കെട്ടുറപ്പുള്ള ഇന്ത്യ, അതിനെന്ത് ചെയ്യാനാകും?

സദ്ഗുരു | Thursday 31 January 2019 12:49 AM IST
sadguru

ഇന്ത്യ ഇന്നും പല സംസ്ഥാനങ്ങളായി ചിതറി കിടക്കുകയാണ്. ജനങ്ങൾ ദരിദ്രരാണെങ്കിൽ, എങ്ങനെയെങ്കിലും അവർ ഒരുമിച്ച് ചേർന്നു നിൽക്കും. എന്നാൽ, സമ്പത്ത് കൈവരുമ്പോൾ ഈ ഐക്യം ഉണ്ടാവില്ല. തൻകാര്യം നോക്കാനാണ് എല്ലാവരും മിടുക്ക് കാണിക്കുക.

ജാതി, മത, വർഗ, ലിംഗ ഭേദമന്യേ നമ്മെ എല്ലാവരെയും ഒന്നിച്ച് ചേർത്ത് നിറുത്താൻ-അതിനു വേണ്ടത് തെളിവാർന്ന സംസ്കാരത്തിന്റെ ശക്തമായ ഒരു ചരടാണ്. ബലമായ ഒരു ചരട്. നമ്മുടെ നാട് മുന്നോട്ടു പോകണമെങ്കിൽ, പുരോഗതി പ്രാപിക്കണമെങ്കിൽ അങ്ങനെ ഒന്ന് ഉണ്ടായേ തീരൂ.

അഴിമതി നാടൊട്ടുക്ക് ആഴത്തിൽ വേരുറപ്പിച്ചിരിക്കുന്ന കാലം നമ്മൾ അറിയാതെ ചോദിച്ചു പോകുന്നു. ''മര്യാദക്കാരനായി ആരുണ്ട്?" അഴിമതിക്കാർ ആരെങ്കിലുമുണ്ടോ എന്ന് ചോദിക്കാൻ നമുക്കവസരം കിട്ടുന്നില്ല. കാരണം കൂട്ടത്തിലേറെയും അത്തരക്കാരാണ്. ഈ സാഹചര്യം ശരിയായ കാഴ്ചപ്പാടിലൂടെ നമ്മൾ നോക്കി കാണേണ്ടതാണ്. ഒരു പിടി അഴിമതിക്കാരല്ല നമ്മുടെ പ്രശ്നം. രാജ്യം മുഴുവൻ അവർ അടക്കി വാഴുന്നു എന്നതാണ്. ട്രാഫിക് ലൈറ്റിൽ ചുവന്ന വിളക്ക് തെളിയുന്നു. അവിടെ ഒരു പൊലീസുകാരൻ നിൽക്കുന്നില്ല എങ്കിൽ എത്രപേർ വണ്ടി നിറുത്താൻ തയ്യാറാവും? ഒരു പക്ഷേ, പത്തുശതമാനം പേര് കാത്തുനിൽക്കും. ശേഷിക്കുന്ന 90 ശതമാനവും നിയമം ലംഘിക്കാൻ മടിയില്ലാത്തവരാണ്. സാഹചര്യങ്ങൾ ഒത്തുവന്നാൽ എന്തും ചെയ്യാനും തുനിയുന്നവർ എന്നാണ് അതിനർത്ഥം.

കുറച്ചു ദിവസം മുമ്പ് ഞാൻ ഏതാനും വിദ്യാർത്ഥികളോട് സംസാരിക്കുകയായിരുന്നു. പതിന്നാലു വയസായ ഒരാൺകുട്ടി എന്നോട് പറഞ്ഞു, സർക്കാർ തലത്തിൽ ഏറ്റവും അഴിമതിയുള്ള വിഭാഗങ്ങളിൽ ജോലിനേടാനാണ് അവന് താത്‌പര്യം എന്ന്. 'എന്നാൽ, എളുപ്പത്തിൽ ധാരാളം പണം സമ്പാദിക്കാമല്ലോ." അവൻ അതിനുള്ള കാരണവും വിശദമാക്കി. ആ ചിന്ത എത്രത്തോളം തെറ്റാണ് എന്ന് അവനറിഞ്ഞുകൂടാ. അതാണ് ശരിയായ ജീവിതമാർഗം എന്നാണ് അവന്റെ ധാരണ. അറുപത്തിയഞ്ച് കൊല്ലം മുമ്പ് ഇതേ നാട്ടിൽ തന്നെയാണ് സ്വാതന്ത്ര്യത്തിനുവേണ്ടി നമ്മുടെ പൂർവികർ അവരുടെ പ്രാണൻ തന്നെ ത്യജിച്ചതെന്നും ഈ സമയം നമുക്കഭിമാനത്തോടെ ഓർക്കാം. ഒരു തലമുറ കഴിഞ്ഞപ്പോഴേക്കും ഒരു ഹൈസ്കൂൾ വിദ്യാർത്ഥിക്ക് പറയാൻ കഴിഞ്ഞു, അഴിമതിയാണ് അവന് യോജിച്ച ജീവിതമാർഗം എന്ന്. ഇതിലും വലിയൊരു നാണക്കേടുണ്ടോ? ഇതിലും ആഴത്തിലേക്ക് നമ്മുടെ വിവേകത്തിന് ചെന്ന് വീഴാനാകുമോ? സാധാരണയായി എല്ലാവരും വിചാരിക്കും ''ഈ വക കാര്യങ്ങളെക്കുറിച്ച് ഇത്രയേറെ പറയാനുണ്ടോ? ഞാൻ എന്റെ കാര്യം നോക്കിയാൽ പോരെ?" പോരാ, അതല്ല ലോകത്തിന്റെ വഴി. നമ്മുടെ സമൂഹവും രാഷ്ട്രവും ഒരുപോലെ നേർവഴിയിലൂടെ നീങ്ങണം. അപ്പോഴേ നമുക്ക് നേരായി ജീവിക്കാൻ സാധിക്കൂ.

വ്യക്തിപരമായി നിങ്ങൾ എത്രതന്നെ പ്രാപ്തനും സത്യസന്ധനുമായാലും ഇവിടെ അത് പ്രസക്തമാകുന്നില്ല. രാഷ്ട്ര നിർമ്മാണം എന്നതിന് റോഡുകളും കെട്ടിടങ്ങളും പണിതുണ്ടാക്കുക എന്നു മാത്രമല്ല അർത്ഥം. നല്ല മനുഷ്യരെ വാർത്തെടുക്കുക എന്നുകൂടിയാണ്. വാസ്തവത്തിൽ അതാണ് ഒന്നാമതായി വേണ്ടതും.

നമ്മൾ പല കാര്യങ്ങളിലും വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ല. ഈ രാജ്യം ഇത്രത്തോളം അധഃപതിക്കാൻ അതുതന്നെയാണ് കാരണം. ഒരു രാഷ്ട്രം എന്ന സങ്കല്പം ഇന്നും നമ്മുടെ ഹൃദയങ്ങളിൽ തെളിഞ്ഞു വന്നിട്ടില്ല. ആ സങ്കല്പത്തിന് ദൃഢതയും മിഴിവും വരുത്താനുള്ള ശ്രമം നമ്മുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുമില്ല. ഇന്ത്യയെ മുഴുവൻ ഒരു രാഷ്ട്രമായി കാണാൻ ഇനിയും നമ്മൾ പഠിച്ചിട്ടില്ല എന്നതാണ് വലിയൊരു സത്യം. എന്നാലും ആദ്ധ്യാത്മികവും സാംസ്കാരികവുമായ ഏതോ ഒരു ചരട് ഈ ജനവിഭാഗങ്ങളെയൊക്കെ ചേർത്തു നിറുത്തുന്നുണ്ട്. പക്ഷേ, കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ആ ചരടിനേയും ജീർണത ബാധിക്കാൻ തുടങ്ങിയിരിക്കുന്നു. രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം ഇതൊരു മഹാവിപത്തു തന്നെയാണ്. അതിന്റെ ഉറപ്പും ബലവും പൂർവസ്ഥിതിയിലാക്കാൻ ഓരോ ഇന്ത്യനും ബോധപൂർവം ശ്രമിക്കുകതന്നെ വേണം.

ഇന്ത്യയിൽ ഏറ്റവും സ്വാധീനമുള്ള 50 വ്യക്തികളിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ട സദ്ഗുരു, ഒരു യോഗിയും ആത്മജ്ഞാനിയും ദീർഘദർശിയും ബെസ്റ്റ് സെല്ലിംഗ് ഓതറുമാണ്. അദ്ദേഹത്തിന്റെ വിശിഷ്ട സേവനത്തിന് ഭാരത സർക്കാർ 2017ൽ പദ്മവിഭൂഷൺ നൽകി ആദരിച്ചു."

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT