വനിതാ മതിൽ, ഹൈന്ദവ മതിലല്ല

Friday 21 December 2018 12:28 AM IST

kodiyeri

വനിതാമതിലിന്റെ പേരിലുള്ള വിവാദങ്ങളടക്കം വിവിധ വിഷയങ്ങളെക്കുറിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സംസാരിച്ചു .പാർട്ടി സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് ആരംഭിക്കാനിരിക്കെ കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളിൽ നിന്ന്:-

വനിതാമതിൽ എന്തിനുവേണ്ടിയാണ്?

. കേരളത്തിലെ നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനുവേണ്ടിയാണ് വനിതാമതിൽ സൃഷ്ടിക്കുന്നത്.

 വനിതാ മതിലിന് ഇത്തരത്തിൽ വലിയ വിവാദവും, എതിർപ്പും നേരിടേണ്ടിവരുമെന്ന് പ്രതീക്ഷിച്ചിരുന്നോ?

. വിവാദങ്ങൾ നല്ലതാണ്. അതുകൊണ്ടുതന്നെ ഒാരോ ദിവസവും വനിതാ മതിൽ സംബന്ധിച്ചുള്ള ആശയം സമൂഹത്തിൽ ചർച്ച ചെയ്യപ്പെടുന്ന സ്ഥിതി ഉണ്ടായി.

 ശബരിമലയിൽ ലിംഗ സമത്വത്തിനുവേണ്ടിയാണ് വാദിക്കുന്നത്. അപ്പോൾ പുരുഷനും കൂടിചേർന്നുള്ള മതിലായിരുന്നില്ലേ വേണ്ടിയിരുന്നത്?

. , എല്ലാ പ്രായപരിധിയിലുംപെട്ട സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിച്ച വിധിക്കെതിരെ സ്ത്രീകളെ തന്നെ രംഗത്തിറക്കുന്ന അവസ്ഥ കേരളത്തിലുണ്ടായി. സ്ത്രീകൾ ഇതിനെതിരെന്നായിരുന്നു സന്ദേശം. അങ്ങനെയല്ല സ്ത്രീകൾ ഇതിന്റെ കൂടെയാണ് എന്ന് ലോകത്തിന് മുന്നിൽ അറിയിക്കാനുള്ള ബാധ്യത കേരള സമൂഹത്തിനുണ്ട്. അതിനുവേണ്ടിയാണ് അവരുടെ ഒരു മതിൽ സൃഷ്ടിക്കാൻ തീരുമാനിച്ചത്.

ശബരിമലയിലേക്ക് വരുന്ന സ്ത്രീകളുടെ മുന്നിലാണ് മതിൽ പണിയുന്നതെന്ന് ആക്ഷേപമുണ്ട്. സുപ്രീം കോടതി വിധി നടപ്പിലാകുമെന്ന് പറയുന്നുണ്ടെങ്കിലും ഇതുവരെ സ്ത്രീകൾക്ക് കയറാൻ കഴിഞ്ഞില്ല?

. സർക്കാരിനെ സംബന്ധിച്ചിടത്തോളം ഇതിൽ യാതൊരു വാശിയുമില്ല. സി.പി. എമ്മിനും വാശിയുമില്ല.സുപ്രീംകോടതി വിധിപ്രകാരം ഏതെങ്കിലുമൊരു സ്ത്രീ അവിടെ വരാൻ സന്നദ്ധമാണെങ്കിൽ അവിടെ വരാം. അത്രയേയുള്ളു.

 വന്നിട്ടും കയറാൻ കഴിയുന്നില്ലല്ലോ?

പ്രായോഗികമായ ചില പ്രശ്നങ്ങൾ അവിടെ ഉണ്ടായിട്ടുണ്ട്. ബലം പ്രയോഗിച്ച് ആളെ അവിടേക്ക് കൊണ്ടുപോകുമെന്ന ഒരു നയം സ്വീകരിക്കാൻ കഴിയില്ല. ബലപ്രയോഗം നടത്തി സ്ത്രീകളെ എടുത്തുകൊണ്ടുപോയി ശബരിമലയിൽ എത്തിക്കുക എന്ന നിലപാട് പ്രകോപനപരമായിരിക്കും. അത് സർക്കാർ ഉദ്ദേശിച്ചിട്ടില്ല. വളരെയധികം സംയമനത്തോടെ ഇൗ പ്രശ്നത്തെ സമീപിച്ചുവെന്നാണ് ഇതിൽ നിന്നെല്ലാം വ്യക്തമാകുന്നത്.

നവോത്ഥാന സംരക്ഷണത്തിനായി വിളിച്ചുചേർത്ത യോഗത്തിൽ ഹൈന്ദവേതര സംഘടനകളെയാരെയും ക്ഷണിച്ചില്ല. അതുകൊണ്ടാണോ പ്രതിപക്ഷം വർഗീയ മതിലെന്ന് ആരോപിക്കുന്നത്?

. ഹൈന്ദവ ഏകീകരണത്തിനുവേണ്ടിയുള്ള ശ്രമമാണ് ശബരിമല പ്രശ്നത്തിന്റെ പേരിൽ ഇവിടെ ഉണ്ടായത്. ഹൈന്ദവ ഏകീകരണം ഇതിലില്ല എന്ന് പ്രഖ്യാപിക്കലാണ് ആ യോഗത്തിലൂടെ ഉദ്ദേശിച്ചത്. അതിന്റെ ഭാഗമായി ഹിന്ദുവിഭാഗത്തിൽപെട്ട വിവിധ സമുദായങ്ങളെ പ്രതിനിധീകരിച്ച് 194 സംഘടനകൾ ആ യോഗത്തിൽ പങ്കെടുത്തു. വിശ്വാസികളായ,വിവിധ ഹൈന്ദവ സമുദായങ്ങളിൽപ്പെട്ട സംഘടനകളാണ് പങ്കെടുത്തത്. ഞങ്ങൾ സമരത്തിന്റെ കൂടെയില്ലെന്ന് അവർ പ്രഖ്യാപിച്ചതിലൂടെ ഹൈന്ദവ ഏകീകരണമെന്ന ആർ.എസ്.എസിന്റെ അജണ്ട തകർന്നു. ഹിന്ദുത്വ ഏകീകരണം വരുത്തുക, വിശ്വാസികളുടെ ഏകീകരണം വരുത്തുകയെന്ന എൻ.എസ്.എസിന്റെ ഉദ്ദേശവും തകർന്നു. അതിന്റെ ഭാഗമായിട്ടുള്ള വിഭ്രാന്തിയാണ് എൻ.എസ്.എസും പ്രകടിപ്പിക്കുന്നത്.

നവോത്ഥാനത്തിന് ക്രൈസ്തവ-മുസ്ളിം സമുദായങ്ങളിൽ നിന്ന് വലിയ സംഭാവന ലഭിച്ചിട്ടില്ലേ. അപ്പോൾ നവോത്ഥാന മൂല്യം സംരക്ഷിക്കാനുള്ള യോഗത്തിൽ അവരെ വിളിക്കേണ്ടിയിരുന്നില്ലേ?

. കേരളത്തിലെ നവോത്ഥാന മുന്നേറ്റത്തിന്റെ ഭാഗമായി മുസ്ളിം-ക്രൈസ്തവ-ഹിന്ദു വിഭാഗങ്ങളിലൊക്കെ നവോത്ഥാന പ്രസ്ഥാനങ്ങൾ ഉണ്ടായിട്ടുണ്ട്. അതിൽ പല പേരുകളും എടുത്തുപറയാനുണ്ട്. ഒരു സമുദായത്തെയും ഇതിന്റെ ഭാഗമായി വിസ്മരിക്കുന്നില്ല. പക്ഷേ ഇപ്പോൾ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഹിന്ദുത്വവിഭാഗങ്ങളിലാണ് പ്രശ്നമുണ്ടായിട്ടുള്ളത്. അതിനെ നേരിടുകയെന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കാൻ ആ വിഭാഗത്തിലുള്ളവർ തന്നെ മുന്നോട്ടുവരണം. ഹിന്ദുത്വ വർഗീയതയ്ക്കെതിരെ ഹിന്ദുക്കൾ തന്നെയാണ് മുന്നോട്ടുവരേണ്ടത്.

 ശബരിമല എല്ലാ മതസ്ഥർക്കും കയറാവുന്ന ക്ഷേത്രമല്ലേ?

. വനിതാ മതിലിനകത്ത് ഹിന്ദുക്കളും ക്രൈസ്തവരും മുസ്ളിം വിഭാഗക്കാരുമെല്ലാം പങ്കെടുക്കുന്നുണ്ട്. ഇത് ഹിന്ദുക്കളുടെ മാത്രം ഒരു മതിലല്ല. ഏതെങ്കിലും ഒരു സമുദായത്തിന്റെ മതിലില്ല. മുസ്ളിമും ഹിന്ദുക്കളും ക്രൈസ്തവരും ഒരുമതത്തിൽപെടാത്തവരും എല്ലാം പങ്കെടുക്കുന്ന സ്ത്രീകളുടെ മതിലാണ് ഇവിടെ നടക്കുന്നത്.

മതിലിനുവേണ്ടി സർക്കാർ സംവിധാനം ഉപയോഗിക്കുന്നുവെന്ന് വിമർശനമുണ്ട്?

. സർക്കാരിന്റെ ഒരു നയാപ്പൈസയും ഇൗ വനിതാമതിലിനുവേണ്ടി വിനിയോഗിക്കാൻ ഉദ്ദേശിക്കുന്നില്ല. വനിതാ മതിലെന്ന ആശയത്തിന് സർക്കാർ പിന്തുണ കൊടുത്തിട്ടുണ്ട്. ഇന്നത്തെ കാലഘട്ടത്തിൽ നവോത്ഥാനമൂല്യങ്ങൾ മുന്നോട്ടുകൊണ്ടുപോകേണ്ടത് സർക്കാരിന്റെ ആവശ്യമാണ്. ഇവിടെ ഒരു മതനിരപേക്ഷ അടിത്തറ നിലനിൽക്കുന്നതിനാലാണ് ഇൗ ഗവൺമെന്റ് അധികാരത്തിൽ വന്നത്. ആ അടിത്തറ തകർക്കാനുള്ള നീക്കം നടക്കുമ്പോൾ അത് സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഗവൺമെന്റിനുണ്ട്.

മതിലിൽ പങ്കെടുക്കാത്ത സർക്കാർ ജീവനക്കാരുടെ പേരിൽ നടപടി ഉണ്ടാകുമോ?

. ഒരു നടപടിയും ആരുടെ പേരിലും എടുക്കില്ല. മാത്രമല്ല സർക്കാർ ജീവനക്കാരെയോ മറ്റാരെങ്കിലേയുമോ ഇതിൽ നിർബന്ധിച്ച് പങ്കെടുപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല. സ്വമേധയാ മാത്രമാണ് പങ്കെടുക്കേണ്ടത്. ബലപ്രയോഗം നടത്തി ഒരു മതിലുണ്ടാക്കാൻ കഴിയില്ല.

പാർലമെന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എൻ.എസ്.എസും മറ്റും എടുക്കുന്ന നിലപാട് സി.പി.എമ്മിന് ദോഷകരമായി ബാധിക്കുമോ?

. പാർലമെന്റ് തിരഞ്ഞെടുപ്പിന്റെയും നിയമസഭാ തിരഞ്ഞെടുപ്പിന്റെയും പേരു പറഞ്ഞ് ഞങ്ങളെ ഭയപ്പെടുത്താൻ ശ്രമിച്ചാൽ അതിന് വിധേയമാകുന്ന പ്രസ്ഥാനമല്ലിത്. ഒരു തിരഞ്ഞെടുപ്പിൽ എത്ര വോട്ട് കിട്ടും, എത്ര സീറ്റ് കിട്ടും എന്നു നോക്കി ഒരു രാഷ്ട്രീയ നിലപാട് ഞങ്ങൾ സ്വീകരിക്കാറേയില്ല.

പള്ളി പ്രശ്നത്തിലും ശബരിമല വിഷയത്തിലും സർക്കാരിന് രണ്ട് നിലപാടാണെന്ന് ആർ.എസ്.എസ് ആരോപിച്ചു?

. പള്ളി പ്രശ്നത്തിലെ സുപ്രീംകോടതിവിധി ഭരണഘടനയുമായി ബന്ധപ്പെട്ടുവന്ന വിധിയല്ല. മൗലികാവകാശവുമായി ബന്ധപ്പെട്ട വിധിയല്ല. പള്ളിതർക്കം രണ്ട് സഭകൾ തമ്മിലുള്ള തർക്കമാണ്. സ്വത്തുതർക്കവും നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കമാണത്.

 വിധി നടപ്പിലാക്കാൻ സർക്കാർ ബാദ്ധ്യസ്ഥമല്ലേ?

. അത് സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്നുണ്ട്. ശബരിമല വിധി ഭരണഘടന അടിസ്ഥാനമാക്കിയുള്ള ഭരണഘടനാ ബെഞ്ചിന്റെ വിധിയാണ്. അത് നടപ്പാകാതിരിക്കാൻ ഗവൺമെന്റിന് സാധാരണഗതിയിൽ സാധിക്കുന്ന ഒരു കാര്യമേയല്ല.

വനിതാ മതിലിന്റെ വിജയത്തിനായി പ്രവർത്തിക്കുന്ന സംഘടനകളിൽ ഭൂരിഭാഗവും പിന്നോക്ക സംഘടനകളാണ്. അതേസമയം, അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ വേണ്ട ശ്രദ്ധ സർക്കാരിനില്ലെന്ന് പരാതിയുണ്ട്?

. എല്ലാ കാലത്തും നവോത്ഥാന പ്രസ്ഥാനങ്ങൾക്ക് നേതൃത്വം കൊടുത്തത് കീഴാള ജനവിഭാഗത്തിൽപ്പെട്ടവരാണ്. ഇപ്പോഴും നവോത്ഥാന പ്രസ്ഥാനം ഒരു വെല്ലുവിളിയെ നേരിടുന്നുവെന്ന് വന്നപ്പോൾ അവരിൽ നിന്നും ഒരു മുന്നേറ്റമുണ്ടായിട്ടുണ്ട്. അത് കേരളത്തിന്റെ പ്രത്യേകതയാണ്.

കെ.എ.എസിന്റെ കാര്യമടക്കമുള സംവരണ വിഷയങ്ങളിൽ അവരോടുള്ള സമീപനമോ?

. എൽ.ഡി.എഫ്. ഗവൺമെന്റ് അവരോട് വളരെ അനുകൂലമായ സമീപനമാണ് സ്വീകരിക്കുന്നത്. ദേവസ്വം ബോർഡിലെ റിക്രൂട്ട്മെന്റിൽ ഇവിടെ ഒരുകാലത്തും പിന്നോക്ക വിഭാഗക്കാർക്കോ പട്ടികജാതിക്കാർക്കോ സംവരണം ഉണ്ടായിട്ടില്ല. ആദ്യമായിട്ടാണ് എൽ.ഡി.എഫ്. സർക്കാർ സംവരണം ദേവസ്വം ബോർഡ് നിയമനങ്ങളിൽ ‌ഏർപ്പെടുത്തിയത് .

 ഭൂരിപക്ഷം സവർണ സമുദായത്തിൽപ്പെട്ടവരല്ലേ?

. പണ്ട് മുതലേയുള്ള നിയമനത്തിൽ സവർണ വിഭാഗത്തിൽപ്പെട്ടവർക്കേ നിയമനം കിട്ടാറുള്ളൂ. ആ അവസ്ഥ മാറ്റി. പിന്നാക്കക്കാർക്ക് കൂടി സംവരണം കൊണ്ടുവന്നു.

ഭരണഘടനാ വിരുദ്ധമായി, മുന്നോക്കക്കാർക്ക് സാമ്പത്തിക സംവരണം കൊണ്ടുവന്നില്ലേ?

. മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവർക്ക് 10 ശതമാനം സംവരണം കൊണ്ടുവന്നു. സബോർഡിനേറ്റ് സർവീസ് റൂൾസിൽ ഭേദഗതി വരുത്തിക്കൊണ്ടല്ല ദേവസ്വം ചട്ടത്തിൽ ഭേദഗതി വരുത്തിക്കൊണ്ടായതിനാൽ ഇത് നിയമാനുസൃതമാണ്.

 നിയമപരമായി നിലനിൽക്കുമോ?

. കോടതി അത് റദ്ദാക്കിയിട്ടില്ലല്ലോ.

കെ.എ.എസിൽ സംവരണം നടപ്പിലാക്കുന്നില്ലെന്ന് ആരോപണമുണ്ട്?

. അതൊരു പുതിയ സംവിധാനമാണ്. അതിൽ വരുത്തേണ്ട സംവരണം സംബന്ധിച്ച പരാതികളിൽ കഴമ്പുണ്ടോയെന്ന് സർക്കാർ പരിശോധിച്ചുവരികയാണ്. വസ്തുതയുണ്ടെങ്കിൽ പ്രത്യേക റിക്രൂട്ട്മെന്റ് നടത്തി പരിഹാരം കണ്ടെത്തും. സാമൂഹിക നീതിയിൽ വിട്ടുവീഴ്ചയില്ല.

 വനിതാ മതിൽ വിജയമാകുമോ?

. വലിയ വിജയമാകുമെന്ന് മാത്രമല്ല, ലോകശ്രദ്ധയാകർഷിക്കുന്ന സംഭവമാകും. വനിതാ മതിലല്ല വനിതാ കോട്ടയായി മാറും.

ശശിയുടെ പേരിൽ ചെറിയ നടപടിയല്ല

 പി.കെ. ശശിയുടെ പേരിലുള്ള സസ്പെൻഷൻ നടപടി ശരിവച്ച കേന്ദ്ര കമ്മിറ്റി യോഗം അതിലെ ഒരംഗവും കർണാടക സംസ്ഥാന സെക്രട്ടറിയുമായ ശ്രീരാമ റെഡ്ഡിയെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി. ശശിക്കെതിരായ നടപടി കുറഞ്ഞുപോയില്ലേ?

. തരംതാഴ്ത്തലിനേക്കാൾ ഉയർന്ന നടപടിയാണ് സസ്പെൻഷൻ. ആറ് മാസത്തേക്ക് പാർട്ടിയിലേയില്ല.പാർട്ടി മെബർഷിപ്പിലുമില്ല.ആറുമാസം കഴിഞ്ഞാൽ തിരിച്ചു വരണമെങ്കിൽ പ്രാഥമിക ഘടകത്തിൽ വന്നാലേ അദ്ദേഹത്തിന്റെ പുതിയ ഘടകമേതാണെന്ന് തീരുമാനിക്കാനാവൂ. പാർട്ടിയുടെ അച്ചടക്കനടപടി അനുസരിച്ച് പുറത്താക്കൽ നടപടി കഴിഞ്ഞാൽ ഏറ്റവും വലിയ നടപടിയാണ് ഒരു അംഗത്തിന്റെ സസ്പെൻഷൻ. അത്രയും ഉയർന്ന നടപടിയാണ് അക്കാര്യത്തിൽ തീരുമാനിച്ചത്. യു.ഡി.എഫിലെ ഏതെങ്കിലും ഒരു പാർട്ടിയിൽ ഒരു ദിവസത്തേക്കെങ്കിലും ഇത്തരം കാര്യത്തിൽ നടപടി ഉണ്ടായിട്ടുണ്ടോ? കർണാടകത്തിലെ നടപടി ഇതുമായി ബന്ധപ്പെട്ടതല്ല പത്രത്തിൽ വന്ന വിധത്തിലുള്ള പ്രശ്നമല്ലത്. അതവിടത്തെ സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ടുണ്ടായ വിഭാഗീയതയുടെ പേരിലുള്ള അച്ചടക്കനടപടിയാണ്.

 എൽ.ഡി.എഫ് വിപുലീകരണം എന്തായി? ആരൊക്കെ വരും?

. ആരെയൊക്കെ ഉൾപ്പെടുത്തണമെന്ന് തീരുമാനിക്കേത് എൽ.ഡി.എഫ് ആണ്. എന്തായാലും എൽ.ഡി.എഫ്. വിപുലീകരിക്കുെം. ചർച്ചകൾ നടന്നു വരികയാണ്.

മുഖ്യമന്ത്രിക്ക് ധാർഷ്ട്യമില്ല

മുഖ്യമന്ത്രിക്ക് ധാർഷ്ട്യമാണെന്നും സ്വേച്ഛാധിപതിയെപ്പോലെ പെരുമാറുന്നുവെന്നും പ്രതിപക്ഷം വിമർശിക്കുന്നു?

മുഖ്യമന്ത്രിയെക്കുറിച്ച് ഇത്തരത്തിലുള്ള വിമർശനങ്ങൾ ബോധപൂർവം ഉന്നയിക്കുന്നതാണ്. വിവിധ പ്രശ്നങ്ങളിൽ എടുക്കുന്ന നിലപാടിൽ, എൽ.ഡി.എഫിന്റെ നയങ്ങൾ നടപ്പിലാക്കുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. അതിൽചിലർക്ക് അസഹിഷ്ണുത തോന്നുന്നുണ്ടാകാം. ചില കാര്യങ്ങളിൽ അത്തരം നിലപാട് വേണം. സ്‌ത്രീ പുരുഷ സമത്വത്തിൽ മുഖ്യമന്ത്രി നിലപാട് എടുക്കുന്നതിൽ എന്താണ് ധാർഷ്ട്യം. എന്താണ് ഫാസിസം. മതനിരപേക്ഷത സംരക്ഷിക്കണമെന്ന് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചാൽ എന്താണ് ധാർഷ്ട്യം, വികസന കാര്യത്തിൽ തടസങ്ങൾ നീക്കാൻ ഇടപെടുന്നു ഇതൊക്കെ ധാർഷ്ട്യമാണോ. ഇച്ഛാശക്തി പ്രകടിപ്പിക്കുന്നതിനെ ധാർഷ്ട്യമായിക്കാണരുത്. നവകേരള സൃഷ്ടിക്കെതിരായ എതിർപ്പുകളെ നേരിടുന്നത് ധാർഷ്ട്യമായി കാണരുത്. കേരളത്തിന്റെ വികസനം നിശ്ചയദാർഢ്യത്തോടെ മുന്നോട്ടുകൊണ്ടുപോകുന്നതിനെ ധാർഷ്ട്യമെന്ന് വിളിച്ചാൽ ആ ധാർഷ്ട്യത്തെ ജനങ്ങൾ അംഗീകരിക്കും.

പാർട്ടിക്ക് ഭരണത്തിൽ സ്വാധീനമില്ലെന്ന് ആക്ഷേപമുണ്ട്.

. പാർട്ടി ഭരണത്തിൽ ഇടപെടേണ്ട കാര്യമില്ല. ഗവൺമെന്റ് പാർട്ടിയുടെ കാര്യത്തിലും ഇടപെടേണ്ട കാര്യമില്ല. പാർട്ടി എന്ന നിലയിലുള്ള പ്രവർത്തനം നടത്തിക്കൊണ്ടു പോകാൻ പാർട്ടിക്കു കഴിയുന്നുണ്ട്. ഗവൺമെന്റ് സ്വതന്ത്രമായും പ്രവർത്തിക്കുന്നുണ്ട്. നയപരമായ പ്രശ്നങ്ങൾ പാർട്ടിക്കു നിർദ്ദേശിക്കാമെന്നല്ലാതെ ദൈനംദിന കാര്യങ്ങളിൽ ഇടപെടേണ്ടതില്ല. സി.പി.എം തീരുമാനിച്ച കാര്യങ്ങൾ മാത്രമേ ഗവൺമെന്റ് എടുക്കുന്ന എല്ലാ നയപരമായ തീരുമാനങ്ങളിലും നടക്കുന്നുള്ളൂ. സി.പി.എം അംഗീകരിക്കാത്ത ഒരു നയപരമായ കാര്യവും ഈ ഗവൺമെന്റ് ചെയ്തിട്ടില്ല. നയപരമായ കാര്യങ്ങളിൽ വ്യതിയാനമുണ്ടോയെന്നേ പാർട്ടി പരിശോധിക്കാറുള്ളൂ.

 ഭരണം മൂന്നാം വർഷത്തിലേക്കു കടക്കുമ്പോൾ മന്ത്രിസഭ പുനഃസംഘടനയുണ്ടോ?

.മന്ത്രിസഭയിൽ ഒരു മാറ്റവും വരുത്താൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ല. മന്ത്രിസഭ നല്ല നിലയിൽ പ്രവർത്തിക്കുന്നു. പാർട്ടിക്ക് മന്ത്രിമാരുടെ പ്രവർത്തനങ്ങളിൽ നല്ല മതിപ്പാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
LATEST VIDEOS
YOU MAY LIKE IN EDIT