തമിഴ്നാട് മന്ത്രിയുടെ ശിക്ഷ ഓർമ്മിപ്പിക്കുന്നത്

Wednesday 09 January 2019 12:10 AM IST

editorial-

രണ്ടു പതിറ്റാണ്ടോളം മുൻപ് ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ട്രാൻസ്‌പോർട്ട് ബസുകൾക്കും പൊലീസ് വാഹനങ്ങൾക്കും തീവച്ച കേസിൽ തമിഴ്നാട് യുവജന - സ്പോർട്സ് വകുപ്പുമന്ത്രി പി. ബാലകൃഷ്ണ റെഡ്ഡി ഉൾപ്പെടെ 16 പേർക്ക് പ്രത്യേക കോടതി കഴിഞ്ഞ ദിവസം മൂന്നു വർഷത്തെ തടവു ശിക്ഷ വിധിച്ചു. അപ്പീൽ നൽകാനായി വിധി പതിനഞ്ചു ദിവസത്തേക്ക് സസ്‌പെൻഡു ചെയ്തിട്ടുണ്ടെങ്കിലും മന്ത്രി പദവി റെഡ്ഡി തൽക്ഷണം രാജിവയ്ക്കുകയും ചെയ്തു. കേസിൽ നൂറോളം പ്രതികളുണ്ടായിരുന്നെങ്കിലും വിചാരണ തുടങ്ങിയപ്പോൾ പ്രതിപ്പട്ടിക 86 പേരുടേതായി ചുരുങ്ങി. അവരിൽത്തന്നെ മന്ത്രി ഉൾപ്പെടെ പതിനാറു പേരാണ് മതിയായ തെളിവിന്റെ അടിസ്ഥാനത്തിൽ ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. ഇതുതന്നെ സാദ്ധ്യമായത് ജനപ്രതിനിധികൾ ഉൾപ്പെട്ട കേസുകളുടെ വിചാരണയ്ക്കായി പ്രത്യേക കോടതി നിലവിൽ വന്നതോടെയാണ്. ഇത്തരത്തിൽപ്പെട്ട പ്രത്യേക കോടതി ശിക്ഷ വിധിക്കുന്ന ആദ്യ കേസ് കൂടിയാണിത്. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരിലുള്ള ബഗലൂർ ഗ്രാമത്തിൽ വ്യാപകമായ തോതിൽ നടന്നിരുന്ന കള്ളവാറ്റുകാരെ അമർച്ച ചെയ്യുന്നതിൽ പൊലീസ് താല്പര്യം കാണിക്കാത്തതിൽ പ്രതിഷേധിച്ചാണ് ബാലകൃഷ്ണ റെഡ്ഡിയുടെ നേതൃത്വത്തിൽ ഗ്രാമീണർ പൊലീസ് സ്റ്റേഷനു മുമ്പിൽ പ്രതിഷേധ പ്രകടനം നടത്തിയത്. പ്രതിഷേധം ഒടുവിൽ കലാപമായി മാറി. വൻതോതിൽ അക്രമങ്ങളുണ്ടായി. തുടർന്ന് റെഡ്ഡിക്കും മറ്റുമെതിരെ കേസെടുത്തെങ്കിലും തുടർ നടപടികൾ ഇഴഞ്ഞു നീങ്ങുകയായിരുന്നു. ഈയിടെ പ്രത്യേക കോടതി രൂപീകരിക്കപ്പെട്ടതോടെയാണ് കേസിന് വീണ്ടും ജീവൻ വച്ചതും മന്ത്രി ശിക്ഷിക്കപ്പെട്ടതും.

തമിഴ്നാട് മന്ത്രിയുടെ പൊതു ജീവിതത്തിനു തടസമായേക്കാവുന്ന ശിക്ഷാവിധി വന്ന ദിവസം തന്നെയാണ് കേരള മന്ത്രിസഭ സുപ്രധാനമായൊരു നിയമ നിർമ്മാണത്തിനുള്ള നടപടിയുമായി രംഗത്തു വന്നത്. ഹർത്താൽ ഉൾപ്പെടെ പ്രതിഷേധ പ്രക്ഷോഭങ്ങൾക്കിടെ സ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കുന്നവരെ ശിക്ഷിക്കാൻ വേണ്ടിയുള്ളതാണ് പുതിയ നിയമം. തൽക്കാലം ഓർഡിനൻസായി കൊണ്ടുവന്ന് നിയമം നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഓർഡിനൻസിന് കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിരുന്നു. ഗവർണർ ഒപ്പുവയ്ക്കുന്ന മുറയ്ക്ക് നിയമം പ്രാബല്യത്തിലാകും. സ്വകാര്യ വസ്തുക്കൾ നശിപ്പിക്കുന്നവരെ അഞ്ചുവർഷം വരെ തടവിനു ശിക്ഷിക്കാനുള്ള വ്യവസ്ഥ നിയമത്തിലുണ്ട്. പുറമെ പിഴയും ഈടാക്കും. കൂടുതൽ ഗുരുതര സ്വഭാവത്തിലുള്ള കേസാണെങ്കിൽ ശിക്ഷ ജീവപര്യന്തം വരെയാകാം. ആക്രമണങ്ങളിൽ സ്ഫോടക വസ്തുക്കളോ തീയോ ഉപയോഗിച്ചുണ്ടാക്കുന്ന നാശനഷ്ടങ്ങൾക്കാണ് കനത്ത ശിക്ഷ നൽകുന്നത്. ഒരുമാസം തന്നെ നിരവധി ഹർത്താലുകൾക്കും റോഡ് ഉപരോധങ്ങൾക്കും ഇരയാകേണ്ടിവരുന്ന സംസ്ഥാനത്ത് പൊതുമുതലുകൾക്കൊപ്പം സ്വകാര്യ വസ്തുക്കളും വ്യാപകമായ തോതിൽ ആക്രമിക്കപ്പെടുന്നത് സാധാരണമാണ്. ജനുവരി മൂന്നിന് നടന്ന ഹർത്താലിൽ ഒട്ടേറെ വ്യാപാര സ്ഥാപനങ്ങൾക്കും കെ.എസ്.ആർ.ടി.സി ബസുകൾക്കും സ്വകാര്യ വാഹനങ്ങൾക്കും വലിയ നാശമുണ്ടായി. പൊലീസ് ആയിരക്കണക്കിന് കേസുകളാണ് എടുത്തിട്ടുള്ളത്. പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ ഇത്തരം അക്രമാസക്ത പ്രക്ഷോഭങ്ങൾ ഒരു പരിധിവരെയെങ്കിലും നിയന്ത്രിക്കാനാവും. നാശനഷ്ടം നേരിടുന്ന സ്വകാര്യ വ്യക്തികൾക്ക് കോടതി വഴി തന്നെ നഷ്ട പരിഹാരം ഈടാക്കാനുള്ള സാദ്ധ്യതയും തെളിയും. പൊതുമുതൽ നശിപ്പിച്ചാൽ നഷ്ടം ഈടാക്കാൻ നിലവിൽ നിയമമുണ്ട്. ഇതിന്റെ ചുവടു പിടിച്ചാണ് സ്വകാര്യ സ്വത്തുക്കൾക്കും സംരക്ഷണം നൽകുന്നത്. നിയമം ഉണ്ടായതുകൊണ്ടുമാത്രം ജനകീയ പ്രക്ഷോഭങ്ങളിലെ അക്രമങ്ങൾക്ക് അറുതിയാകുമെന്നു കരുതേണ്ടതില്ല. സംഘടിതമായ നിയമ ലംഘനങ്ങളാണ് സമൂഹം നേരിടുന്ന വലിയ വെല്ലുവിളി. ഹർത്താലും ഉപരോധവും പോലുള്ള സമരമുറകൾക്കെതിരെ പൗരാവകാശ സംഘടനകളും നീതി പീഠങ്ങളും ശബ്ദമുയർത്തിയിട്ടും നിർബാധം അവ നടന്നുകൊണ്ടിരിക്കുകയാണ്. ഹർത്താലിന് ഏഴു ദിവസത്തെ നോട്ടീസ് ഉണ്ടായിരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചത് കഴിഞ്ഞ ദിവസമാണ്. ഹർത്താലുകൾ കൊണ്ടു പൊറുതി മുട്ടിയവർ സമർപ്പിച്ച ഹർജികൾ കോടതിയുടെ പരിഗണനയിലാണ് . മുൻപ് ഇതേ കോടതി തന്നെ ബന്തിന് നിരോധനം കൊണ്ടുവന്നപ്പോഴാണ് ബന്തിന്റെ എല്ലാ മാരക സ്വഭാവത്തോടും കൂടിയ ഹർത്താൽ ഉദയം ചെയ്തത്. ജനകീയ പ്രതിഷേധമെന്ന നിലയിൽ ഹർത്താലിനെതിരെ നിയമം നിർമ്മിക്കാൻ സർക്കാരിന് ഉദ്ദേശമില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അടിക്കടിയുള്ള ഹർത്താൽ ജനദ്രോഹം തന്നെയാണെന്നും അംഗീകരിക്കാനാവില്ലെന്നും കൂട്ടത്തിൽ പറയുകയും ചെയ്തു. ഇത് എഴുതുമ്പോൾ സംസ്ഥാനത്ത് ഹർത്താലിന്റെ എല്ലാ രൂപഭാവങ്ങളോടുംകൂടി പണിമുടക്ക് നടക്കുകയാണ്. ബുധനാഴ്ച അർദ്ധരാത്രിവരെ തുടരുകയും ചെയ്യും. കടകൾ തുറക്കുന്നതിനും വാഹനങ്ങൾ ഓടുന്നതിനും തടസമില്ലെന്ന് സംഘാടകർ അറിയിച്ചിരുന്നു. എന്നാൽ അപൂർവ്വം ചിലയിടങ്ങളിലൊഴികെ പെട്ടിക്കടകൾ പോലും ഇന്നലെ തുറന്നില്ലെന്നതാണ് വാസ്തവം. പൊതുവാഹനങ്ങളിൽ ഒന്നുപോലും റോഡിൽ ഇറങ്ങിയതുമില്ല. ട്രെയിനുകൾ തടയില്ലെന്നു പറഞ്ഞിട്ടും പ്രധാന കേന്ദ്രങ്ങളിലെ റെയിൽവേ സ്റ്റേഷനുകളിൽ പിക്കറ്റിംഗ് നടന്നതിനാൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ദേശീയ പണിമുടക്കിൽ പൂർണ്ണമായി സ്തംഭിച്ചുകിടക്കുന്നത് കേരളം മാത്രമാണ്.

മന്ത്രിസ്ഥാനം പോലുമില്ലാതിരുന്ന കാലത്താണ് ബാലകൃഷ്ണ റെഡ്ഡി പൊലീസ് സ്റ്റേഷനു മുന്നിൽ പ്രക്ഷോഭം നടത്താൻ പോയതും പൊതുമുതൽ നശീകരണത്തിൽ ഏർപ്പെട്ട സംഘത്തിന്റെ നേതാവായതും. സാധാരണ ഗതിയിൽ തേഞ്ഞുമാഞ്ഞു പോകേണ്ടിയിരുന്ന കേസിന് ഇങ്ങനെയൊരു ഗതിമാറ്റം ഉണ്ടാകുമെന്ന് ആരും കരുതിയിട്ടുണ്ടാവില്ല. ആവേശംമൂത്ത് തെരുവിൽ അഴിഞ്ഞാടുകയും കണ്ടതൊക്കെ നശിപ്പിക്കുകയും ചെയ്യുന്നവർക്കെല്ലാമുള്ള മുന്നറിയിപ്പു കൂടിയാണ് തമിഴ്നാട് മന്ത്രിക്കും കൂട്ടർക്കും ലഭിച്ചിരിക്കുന്ന ശിക്ഷ. പൊതുമുതൽ നശിപ്പിക്കുന്ന പ്രവണത വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇതുമായി ബന്ധപ്പെട്ട നിയമത്തിന് പ്രത്യേക പ്രസക്തിയുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT