AUDIO

വിഷലിപ്ത സ്നേഹ ചുംബനം

ബി. കബീർദാസ് | Friday 08 February 2019 12:20 AM IST

editors-pick-

കേരളത്തിൽ ജാതിചിന്തയും ധാർമ്മികച്യുതിയും സീമാതിതമായി പടർന്നിരിക്കുന്നു. സാമൂഹിക നീതിനിഷേധം ഏറ്റവും കൂടുതൽ രാഷ്ട്രീയരംഗത്താണ് പ്രകടമാകുന്നത്. രാഷ്ട്രീയ മേലാളൻമാർ തന്ത്രപരമായി പയറ്റുന്ന അടവുകൾ വഴി ചിറകരിഞ്ഞ് വീഴ്ത്തപ്പെടുന്ന അസംഖ്യം രാഷ്ട്രീയ പ്രവർത്തകരെ എങ്ങും കാണാൻ കഴിയും.

രാഷ്ട്രീയത്തിൽ ഉയർന്നുവരാനുള്ള അവസരങ്ങൾ ബോധപൂർവം നിഷേധിക്കുകയും അവരെ പാദസേവകരായി കൊണ്ടുനടന്ന് തൻ പ്രമാണിത്തം കാണിക്കുകയും ചെയ്യുന്ന ദുഷ്‌പ്രവണത ലോക്‌സഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന കാര്യം നിസ്‌തർക്കമാണ്. ഏറ്റവും കൂടുതൽ പിന്നാക്ക സമുദായത്തെ പിന്നിൽ നിന്നും മുന്നിൽനിന്നും കുത്തിമലർത്തുകയാണ്. വോട്ടിന് വേണ്ടി സ്നേഹം. സംസ്ഥാനങ്ങളിലെത്തിപ്പറ്റാൻ പീഡനം, ഇൗഴവ സമുദായത്തിലാണ് ഏറ്റവും കൂടുതൽ രക്തസാക്ഷികളുള്ളത്. അവർ തന്നെയാണ് അവഗണനയിലും പ്രഥമ സ്ഥാനത്തുള്ളത്. അടുത്തുവരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിലും അതിന്റെ അലയൊലികൾ കേട്ടുതുടങ്ങിയിട്ടുണ്ട്.

ഒരുകാലത്ത് കോൺഗ്രസ് മുന്നണിയിൽ 32 ഇൗഴവ എം.എൽ.എമാരും 6 ഡി.സി.സി പ്രസിഡന്റുമാരുമുണ്ടായിരുന്നു. ഇന്ന് ആ സ്ഥാനത്ത് ഒരു എം.എൽ.എ മാത്രമായി. ബോധപൂർവം ഒഴിവാക്കപ്പെടുകയായിരുന്നുവെന്ന് കോൺഗ്രസിന്റെ 20 വർഷത്തെ ചരിത്രം എടുത്താൽ വ്യക്തമാകും. കോൺഗ്രസിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിലും ഏറ്റവും കൂടുതൽ പ്രവർത്തകരുള്ളത് ഇൗ സമുദായത്തിൽ നിന്നാണ്. എന്നാൽ ഇൗഴവരിൽ ഭൂരിപക്ഷവും കമ്മ്യൂണിസ്റ്റുകാരാണെന്ന് മുദ്ര കുത്തി കോൺഗ്രസിലെ ഇൗഴവരെ പിടിച്ചുകെട്ടി ദയാവധം നടപ്പാക്കുകയാണ്. ഇൗഴവ സമുദായത്തിലെ ഭൂരിപക്ഷം കമ്മ്യൂണിസ്റ്റുകളെങ്കിൽ കഴിഞ്ഞ കാലത്ത് കോൺഗ്രസ് മുന്നണിയിൽ എങ്ങനെ 32 എം.എൽ.എമാരുണ്ടായി.

ഇൗഴവർക്ക് ഭൂരിപക്ഷമുള്ള മണ്ഡലങ്ങളിൽ ഇൗഴവനെ എങ്ങനെ തോൽപ്പിക്കാമെന്നാണ് ചിന്താഗതി. ജയിക്കുന്ന സീറ്റിൽ അവനെ ഒതുക്കുക, തോൽക്കുമെന്നുറപ്പുണ്ടെങ്കിൽ അവിടെ അവനെ മത്സരിപ്പിക്കുക. ഇതാണ് പയറ്റി വിജയിപ്പിക്കുന്ന കുതന്ത്രം.

ആറ്റിങ്ങൽ മണ്ഡലത്തിൽ ജയിക്കണമെങ്കിൽ ജില്ലയിലെ അർഹരായവരെത്തന്നെ മത്സരിപ്പിക്കുന്നതാണ് അഭികാമ്യം. കഴിഞ്ഞകാലത്ത് ആറ്റിങ്ങൽ മണ്ഡലത്തിൽ മത്സരിച്ച് പരാജയപ്പെട്ടവരെല്ലാം ഇറക്കുമതി ചെയ്യപ്പെട്ടവരാണ്. ആ ദുരവസ്ഥ തുടരാനും, അതുവഴി കോൺഗ്രസിൽ പരിമിതമായി ഉണ്ടാകാവുന്ന സ്ഥാനങ്ങൾ തടയാനും, നിലവിലുള്ള ഒരു എം.എൽ.എ സ്ഥാനം തന്നെ തെറിപ്പിക്കാനുമാണ് ഹിഡൻ അജൻഡ. എം.ഐ. ഷാനവാസ്, ബിന്ദുകൃഷ്ണ, പ്രൊഫ. ബാലചന്ദ്രൻ തുടങ്ങി പ്രഗല്ഭരായ സ്ഥാനാർത്ഥികളെ തുടർച്ചയായി നിറുത്തി പരാജയപ്പെടുത്തിയ ചരിത്രമാണ് ആറ്റിങ്ങൽ മണ്ഡലത്തിലെ രാഷ്ട്രീയ നിയമജ്ഞർക്ക് പറയാനുള്ളത്. ജില്ലയിലുള്ള കോൺഗ്രസുകാരനായിരിക്കണം സ്ഥാാനാർത്ഥിയെന്നതാണ് മണ്ഡലത്തിലെ പ്രവർത്തകർ ആഗ്രഹിക്കുന്നത്. സ്ഥാനാർത്ഥി യോഗ്യനും ആരോപണങ്ങൾക്ക് അതീതനുമാകണം. മികച്ച സ്ഥാനാർത്ഥിയും ഉൗർജ്ജിതമായ പ്രവർത്തനവുമുണ്ടായാൽ അവിടെ കോൺഗ്രസിന് നിഷ്‌പ്രയാസം വിജയിപ്പിക്കാനാവും പ്രത്യേകിച്ച് ഇൗ മണ്ഡലം പരമ്പരാഗത തൊഴിൽ മേഖലയുടെ ആസ്ഥാനമാണ്. പക്ഷേ, വെടക്കാക്കി തനിക്കാക്കാമെന്ന വ്യാമോഹം പാടില്ല.

ഇൗഴവ സമുദായത്തിന് ദേശീയ കക്ഷിയായ കോൺഗ്രസിൽ പ്രസക്തിയില്ലാതാക്കുക എന്നതാണ് ലക്ഷ്യം. ഇതാണ് ജാതിഭ്രാന്തും വർണവെറിയും ദുരാഗ്രഹവും ഇല്ലാത്ത സമുദായത്തോട് ഇത് മൂന്നുമുള്ള വിഷലിപ്തമായ ചുണ്ടുകൊണ്ട് നൽകുന്ന സ്നേഹ ചുംബനം അവരെ ഒതുക്കാൻ ശ്രമിച്ചാൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് സംഭവിച്ച ഗതികേട് ആവർത്തിക്കും. അനുഭവമാണ് അദ്ധ്യാപകൻ, അനുഭവം കൊണ്ട് പഠിച്ചില്ലെങ്കിൽ കോൺഗ്രസിന്റെ ഭാവി കേരളത്തിൽ ഒട്ടും ശോഭനമായിരിക്കില്ല.

(ലേഖകന്റെ ഫോൺ: 8281208519)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT