നവകേരള നിർമ്മിതിക്ക് മുൻതൂക്കം

വി.എസ്. രാജേഷ് | Thursday 10 January 2019 12:24 AM IST

thomas-isaac

ധനകാര്യ മന്ത്രി ഡോ.ടി.എം.തോമസ് ഐസക് പുതിയ ബഡ്ജറ്റിന്റെ പണിപ്പുരയിൽ സജീവമാണ്. പല ധനമന്ത്രിമാരെയും പോലെ ഉദ്യോഗസ്ഥർ എഴുതിത്തയ്യാറാക്കുന്ന രേഖകൾക്ക് അടിയിൽ കൈയ്യൊപ്പ് ചാർത്തുന്നയാളല്ല ഐസക്. വ്യക്തമായ ആശയങ്ങളും നിലപാടുകളും അദ്ദേഹത്തിനുണ്ട് . കഴിഞ്ഞ ശനിയാഴ്ച ഡൽഹിയിൽ ജി.എസ്.ടി.ഉപസമിതി യോഗത്തിനു പോകും മുമ്പ് അദ്ദേഹം കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും ബജറ്റിന്റെ ഫോക്കസിനെക്കുറിച്ചും വിശദമായി സംസാരിച്ചു. അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളിൽ നിന്ന്:-

 കേരളത്തിന്റെ സാമ്പത്തിക ആരോഗ്യം എങ്ങനെ? സർക്കാർ കടക്കെണിയിലാണോ?​

രണ്ട് ചോദ്യങ്ങളാണ്. പ്രളയം വലിയൊരു തിരിച്ചടിയായിരുന്നു. ഗൾഫിൽ നിന്നുള്ളവരുടെ തിരിച്ചുവരവും കൂടിയിട്ടുണ്ട്. ഇത് ചില ആപൽസൂചനകൾ നൽകുന്നുണ്ട്. എങ്കിലും അഖിലേന്ത്യാ ശരാശരിയേക്കാൾ കൂടിയ രീതിയിലാണ് കേരളം വളരുന്നത്. രാജ്യത്താകമാനമുള്ള പ്രതിസന്ധി കേരളത്തിലുമുണ്ട്. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ എന്താവുമെന്ന് അറിഞ്ഞുകൂടാ. പൊതുസാമ്പത്തിക ആരോഗ്യസ്ഥിതി മെച്ചപ്പെടേണ്ടതുണ്ട്. ചിലർ പ്രചരിപ്പിക്കും പോലെ ഉത്‌കണ്‌ഠപ്പെടേണ്ടതില്ല. സർക്കാർ കടക്കെണിയിലാണെന്നാണ് മറ്റൊരു പ്രചാരണം. കടം രണ്ട് വർഷം കൊണ്ട് വന്നതല്ലല്ലോ. കടത്തിന്റെ വലിപ്പം കണ്ടിട്ട് കടക്കെണിയിലാണെന്ന് പറയുന്നത് നാട്ടുവർത്തമാനത്തിന്റെ ഭാഗമാണ്. സാമ്പത്തിക വിശകലനത്തിന്റെ ഭാഗമല്ല. വളരുന്തോറും കൂടുതൽ വായ്‌പയെടുത്തേ പറ്രൂ. വായ്‌പയെടുക്കുന്നത് വളരാൻ വേണ്ടിയാണ്. അപ്പോൾ സാമ്പത്തിക വളർച്ച എത്ര, കടത്തിന്റെ പലിശ നിരക്ക് എത്ര എന്ന് നോക്കണം.സാമ്പത്തിക വളർച്ചയേക്കാൾ ഉയർന്നതാണ് കടത്തിന്റെ പലിശയെങ്കിൽ അപകടമാണ്. കേരളത്തിൽ ശരാശരി വളർച്ച 12-13 ശതമാനം ആണ്. കടത്തിന്റെ പലിശ ഒമ്പതരയും. കേരളം കടക്കെണിയിലല്ലെന്ന് വ്യക്തം.

 ഉത്ക്കണ്ഠയില്ലേ ?

കടമെടുക്കുന്നതിൽ ഉത്കണ്ഠയില്ലെന്നാണ് ഞാൻ പറഞ്ഞത്. വളർച്ചയുണ്ടാകാതെ കടത്തിന്റെ പലിശ ഉയർന്നാൽ ഉത്കണ്ഠയുണ്ടാകും. എന്നാൽ കടമെടുക്കുന്നത് എന്തിനുവേണ്ടി? കടം ബാദ്ധ്യതയാണല്ലോ, തിരിച്ചുകൊടുക്കണമല്ലോ. അപ്പോൾ ആസ്തികൾ ഉണ്ടാക്കാനായിരിക്കണം കടം എടുക്കുന്നത്. കാപിറ്റൽ എക്‌സ്‌പൻഡിച്ചർ ദൈനംദിന ചെലവിന് വിനിയോഗിക്കാൻ പാടില്ല. നാലുവർഷമായി നമ്മൾ കടമെടുക്കുന്നതിൽ വലിയൊരു ഭാഗം റവന്യു ചെലവിന് വിനിയോഗിക്കുന്നു എന്നതാണ് ഉത്ക്കണ്ഠാജനകം . അതിപ്പോൾ വീണ്ടും കൂടി. ഇൗ സർക്കാർ വന്നശേഷം ചെലവുകൾ 16 ശതമാനത്തിനകത്ത് വച്ച് കൂടിയിട്ടുണ്ട്.

 അത് ധൂർത്തിന്റെ ഭാഗമാണെന്ന് വിമർശനമുണ്ട് ?

. സ്കൂളുകളിൽ ഹയർ സെക്കൻഡറി ചോദിച്ചവർക്കെല്ലാം കൊടുത്തു, അൺ എയ്ഡഡ് സ്കൂളുകൾ എയ്‌ഡഡാക്കി. പോസ്റ്റ് മാത്രം ഉണ്ടാക്കിയില്ല. നാലഞ്ച് വർഷമായില്ലേ. ഇനി അത് നൽകാതെ ധൂർത്തെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനാവുമോ. കേരളത്തിലെ ജനങ്ങൾ പാപ്പരാകുന്നതിന്റെ കാരണം ഉയർന്ന ആരോഗ്യചെലവാണ്. വലിയ അസുഖം വന്നാൽ വലഞ്ഞതുതന്നെ. അതിനൊക്ക പണം നൽകേണ്ടിവരും. അതിനെ ധൂർത്തെന്ന് പറയുന്നതിലർത്ഥമില്ല.സേവനാടിസ്ഥാനത്തിലുള്ള ബാദ്ധ്യത ഭയങ്കരമായി കൂടുന്നു. ഇതൊക്കെ അനിവാര്യമായ ചെലവുകളാണ്. അല്ലെങ്കിൽ സാമ്പത്തിക വികസനത്തിൽ ആശുപത്രിയും സ്കൂളും ഉൾപ്പെടെയുള്ള സേവനങ്ങളൊന്നും വേണ്ടെന്ന് തീരുമാനിക്കണം.

 ഇതിനിടയിൽ സംസ്ഥാനത്തിന്റെ വരുമാനം വർദ്ധിച്ചിട്ടുണ്ടോ?

വർദ്ധിച്ചിട്ടില്ല. അതാണ് പ്രശ്നം.

 ജി.എസ്.ടി വന്നപ്പോൾ വരുമാനം കൂടിയില്ലേ?

10 - 12 ശതമാനം മാത്രം. ജി.എസ്.ടിക്ക് ഒരുപാട് മോശത്തരങ്ങളുണ്ട്. സംസ്ഥാനത്തിന്റെ അധികാരം പോകുന്നതുൾപ്പെടെ. പക്ഷേ കേരളം പോലുള്ള ഉപഭോക്തൃ സംസ്ഥാനത്തിനായിരിക്കും ഗുണം. Destination Based Tax ആണ്. എന്നാൽ പലരും ചിന്തിക്കാതിരുന്ന കാര്യമുണ്ട്. ഉത്‌പാദക സംസ്ഥാനങ്ങളായ ബോംബെയടങ്ങുന്ന മഹാരാഷ്ട്ര, ചെന്നൈ അടങ്ങുന്ന തമിഴ്‌നാട്, കൊൽക്കത്തയടങ്ങുന്ന ബംഗാൾ ഇവിടെയൊക്കെ വലിയ ഉപഭോക്തൃ കമ്പോളമുണ്ട്. അവിടെയും നല്ല രീതിയിൽ വരുമാനം ഉണ്ടാകും. അതാരും ധരിച്ചിരുന്നില്ല. പക്ഷേ കേരളത്തിനും അവർക്കും പ്രതീക്ഷിച്ചപോലെ വരുമാനമുയർന്നില്ല. എന്നാൽ എല്ലാ സംസ്ഥാനങ്ങൾക്കും സന്തോഷമാണ്. 14 ശതമാനം വരെ വളർന്നില്ലെങ്കിൽ ആ വിടവ് കേന്ദ്രസർക്കാർ സെസ് ആയി തരുമെന്ന് സമ്മതിച്ചിട്ടുണ്ട്. അതിന്റെയടിസ്ഥാനത്തിൽ ബാക്കിയുള്ളവർക്ക് നികുതി കുറച്ചോ , വേണ്ടെന്നു വച്ചോ എന്ന നിലപാടെടുക്കാം. നമുക്ക് അങ്ങനെയല്ല. നമുക്ക് 16 - 17 ശതമാനം ചെലവ് കൂടുകയാണ്. വരുമാനം 20 ശതമാനത്തിൽ ഉയർന്നാൽ മാത്രമേ പറ്റൂ. എന്തുകൊണ്ടാണ് വർദ്ധിക്കാത്തതെന്ന് ചോദിച്ചാൽ നികുതി നിരക്ക് പാതിയായി. നേരിട്ടു കാണുമ്പോൾ നികുതി നിരക്ക് കൂടിയതായി തോന്നും. പണ്ട് വാറ്റോ, വില്പന നികുതിയോ ചുമത്തുന്നതിനു മുമ്പ്, എക്സൈസ് ടാക്സ്, ഇൻവന്ററി ടാക്സ്, സർവീസ് ടാക്സ് അങ്ങനെ പല ടാക്സ് കൊടുത്തിട്ടാണ് വരുന്നത്. അതെല്ലാം പോയി. ഒറ്റ നികുതിയേയുള്ളൂ. അപ്പോൾ നികുതി നിരക്ക് കുറഞ്ഞാലും വരുമാനം കൂടണം. 20 ശതമാനം വച്ച് കൂടാൻ പ്രയാസമില്ല. പണ്ട് നിങ്ങൾ പുറത്തുപോയി ഒരു ലോഡ് സാധനം വാങ്ങിയാൽ അവിടെ കൊടുക്കുന്ന നികുതി കൊടുത്താൽ മതി. ഇന്നിപ്പോൾ ഇവിടുത്തെ മേൽവിലാസമാണ് കൊടുത്തതെങ്കിൽ നികുതി ഇവിടെ തരണം. കേരളത്തിൽ അങ്ങനെ 2000 കോടി വരണം. ഇതു കിട്ടിക്കഴിഞ്ഞാൽ പ്രശ്നമില്ല. പക്ഷേ കിട്ടുന്നില്ല.

 എന്തുകൊണ്ടാണ് ?

പുറത്തുനിന്ന് വരുന്നവർ ബില്ലുമായി വരുമ്പോൾ പരിശോധിക്കാൻ ചെക് പോസ്റ്റില്ല. വാങ്ങിയപ്പോൾ നികുതി ഇത്ര കൊടുത്തു. വിറ്റപ്പോൾ ഇത്ര കിട്ടി. വിറ്റതിൽ നിന്ന് വാങ്ങിയതിന്റെ നികുതി കിഴിച്ച് ഇങ്ങു തരികയാണ്. എല്ലാവരും കൊടുത്ത നികുതി കൂട്ടിവച്ച്, വാങ്ങിയ നികുതി കുറച്ചുവയ്ക്കുന്നു. ഇത് പരിശോധിക്കാൻ വഴിയില്ല.

 വലിയ തോതിൽ നികുതി വെട്ടിപ്പ് നടക്കുന്നു ?

വെട്ടിപ്പ് നടക്കുന്നു. ജി.എസ്.ടി നിയമപ്രകാരം വാങ്ങിയതിന്റെ വിശദാംശം കൊടുക്കണം. എല്ലാവരും വാങ്ങിയതിന്റെ കണക്ക് കൊടുത്താൽ കണക്ക് ഉണ്ടാക്കാമല്ലോ. കമ്പ്യൂട്ടർ അത് നോക്കി കൃത്യമായി ഇത്ര കൊടുക്കണമെന്നു പറയുന്നു. ഈ കമ്പ്യൂട്ടർ സംവിധാനം ശരിയായിട്ടില്ല. വ്യാപാരി പറയുന്ന കണക്കേയുള്ളൂ. ഇപ്പോഴും ഇതിന്റെ റിട്ടേൺ ഫോം പോലും റിവൈസ് ചെയ്തു വരുന്നതേയുള്ളൂ. . ഫെബ്രുവരിയാകും. ചിലപ്പോൾ ഇലക്ഷൻ കഴിയും.

 പോരായ്മകൾ ജി.എസ്.ടി കൗൺസിലിൽ ഉന്നയിച്ചില്ലേ?

ശ്രദ്ധയിൽപ്പെടുത്തി. അതുകൊണ്ട് കാര്യമില്ല. സോഫ്‌റ്റ്‌വെയർ ആയിട്ടില്ല. റെഡിയായപ്പോൾ വ്യാപാരികൾക്ക് സ്വീകാര്യമല്ലാത്തതിനാൽ മാറ്റം വരുത്തണമെന്നായി. ഇതുമൂലം നികുതി വെട്ടിപ്പ് തടയാൻ മാർഗമില്ലാതായി. പരിശോധിക്കാൻ പറ്റില്ല.

 വരുമാനത്തേക്കാൾ ചെലവ് കൂടി?

കൂടി. ഇത് ഉത്കണ്ഠാജനകമാണ്.,

 എങ്ങനെ മറികടക്കാനാണ് ആലോചിക്കുന്നത്?

രണ്ട് രീതിയിൽ ചെയ്യാം. എല്ലാം വേണ്ടെന്ന് വയ്ക്കാം. അല്ലെങ്കിൽ അടുത്ത വർഷം ഇത് നേരെയാകുമെന്ന് വിശ്വസിച്ച് മുന്നോട്ടുപോകാം. ഞാൻ ആ മാർഗമാണ് സ്വീകരിക്കുന്നത്. കൈയുംകാലുമിട്ടടിച്ച് കരഞ്ഞിട്ട് കാര്യമില്ല. കൂടുതൽ പോസ്റ്റു വേണം, അത് വേണം ഇതു വേണമെന്നൊക്കെ പറയുന്നവർ ഇത് മനസിലാക്കണം.

സർക്കാർ കൂടുതൽ പോസ്റ്റുകൾ സൃഷ്ടിക്കുന്നു, ശമ്പളം വർദ്ധിപ്പിക്കുന്നു, കഴിഞ്ഞ ദിവസം ഗവ. പ്ളീഡർമാരുടെ ശമ്പളം കൂട്ടി.?

പ്ളീഡർമാരുടെ ശമ്പളം വർദ്ധിപ്പിച്ചു. ഇതൊന്നും ഞാൻ തീരുമാനിക്കുന്നതല്ല. കൂട്ടായി തീരുമാനിക്കുന്നതാണ്. ഗൗരവത്തെക്കുറിച്ച് പിടിയില്ലാത്തതുകൊണ്ടാണ് കൂട്ടിക്കൊണ്ടിരിക്കാമെന്ന് ചിന്തിക്കുന്നത് . നാട്ടുകാരറിയണം ഇങ്ങനെ പോകാനാവില്ലെന്ന്. ചർച്ചയാകട്ടെ. ഞാൻ സ്വാഗതം ചെയ്യുന്നു. എല്ലാ പാർട്ടിക്കാരും ഇതറിയണം. ചെലവ് വർദ്ധിപ്പിക്കാനാവില്ലെന്ന്. അതുകൊണ്ട് കടക്കെണിയിലൊന്നുമല്ലെന്ന് പറയുമ്പോഴും പ്രശ്നമുണ്ട്. ഈ ചെലവ് ഇങ്ങനെ കൂട്ടിക്കൊണ്ടു പോകാനാവില്ല. എല്ലാം യു.ഡി.എഫിന്റെ കാലത്തുണ്ടായിട്ടുള്ള മിടുക്കുകളാണ്. ഞാനുണ്ടാക്കിയതല്ല. പൊടിക്കൈ കൊണ്ടാണ് വരവും ചെലവും തമ്മിലുള്ള വ്യത്യാസം ഇപ്പോൾ നികത്തിക്കൊണ്ടിരിക്കുന്നത് . എക്കാലത്തും ഇങ്ങനെ പോകാനാവില്ല. ബഡ്ജറ്റ് ചർച്ചകൾ ഇതൊക്കെ ബോദ്ധ്യപ്പെടുത്താൻ ഉപയോഗപ്പെടണം. ഭദ്രമാണെന്നും പ്രശ്നമില്ലെന്നും ഞാൻ പറയില്ല.

 കിഫ്‌ബി കൊണ്ടുവന്നിട്ടെന്തായി?

കിഫ്‌ബി വൻ വിജയമാണ്. 60,000 കോടി രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചത്. 34000 കോടി രൂപയ്ക്ക് അനുമതി കൊടുത്തു. കിഫ്‌ബിയുടെ ചുമതല തീർന്നു. ഇനി നടപ്പിലാക്കിയാൽ മതി.

 പൈസയുണ്ടല്ലോ അല്ലേ?

പൈസ പ്രശ്നമല്ല. പൈസ നമ്മൾ കൈനീട്ടിയാൽ കിട്ടും. ചെലവാക്കാത്തതിനാൽ മേടിക്കാതിരിക്കുകയാണ്. ഒരു വകുപ്പിനും ഇത്രയും പണി ചെയ്തുള്ള ശീലമില്ല. കിട്ടിക്കഴിയുമ്പോഴാണ് ടെണ്ടർ വിളിക്കുന്നത്. പണ്ടത്തെപ്പോലെ കാലതാമസം വരുന്നു.

 വായ്‌പാ പരിധി ഉയർത്തണമെന്ന ആവശ്യം അംഗീകരിച്ചില്ലല്ലോ?

ഇല്ല. അംഗീകരിക്കുന്ന പുതിയ സർക്കാരിനെ കൊണ്ടുവരേണ്ടത് കേരളത്തിന്റെ താത്‌പര്യമാണ്. കേരളത്തിൽ ഇടതുപക്ഷം ബി.ജെ.പിക്കെതിരായി പറയാൻ പോകുന്ന ഒരു കാര്യം അതായിരിക്കും. . ഇന്ത്യാ സർക്കാർ രൂപീകരിച്ച യു.എൻ. പഠനസംഘം വരെ പുനർനിർമ്മിതിക്ക് 30000 ൽപ്പരം കോടി വേണമെന്ന് പറഞ്ഞു. മരാമത്ത് കാര്യങ്ങൾക്കായി 15000 കോടിയെങ്കിലും കിട്ടണമെന്ന് പറഞ്ഞു. അതെങ്കിലും തരണ്ടേ. നമ്മളെവിടെ നിന്ന് പണം കണ്ടെത്തും? ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിക്കഴിഞ്ഞു. അടിയന്തര പുനരധിവാസ സഹായം, റോഡ് നന്നാക്കൽ, വീട് വയ്ക്കൽ, ഉപജീവനവസ്തുക്കൾ കൊടുക്കൽ എന്നിവ അടിയന്തരമായി ചെയ്യുന്നു. ബാക്കിയുള്ളവയ്‌ക്ക് പണലഭ്യതയനുസരിച്ച് കാലദൈർഘ്യം വരും. ഏതൊക്കെ കാര്യങ്ങൾ തുടങ്ങുമെന്നും ബാക്കി പ്രോജക്ടുകൾ എപ്പോഴെന്നുമെല്ലാം ബഡ്‌ജറ്റിൽ പറയും.

 കഴിഞ്ഞ സർക്കാരിന്റെ പദ്ധതികൾ പൂർത്തിയാകുന്നതല്ലാതെ ഈ സർക്കാർ വമ്പൻ പദ്ധതികൾ തുടങ്ങുന്നില്ലെന്ന് വിമർശനമുണ്ട് ?

രാമേശ്വരം ക്ഷൗരംപോലെ വലിയ പദ്ധതികൾ തുടങ്ങിവയ്ക്കലല്ല. തീർക്കൽ പ്രധാനമാണ്. ആ പദ്ധതികൾ തീർക്കുന്നു. ടെക്നോപാർക്ക് തുടങ്ങിയവയുടെ വിപുലീകരണം നടക്കുന്നു. എത്രയോ കോർപ്പറേറ്റുകൾ, നിസാനടക്കം ഇവിടെ വരുന്നു.

മലയോര -തീരദേശ ഹൈവേ എന്തായി?

തീരദേശ ഹൈവേ. ഏതാണ്ട് തൃശൂർ വരെയുള്ള മുഴുവൻ അലൈൻമെന്റുകളും സ്ഥലത്തെക്കുറിച്ചുള്ള ധാരണയുമെല്ലാമായി. ദിശാമാറ്റമാകുന്ന വലിയ പദ്ധതിയാണ്. മലയോര ഹൈവേ ഈ സർക്കാരിന്റെ കാലത്ത് തീർക്കും. ഭൂമിയുടെ തർക്കങ്ങളും കാര്യങ്ങളുമില്ല. പണം കിഫ്ബിയിൽ നിന്ന് കൊടുക്കും. പുതിയതായി ഇൻഡസ്ട്രിയൽ പാർക്കുകൾ വിപുലമായി വരുന്നു. മുൻപില്ലാത്ത വിധം കോർപ്പറേറ്റുകൾ കേരളത്തിലേക്ക് വരുന്നു. .

 ചെലവ് ചുരുക്കുമോ?

തുടക്കം മുതൽ ചെലവുകൾ വർദ്ധിക്കുകയാണ്. അതിപ്പോഴും 16-17 ശതമാനത്തിലാണ്. ഇന്ത്യയിലെ ഏറ്റവും ഉയർന്ന തോതിലാണ് വർദ്ധന. ചെലവ് വർദ്ധന കുറയ്ക്കണം. ഞങ്ങളത് ചർച്ച ചെയ്യുന്നുണ്ട്.പോസ്റ്റുകൾ ഉണ്ടാക്കേണ്ടതാണ്. വളരെ ആലോചിച്ചു മാത്രം. ചിലപ്പോൾ ഈ വർഷത്തേത് അടുത്ത വർഷത്തേക്കു മാറ്റും. അടിയന്തരമായി ചെലവ് വർദ്ധന 16 ശതമാനത്തിൽ നിന്ന് 14 ശതമാനത്തിലേക്ക് ചുരുക്കണം. ഞാൻ മാത്രമല്ല, ചർച്ച ചെയ്‌ത് തീരുമാനിക്കേണ്ട കാര്യമാണ്

 പ്രവാസി ചിട്ടി തുടങ്ങിയിട്ട് എങ്ങനെ ?

നന്നായി പോകുന്നു. 150 കോടിയുടെ ടേൺ ഓവർ ഉള്ള ചിട്ടിയായി. യു.എ.ഇയിൽ മാത്രമാണ്. ബഡ്‌ജറ്റ് കഴിഞ്ഞാലുടൻ എല്ലാ ജി.സി.സി രാജ്യങ്ങളിലും ആരംഭിക്കും.

വരാൻ പോകുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ താങ്കൾ ആലപ്പുഴയിൽ മത്സരിക്കുമെന്ന് അഭ്യൂഹമുണ്ട് ?

ഇതൊക്കെ പാർട്ടി തീരുമാനിക്കേണ്ട വിഷയങ്ങളല്ലേ. ഞങ്ങളെ സംബന്ധിച്ചിടത്തോളം വ്യക്തികളല്ല തീരുമാനിക്കുന്നത്. അതേക്കുറിച്ച് യാതൊരു ചർച്ചയും നടന്നിട്ടില്ല.

 പുതിയ ബഡ്ജറ്റിന്റെ ഫോക്കസ് ?

പ്രളയാനന്തര പുനർനിർമ്മാണമാണ് പ്രധാനം. പഴയതിന്റെ തനിയാവർത്തനമാകില്ല. 'റീബിൽഡ് ബെറ്റർ' എന്ന കാഴ്ചപ്പാടാകും. പാരിസ്ഥിതിക പരിഗണനയുള്ളതും പുതിയ സങ്കേതങ്ങൾ ഉൾക്കൊള്ളുന്നതുമാകും. ജനപങ്കാളിത്തത്തിന് ശ്രമിക്കും. ലോകബാങ്കാണ് പ്രധാനമായി വന്നിരിക്കുന്നത്. 7000 കോടി രൂപയാണ് എ.ഡി.ബി യിൽ നിന്ന് പ്രതീക്ഷിക്കുന്നത്. വായ്‌പാ ചർച്ചയിൽ ഇത് ഉരുത്തിരിയുമ്പോൾ മാത്രമേ പൂർണമാകൂ. അതില്ലാതായാലും നടപ്പിലാക്കാനാവുന്ന പുതിയ പ്രോജക്ടുകളുടെ പ്രഖ്യാപനം ബഡ്ജറ്റിലുണ്ടാകും.

 സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തുമോ?

ഇല്ല.

 പെൻഷൻ ഒക്കെ ഒരുമിച്ചു കൊടുക്കേണ്ട ബാദ്ധ്യത ഒഴിവാക്കാൻ ?

അങ്ങനെയും ചെയ്യാം. യുവജനങ്ങളുടെ താത്‌പര്യം പരിഗണിച്ച് ഞങ്ങൾ അങ്ങനെ ചെയ്യാനുദ്ദേശിക്കുന്നില്ല.(കൗമുദി ടിവി യിൽ അഭിമുഖത്തിന്റെ പൂർണ്ണരൂപം കാണാം.പു:നസംപ്രേക്ഷണം.ഇന്ന് രാവിലെ 9,നാളെ വൈകിട്ട് 5ന് ശനി ഉച്ചയ്ക്ക് 2ന്)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT