ്യാർത്ഥിനിയുടെ വേഷത്തിലെത്തുന്ന പുതുമുഖം ദേവിക സഞ്ജയ് അടക്കമുള്ള ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും നമുക്ക് മുന്നിൽ പാഠപുസ്തകങ്ങളായി മാറുകയാണ്.

fahad4

രണ്ടാം വരവിൽ മികച്ച വേഷങ്ങൾ ചെയ്ത ഫഹദ് ഫാസിലിന് ലഭിച്ച് മറ്റൊരു വേഷമാണ് ഈ സിനിമയിലേത്. സ്വാഭാവിക അഭിനയം കൊണ്ട് മുമ്പും സിനിമാപ്രേമികളെ ഞെട്ടിച്ചിട്ടുള്ള ഫഹദ് ഇത്തവണയും ആ പ്രകടനം ആവർത്തിക്കുന്നുണ്ട്. ഏതാണ് മികച്ചതെന്ന് വിലയിരുത്തുക പ്രയാസമായിരിക്കും. 'ലവ് 24x7' എന്നീ ചിത്രങ്ങളിലൂടെ മലയാളിക്ക് സുപരിചിതയായ നിഖില വിമലാണ് ചിത്രത്തിലെ നായിക. സലോമി എന്ന കഥാപാത്രത്തെയാണ് നിഖില അവതരിപ്പിക്കുന്നത്. ബംഗാളിൽ നിന്നുള്ള തൊഴിലാളി റിക്രൂട്ടിംഗ് ഏജൻസിയുടെ ഉടമയായ ഗോപാൽജിയായി ശ്രീനിവാസൻ മികച്ച പ്രകടനമാണ് നടത്തുന്നത്. അഞ്ജു കുര്യനാണ് ചിത്രത്തിലെ മറ്റൊരു നായിക. കെ.പി.എ.സി ലളിത, വീണ നായർ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ.


ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാട് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറാമാൻ എസ്.കുമാറാണ്. ഷാൻ റഹ്മാന്റേതാണ് സംഗീതം.

റേറ്റിംഗ് 4/5

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN VIDEOS
YOU MAY LIKE IN VIDEOS