ബാങ്ക് തന്നെയാണ് നൽകേണ്ടത്

Friday 08 February 2019 12:26 AM IST

editors-pick-

ഇടപാടുകാരൻ അറിയാതെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടാൽ ഉത്തരവാദി ബാങ്ക് തന്നെയായിരിക്കുമെന്ന ഹൈക്കോടതി ഉത്തരവ് എ.ടി.എം തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നവർക്ക് വലിയ ആശ്വാസമാണ്.

ഇത്തരത്തിൽ നഷ്ടമാകുന്ന പണം ഇടപാടുകാരന് ബാങ്ക് തിരികെ നൽകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. തെളിവു സഹിതം പരാതി സമർപ്പിച്ചാൽ എ.ടി.എം തട്ടിപ്പിലൂടെ നഷ്ടപ്പെടുന്ന പണം തിരിച്ചുനൽകാൻ തയ്യാറാകുന്ന ബാങ്കുകൾ ഉണ്ട്. എന്നാൽ പല ബാങ്കുകളും ആളുകളെ വട്ടം ചുറ്റിക്കുന്ന മാർഗമാണ് സ്വീകരിക്കാറുള്ളത്. പരാതിയുമായി അലയാൻ തയ്യാറാകാത്തവർക്ക് നഷ്ടപ്പെട്ട പണം തിരിച്ചു കിട്ടാറുമില്ല. ഡിജിറ്റൽ ബാങ്കിംഗ് സൗകര്യം പ്രദാനം ചെയ്യുന്ന ബാങ്കുകൾക്ക് അതിന്റെ സുരക്ഷിതത്വം നൂറു ശതമാനം ഉറപ്പാക്കാനുള്ള ബാദ്ധ്യത കൂടി ഉണ്ട്. ആ ബാദ്ധ്യത മറക്കുമ്പോഴാണ് ഇത്തരം ആധുനിക സംവിധാനങ്ങളിലുള്ള വിശ്വാസ്യതയ്ക്ക് മങ്ങലേൽക്കുന്നത്. ബാങ്കിനെ വിശ്വസിച്ചാണ് ഇടപാടുകാർ പണം നിക്ഷേപിക്കുന്നത്. അതിനാൽ നിക്ഷേപം നൂറു ശതമാനവും സുരക്ഷിതമായി സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ഉത്തരവാദിത്വമാണ്.

നാടുനീളെ എ.ടി.എമ്മുകൾ സ്ഥാപിച്ചിട്ടുള്ളത് ഇടപാടുകാരെ സഹായിക്കാനായി മാത്രമല്ല. ബാങ്കുകളിലെ തിരക്കും ജോലി ഭാരവും കുറയ്ക്കാൻ വേണ്ടിക്കൂടിയാണ്. കഴിവതും ഇടപാടുകാരനെ ബാങ്കിൽ നിന്ന് ഒഴിവാക്കാനുള്ള ശ്രമവും ഇതിനു പിന്നിലുണ്ട്. ഡിജിറ്റൽ ബാങ്കിംഗ് സംവിധാനം കൂടുതൽ പ്രചാരത്തിലായത് അത് ഉപയോഗിക്കാനറിയുന്നവർക്ക് ഏറെ സൗകര്യമായിട്ടുണ്ട്. ഒപ്പം തന്നെ നോട്ടക്കുറവുകൊണ്ട് പലർക്കും കഷ്ടനഷ്ടങ്ങളും നേരിടാറുണ്ട്. എന്നാൽ തട്ടിപ്പിലൂടെ ഇടപാടുകാരന്റെ പണം ബാങ്ക് അക്കൗണ്ടിൽ നിന്ന് നഷ്ടമായാൽ അതിന് ഉത്തരവാദി ബാങ്ക് തന്നെയായിരിക്കുമെന്ന കോടതി വിധി ആശ്വാസപ്രദമാണ്.

അക്കൗണ്ട് തുറക്കാനും പണം നിക്ഷേപിക്കാനും ബാങ്ക് മുന്നോട്ടുവയ്ക്കുന്ന വ്യവസ്ഥകൾ അപ്പാടെ പാലിക്കാൻ ഇടപാടുകാരൻ ബാദ്ധ്യസ്ഥനാണ്. ഇടപാടുകൾക്ക് കാലാകാലങ്ങളിൽ ബാങ്ക് ചുമത്തുന്ന ഫീസും നൽകാറുണ്ട്. എ.ടി.എം വഴി ഇടപാടുകാരന് പണം പിൻവലിക്കാൻ വേണ്ടിയാണ് കാർഡ് നൽകിയിട്ടുള്ളത്. എന്നാൽ ഉടമ അറിയാതെ പണം പിൻവലിക്കപ്പെടുന്ന സംഭവങ്ങൾ ഇന്ത്യയിൽ മാത്രമല്ല വിദേശങ്ങളിലും വർദ്ധിച്ചുവരുന്നതായി കാണാം. സംസ്ഥാനത്തും എ.ടി.എം തട്ടിപ്പുകൾ വ്യാപകമായി നടക്കാറുണ്ട്. ഈയടുത്ത കാലത്ത് പലർക്കും ഇപ്രകാരം പണം നഷ്ടപ്പെട്ടിരുന്നു. എ.ടി.എം വഴി പണം പിൻവലിക്കുമ്പോൾ ബാങ്കുകൾ അതു സംബന്ധിച്ച് സന്ദേശം അയയ്ക്കാറുണ്ട്. പലരും തട്ടിപ്പ് നടന്ന കാര്യം അറിയുന്നതു തന്നെ ഇത്തരം സന്ദേശം ലഭിക്കുമ്പോഴാകും. അക്കൗണ്ട് സുരക്ഷ ബാങ്കിന്റെ മാത്രം ഉത്തരവാദിത്തമാകയാൽ തട്ടിപ്പിലൂടെ നഷ്ടപ്പെടുന്ന പണം തിരികെ നൽകേണ്ടതും ബാങ്ക് തന്നെയാണ്. തട്ടിപ്പുകാർക്ക് കടന്നുകയറാനാകാത്തവിധം കാർഡും യന്ത്രങ്ങളും സുരക്ഷിതമാക്കേണ്ടതിന്റെ ഉത്തരവാദിത്വവും ബാങ്കുകൾക്കു തന്നെയാണ്.

ബാങ്കിംഗ് സേവനങ്ങൾക്ക് ഇടപാടുകാർ അധിക നിരക്ക് നൽകേണ്ടിവരുന്നുണ്ട്. മുമ്പ് സൗജന്യമായി ലഭിച്ചിരുന്ന പലതിനും ഇന്ന് തരാതരം പോലെയാണ് സേവന നിരക്ക്. നിശ്ചിത സംഖ്യയിലധികം ഡിപ്പോസിറ്റായി നൽകുമ്പോൾ പോലും ചെറുതല്ലാത്ത സംഖ്യ ഫീസായി ഈടാക്കാറുണ്ട്. മിനിമം ബാലൻസ് നിബന്ധനയിലൂടെ ഓരോ വർഷവും കോടാനുകോടികളാണ് ബാങ്കുകൾ ഊറ്റിയെടുക്കുന്നത്. നിശ്ചിത പരിധിക്കപ്പുറമുള്ള എ.ടി.എം സേവനത്തിനും നൽകണം ഫീസ്. ഇത്തരത്തിൽ ഏതാണ്ട് ഒട്ടുമിക്ക ഇടപാടുകൾക്കും ഇടപാടുകാരൻ ഫീസ് നൽകേണ്ടിവരുന്നു. ഉടമ അറിയാതെ അക്കൗണ്ടിൽ നിന്ന് തട്ടിപ്പിലൂടെ പണം നഷ്ടമായാൽ അതു തങ്ങളുടെ കുറ്റം കൊണ്ടല്ലെന്നു സമർത്ഥിച്ച് ഇടപാടുകാരനെ പറഞ്ഞുവിടാനാണു നോക്കുന്നത്.

ബ്രസീലിൽ ജോലിയുള്ള കോട്ടയത്തുകാരനായ ഒരാളുടെ അക്കൗണ്ടിൽ നിന്ന് 2.41 ലക്ഷം രൂപയാണ് അപഹരിക്കപ്പെട്ടത്. അവധിക്ക് 2012-ൽ നാട്ടിൽ വന്നപ്പോഴാണ് പതിനാലു തവണകളിലായി ഇത്രയും പണം നഷ്ടപ്പെട്ടത്. എ.ടി.എം വഴി ഓരോ തവണ പണം പിൻവലിക്കപ്പെട്ടപ്പോഴും എസ്.ബി.ഐ വിവരം അക്കൗണ്ട് ഉടമയെ അറിയിച്ചിരുന്നതിനാൽ പണം തിരിയെ നൽകാൻ തങ്ങൾ ബാദ്ധ്യസ്ഥരല്ലെന്നാണ് ബാങ്കുകാർ നിലപാടെടുത്തത്. തട്ടിപ്പു നടന്നിട്ടുള്ളത് ബ്രസീലിലാണെന്നതിനാൽ അവിടെയാണ് കേസെടുക്കേണ്ടതെന്നും ബാങ്ക് വാദിച്ചു. എന്നാൽ അക്കൗണ്ട് സുരക്ഷ ഉറപ്പാക്കേണ്ടത് ബാങ്കിന്റെ മാത്രം ബാദ്ധ്യതയാകയാൽ നഷ്ടപ്പെട്ട പണം നൽകുകതന്നെ വേണമെന്നാണ് ഹൈക്കോടതി വിധിച്ചത്. തട്ടിപ്പിനിരയായ ഇടപാടുകാരന് അഞ്ചുവർഷത്തോളം നിയമ പോരാട്ടം നടത്തേണ്ടിവന്നുവെന്നത് തന്നെയാണ് സമാന സംഭവങ്ങളിൽ പലരെയും പിൻവലിയാൻ പ്രേരിപ്പിക്കുന്നത്. സാങ്കേതികത്വത്തിന്റെയും നിയമത്തിന്റെയും നൂലാമാലകളാണ് സാധാരണക്കാരെ ഇത്തരം വ്യവഹാരങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. എവിടെ, ആരെ സമീപിക്കണമെന്നുപോലും അറിയാത്തവരാണ് ബാങ്ക് ഇടപാടുകാരിൽ ഭൂരിപക്ഷവും. ഈ അവസ്ഥ മാറ്റിയെടുക്കാനുള്ള ബോധവത്‌കരണത്തിന് ബാങ്കുകൾ ഒരിക്കലും മുൻകൈ എടുക്കാറുമില്ല. പരാതിക്കാരെ ആട്ടിയോടിക്കുക എന്നതാണല്ലോ അവയുടെ പൊതു സമീപനം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT