കരിമണൽ കൂടുതൽ പ്രയോജനപ്പെടുത്തണം

Thursday 07 February 2019 12:36 AM IST

editorial-

വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്തിയിരുന്നുവെങ്കിൽ കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരപ്രദേശങ്ങളിൽ പ്രകൃതി സമ്മാനിച്ച കരിമണൽ നിക്ഷേപം കേരളത്തെ അതിസമ്പന്നതയിലേക്ക് നയിക്കുമായിരുന്നു. കരിമണൽ ഖനനത്തെച്ചൊല്ലി കടിപിടി കൂടാനല്ലാതെ അതുപയോഗിച്ച് വ്യവസായ ശൃംഖലകൾ സ്ഥാപിച്ച് ആളുകൾക്ക് തൊഴിൽ നൽകാനോ സംസ്ഥാനത്തിന്റെ വികസനം ഉറപ്പാക്കാനോ കാര്യമായ ശ്രമമൊന്നും ഉണ്ടായിക്കാണുന്നില്ല. കരിമണൽ ഖനനം എന്നും ഇവിടെ രാഷ്ട്രീയ വിവാദമാണ്. ഖനനം മൂലം ആലപ്പാട് ഗ്രാമം അപ്പാടെ കടലെടുത്തുകഴിഞ്ഞുവെന്ന ആക്ഷേപമാണ് ഏതാനും ആഴ്ചകളായി അന്തരീക്ഷത്തിൽ അലയടിക്കുന്നത്. ഖനനം നിറുത്തണമെന്നാവശ്യപ്പെട്ട് അവിടെ മൂന്നുമാസമായി സമരം നടന്നുകൊണ്ടിരിക്കുകയാണ്. ഖനനം നിറുത്തുന്നത് അയ്യായിരത്തിലേറെ ജീവനക്കാർ പണിയെടുക്കുന്ന രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളുടെ നിലനില്പിനുതന്നെ ഭീഷണിയാകുമെന്നതിനാൽ ആദ്യംതൊട്ടേ സർക്കാർ അതിനെതിരാണ്. വ്യവസ്ഥകൾ പാലിച്ചുകൊണ്ട് ഖനനം തുടരുകതന്നെ ചെയ്യുമെന്ന സർക്കാർ നിലപാട് പലകുറി അസന്ദിഗ്ദ്ധമായി സമരക്കരെ അറിയിച്ചിട്ടുമുണ്ട്. കഴിഞ്ഞദിവസം നിയമസഭയിലും ഇൗ നിലപാട് വ്യവസായമന്ത്രി ആവർത്തിക്കുകയുണ്ടായി. സ്വാർത്ഥതാത്പര്യമുള്ള ചില ബാഹ്യശക്തികളുടെ ഇടപെടലുകളാണ് ആലപ്പാട് പ്രശ്നങ്ങളുണ്ടാക്കുന്നതെന്ന നിലപാട് മന്ത്രി ജയരാജൻ ആവർത്തിക്കകയും ചെയ്തു. സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ആചാരംപോലെ പ്രതിപക്ഷം സഭയിൽനിന്ന് വാക്കൗട്ട് നടത്തിയെങ്കിലും ആലപ്പാട്ട് കരിമണൽ ഖനനം തുടരണമെന്ന കാര്യത്തിൽ അവർക്കും അനുകൂല നിലപാടാണുള്ളത്.

തീരത്ത് പൊതുമേഖലാ സ്ഥാപനമായ ഐ.ആർ.ഇ. ഖനനം തുടരുമ്പോഴും സ്വകാര്യ വ്യക്തികൾ ഇൗ അമൂല്യ പ്രകൃതി സമ്പത്ത് കടത്തിക്കൊണ്ടുപോയി ഇടനിലക്കാർക്ക് വിറ്റുകൊണ്ടിരിക്കുകയാണെന്നത് രഹസ്യമൊന്നുമല്ല. കരിമണൽ സംസ്കകരണവും വിപണനവും കൊണ്ട് സമ്പത്തിന്റെ മഹാസാമ്രാജ്യം കെട്ടിപ്പടുത്തവരിലാണ് തീരത്തുനിന്നു കടത്തുന്ന കരിമണൽ എത്തുന്നത്. തുച്ഛവിലയ്ക്ക് വാങ്ങുന്ന ഇൗ ധാതുസമ്പത്ത് ശുദ്ധീകരിച്ച് വിവിധ രൂപത്തിലാക്കി വൻ വിലയ്ക്ക് വ്യവസായശാലകൾക്ക് വിറ്റഴിക്കുകയാണ്. ഐ.ആർ.ഇയുടെ ഖനനത്തിന് തടയിടേണ്ടത് സ്വാർത്ഥമോഹികളായ രാഷ്ട്രീയക്കാർ തൊട്ട് തൂത്തുക്കുടിയിലെ വ്യവസായിയുടെ വരെ ആവശ്യമാണ്. ധാതുമണൽ കടത്തിലൂടെ നേട്ടമുണ്ടാക്കിയവർ ധാരാളമാണ്. അവരുടെ സ്ഥിരവരുമാനമാണ് പൊതുമേഖലയുടെ ഖനനം തുടർന്നാൽ ഇല്ലാതാവുന്നത്.

കടലിനും കായലിനുമിടയ്ക്ക് കിടക്കുന്ന ആലപ്പാട് ഗ്രാമം ധാതുമണൽ ഖനനം കാരണം പാടേ ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോഴത്തെ സമരം ആരംഭിച്ചത്. സമരസമിതിക്കാരെ സർക്കാർ ചർച്ചയ്ക്ക് വിളിച്ച് കാര്യങ്ങൾ സവിസ്തരം വിശദീകരിച്ചതാണ്. സീ വാഷിംഗ് ഒരു മാസത്തേക്ക് നിറുത്തിവയ്ക്കാമെന്നും സർക്കാർ സമ്മതിച്ചു. നീണ്ടകര മുതൽ കായംകുളംവരെയുള്ള തീരങ്ങളിൽ അടിഞ്ഞുകിടക്കുന്ന കരിമണൽ യഥാസമയം കോരിയെടുക്കേണ്ടത് ആവശ്യമാണ്. ഇങ്ങനെ ചെയ്യുന്നില്ലെങ്കിൽ ധാതുശേഖരം നീങ്ങിനീങ്ങി ശ്രീലങ്കൻ തീരത്ത് ചെന്നായിരിക്കും അടിയുക. ഉപയോഗപ്പെടുത്താവുന്നതിന്റെ എത്രയോ ചെറിയൊരു ശതമാനമാണ് ഇവിടെനിന്നു ഖനനം ചെയ്യുന്നത്. സംസ്ഥാനത്തിന്റെ വ്യാവസായിക മുഖച്ഛായ അടിമുടി മാറ്റാൻ സഹായിക്കുന്ന അപൂർവ്വപ്രകൃതി സൗഭാഗ്യത്തിന്റെ ഒരംശം പ്രയോജനപ്പെടുത്തുന്നതിൽപോലും പരാധീനതകൾ നേരിടേണ്ടിവരുന്നു എന്നുള്ളതാണ് വിചിത്ര വസ്തുത. ഇൽമനൈറ്റ്, റൂട്ടൈൻ എന്നീ ധാതുക്കൾ ഉയർന്ന അളവിലുള്ളതാണ് കേരള തീരത്തെ ധാതുമണൽ. എത്രയോ വ്യവസായങ്ങൾക്കാവശ്യമായ ധാതുഉത്പന്നങ്ങൾ ഇതിൽനിന്നു ലഭിക്കുന്നുണ്ട്. കൊല്ലത്തെ കെ.എം.എം.എൽ സ്ഥാപിതമായതുതന്നെ തീരത്തെ അളവറ്റ ധാതുമണൽ ശേഖരം മുന്നിൽ കണ്ടാണ്. ദശലക്ഷക്കണക്കിന് ടൺവരുന്ന ഇൗ ധാതുമണൽ നിക്ഷേപം മറ്റേതൊരു രാജ്യത്തായിരുന്നുവെങ്കിൽ വലിയ വ്യവസായ വിപ്ളവത്തിനുതന്നെ കളമൊരുങ്ങുമായിരുന്നു. മൂക്കിനപ്പുറം കാണാൻ കഴിവില്ലാത്തവരായതുകൊണ്ട് മാറിമാറി വരുന്ന ഒാരോ സർക്കാരും തീരത്ത് നടക്കുന്ന ധാതുകൊള്ളയ്ക്ക് നേരെ കണ്ണടച്ച് സ്വാർത്ഥമോഹികൾക്ക് വാതിൽ തുറന്നിടുകയായിരുന്നു. കൈയകലത്തിൽ കിടക്കുന്ന

കെ.എം.എം.എല്ലിന്റെ ഉത്‌പാദന ശേഷിയുടെ ഏഴിരട്ടിയാണ് തൂത്തുക്കുടിയിലെ സ്വകാര്യ സ്ഥാപനത്തിന്റെ ശേഷി. ഇതുമാത്രം മതി നമ്മുടെ അനാസ്ഥയ്ക്കും കള്ളക്കളിക്കും തെളിവായി.

ഏതായാലും ധാതുമണൽ ഖനനം നിറുത്താൻ സർക്കാർ തയ്യാറല്ലെന്ന നിലപാട് ഉറക്കെ പ്രഖ്യാപിച്ചതുവഴി എൽ.ഡി.എഫ് സർക്കാർ സംസ്ഥാനത്തിന്റെ വിശാല താത്പര്യമാണ് ഉയർത്തിപ്പിടിച്ചത്. ഉപാധികളോടെയാണെങ്കിലും പ്രതിപക്ഷം ഈ നിലപാടിനോട് യോജിച്ചത് ശരിയായ ദിശയിലുള്ള കാൽവയ്പായിത്തന്നെ കരുതാം. രാഷ്ട്രീയത്തിനതീതമായി ഇത്തരം വിഷയങ്ങളെ കാണുമ്പോഴാണ് സംസ്ഥാനം കരുത്താർജ്ജിക്കുക.

ഖനനം മൂലം പ്രദേശവാസികൾക്കുണ്ടാകുന്ന പ്രയാസങ്ങൾ കഴിവതും ലഘൂകരിക്കാനുള്ള നടപടി ഉണ്ടാകണം. ഖനന പ്രദേശങ്ങളിലെ പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് വിദഗ്ദ്ധ സമിതി പഠനം നടത്തിക്കൊണ്ടിരിക്കുകയാണിപ്പോൾ. നേരത്തെ നിയമസഭാ സമിതിയും പ്രശ്നം പഠിച്ചതാണ്. ഖനനം നിറുത്തിവയ്ക്കണമെന്ന് സമിതി ആവശ്യപ്പെട്ടിട്ടില്ല. ഖനനം മൂലം ഉണ്ടാകുന്ന കുഴികൾ മണ്ണിട്ടു നികത്താനുള്ള നടപടി വൈകുന്നതാണ് പലപ്പോഴും പ്രശ്നമായി മാറുന്നത്. തീരസംരക്ഷണ പ്രവർത്തനങ്ങളും ശക്തമാക്കേണ്ടതുണ്ട്.

പൊതുമേഖലയ്ക്കായി ഘോരഘോരം വാദിക്കുന്നവർ തന്നെയാണ് ധാതുമണൽ കൊണ്ട് ജീവൻ നിലനിറുത്തുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ തളർത്താൻ മുന്നിൽ നിന്നിട്ടുള്ളത്. ലാഭമുണ്ടാക്കിയ കമ്പനികൾ പോലും നഷ്ടത്തിലായതിനും ഉത്‌പാദനം നാലിലൊന്നായി കുറഞ്ഞതിനും കാരണം അന്വേഷിച്ച് മറ്റെങ്ങും പോകേണ്ടതില്ല. തലപ്പത്ത് അരങ്ങേറിയ കുടില തന്ത്രങ്ങളും വഴിവിട്ട നടപടികളുമൊക്കെയാണ് കാരണം. ഖനനത്തിന് കുത്തകാവകാശം നൽകിയിട്ടും ഐ.ആർ.ഇയ്ക്ക് ഉത്‌പാദനശേഷിയുടെ അടുത്തെങ്ങുമെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. കാരണങ്ങൾ പലതുമുണ്ടായിരിക്കാം. എന്നാൽ നിധി പോലെ പ്രകൃതി ദാനമായി നൽകിയ ഈ ധാതുമണൽ സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും ഉന്നമനത്തിനായി കവിഞ്ഞ അളവിൽ ഉപയോഗപ്പെടുത്താനുള്ള ഭാവനാപൂർണമായ പദ്ധതികളുമായി സർക്കാർ ഇനിയെങ്കിലും മുന്നോട്ടുവരേണ്ടതുണ്ട്. മൂന്നര വർഷം മുൻപ് 2015-ൽ ഞങ്ങൾ ഇതുമായി ബന്ധപ്പെട്ട് 'സ്മാർട്ട് കേരള" എന്ന പേരിൽ ഒരു പരമ്പര തന്നെ പ്രസിദ്ധീകരിച്ചിരുന്നു. അന്നു കണ്ടെത്തിയതിനെക്കാൾ സ്ഥിതി മെച്ചപ്പെട്ടിട്ടില്ലെന്നതാണ് ദുഃഖകരമായ വസ്തുത.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT