'ശിക്ഷ' ഒറ്റ ദിവസമായി ചുരുക്കിക്കൂടേ?

Sunday 06 January 2019 12:54 AM IST

national-strike-

ഒരു സാദ്ധ്യതയുമില്ലെന്ന് അറിയാം. എന്നാലും പറഞ്ഞു പോവുകയാണ്. ജനുവരി 8, 9 തീയതികളിലെ ദേശീയ പണിമുടക്കിൽ നിന്ന് ഒരു ദിവസത്തേക്കെങ്കിലും കേരളത്തെ ഒഴിവാക്കാൻ ദേശീയ നേതൃത്വം കരുണ കാണിക്കണം. മറ്റൊന്നും കൊണ്ടല്ല. ജനുവരി രണ്ടിനു നടന്ന അക്രമാസക്ത ഹർത്താലിന്റെ ആഘാതത്തിൽ നിന്ന് സംസ്ഥാനം ഇനിയും മോചിതമായിട്ടില്ല. എട്ടും ഒൻപതും തീയതികളിലെ പണിമുടക്കു കൂടിയാകുമ്പോൾ തളർച്ച പൂർണമാകുമെന്നു വേണം കരുതാൻ. രണ്ടു ദിവസത്തെ പണിമുടക്കിനുള്ള തയ്യാറെടുപ്പുകളെല്ലാം പൂർത്തിയായിക്കഴിഞ്ഞ നിലയ്ക്ക് ഇനി ഒന്നും ചെയ്യാനില്ലെന്നായിരിക്കും നേതാക്കളുടെ മറുപടി എന്നറിയാം. എന്നിരുന്നാലും രണ്ടുദിവസമെന്നത് ഏകദിനത്തിലേക്ക് കുറയ്ക്കാൻ അവർ വിചാരിച്ചാൽ കഴിയും.

തുടർച്ചയായി രണ്ടുദിവസത്തെ പണിമുടക്കുകൊണ്ടു ഉദ്ദേശിക്കുന്ന ഫലം കേരളത്തെ സംബന്ധിച്ച് ഒറ്റ ദിവസത്തെ പണിമുടക്കുകൊണ്ടുതന്നെ നേടാനാകും. കാരണം രാജ്യത്ത് ഇവിടെ മാത്രമാകും പണിമുടക്ക് സമ്പൂർണ വിജയമാകാൻ പോകുന്നത്. ഇതര ഭാഗങ്ങളിൽ പണിമുടക്കുകളോ ഹർത്താലുകളോ പ്രായേണ മുൻപും കാര്യമായി ബാധിക്കാറില്ല. കേരളത്തിൽ സ്ഥിതി അതല്ല. പണിമുടക്കോ ഹർത്താലോ ആരു നടത്തിയാലും ഇവിടെ ജനജീവിതം നിശ്ചലമാകും. പൊതുഗതാഗതം പൂർണമായി നിലയ്ക്കുന്നതോടെ സാധാരണക്കാർ വളരെ അത്യാവശ്യ കാര്യങ്ങൾ വരെ മാറ്റിവയ്ക്കേണ്ടിവരും. പണിമുടക്കു തീയതി മുൻകൂർ അറിയാവുന്നതുകൊണ്ട് അത്യാവശ്യമല്ലാത്ത പലതും മാറ്റിവയ്ക്കാൻ കഴിയും. എന്നാൽ യാത്രയുടെ കാര്യം അങ്ങനെയല്ലല്ലോ. എന്തെല്ലാം കാര്യങ്ങൾക്കാണ് ഇന്നത്തെ കാലത്ത് മനുഷ്യർ യാത്ര ചെയ്യേണ്ടിവരുന്നത്. രണ്ടുദിവസത്തെ ദേശീയ പണിമുടക്കിൽ ട്രെയിനുകളും ഓടാൻ സമ്മതിക്കില്ലെന്നാണ് സംഘാടകർ പറയുന്നത്. ട്രെയിനുകളെ സാധാരണ ഗതിയിൽ പണിമുടക്കും ഹർത്താലും ബാധിക്കാറില്ലായിരുന്നു. പട്ടികയിൽ പുതിയ ഇനമായി ട്രെയിനുകൾ കൂടി ഉൾപ്പെടുത്തിയാൽ ദൂരദേശങ്ങളിൽ നിന്നുൾപ്പെടെയുള്ള യാത്രക്കാരുടെ കാര്യം അങ്ങേയറ്റം കഷ്ടത്തിലാകും. വിമാനയാത്രക്കാരെ മാത്രമേ ഒഴിവാക്കിയിട്ടുള്ളൂ എന്നാണു തോന്നുന്നത്. ആകാശത്തു കൂടി പോകുന്നതിനാലാകണം വിമാനങ്ങൾ തടയാനാവില്ലല്ലോ.

ശബരിമല തീർത്ഥാടകരെ ബാധിക്കാത്ത വിധം വേണം ഗതാഗതം മുടക്കാനെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ നിർദ്ദേശം പുറപ്പെടുവിച്ചതായി കണ്ടു. സർവതും നിശ്ചലമാക്കുന്ന പണിമുടക്ക് നടക്കുമ്പോൾ ശബരിമല തീർത്ഥാടകർ അതിൽ പെടാതിരിക്കുന്നതെങ്ങനെ? പണിമുടക്കിന്റെ യാതനകൾ അവരും അനുഭവിക്കേണ്ടിവരും.

കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങളിൽ പ്രതിഷേധിക്കാൻ വേണ്ടിയാണ് ദേശവ്യാപകമായി രണ്ട് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മുൻപും ഇതേ വിഷയത്തിൽ ദേശീയ പണിമുടക്കുകൾ നടന്നപ്പോഴും കേരളത്തിൽ മാത്രമാണ് ബന്തിന്റെ സ്വഭാവം കൈവരിച്ചതും സർവ മേഖലകളും സ്തംഭിച്ചതും. വിവിധ മേഖലകളിലെ തൊഴിലാളികൾ മാത്രമല്ല ബാങ്ക്, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാരും സ്കൂൾ - കോളേജ് അദ്ധ്യാപകരും ഗതാഗത മേഖലയിലെ ജീവനക്കാരുമെല്ലാം പണിമുടക്കിൽ അണിചേരണമെന്നാണ് ആഹ്വാനം. അതിനർത്ഥം സംസ്ഥാനം പതിവിൻപടി രണ്ടുദിവസം പൂർണമായി നിശ്ചലമാകുമെന്നു തന്നെ. പണിമുടക്കു ദിവസം തങ്ങൾ കടകൾ തുറക്കുമെന്ന് വ്യാപാരികളുടെ സംഘടന പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഹർത്താൽ ദിനത്തിലെ ദുരനുഭവം മുന്നിലുള്ളതിനാൽ നടക്കുമോ എന്നു കണ്ടുതന്നെ അറിയണം. തുറന്നുവയ്ക്കുന്ന മുഴുവൻ കടകൾക്കും സംരക്ഷണം നൽകുക എന്നത് അപ്രായോഗികവുമാണ്. ബി.ജെ.പി ഒഴികെയുള്ള സകല രാഷ്ട്രീയ കക്ഷികളുടെയും തൊഴിലാളി സംഘടനകൾ സംയുക്തമായാണ് പണിമുടക്കിനു പിന്നിലുള്ളതെന്നതിനാൽ അതിൽ നിന്നു വിട്ടുനിൽക്കാൻ പെട്ടിക്കടക്കാരൻ പോലും തയ്യാറാകുമെന്നു തോന്നുന്നില്ല.

അധികാരത്തിൽ നിന്നു താഴെയിറങ്ങാൻ നാലുമാസം മാത്രം ശേഷിക്കുന്ന മോദി സർക്കാരിന്റെ തൊഴിൽ നയങ്ങൾക്കെതിരെ ഈ പതിനൊന്നാം മണിക്കൂറിൽ പണിമുടക്ക് നടത്തി നയങ്ങൾ തിരുത്തിക്കാൻ ശ്രമിക്കുന്നതിലെ ഫലമില്ലായ്മ സംഘാടകർക്കും അറിയാത്തതല്ല. പണിമുടക്കിലൂടെയല്ല കേന്ദ്ര നയങ്ങളുടെ ദൂഷ്യഫലങ്ങൾ ബോദ്ധ്യപ്പെടുത്തി മാറി ചിന്തിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുകയാണ് വേണ്ടത്. ഇത്തരം സന്ദർഭങ്ങളിൽ അധികാരത്തിലിരിക്കുന്ന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനരോഷം ഖണ്ഡിതമായി പ്രകടിപ്പിക്കുന്നതിനുള്ള ഏറ്റവും മികച്ച അവസരം തിരഞ്ഞെടുപ്പാണ്. ആ കനകാവസരമാണ് വരാൻ പോകുന്നത്.

മഹാപ്രളയം സൃഷ്ടിച്ച തീരാദുരിതങ്ങളിൽ നിന്ന് ഇനിയും കരകയറാത്ത കേരളത്തിൽ ശബരിമല പ്രശ്നത്തെച്ചൊല്ലി ഏഴ് ഹർത്താലുകൾ നടന്നുകഴിഞ്ഞു. ഓരോ ഹർത്താൽ കഴിയുമ്പോഴും അതു ബാക്കിവയ്ക്കുന്ന കഷ്ടനഷ്ടങ്ങൾ പെരുകുകയാണ്. ജനങ്ങളോട് കൂറും സ്നേഹവും അവരുടെ കഷ്ടപ്പാടുകളിൽ സഹതാപവുമുള്ളവർ ഈയൊരു ഘട്ടത്തിൽ പ്രക്ഷോഭങ്ങളിൽ നിന്നും പണിമുടക്കു പോലുള്ള അവസാന സമരായുധങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കാനാണ് ശ്രമിക്കേണ്ടത്. നിർഭാഗ്യവശാൽ മറിച്ചാണ് ഇവിടെ കാര്യങ്ങളുടെ പോക്ക്. രണ്ടുദിവസത്തെ കഠിന ശിക്ഷ ഒറ്റദിവസമായി കുറയ്ക്കാനുള്ള സന്മനസെങ്കിലും കാണിക്കണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT