AUDIO

മാനവികതയെ സ്നേഹിച്ച മുത്താന താഹ

സി.പി. ശ്രീഹർഷൻ | Friday 15 March 2019 12:48 AM IST

editors-pick

മതാതീത ആത്മീയതയ്ക്കായി സമർപ്പിച്ചതായിരുന്നു കഴിഞ്ഞ ദിവസം വിടവാങ്ങിയ മുത്താന താഹയുടെ ജീവിതം . കുഞ്ഞുന്നാളിൽ ശിവഗിരി തീർത്ഥാടനത്തിൽ പങ്കെടുത്ത താഹ, അന്ന് തൊട്ട് മനസ്സിലേക്ക് ആവാഹിച്ചതായിരുന്നു ശ്രീനാരായണ ഗുരുവിനെ. ഗുരുദേവദർശനങ്ങൾ മനസ്സിലും ശരീരത്തിലും കൊണ്ടുനടന്ന മുത്താന താഹ, ജീവിതത്തിൽ ഒരിക്കൽപോലും ആ ദർശനങ്ങളെ മനസ്സിൽ നിന്ന് പറിച്ചുമാറ്രുകയോ മാറ്റിവയ്ക്കുകയോ ചെയ്തിട്ടില്ല.

ശിവഗിരിയിൽ ആദ്യമായെത്തിയപ്പോൾ മനസ്സിനെ സ്പർശിച്ചതാണ് ഒരു ജാതി, ഒരു മതം, ഒരു ദൈവം, മനുഷ്യന് എന്ന ഗുരുവചനം എന്ന് താഹ പറയുമായിരുന്നു. പിന്നീട് വർക്കല നാരായണ ഗുരുകുലത്തിലുമെത്തി. താഹയുടെ മനസ്സിൽ നടരാജഗുരുവും നിത്യചൈതന്യയതിയും സ്വാമി ശാശ്വതികാനന്ദയും സ്വാമി ആനന്ദതീർത്ഥരുമെല്ലാം ഗുരുസ്ഥാനീയരായി.

പത്ത്- പതിനൊന്ന് വയസ്സുള്ളപ്പോഴാണ് അയൽപക്കത്തെ കൂട്ടുകാരന്റെ കല്ലുവെട്ട് തൊഴിലാളിയായ അച്ഛനോടൊപ്പം താഹ ശിവഗിരി തീർത്ഥാടനത്തിന് പോകുന്നത്. കൗമാരപ്രായത്തിൽ ഗുരുദേവ സന്ദേശപ്രചാരകനായി. ഗുരുവിനെ അറിഞ്ഞ ശേഷം മതാതീത ആത്മീയതയെന്ന മഹത്തായ ലക്ഷ്യത്തിലേക്ക് താഹ സ്വയം മനസ്സിനെ പാകപ്പെടുത്തുകയായിരുന്നു. നടരാജഗുരുവാണ് താഹയുടെ മനസ്സിൽ മാനവികതയുടെ ഉറപ്പുണ്ടാക്കിയത്. നടരാജഗുരു സമാധിയായ ശേഷം ഗുരു നിത്യചൈതന്യയതി താഹയെ നാരായണ ഗുരുകുലത്തിൽ ഉറപ്പിച്ചുനിറുത്തി. മലയാളം വിദ്വാന് പഠിക്കണമെന്ന മോഹം നിത്യചൈതന്യ യതിയോട് പറഞ്ഞപ്പോൾ, മലയാളം പഠിച്ചാൽ പോരേയെന്ന് ചോദിച്ച് വായിക്കാൻ താഹയ്ക്ക് ഗുരു പുസ്തകങ്ങൾ നൽകി. യാത്രകളിൽ ഒപ്പം കൂട്ടി. ജാതിചിന്തകൾക്കെതിരായ സന്ദേശം പ്രചരിപ്പിക്കുന്ന, മനുഷ്യമനസ്സിലെ തിന്മകളെ ഇല്ലാതാക്കാൻ സന്ദേശം നൽകുന്ന മാസിക തുടങ്ങണമെന്ന താഹയുടെ ആഗ്രഹം മുടങ്ങിക്കിടന്ന ഗുരുകുലം ദാർശനികമാസികയുടെ പുന:പ്രസിദ്ധീകരണത്തിന് വഴിയൊരുക്കി.

ശാശ്വതികാനന്ദയോടുള്ള അടുപ്പം പിൽക്കാലത്ത് താഹയെ ശിവഗിരിയുടെ ഭാഗമാക്കി. രണ്ട് ദശകത്തോളം ശിവഗിരി മാസികയുടെ ചുമതലക്കാരനായി. ഇസ്ലാംമതവും ഗുരുദേവനും എന്ന വിഷയത്തിൽ ശ്രീനാരായണ ധർമ്മ മീമാംസാപരിഷത്തിൽ അവതരിപ്പിച്ച പ്രബന്ധം ലേഖനമായി പിന്നീട് ശിവഗിരി മാസികയിൽ പ്രസിദ്ധീകരിച്ചു.

അരുവിപ്പുറത്തെ ശിവപ്രതിഷ്ഠയുടെ ശതാബ്ദി ആഘോഷവേളയിൽ തെന്മലയിലെ വേടർസമുദായക്കാരുടെ പദയാത്ര സംഘടിപ്പിച്ച്, ഗുരുദേവൻ മുന്നോട്ടുവച്ച ജാതിഭേദം മതദ്വേഷം, ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനം എന്ന ചിന്താശകലത്തെ അർത്ഥവത്താക്കി. 1983ൽ ഗുരു നിത്യചൈതന്യയതിയുടെ ഷഷ്ഠിപൂർത്തി ആഘോഷത്തിന്, വർക്കല ശ്രീനിവാസപുരത്തെ ഹരിജൻകോളനിക്കാർക്ക് ഗുരുവുമൊത്തുള്ള ഉച്ചഭക്ഷണമൊരുക്കാൻ മുൻകൈയെടുത്തു. അധസ്ഥിതരുടെ അവകാശത്തിന് വാദിച്ച് സവർണ്ണരുടെ തല്ലേറ്റുവാങ്ങിയ സ്വാമി ആനന്ദതീർത്ഥരെ പയ്യന്നൂർ യാത്രയ്ക്ക് ശേഷമാണ് താഹ മനസ്സാവരിക്കുന്നത്. 29 വർഷമായി താഹയുടെ നേതൃത്വത്തിലുള്ള ഗുരുവരുൾ സ്റ്റഡിസർക്കിൾ സ്വാമി ആനന്ദതീർത്ഥരുടെ അനുസ്മരണം നടത്തിവരുന്നു. മാനവികതയെയാണ് താഹ സ്നേഹിച്ചത്. ഗുരുദർശനം താഹയ്ക്ക് പകർന്നേകിയ ഏറ്റവും വലിയ സമ്പാദ്യവുമതായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT