ഒരു നല്ല മനുഷ്യനാവുക

സ്വാ​മി​ ​വി​ശു​ദ്ധാ​ന​ന്ദ ​ ​(​ ശ്രീനാരായണ ധർമ്മസ | Monday 24 December 2018 12:52 AM IST

guruprakasham

ശാന്തിയും ഭദ്രതയുമുള്ള ഒരു ജീവിതം എല്ലാവരും ആഗ്രഹിക്കുന്നതാണ്. പഠനവും തൊഴിലും ധനാർജ്ജനവും ധാരണയും വ്യവഹാരങ്ങളും അനുഷ്ഠാനങ്ങളുമൊക്കെ അതിനുവേണ്ടിയുള്ളതു തന്നെ. ചിലർ കള്ളം പറയുന്നതും മോഷണം നടത്തുന്നതും ഹിംസയിലും മറ്റ് അധാർമ്മിക മാർഗങ്ങളിൽ ഇടപെടുന്നതുമെല്ലാം സ്വന്തം ജീവിതം ശാന്തവും ഭദ്രവുമാക്കാൻ വേണ്ടിത്തന്നെയാണ്. എന്നാൽ ഇതുകൊണ്ടൊന്നും ആഗ്രഹിക്കുന്ന ശാന്തിയും ഭദ്രതയും ജീവിതത്തിലുണ്ടാവുകയില്ലെന്നതിനു ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്. ശാന്തിയും ഭദ്രതയുമുള്ള ഒരു ജീവിതം ഉണ്ടാകണമെങ്കിൽ ഒരുവൻ ഒരു നല്ല മനുഷ്യനായിത്തീരണം.

'ഒരു നല്ല മനുഷ്യൻ' എന്ന നിലയിൽ ഒരാൾ രൂപപ്പെടണമെങ്കിൽ അതിനുവേണ്ടത് എന്തെല്ലാമാണെന്ന് ചിന്തിച്ചിട്ടുണ്ടോ‌? ഇല്ലെങ്കിൽ ചിന്തിക്കേണ്ടതാണ്. ഒരു നല്ല ശാസ്ത്രജ്ഞനോ ഡോക്ടറോ എൻജിനിയറോ അദ്ധ്യാപകനോ അഡ്വക്കേറ്റോ അക്കൗണ്ടന്റോ കർഷകനോ ഒക്കെയാകാൻ എന്തൊക്കെയാണ് വേണ്ടതെന്നുള്ളത് സാമാന്യ വിദ്യാഭ്യാസം നേടിയവർക്കെല്ലാം അറിയാവുന്നതാണ്. വാസനയും ആവശ്യമായ വിദ്യാഭ്യാസയോഗ്യതയും പ്രവൃത്തി പരിചയവും വേണ്ടത്ര നൈപുണ്യവുമുണ്ടെങ്കിൽ ഒരാൾക്ക് ഇപ്പറഞ്ഞ ഏതുരംഗത്തും വിദഗ്ദ്ധനായിത്തീരാനാവും. അതുപോലെ തന്നെ ഭാരിച്ച സമ്പത്തുള്ളവനു പരിചയവും താത്പര്യവുമുണ്ടെങ്കിൽ നല്ലൊരു വ്യവസായി ആയിത്തീരാനും പ്രയാസമില്ല.

മിടുക്കും സാമർത്ഥ്യവും കൊണ്ട് മത്സര പരീക്ഷകളിലും അഭിമുഖങ്ങളിലും തിരഞ്ഞെടുപ്പുകളിലും ജയിച്ചു ജയിച്ചു ഉന്നതാധികാര സ്ഥാനങ്ങളിലെത്തി ഔദ്യോഗിക ജീവിതത്തിൽ നന്നായി ശോഭിക്കുന്നവരും നമുക്കു ചുറ്റിലും ധാരാളമുണ്ട്.

എന്നാൽ ഒരാൾക്ക് ഇതുകൊണ്ടൊന്നും ഒരിക്കലും 'ഒരു നല്ല മനുഷ്യനായി' രൂപപ്പെടുവാൻ സാധിക്കുകയില്ല എന്നതാണ് വാസ്തവം. കാരണമെന്താണ്? വിദ്യാഭ്യാസ യോഗ്യതയ്ക്കും സ്ഥാനമാനത്തിനും സാമർത്ഥ്യത്തിനും ബുദ്ധിക്കും ധനത്തിനും ബലത്തിനുമൊന്നും തന്നെ വഴങ്ങാത്തതായ ചില ധാർമ്മിക മൂല്യങ്ങളുടെ മൗലിക വെളിച്ചം കൊണ്ട് ഹൃദയാന്തക്കരണങ്ങളെ പ്രകാശിപ്പിക്കുന്നില്ലെന്ന പരിമിതിയാണ്. സ്നേഹം, സാഹോദര്യം, ത്യാഗം, സമഭാവന, സ്വാതന്ത്ര്യം, ഭക്തി, കരുണ, ശുദ്ധി തുടങ്ങിയുള്ള സനാതന മൂല്യങ്ങളുടെ നിത്യ സംവേദനാത്മകതയിൽ നിന്നുമാണ് ഒരു നല്ല മനുഷ്യൻ രൂപപ്പെടുന്നത്. അതിനാൽ മറ്റേതിനും അതീതമായി ഈ മൂല്യങ്ങളുടെ നിത്യ സംവേദനാത്മകതകൊണ്ട് നാം നമ്മുടെ ഹൃദയാന്തക്കരണങ്ങളെ സംസ്കരിച്ചെടുക്കണം. അതിനുള്ള മൂലികകളും സാധനകളുമാണ് ഗുരുക്കന്മാർ അവരുടെ ദർശനംകൊണ്ടും ജീവിതംകൊണ്ടും കാലാ കാലങ്ങളിൽ നമുക്ക് തന്നിട്ടുള്ളത്. എന്നാൽ അതിലൊന്നും മനസിനെ ഉറപ്പിക്കാനും പതിപ്പിക്കാനും ശ്രമിക്കാതെ ആധുനിക ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങളിലും ലൗകിക വിഷയങ്ങളിലും ഉപകരണങ്ങളിലും മറ്റു സുഖഭോഗ വസ്തുക്കളിലുമൊക്കെ ശ്രദ്ധ പതിപ്പിച്ച് 'നല്ലവരായി' ത്തീരാനാണ് പലരും പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതെല്ലാം ലൗകിക ജീവിതത്തിനും ഒരു പരിധിവരെ നല്ലതു തന്നെയാവാമെങ്കിലും 'ഒരു നല്ല മനുഷ്യനായി ' രൂപപ്പെടുന്നതിന് ഇതൊന്നും അന്തിമമായി പര്യാപ്തമല്ല.

'ഒരു നല്ല മനുഷ്യൻ' എന്നു പറഞ്ഞാൽ അതിനർത്ഥം ആത്മസഹോദരരാണെന്ന ഉത്തമ ബോദ്ധ്യത്താൽ ജീവിതത്തെ നയിക്കുന്നവനാണ്. സമബുദ്ധിയും സമഭാവനയും സമഭക്തിയും കൊണ്ട് മാനവികത പൂത്തുലയുന്ന ഈ ബോദ്ധ്യം വരാത്തിടത്തോളം ഒരാൾക്കും ഒരു നല്ല മനുഷ്യനാകാനാവുകയില്ല. ഗുരുദേവ ദർശനം നൽകുന്ന ഒരു പച്ച പരമാർത്ഥം ഇതാണ്. ഈ പരമാർത്ഥമുരച്ചുരച്ചു ഹൃദയാന്തക്കരണങ്ങളെ നിത്യവും ദീപ്തമാക്കി മിനുസമാക്കി എടുക്കുന്നവനാണ് ഒരു നല്ല മനുഷ്യനായിത്തീരുന്നത്. അങ്ങനെയുള്ള നല്ല മനുഷ്യരുടെ കൂട്ടമുണ്ടാകുമ്പോഴാണ് ഒരു നല്ല സമൂഹമുണ്ടാകുന്നത്. ഗുരുദേവൻ വിഭാവനം ചെയ്തത് അവ്വിധമായൊരു നല്ല സമൂഹമായിരുന്നു.

എന്നാൽ, ആത്മ സഹോദരരായി കഴിയേണ്ട മനുഷ്യർ ആത്മ വിരോധികളായിത്തീരുന്ന ഒരു ലോകക്കാഴ്ചയാണ് നമ്മൾ ഇന്നു കാണുന്നത്. എവിടെ നോക്കിയാലും വെല്ലുവിളികളും സംഘർഷങ്ങളും അശാന്തികളുമാണ്. കാരണങ്ങൾ എന്തു തന്നെയായാലും ആത്മ വിരോധ സൃഷ്ടിക്ക് ഉത്തരവാദികൾ അവനവൻ തന്നെയാണെന്നറിയണം. ആത്മാവില്ലാത്ത അഹങ്കാരത്തെയുണ്ടാക്കി അതുകൊണ്ട് ആത്മാവിനെത്തന്നെ മറയ്ക്കുകയാണ് മനുഷ്യൻ ചെയ്യുന്നത്. ഒരു നല്ല മനുഷ്യനായിത്തീരാൻ ആഗ്രഹിക്കുന്നവൻ ആദ്യം ചെയ്യേണ്ടത് ആത്മാവിനെ മൂടിയിരിക്കുന്ന ഈ അഹങ്കാരത്തെ വേരോടെ പിഴുതെറിയുക എന്നതാണ്.

ഗുരുദേവൻ അദ്വൈത ദീപികയിൽ വെളിപ്പെടുത്തുന്നതു നോക്കുക.

ആത്മാവിലില്ലയൊരഹംകൃതി യോഗിപോലെ

താൻ മായയാൽ വിവിധമായ് വിഹരിച്ചിടുന്നു;

യോഗസ്ഥനായ് നിലയിൽ നിന്നിളകാതെ കായ-

വ്യൂഹം ധരിച്ചു വിഹരിച്ചിടുമിങ്ങു യോഗി.

ആത്മാവിൽ യാതൊരഹങ്കാരവുമില്ലെന്ന അറിവിലുറച്ച്, യോഗസ്ഥനായ നിലയിൽനിന്നിളകാതെ ശരീരമാകുന്ന കായവ്യൂഹത്തെധരിച്ചു വിഹരിച്ചിടുന്ന യോഗിയെപ്പോലെ, ഈ ആധുനിക ലോകത്തെ ശരിയായറിഞ്ഞും ഈ ലോകത്തിൽ ശരിയായി വിഹരിച്ചും ഒരു നല്ല മനുഷ്യനായിത്തീരുവാനുള്ള ആത്മീയ ഭൗതിക സാധനാപാഠങ്ങളാണ് ഗുരുദേവൻ നമുക്ക് പകർന്ന് നൽകിയിട്ടുള്ളത്. അത് അല്പാല്പം പഠനം ചെയ്താൽ നല്ലതിനായും നന്മയ്ക്കായും നമുക്കൊരുമിക്കാനാവും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT