അതി​വാദം നന്നല്ല

സ്വാമി വിശുദ്ധാനന്ദ, ​ ​(​പ്ര​സി​ഡ​ന്റ്,​ ​ ശ്രീ​ | Monday 10 December 2018 12:26 AM IST

gurupraksham

അതിവാദങ്ങളും പ്രതിവാദങ്ങളും കൊണ്ടു നിറഞ്ഞുകവിയുന്ന ഒരു സമൂഹത്തിലാണു നാമിന്നു ജീവിക്കുന്നത്. അതിവാദങ്ങൾ മറ്റുള്ളവർക്കുമേൽ വിജയമുറപ്പിച്ചു തങ്ങളുടെ വാദങ്ങൾ പ്രസക്തമാണെന്നു വരുത്തിത്തീർക്കാനുള്ള മുൻവിധിയിൽ നിന്നും ഉണ്ടാകുന്നതാണ്.

തെറ്റായ മുറയിൽ നടത്തുന്ന പ്രാണായാമം പോലെ അപകടകരമായ ഒന്നാണിത്. ബൗദ്ധികതയുടെ ഈ വ്യായാമത്തിനു പിന്നിൽ വ്യക്തമായ ചില ഗൂഢലക്ഷ്യങ്ങൾ പതിയിരിപ്പുണ്ടാവുമെന്നു ചിന്തിക്കുന്നവർക്കു കണ്ടെത്താനാവും. കാരണം അതിവാദങ്ങൾ പലപ്പോഴും നിർബന്ധം നിറഞ്ഞ ഒരു സിദ്ധാന്തവല്ക്കരണത്തിന്റെ പാർശ്വവല്ക്കരിക്കപ്പെട്ട മണ്ഡലങ്ങൾ സൃഷ്ടിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം അതിവാദങ്ങളെ ഖണ്ഡിക്കുന്നതിനുള്ള പ്രതിവാദങ്ങൾക്കും സ്വാഭാവികമായും ശക്തിയേറി വരുമെന്നത് തീർച്ചയാണ്. പ്രതിവാദങ്ങൾ എപ്പോഴും ഒരു ഖഗ്ഡത്തിന്റെ മൂർച്ചയോടെ അതിവാദികൾക്കുമേൽ പ്രയോഗിക്കപ്പെടുന്ന ഒന്നാണ്. ഏതുതരത്തിലായാലും അതിവാദങ്ങളെ പ്രതിരോധിച്ച് തളർത്തുകയെന്ന ലക്ഷ്യത്തിനപ്പുറം പ്രതിവാദങ്ങൾക്ക് സിദ്ധാന്തവല്ക്കരണത്തിന്റെ പാർശ്വവല്ക്കരിക്കപ്പെട്ട ഒരു നിർബന്ധസ്വഭാവം ഉണ്ടാവുകയില്ല. ശാരീരികമായ ബലപ്രയോഗം പോലെ ബൗദ്ധികവും ശാബ്ദികവുമായ ഒരു ഇടപെടലാണ് പ്രതിവാദത്തിന്റേത്. ഇങ്ങനെ നമ്മുടെ രാഷ്ട്രീയ സാംസ്‌കാരിക സാമ്പത്തിക സാമൂഹിക ദാർശനിക ശാസ്ത്രമണ്ഡലങ്ങളെല്ലാം തന്നെ ഇന്നു അതിവാദത്തിന്റെയും പ്രതിവാദത്തിന്റെയും പിടിയിൽപ്പെട്ട് മൗലികസത്തയിൽ നിന്നുമകന്നുപോകുന്ന ഒരു സാഹചര്യമുണ്ടെന്നത് വാസ്തവമാണ്. മാത്രവുമല്ല നമ്മുടെ മതപരവും ദൈവപരവും ധാർമ്മികപരവും വിശ്വാസപരവും ആചാരാനുഷ്ഠാനപരവുമായ മണ്ഡലങ്ങളെയാകെത്തന്നെയും ഇപ്പോൾ അതിവാദത്തിന്റെയും പ്രതിവാദത്തിന്റെയും അതിപ്രസരം വിഷലിപ്തമാക്കിക്കൊണ്ടിരിക്കുന്നുവെന്നു സമ്മതിക്കാതെ വയ്യ.

ഏതൊരു സിദ്ധാന്തമായാലും തത്ത്വസംഹിതയായാലും പ്രത്യയശാസ്ത്രമായാലും ദർശനമായാലും അത് പറയുന്നതിനും പറയേണ്ടതിനും സ്വാഭാവികമായൊരു മൗലിക നിലയും പ്രാമാണികമായൊരു ശൈലിയുമുണ്ട്. ഇതെല്ലാം അതാതിന്റെ സ്വീകർത്താക്കൾക്ക് സ്വീകാര്യമാകുന്ന നിലയിലും ശൈലിയിലും ശാസ്ത്രീയമായി പറയുമ്പോഴാണ് അത് കേൾക്കുവാനുള്ള ആഗ്രഹവും കേട്ടതിനെ ഗ്രഹിക്കുവാനുള്ള ജിജ്ഞാസയും ഉണ്ടാവുന്നത്. അതുകൊണ്ടാണ് വാദത്തിനുവേണ്ടി വാദിക്കരുതെന്നും വാദം തത്ത്വപ്രകാശനത്തിനുവേണ്ടിയുള്ളതാവണമെന്നും ഒരു നൂറ്റാണ്ടിനുമുൻപ് ഗുരുദേവൻ നമ്മെ ഓർമ്മിപ്പിച്ചത്. എന്നാൽ ഇന്ന് തത്ത്വപ്രകാശനമെന്നതിനപ്പുറം തത്ത്വത്തെ അപ്രകാശനം ചെയ്യുംവിധമായി നമ്മുടെ അതിവാദങ്ങളും പ്രതിവാദങ്ങളും പെരുകി വന്നുകൊണ്ടിരിക്കുന്നുവെന്നത് അത്യന്തം ഖേദകരമാണ്.

വിശ്വാസത്തിന്റെ കാര്യത്തിലായാലും ശബരിമലയടക്കമുള്ള ആരാധനാലയങ്ങളിലെ ആചാരപരതയുടെ കാര്യത്തിലായാലും ഇപ്പോൾ അതാണു സംഭവിക്കുന്നത്. അതിരുവിട്ടുപോകുന്ന ഈ അതിവാദവും പ്രതിവാദവുമാണ് പ്രശ്‌നങ്ങളും പ്രതിസന്ധികളും ഉണ്ടാക്കുന്നത്. പരിഹരിക്കാനാവുന്നതിനെപ്പോലും സങ്കീർണ്ണമാക്കുവാനേ ഇത്തരം അതിവാദ- പ്രതിവാദങ്ങൾ ഉപകരിക്കുകയുള്ളൂ. എല്ലാ അതിവാദങ്ങളും പൊതുവിൽ ജയ പരാജയങ്ങളിലേക്കുള്ള വഴിതുറക്കലായിട്ടാണു പരിണമിക്കുക. അതിനാൽ അതിവാദങ്ങൾ അതേതു പ്രകാരത്തിലുള്ളതായാലും ശരിതന്നെ അവ എല്ലാ മനുഷ്യരെയും ഒരേ ലക്ഷ്യത്തിലേക്കും ആശയത്തിലേക്കും വിശ്വാസത്തിലേക്കും അറിവിലേക്കും സന്തോഷത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഒന്നിപ്പിക്കുവാൻ സഹായകമായിത്തീരുകയില്ല എന്നതാണു സത്യം. അതുകൊണ്ടാണ് 1924 ൽ ആലുവാ അദ്വൈതാശ്രമത്തിൽവച്ച് സർവമതസമ്മേളനം സംഘടിപ്പിച്ചപ്പോൾ അതിന്റെ മുഖ്യകവാടത്തിൽ വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ്എന്നെഴുതി പ്രദർശിപ്പിക്കുവാൻ ഗുരുദേവൻ ആജ്ഞാപിക്കുകയുണ്ടായതെന്നു നാം മനസിലാക്കണം. അതിവാദങ്ങൾ ഒരിക്കലും ശരിയായ അറിവിന്റെ നേരായ സ്വാംശീകരണത്തിനും വ്യാപനത്തിനും സഹായകമല്ല. അതുകൊണ്ടുതന്നെ അതിവാദങ്ങൾക്കും പ്രതിവാദങ്ങൾക്കും ഒരിക്കലും ഒരു ശമനം ഉണ്ടാവുകയുമില്ല. അവയ്ക്ക് ശമനമുണ്ടാകണമെങ്കിൽ ശരിയായ അറിവിലേക്കും വിശ്വാസത്തിലേക്കും മനുഷ്യൻ എത്തേണ്ടതുണ്ട്. എന്നാൽ ശരിയായ അറിവിലേക്കും വിശ്വാസത്തിലേക്കും ഉയരുവാൻ തക്കനിലയിലേക്കു മനുഷ്യനെ ആനയിക്കുവാൻ യാഥാസ്ഥിതികരായ പുരോഹിതന്മാരും നേതാക്കന്മാരും ആർജ്ജവം കാണിക്കുകയില്ല. കാരണം ശരിയായ അറിവും നേരായ വിശ്വാസവും മനുഷ്യനുണ്ടായാൽ അവൻ സ്വതന്ത്രനാകുമെന്നതാണ്. സ്വതന്ത്രനാകാത്തവനേ ആശ്രിതനാക്കാനാവുകയുള്ളൂ. ഈ ഭേദബുദ്ധിയുടെ വ്യാപാരവും വിനിമയവും കൊണ്ടാണു മനുഷ്യരെ തമ്മിൽ ഭിന്നിപ്പിച്ച് അതിൽ നിന്നും നേട്ടമുണ്ടാക്കുവാൻ വിശ്വാസത്തിന്റേയും മനുഷ്യവർഗ്ഗോദ്ധാരണത്തിന്റെയും പേരിൽ ഇന്നു ചിലരെല്ലാം പ്രവർത്തിച്ചു കാണുന്നത്. അവരൊന്നും തന്നെ വാസ്തവത്തിൽ മനുഷ്യനെപ്പറ്റിയും അവന്റെ ക്ഷേമത്തെപ്പറ്റിയും ചിന്തിക്കുന്നില്ല. ചിന്തിച്ചിരുന്നുവെങ്കിൽ മനുഷ്യരെ വട്ടം ചുറ്റിക്കുന്ന അതിവാദ- പ്രതിവാദങ്ങളിലേക്ക് അവർ കടക്കുമായിരുന്നില്ല.

ഈശ്വരീയമായ ചൈതന്യം തുളുമ്പി നില്ക്കുന്ന ആത്മാവിനെ അനുസന്ധാനം ചെയ്യാതെ ഈശ്വരന്റെ പേരിൽ കലഹിക്കുന്നവർ യഥാർത്ഥത്തിൽ ഈശ്വരീയതയെത്തന്നെ നിന്ദിക്കുകയാണ് ചെയ്യുന്നത്. പ്രവർത്തിക്കു മുൻപേ ചിന്തിക്കുകയെന്ന പൂർവ്വികരുടെ വിവേകത്തെ പ്രവർത്തിക്കു പിൻപേ ചിന്തിക്കുകയെന്ന വിവേകശൂന്യതയിലേക്കു നയിക്കുന്ന ഇത്തരക്കാരുടെ അറിവിലേക്കായി ഗുരുവിന്റെ ഈ മഹത് വചനങ്ങൾ ഇവിടെ ഉദ്ധരിക്കട്ടെ. തെറ്റായ അറിവ് ഭേദബുദ്ധി സൃഷ്ടിക്കുന്നു. അതിന്റെ ഫലമായി മാത്സര്യങ്ങളും ഉച്ചനീചഭാവങ്ങളും ഉണ്ടാവുകയും അത് കലഹത്തിനു വഴിതെളിക്കുകയും ചെയ്യുന്നു. അവരെ ഉദ്ധരിക്കുവാൻ സിദ്ധിയും വിശുദ്ധിയും സ്‌നേഹവുമുള്ള ഗുരുക്കന്മാർക്കേ കഴിയൂ. ബുദ്ധനും ക്രിസ്തുവും നബിയും വിജയിച്ചത് അവിടെയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT