പേടിക്കാതെ സൂക്ഷിക്കുക,​ പ്രേതമുണ്ട് !

തനിഷ്ക് | Friday 21 December 2018 2:43 PM IST
pretham-2

രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം ജോൺ ഡോൺ ബോസ്കോയുടെ രണ്ടാംവരവ് നിസാരമല്ല. 2016ലെ പ്രേതത്തിന്റെ രണ്ടാം ഭാഗവുമായി സംവിധായകൻ രജ്ഞിത് ശങ്കർ എത്തുമ്പോൾ ഇക്കുറി പേടി അല്പം കൂടും. വരിക്കാശേരി മനയുടെ പശ്ചാത്തലത്തിൽ പുതിയ പ്രേതത്തിനായി കണ്ണും കാതും കൂർപ്പിക്കുന്ന പ്രേക്ഷകർക്ക് പ്രേതം 2 നൽകുന്നത് മികച്ച തിയേറ്റർ അനുഭവമാകും.ഇത് പുതിയ പ്രേതകഥ
മെന്റലിസ്റ്റായ ജോൺ ഡോൺ ബോസ്കോയിലൂടെ ആത്മാവിനെ തേടിയുള്ള യാത്ര തന്നെയാണ് പ്രേതം രണ്ടാം ഭാഗവും പറയാൻ ശ്രമിക്കുന്നതെങ്കിലും പുതിയ പശ്ചാത്തലത്തിൽ പുതിയ കഥയ്ക്കും കഥാപാത്രങ്ങൾക്കുമൊപ്പം ആദ്യ ഭാഗത്തേക്കാൾ മികച്ച അനുഭവം സമ്മാനിക്കാൻ പ്രേതം 2 ന് സാധിക്കുന്നുണ്ട്. മലയാള സിനിമയിലെ കഥാപാത്രങ്ങളെ പോലെ സുപരിചിതമായ വരിക്കാശേരി മനയാണ് ഇക്കുറി പ്രേതത്തിന്റെ ഭയാനക നിമിഷങ്ങൾക്ക് പശ്ചാത്തലമൊരുക്കുന്നത്. ഒരു ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണത്തിനായി മനയിലെത്തിച്ചേരുന്ന അഞ്ച് സുഹൃത്തുക്കളിലൂടെയാണ് പ്രേതം 2 ആരംഭിക്കുന്നത്. ഒരു ഫേസ്ബുക്ക് ഗ്രൂപ്പിൽ അംഗങ്ങളായ, പരസ്പരം കണ്ടിട്ടില്ലാത്ത സുഹൃത്തുക്കളാണ് രാമാനന്ദ് കളത്തിങ്കൽ (സിദ്ധാർത്ഥ് ശിവ), തപസ് മെനോൻ ( അമിത് ചക്കാലയ്ക്കൽ), അനു തങ്കം പൗലോസ് (ദുർഗ കൃഷ്ണ), നിരജ്ഞന (സാനിയ ഇയപ്പൻ), ജോഫിൻ ടി.ജോൺ (ഡെയ്ൻ ഡേവിസ്) എന്നിവർ.

pretham-2

വരിക്കാശേരി മനയിൽ കുറച്ച് ദിവസം താമസിച്ച് ജീവിതത്തിലെ ചില സ്വാഭാവിക സംഭവ മുഹൂർത്തങ്ങൾ കോർത്തിണക്കി ഒരു ഹ്രസ്വ ചിത്രം നിർമ്മിക്കുകയാണ് ഇവരുടെ ലക്ഷ്യം. മനയ്ക്ക് തൊട്ടടുത്ത് പാരമ്പര്യ ചികിത്സയും കൃഷിയും മെന്റലിസവുമായി കഴിഞ്ഞു കൂടുകയാണ് ജോൺ ഡോൺ ബോസ്കോ (ജയസൂര്യ). സിനിമാ ചിത്രീകരണ വേളയിൽ നേരിടേണ്ടിവരുന്ന ചില പ്രേതാനുഭവങ്ങളും ഇവരെ സഹായിക്കാൻ പതിവുപോലെ ജോൺ എത്തുകയും ചെയ്യുന്നു. തമാശകളും ഹൊററും നിറയുന്ന രണ്ടര മണിക്കൂർ കാഴ്ചാനുഭവത്തിലൂടെ പ്രേതം 2 ഇക്കുറി കൂടുതൽ മെന്റലിസം പാഠങ്ങൾ പഠിപ്പിക്കും.

pretham-2

ഒരു ത്രില്ലിംഗ് കാഴ്ചാനുഭവം

ഒരു പരിപൂർണ ഹൊറർ മൂഡിനേക്കാളുപരി മെന്റലിസത്തിന്റെ പാഠങ്ങളും ചില ശാസ്ത്ര സത്യങ്ങളും സാമൂഹ്യ പ്രതിബദ്ധതയുള്ള കഥയും കോ‌ർത്തിണക്കിയാണ് പ്രേതം 2 പ്രേക്ഷകർക്കു മുന്നിലെത്തുന്നത്. പരമ്പരാഗത പ്രേത സങ്കല്പങ്ങൾക്ക് വിപരീതമായി മനസിന്റെ ചില തോന്നലുകളെയും ചില നന്മയ്ക്കായി ഒരു കൂട്ടം ചെറുപ്പക്കാരെ പിന്തുടർന്നെത്തുന്ന പ്രേതവും ആസ്വാദ്യകരമാക്കാൻ രഞ്ജിത് ശങ്കർ ആത്മാർത്ഥമായി പരിശ്രമിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ആദ്യഭാഗം ജോൺ ഡോൺ ബോസ്കോയെ പരിചയപ്പെടുത്തി തന്നതിനാൽ ഇക്കുറി ജോണിന്റെ മാസ് എൻട്രിക്ക് വേണ്ടിയാകണം പ്രേക്ഷകർ കാത്തിരുന്നത്. ചിത്രത്തിന്റെ ആദ്യ പകുതി പൂർണമായും അഞ്ച് സുഹൃത്തുക്കൾ ഒന്നിക്കുന്ന രസകരമായ നിമിഷങ്ങളിലൂടെ കടന്നുപോകുമ്പോൾ രണ്ടാം പകുതിയോടെ ജോൺ ഡോൺ ബോസ്കോയുടെ കൈയിലെത്തുകയാണ് കഥയുടെ കടിഞ്ഞാൺ. സക്കറിയയുടെ ഗർഭിണികൾ, വെള്ളിമൂങ്ങ, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ആട് 2 തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ ഛായാഗ്രാഹകൻ വിഷ്ണു നാരായണന്റെ കാമറയാണ് പ്രേതം 2 വിനെ ആദ്യാവസാനം ഒരു ത്രില്ലർ സ്വഭാവം നൽകുന്നത്. പാട്ടുകളില്ലെങ്കിലും ആനന്ദ് മധുസൂദനനന്റെ സംഗീതവും ഹൊറർ അനുഭൂതി സൃഷ്ടിക്കാൻ ഉതകുന്നതാണ്. മികച്ച ദൃശ്യാനുഭവത്തിനൊപ്പം കഥയിൽ പ്രതീക്ഷിച്ച 'പ്രേത നിമിഷങ്ങൾ" ഇല്ലാതായത് പ്രേക്ഷകരെ അല്പം നിരാശപ്പെടുത്തിയേക്കും. രണ്ടാം ഭാഗത്തിൽ പ്രേതം കരുത്തനാണെന്ന് ട്രെയിലർ നൽകിയ വിശ്വാസം പൂർണമായി കാക്കാൻ ചിത്രത്തിനായില്ല.

pretham-2

കഴിവുറ്റ മെന്റലിസ്റ്രായി പതിവുപോലെ മികച്ച പ്രകടനവുമായാണ് ജയസൂര്യ എത്തിയിരിക്കുന്നത്. പ്രേതത്തേക്കാൾ നിഗൂഡത നിറയുന്ന ജോൺ ഡോൺ ബോസ്കോയുടെ മാനറിസങ്ങൾ ഇക്കുറിയും ജയസൂര്യയുടെ കൈയിൽ ഭദ്രമാണ്. ജോൺ ഡോൺ ബോസ്കോയെ പൂർണതയിലെത്തിക്കുന്ന സരിത ജയസൂര്യയുടെ വസ്ത്രാലങ്കാരമാണ് കൈയടി നേടുന്ന മറ്റൊരു ഘടകം.


വരിക്കാശേരി മനയുടെ കാര്യസ്ഥൻ ഉണ്ണി വാര്യരായെത്തുന്ന ജയരാജ് വാര്യരും സിറ്റി പൊലീസ് കമ്മിഷണറായെത്തിയ മുത്തുമണിയും ആയുർവേദ ചികിത്സകനായെത്തിയ രാഘവനും മികച്ച പിന്തുണ നൽകി.

പാക്കപ്പ് പീസ്: പ്രേതമുണ്ട് !
റേറ്റിംഗ് 3/5

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN VIDEOS
YOU MAY LIKE IN VIDEOS