പി.എസ്.സി മാത്രം വിചാരിച്ചാൽ പോര

Wednesday 06 February 2019 12:15 AM IST

psc

അഭ്യസ്തവിദ്യർക്കിടയിലെ തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായ കേരളത്തിൽ പി.എസ്.സി നിയമനത്തിലുണ്ടാകുന്ന കാലതാമസം എല്ലാക്കാലത്തും വിവാദ വിഷയമാണ്. പരസ്പര ബന്ധിതമായ നിരവധി കാരണങ്ങളാലാണു നിയമനം വൈകുന്നത്. പി.എസ്.സി വിജ്ഞാപനം മുതൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കൽ വരെ നീളുന്ന നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഏറെ സമയമെടുക്കും. റാങ്ക് ലിസ്റ്റ് പുറത്തുവന്നാലും ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യപ്പെടാത്തതുകൊണ്ട് നിയമനങ്ങൾ അനിശ്ചിതമായി നീണ്ടുപോകാറുണ്ട്. ഒരു നിയമനം പോലും നടക്കാതെ റദ്ദായിപ്പോയ റാങ്ക് ലിസ്റ്റുമുണ്ട്. പി.എസ്.സിയുടെ റാങ്ക് പട്ടികയിരിക്കെ തന്നെ പിൻവാതിൽ നിയമനങ്ങളും നടക്കുന്നത് ഉദ്യോഗാർത്ഥികളുടെ കാത്തിരിപ്പിനു പിന്നെയും ദൈർഘ്യം കൂട്ടാറുണ്ട്. നിയമസഭാ സമ്മേളന കാലത്ത് ഒരിക്കലെങ്കിലും പി. എസ്.സി നിയമനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സഭയിൽ പരാമർശ വിഷയമാകാറുണ്ട്. കഴിഞ്ഞ ദിവസവും ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിലൂടെ വിഷയം സഭയിൽ എത്തി.

