ഉണരട്ടെ ഗുരുവിന്റെ ആശയസമരങ്ങൾ

കെ.എസ്. സന്ദീപ് | Tuesday 25 December 2018 12:23 AM IST

punnala-sreekumar-

നവോത്ഥാന മൂല്യങ്ങൾ ഉണർത്താൻ വനിതാമതിൽ ഉയരുകയാണ്.ആശയസമരത്തിന്റെ പോരാട്ടം കേരളത്തിന്റെ പൂർവ്വകാല നവോത്ഥാന ചരിത്രവും ഓർമ്മിപ്പിക്കുന്നു. പിന്നാക്ക വിഭാഗങ്ങളുടെ പോരാട്ടങ്ങൾ ചരിത്രമാണ്. പുതിയ മുന്നേറ്റത്തിലും അവർക്ക് അതിന്റേതായ സ്ഥാനമുണ്ട്. കേരള പുലയർ മഹാസഭ (കെ.പി.എം.എസ്) സംസ്ഥാന ജനറൽസെക്രട്ടറിയും വനിതാ മതിലിന്റെ സംഘാടക സമിതിയായ നവോത്ഥാന മൂല്യ സംരക്ഷണ സമിതി കൺവീനറുമായ പുന്നല ശ്രീകുമാർ 'കേരളകൗമുദി 'ക്ക് നൽകിയ അഭിമുഖം

.

 നവോത്ഥാന ചിന്തകൾ സജീവമാക്കിയ സാഹചര്യം ?

മുമ്പെങ്ങുമില്ലാത്ത വിധം സമൂഹത്തിൽ ജീർണതകൾ തഴച്ചു വളരുന്നു. നേരത്തെ നവോത്ഥാന പരിശ്രമങ്ങൾ കൊണ്ടാണ് ജീർണതകളെ ഇല്ലാതാക്കിയത്. അതിന്റെ ശക്തി കുറഞ്ഞതിനാൽ ജീർണതകൾ കൂടുന്നുവെന്ന തിരിച്ചറിവാണ് ഈ ആശയത്തിന്റെ കാതൽ. മൂല്യങ്ങളെ ശക്തിപ്പെടുത്തി ജീർണതകളെ പ്രതിരോധിക്കുക അനിവാര്യതയാണ്. മുമ്പെങ്ങുമില്ലാത്ത സംഭവങ്ങളാണ് കേരളത്തിൽ നടമാടുന്നത്. പൂർവ്വകാല പരിഷ്‌ക്കരണ ചിന്തകളെ ഉണർത്തിയാൽ മാത്രമേ നാടു രക്ഷപ്പെടൂ.

 ഉത്തരേന്ത്യയിലെയും കേരളത്തിലെയും നവോത്ഥാനങ്ങൾ വിഭിന്നമാണോ ?

കേരളത്തിലെയും ഉത്തരേന്ത്യയിലെയും നവോത്ഥാന പ്രവർത്തനങ്ങൾ വ്യത്യസ്‌തമാണ്. ഉത്തരേന്ത്യയിൽ നവോത്ഥാന പ്രസ്ഥാനങ്ങളുടെ നേതാക്കൾ സവർണ വിഭാഗക്കാരായിരുന്നു. കേരളത്തിൽ പിന്നാക്കക്കാരുടെ ഇടയിൽ നിന്നാണ് നവോത്ഥാന ചിന്തകൾ ഉണർന്നത്. ഉടലിനെ മോചിപ്പിക്കാനുള്ള പേരാട്ടമായിരുന്നു അത്. പോരാട്ടത്തിന്റെ തീക്ഷണതയ്‌ക്ക് ശക്തി പകരാൻ സവർണവിഭാഗങ്ങൾ പിന്തുണച്ചു. അവരും അണിനിരന്നു. മന്നത്ത് പദ്മനാഭൻ മുൻനിരയിലുണ്ടായിരുന്നു. ഇപ്പോൾ അവരുടെ പിൻതലമുറക്കാൻ എതിരു നിൽക്കുന്നുവെന്നത് ചരിത്രത്തിന്റെ വൈരുദ്ധ്യമാണ്.

 വനിത മതിലിന് നവോത്ഥാന ചിന്തകളെ എങ്ങനെ ഉണർത്താൻ കഴിയും?

ശബരിമല യുവതി പ്രവേശന വിഷയമായി ബന്ധപ്പെട്ട് സർക്കാർ മൂന്നു യോഗങ്ങൾ വിളിച്ചിരുന്നു. വിശ്വാസി സമൂഹമെന്ന നിലയ്‌ക്ക് 190 സംഘടനകളെ വിളിച്ച യോഗത്തിൽ 174 പ്രതിനിധികൾ പങ്കെടുത്തു. തെരുവിൽ വനിതകളുടെ നേതൃത്വത്തിൽ നാമജപ പ്രതിഷേധം നടക്കുന്ന സമയമായിരുന്നു അന്ന്. ന്യൂനപക്ഷങ്ങൾ അണിനിരന്ന പ്രതിഷേധത്തിന് വിശ്വാസി സമൂഹമെന്ന വ്യാഖ്യാനം ലഭിച്ചു. എതിർപ്പുണ്ടായിട്ടും അതിന്റെ നിഴലിൽ ഭൂരിപക്ഷത്തിനും നിൽക്കേണ്ടി വന്നു. അപ്പോഴാണ് വനിതകളെ മുൻനിറുത്തി പ്രതിരോധം വേണമെന്ന ആവശ്യമുയർന്നത്. മലയാളികളുടെ മനസിനെ ഉണർത്തുന്ന ചിന്തകളെ കൊണ്ടുവരാനുള്ള തുടക്കമായി വനിതാ മതിലിനെ കണ്ടാൽ മതി.

 ഈ വിഷയത്തിൽ കെ.പി.എം.എസിന്റെ പ്രസക്തിയും അണിചേരാനുള്ള സാഹചര്യവും?

കോടതി വിധിക്ക് മുമ്പേ യുവതി പ്രവേശനത്തെ അനുകൂലിച്ചിരുന്നു. ശബരിമലയിൽ ജനാധിപത്യവത്‌ക്കരണം നടന്നാൽ അവിടുത്തെ പദവികളിൽ പിന്നാക്കവിഭാഗക്കാർക്ക് പ്രാതിനിധ്യം ഉറപ്പാക്കാൻ കഴിയും. യുവതി പ്രവേശനത്തിൽ ഒതുങ്ങുന്നതല്ല ഈ വിഷയം. ശാന്തി നിയമനത്തിൽ ജാതിവിവേചനം പാടില്ലെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്. എന്നിട്ടും ശബരിമലയിലെ ശാന്തി നിയമനത്തിൽ മലയാള ബ്രാഹ്‌മണർ മാത്രം അപേക്ഷിച്ചാൽ മതിയെന്നായിരുന്നു ദേവസ്വം ബോർഡിന്റെ നിലപാട്. ഈ പശ്‌ചാത്തലത്തിൽ കൂടിയാണ് ഈ വിഷയം കെ.പി.എം.എസ് ഏറ്റെടുക്കുന്നത്.

 ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങൾ വിസ്‌മരിച്ചതുകൊണ്ടല്ലേ നവോത്ഥാന പ്രസ്ഥാനങ്ങൾക്ക് മുന്നോട്ടു പോകാനാവാതെ വന്നത് ?

തീർച്ചയായും.കേരളത്തിലെ നവോത്ഥാനത്തിന്റെ പിതൃസ്ഥാനത്ത് ഗുരുദേവനാണുള്ളത്.അരുവിപ്പുറം പ്രതിഷ്ഠ നടത്തിക്കൊണ്ട് മാറ്റമാണ് ഈശ്വരനെന്ന് ഗുരു പറഞ്ഞു. ഈ സമൂഹത്തെ ഉദ്ധരിക്കാൻ വിഗ്രഹങ്ങൾങ്ങൾക്കാവില്ലെന്ന് വ്യക്തമാക്കി. അതിന് വിദ്യാലയങ്ങൾ വേണം. യഥാർത്ഥത്തിൽ വിദ്യാലയങ്ങളാണ് വേണ്ടതെന്ന് ഗുരുവിന് ആദ്യമേ അറിയാമായിരുന്നു.തുടക്കത്തിലെ അങ്ങനെ പറഞ്ഞാൽ വിജയിക്കില്ലെന്ന് മനസിലാക്കിയാണ് മാറ്റമാണ് ഈശ്വരനെന്നു കാട്ടിത്തരികയും അതിൽ നിന്ന് വിദ്യാലയങ്ങളിലേക്ക് വരുകയും ചെയ്‌തത്. ആത്മീയ രംഗത്ത് ഗുരുവിന്റെ ആശയസമരങ്ങളാണ് എല്ലാ മാറ്റങ്ങൾക്കും നിദാനം, ആ സമരം തുടർന്നിരുന്നുവെങ്കിൽ പിന്നീടും ആചാരനുഷ്കഠാനങ്ങളിൽ പരിഷ്‌ക്കരണം ഉണ്ടാകുമായിരുന്നു. സമരം എങ്ങനെയോ വഴിതെറ്റി. ഇപ്പോൾ നേരിടുന്ന വിശ്വാസ പ്രതിസന്ധിക്കും കാരണവുമതാണ്. സമരം തുടർന്നിരുന്നുവെങ്കിൽ കാലോചിതമായ പരിഷ്‌ക്കാരങ്ങൾ തുടർന്നു കൊണ്ടേയിരിക്കുമായിരുന്നു.

 'ആ നാമ ജപത്തിൽ ഞങ്ങളുണ്ടാവില്ല',പന്തളത്ത് പ്രതിഷേധം ശക്തമായപ്പോൾ നടത്തിയ ആ പ്രഖ്യാപനം എന്തുകൊണ്ട് ?.

പെട്ടെന്നാണ് നാമജപ പ്രതിഷേധം തെരുവിലേക്കിറങ്ങിയത്. സർക്കാർ പോലും അന്തിച്ചു നിന്നു. വനിതകളുടെ പങ്കാളിത്തം സർക്കാരിനെ പ്രതിസന്ധിയിലാക്കി. ആ സമയത്താണ് സമരത്തിൽ പിന്നാക്കക്കാരുണ്ടാവില്ലെന്ന ശക്തമായ പ്രഖ്യാപനം നടത്തിയത്. അതോടെ സർക്കാർ ഉണർന്നു. ആത്മവിശ്വാസമായി.വിശ്വാസി സമൂഹത്തിൽ ഭൂരിപക്ഷമില്ലെന്ന് മനസിലായി. പ്രതിഷേധം രാഷ്ട്രീയ പ്രേരിതവും അക്രമത്തിലുമെത്തിയതോടെ എൻ.എസ്.എസ് പിൻമാറി. ഞങ്ങൾ നടത്തിയ ആ പ്രഖ്യാപനമാണ് വനിതാമതിലിന്റെ ദിശ നിർണയിച്ചത്. ആചാര ലംഘനങ്ങളും പരിഷ്‌ക്കരണത്തിലൂടെയുമാണ് പിന്നാക്കക്കാർ സമൂഹത്തിന്റെ മുൻനിരയിലേക്ക് ഉയർന്നത്. അതിനാൽ അവർക്ക് ആ പ്രതിഷേധങ്ങളിൽ അണിചേരാനാവില്ല. ഇനിയൊരു സാമൂഹിക പരിഷ്‌ക്കർത്താവ് ഉയർന്നു വരില്ല. ശ്രീനാരായണ ഗുരുദേവനും അയ്യങ്കാളിയും പണ്ഡിറ്റ് കറുപ്പനും പ്രത്യക്ഷപ്പെട്ട് പറഞ്ഞതു പോലെയാണ് കോടതി വിധി. ഇനി കോടതിയാണ് സാമൂഹ്യപരിഷ്‌കർത്താവ്.

 നവോത്ഥാന പ്രവർത്തനങ്ങളുടെ അടുത്ത ഘട്ടമെന്തായിരിക്കും ?

യാഥാത്ഥിതികരും പരിഷ്‌ക്കരണ വാദികളും തമ്മിലുള്ള ഏറ്റുമുട്ടലാണിത്. മാമൂലകളും മാനവികതയും തമ്മിലുള്ള മത്സരവും.വനിതാ മതിൽ വിജയിക്കുന്നതോടെ മലയാളികളുടെ മനോഭവാത്തെ മാറ്റാനുള്ള സന്ദേശമായി ക്യാമ്പയിൻ മാറും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT