സുഡാനിയുടെ നൈസായുള്ള കരീബിയൻ ഉഡായിപ്പ്

തംബുരു | Friday 11 January 2019 3:05 PM IST
oru-caribbean-udayippu

സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലൂടെ മലയാളത്തിലെത്തിയ നൈജീരിയൻ താരം സാമുവൽ അബിയോള റോബിൻസൺ വീണ്ടുമൊരിക്കൽ കൂടി മലയാളത്തിൽ എത്തിയ സിനിമയാണ് എ.ജോജി സംവിധാനം ചെയ്ത ഒരു കരീബിയൻ ഉഡായിപ്പ്. സാമുവലിനൊപ്പം ഒരുപിടി യുവതാരങ്ങളെ കൂടി അണിനിരത്തുന്ന സിനിമ എന്തിനും ഏതിനും ചങ്ക് പറിച്ച് നൽകാൻ തയ്യാറുള്ള ന്യൂജനറേഷൻ യുവത്വത്തിന്റെ സൗഹൃദത്തേയും പ്രണയത്തിന്റേയും നേർക്കാഴ്ച കൂടിയാണ്.

oru-caribbean-udayippu

കോയമ്പത്തൂരിലെ നെഹ്‌റു സയൻസ് കോളേജാണ് സിനിമയുടെ പശ്ചാത്തലം. കുട്ടിക്കാലം മുതൽ ഇണപിരിയാത്ത കൂട്ടുകാരായിരുന്ന കെവിൻ,​ ഗോവിന്ദ്,​ ബെൻസൺ,​ മീനാക്ഷി,​ വിധുശ്രീ എന്നിവർ കോളേജിലും ഒരുമിച്ചെത്തുകയാണ്. പർപ്പിൾ എന്ന സംഗീതബാൻഡ് നടത്തുന്ന ഇവരുടെ പ്രധാന ഗായകൻ കെവിൻ ആണ്. എന്നാൽ,​​ കോളേജിലുള്ള സീനിയേഴ്സിന്റെ സംഗീത ബാൻഡുമായി ഇവർക്ക് ഏറ്റുമുട്ടേണ്ടി വരുന്നു. തുടർന്നുണ്ടാകുന്ന സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം.

oru-caribbean-udayippu

യുവത്വത്തിന്റെ എല്ലാവിധ ആഘോഷത്തോടെയും ആരംഭിക്കുന്ന സിനിമ കോളേജ് ക്യാമ്പസുകളിലെ പ്രണയവും പ്രണയചപലതകളും ചർച്ച ചെയ്യുന്നു. കുട്ടിക്കാലം മുതൽ ഒരുമിച്ച് കളിച്ച് വളർന്നവർ മുതിർന്നപ്പോൾ അവർ പോലുമറിയാതെ അവർക്കിടയിൽ മൊട്ടിട്ട പ്രണയങ്ങൾ പാത്തുംപതുങ്ങിയും കൊണ്ടുനടക്കുന്നതും സിനിമയിൽ കാണാം. യുവത്വത്തിന്റെ എല്ലാവിധ ആഘോഷങ്ങളും ആർപ്പുവിളികളുമായി മുന്നോട്ട് നീങ്ങുന്ന സിനിമ രണ്ടാം പകുതിയിൽ അപ്രതീക്ഷിത സംഭവങ്ങളിലൂടെ സഞ്ചരിച്ച് തികച്ചും ഗൗരവവും നാടകീയവുമായ രംഗങ്ങളിലൂടെ പ്രേക്ഷക മനസിലേക്ക് ആഴ്‌ന്നിറങ്ങും. കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഋഷി പ്രകാശിന് സംഭവിക്കുന്ന അപകടവും അയാളെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാൻ ആ സുഹൃത്തുക്കൾ നടത്തുന്ന ജീവന്മരണ പോരാട്ടവും കാഴ്‌ചക്കാരുടെ മനസിൽ ദു:ഖത്തിന്റേയും ആശങ്കയുടേയും കരിനിഴൽ പരത്താൻ പോന്നതാണ്. ലളിതമായ പ്രമേയത്തെ അതിശയോക്തികളൊന്നുമില്ലാതെയും പ്രണയത്തെക്കാളുപരി സൗഹൃദത്തിന്റെ കണ്ണിലൂടെയും ബന്ധങ്ങളെ നോക്കിക്കാണാനാണ് സിനിമയിലൂടെ സംവിധായകൻ ശ്രമിച്ചിരിക്കുന്നത്.

oru-caribbean-udayippu

വിസ്‌മയിപ്പിക്കുന്ന സുഡാനി

ഫുട്ബോൾ താരമായ സുഡാനിയായി പ്രേക്ഷകരുടെ മനം കവ‌ർന്ന സാമുവൽ റോബിൻസൺ പക്ഷേ, ഇത്തവണ നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് സിനിമയിൽ അവതരിപ്പിക്കുന്നത്. ഒരുകാലത്ത് ഫ്രഷ് മിന്റായി ലഭിച്ചിരുന്ന ടിക് ടാക് ച്യൂയിംഗം ചവയ്ക്കുകയും വളരെ കുറച്ച് മാത്രം സംസാരിക്കുകയും ചെയ്യുന്ന സാമുവൽ ചിത്രത്തിൽ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. സംഭാഷണങ്ങളെക്കാൾ മുഖഭാവം കൊണ്ടും ശരീരഭാഷ കൊണ്ടും പ്രേക്ഷകരോട് സംവദിക്കുന്ന സുഡാനിയെ ഒരിക്കൽ കൂടി മലയാള സിനിമാപ്രേമികൾ നെഞ്ചേറ്റുമെന്ന കാര്യം ഉറപ്പാണ്. സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ ശത്രുപക്ഷത്ത് നിൽക്കുകയും ക്ളൈമാക്‌സിൽ നല്ല ഒന്നാന്തരം കരീബിയൻ ഉഡായിപ്പ് കാണിക്കുകയും ചെയ്തല്ലോ എന്റെ പൊന്നുസുഡാനി എന്ന് പ്രേക്ഷകർ നെഞ്ചിൽ കൈവച്ച് അതിൽ പറഞ്ഞാൽ അത്ഭുതപ്പെടാനുമില്ല. ആ ഉഡായിപ്പ് എന്താണെന്ന് അറിയണമെങ്കിൽ തിയേറ്ററിൽ നിന്ന് തന്നെ സിനിമ കാണണം.

സംഗീതത്തെ ജീവിതമായി കൊണ്ടുനടക്കുന്ന കെവിൻ എന്ന സാധാരണ ചെറുപ്പക്കാരനെ ഋഷി പ്രകാശ് തന്മയത്വത്തോടെ തന്നെ അവതരിപ്പിച്ചു. നായികയായ അവന്തികയെ അവതരിപ്പിച്ചിരിക്കുന്നത് ഒരു മെക്സിക്കൻ അപാരത, മാസ്‌റ്റർ പീസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ മേഘ മാത്യുവാണ്.വിഷ്ണു വിനയ്,​ വിഷ്ണു ഗോവിന്ദൻ,​ മറീന മൈക്കിൾ,​ നീഹാരിക,​ അനീഷ് മേനോൻ,​ മുസ്തഫ,​ നന്ദൻ ഉണ്ണി,​ മുഹമ്മദ് അൽത്താഫ് എന്നിവരടങ്ങുന്ന യുവനിരയും മികച്ചു നിൽക്കുന്നു. ഇവരോടൊപ്പം ദേവൻ,​ മാലാ പാർവതി,​ വിജയകുമാർ,​ കൊച്ചുപ്രേമൻ,​ പ്രദീപ് കോട്ടയം തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.

യുവത്വം ആഘോഷമായുള്ള ഗാനങ്ങളും സിനിമയ്ക്ക് ചേരുന്നതായി.ക്ളൈമാക്സിലെ ഗാനവും മികവും പുലർത്തുന്നതാണ്.


വാൽക്കഷണം: എന്നാലും സുഡാനി നീ ഇത് ചെയ്തല്ലോ
rating 3/5

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN VIDEOS
YOU MAY LIKE IN VIDEOS