പി.എസ്.സി നിയമനങ്ങൾ ത്വരിതപ്പെടുത്താൻ സഹായിക്കും വിധം എല്ലാ സർക്കാർ ജീവനക്കാരുടെയും വിരമിക്കൽ ദിനം മുൻകൂട്ടി പി.എസ്.സിയെ അറിയിക്കാൻ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിനു മറുപടി പറയവെ വ്യക്തമാക്കുകയുണ്ടായി. വിരമിക്കൽ തീയതി മുൻകൂട്ടി അറിഞ്ഞാൽ നിയമനങ്ങളും അതനുസരിച്ച് വേഗത്തിൽ നടത്താൻ പി.എസ്.സിക്കു കഴിയുമെന്നാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. നിയമനങ്ങൾ മന്ദഗതിയിലാകുന്നത് പി.എസ്.സിയുടെ ഉപേക്ഷ കൊണ്ടു മാത്രമാണെന്നു പറയാനാവില്ല. വിവിധ വകുപ്പുകളിൽ കാലാകാലം ഉണ്ടാകുന്ന ഒഴിവുകളുടെ കണക്കെടുത്ത് പി.എസ്.സിയെ അറിയിക്കേണ്ട ചുമതല വകുപ്പദ്ധ്യക്ഷന്മാരിലാണ് നിക്ഷിപ്തമായിട്ടുള്ളത്. അവർ ആ ചുമതല ശരിയാം വണ്ണം നിർവഹിക്കാത്തതാണ് നിയമനങ്ങൾ വൈകാനുള്ള പ്രധാന കാരണം. ഈ പ്രശ്നം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കാലാകാലമായി ഉദ്യോഗാർത്ഥികളെ കഷ്ടത്തിലാക്കി ഈ പ്രവണത ഇന്നും തുടരുകയാണ്. ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യാത്ത വകുപ്പദ്ധ്യക്ഷന്മാർക്കെതിരെ നടപടി എടുക്കുമെന്ന് കൂടക്കൂടെ സർക്കാർ മുന്നറിയിപ്പു നൽകാറുണ്ട്. എത്ര സർക്കുലർ ഇറങ്ങിയാലും പ്രത്യേകിച്ച് ഫലമൊന്നും ഉണ്ടാകാറില്ല. ഒഴിവ് റിപ്പോർട്ട് ചെയ്യപ്പെടാത്തതിന്റെ പേരിൽ ഏതെങ്കിലും ഒരു വകുപ്പദ്ധ്യക്ഷൻ എന്നെങ്കിലും ശിക്ഷിക്കപ്പെട്ടതായും കേട്ടിട്ടില്ല. ഇപ്പോഴത്തെ സർക്കാർ അധികാരമേറ്റ ഉടനെയും വകുപ്പദ്ധ്യക്ഷന്മാർക്ക് സർക്കുലർ പോയിരുന്നു. ഒഴിവുകളുടെ പട്ടിക തയ്യാറാക്കി പി.എസ്.സിയെ അറിയിക്കുന്നതിൽ ഒരുവിധ വീഴ്ചയും പാടില്ലെന്നായിരുന്നു കല്പന. ഉദ്യോഗാർത്ഥികളിൽ പുതിയ പ്രതീക്ഷ ജനിപ്പിച്ചതല്ലാതെ സർക്കുലർ കൊണ്ട് ഗുണഫലമൊന്നുമുണ്ടായതായി അറിവില്ല. ഓരോ മാസവും വിവിധ വകുപ്പുകളിൽ ഉണ്ടാകുന്ന ഒഴിവുകൾ കണക്കാക്കാൻ അത്യദ്ധ്വാനമൊന്നും വേണ്ട. കുറഞ്ഞ സമയം കൊണ്ട് രൂപപ്പെടുത്താവുന്ന പട്ടികയാണിത്. പട്ടികയനുസരിച്ചുള്ള ഒഴിവുകളിലേക്ക് പുതിയ ആളുകളെ നിയമിക്കാൻ പി.എസ്.സിയിലും കാലതാമസം വരേണ്ട കാര്യമില്ല. എല്ലാ തസ്തികകളിലേക്കുമുള്ള റാങ്ക് പട്ടിക പി.എസ്.സിയുടെ പക്കലുള്ളതുകൊണ്ട് നിയമന ശുപാർശ തയ്യാറാക്കി അയയ്ക്കാൻ വകുപ്പദ്ധ്യക്ഷന്മാരുടെ റിപ്പോർട്ട് മതിയാകും. അവിടെയാണ് പ്രതിബന്ധം ഉണ്ടാകുന്നത്. ഒഴിവുകളുടെ എണ്ണം വകുപ്പദ്ധ്യക്ഷന്മാർ യഥാസമയം അറിയിക്കാറില്ല. ഇതിനു മാറ്റം വരാത്ത കാലത്തോളം നിയമനം നീണ്ടുപോവുക തന്നെ ചെയ്യും.

സർക്കാർ ജോലിയെന്ന യുവതലമുറയുടെ മോഹം നേരിയ തോതിലെങ്കിലും സഫലമാകണമെങ്കിൽ പി.എസ്.സി നിയമനങ്ങളിൽ ഇപ്പോൾ അനുഭവപ്പെടുന്ന കാലതാമസം ഇല്ലാതാക്കേണ്ടതുണ്ട്. പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിന് സർക്കാരിന് ഏറെ പരിമിതികളുണ്ട്. സാമ്പത്തിക സ്ഥിതി അനുകൂലമല്ലെന്നുള്ളതു തന്നെ പ്രധാന കാരണം. അതിനൊപ്പം അനൗദ്യോഗികമായി നിയമന നിയന്ത്രണം കൂടി ഉള്ളതിനാൽ റാങ്ക് പട്ടികയിലുള്ള ഉദ്യോഗാർത്ഥികൾ ഏറെക്കാലം കാത്തിരിക്കേണ്ടിവരുന്നു. ഒറ്റയടിക്കു ഒഴിവാക്കാവുന്ന പ്രതിസന്ധിയല്ലിത്. സർക്കാരും പി.എസ്.സിയും ഒരുപോലെ മനസുവച്ചാൽ നിയമന നടപടികൾ ത്വരിതപ്പെടുത്താനാകും. സമാന സ്വഭാവമുള്ള തസ്തികകൾക്കായി പൊതുവായ പരീക്ഷയും റാങ്ക് പട്ടികയുമുണ്ടെങ്കിൽ ഇപ്പോഴത്തേക്കാൾ വേഗത്തിൽ നിയമ‌നം നടക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT