വീണ്ടും രാജലക്ഷ്മി

വി.എസ് രാജേഷ് | Sunday 07 October 2018 12:37 AM IST
rajalakshmi

മലയാള സാഹിത്യലോകത്തെ ഏകാന്ത വിസ്മയമായി വിശേഷിപ്പിക്കപ്പെട്ട എഴുത്തുകാരിയായിരുന്നു മുപ്പത്തിയഞ്ചാം വയസിൽ ജീവനൊടുക്കിയ രാജലക്ഷ്മി. എന്തിന്  രാജലക്ഷ്മി ആത്മഹത്യചെയ്തുവെന്ന ചോദ്യത്തിന് ഇന്നും ഉത്തരം കണ്ടെത്താനായിട്ടില്ല. ആ എഴുത്തുകാരിയുടെ ആത്മാവിലൂടെ  ഭാവനാത്മകമായി സഞ്ചരിക്കാനും സംവദിക്കാനും ഉള്ള ഒരു ശ്രമം.

ലോകശ്രദ്ധയാകർഷിച്ച  ഇന്ത്യൻ എഴുത്തുകാരി അനിതാ നായരുടെ പുതിയ പുസ്തകമായ ഈറ്റിംഗ്  വാസ്പ്സ് എന്ന നോവൽ രാജലക്ഷ്മിയുടെ ഓർമ്മകളിലേക്ക് നമ്മളെ വീണ്ടും കൂട്ടിക്കൊണ്ടുപോവുകയാണ്. ഇതിലെ കഥാനായികയായ ശ്രീലക്ഷ്മി കടന്നുപോകുന്ന ജീവിത സന്ദർഭങ്ങൾ രാജലക്ഷ്മിയെ അനുസ്മരിപ്പിക്കും. അതേസമയം ഇതിനെ രാജലക്ഷ്മിയുടെ ജീവചരിത്രഗ്രന്ഥമായി വിശേഷിപ്പിക്കാനാവില്ല. പുറമേ നിന്ന് നോക്കുമ്പോൾ എല്ലാം നേടിയവരെന്ന് സമൂഹം കരുതുന്നവർ എന്തുകൊണ്ട് ഒരു നിമിഷത്തിൽ  ജീവനൊടുക്കുന്നു? എന്തായിരിക്കാം അതിനു കാരണം. പ്രതിസന്ധികളെ  അതിജീവിച്ച്  ജീവിക്കാനല്ലേ ശ്രമിക്കേണ്ടത്. ഇത്തരത്തിലുള്ള വലിയൊരു ആശയവും സന്ദേശവും അതിൽ  കടന്നുവരുന്നുണ്ട്.കേരളത്തിൽ നിന്ന് വായിക്കുമ്പോൾ ശ്രീലക്ഷ്മി രാജലക്ഷ്മിയായിത്തോന്നാം.'ഇത് രാജലക്ഷ്മിയുടെ കഥയല്ല, എന്നാൽ ശ്രീലക്ഷ്മിയിൽ രാജലക്ഷ്മിയുണ്ട് '.  നോവൽ പുറത്തുവന്ന ശേഷം ആദ്യമായി നൽകിയ അഭിമുഖത്തിൽ അനിതാ നായർ തുറന്നു പറഞ്ഞു.

വ്യത്യസ്തമായ കഥാപാത്രങ്ങളും വിവിധ ജീവിത സന്ദർഭങ്ങളും ഈ  രചനയിൽ വരുന്നു.എങ്കിലും ഇത്  രാജലക്ഷ്മിക്ക്  തൂലിക കൊണ്ട് നൽകുന്ന ഒരു ശ്രദ്ധാഞ്ജലിയായി വിശേഷിപ്പിക്കാം.ഇംഗ്ളീഷിൽ എഴുതുന്ന അനിതയുടെ രചനകൾ 31 ഭാഷകളിൽ വിവർത്തനം ചെയ്ത് പുറത്തിറങ്ങുന്നുണ്ട്.അങ്ങനെ രാജലക്ഷ്മിയുടെ കഥ ശ്രീലക്ഷ്മിയിലൂടെ  ലോകമറിയും. ആ  വ്യക്തിയെയോ അവരുടെ ജീവിതമോ അല്ല ഭാവനാത്മകമായ കഥ മാത്രം. അനിതാ നായരുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങളിൽ നിന്ന് :

 ഈറ്റിംഗ്  വാസ്‌പ്‌സിലെ   കഥാനായിക  ശ്രീലക്ഷ്മിക്ക്  പ്രശസ്ത എഴുത്തുകാരി രാജലക്ഷ്മിയുടെ  ജീവിതവുമായി സാമ്യം തോന്നും. ഇത് രാജലക്ഷ്മിയുടെ  ജീവിതകഥയാണോ ?

ഇത്  രാജലക്ഷ്മിയുടെ കഥയല്ല. ശ്രീലക്ഷ്മിയിൽ രാജലക്ഷ്മിയുണ്ട്. എന്നാൽ ഇത്  അവരെക്കുറിച്ചുള്ള കഥയേയല്ല. 1965 ൽ മരിച്ച ഒരു എഴുത്തുകാരി. ആ സമയത്ത് എന്തുകൊണ്ട് അവർ ആത്മഹത്യ ചെയ്തു.  അപ്പോൾ അവരുടെ മനസിൽ എന്തായിരുന്നിരിക്കാം എന്ന ചെറിയ ഒരു അന്വേഷണം മാത്രം. ഒപ്പം ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഒരു സ്ത്രീക്ക് അവരുടെ ജീവിതത്തിൽ എന്തൊക്കെ വെല്ലുവിളികൾ നേരിടേണ്ടി വന്നു?സാമ്പത്തിക സുരക്ഷിതത്വവും  മികച്ച വിദ്യാഭ്യാസവും തൊഴിലും ,സാഹിത്യരംഗത്ത്  അംഗീകാരവുമൊക്കെ നേടിയ ഒരു സ്ത്രീ എന്തുകൊണ്ട് 35 ാം വയസിൽ ആത്മഹത്യ ചെയ്തു? അവർ എന്തൊക്ക പ്രതിസന്ധികൾ നേരിട്ടു? ആത്മഹത്യയായിരുന്നോ പരിഹാരമാർഗം. ഇങ്ങനെയൊക്കെയുള്ള ചോദ്യങ്ങളാണ്  ശ്രീലക്ഷ്മി എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്.ചെറിയൊരു  അന്വേഷണം മാത്രമാണ്. പക്ഷേ  ഉത്തരമില്ല.

നേരത്തെ സൂചിപ്പിച്ചതുപോലെ ആത്മഹത്യ ചെയ്യാൻ  ഒരുകാരണവുമില്ലെന്ന് നമ്മൾ കരുതുന്ന ചിലർ ആത്മഹത്യ ചെയ്യുന്നു. ആ  ഒരു വിഷയത്തെ പൊതുവായി സമീപിക്കുന്നുണ്ട്?

അതെ. ആ സമയത്ത് തന്നെ സിൽവിയാപ്ളാത്ത് എന്ന് ഒരു എഴുത്തുകാരി ഉണ്ടായിരുന്നു. രാജലക്ഷ്മിയെ എപ്പോഴും താരതമ്യം ചെയ്കിരുന്നത് വിർജീനിയാ വൂൾഫ് എന്ന എഴുത്തുകാരിയുമായിട്ടാണ്. ഈ പുസ്തകത്തിൽ ഞാൻ കേരളത്തിലെ വിർജീനിയാവുൾഫ് ആയിരുന്നുവെന്ന് ശ്രീലക്ഷ്മിയുടെ കഥാപാത്രം പറയുന്നുണ്ട്. അടുത്തകാലത്ത് റോബിൻവില്യംസ് എന്ന നടൻ. പിന്നെആന്റണി ബുർദാനോ എന്ന വളരെ പ്രശസ്തനായ ടിവി ഷെഫുംഎഴുത്തുകാരനും. അങ്ങനെയുള്ള പ്രതിഭകൾ ആത്മഹത്യചെയ്യാനുള്ള കാരണമെന്താണ്? അതും എനിക്ക് മനസിലാക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. അതിനുള്ള ചെറിയൊരു ശ്രമം മാത്രമാണിത്. എന്നാൽ ഇതിനൊന്നും കൃത്യമായ ഒരു ഉത്തരം കിട്ടുന്നുമില്ല.

 രാജലക്ഷ്മിയുടെ മരണം അന്നത്തെ തലമുറയ്ക്കും അതിനുശേഷം വന്ന നന്നായി വായിക്കുന്ന തലമുറയ്ക്കും എന്നും ഒരു ദുരൂഹതയാണ്. എന്തായിരിക്കും രാജലക്ഷ്മി ആത്മഹത്യ ചെയ്യാൻ കാരണം?

എനിക്കറിയില്ല. ഞാൻ അവരെഴുതിയ കഥകളും പുസ്തകങ്ങളും എല്ലാം വായിച്ചു.ഒരു വിഷാദം എപ്പോഴും അവർക്കൊപ്പമുണ്ടായിരുന്നു.ചിലപ്പോൾ വേണമെങ്കിൽ ഒരു മാനസിക തളർച്ച. അതായിരിക്കാം കാരണം.എല്ലാമുണ്ടായിട്ടും ഒന്നുമില്ലെന്ന തോന്നൽ. ആ മാനസികാവസ്ഥയിൽ നിന്നുള്ള രക്ഷപ്പെടലാകാം.  എല്ലാ ആത്മഹത്യകളും ഒരു കൃത്യം കാരണം കൊണ്ടാണെന്ന് എവിടെയും നമുക്ക് പറയാൻ പറ്റില്ല.

നാടിനടുത്തുള്ള എഴുത്തുകാരിയെന്ന പരിഗണനയാണോ രാജലക്ഷ്മിയെക്കുറിച്ച്  അന്വേഷിക്കാൻ കാരണം?

പറഞ്ഞ് കേട്ടിട്ടുണ്ടെന്നല്ലാതെ അവരുടെ പുസ്തകങ്ങൾ ഒന്നും വായിച്ചിട്ടുണ്ടായിരുന്നില്ല. ഞാൻ വായിച്ച മലയാളത്തിലെ മികച്ച രചനകളിൽ അവർ ഉണ്ടായിരുന്നില്ല. എന്തുകൊണ്ട് ഈ കഥ അല്ലെങ്കിൽ കഥാപാത്രത്തെ തിരഞ്ഞെടുത്തു എന്നുപറയാൻ എനിക്ക് ഒരു ഉത്തരമില്ല. പക്ഷേ ചിലപ്പോൾ ഒരു കഥാപാത്രം നമ്മുടെ മനസിൽ കയറിനിന്ന് പറയുകയാണ് എന്നെക്കുറിച്ചെഴുതൂയെന്ന്.ശരിക്കുള്ള ഒരു ഉൾവിളിയാണത്.

രാജലക്ഷ്മി വന്ന് പറഞ്ഞിട്ടുണ്ടാകുമല്ലേ?

ആയിരിക്കും. വേറെ ഒരു ഉത്തരമില്ല.ഞാൻ ബഷീറിന്റെയും തകഴിയുടെയും എം.ടിയുടെയും ലളിതാംബിക അന്തർജ്ജനത്തിന്റെയും ഒ.വി.വിജയന്റെയും മാധവിക്കുട്ടിയുടെയും മുകുന്ദന്റെയുമൊക്കെ ധാരാളം കഥകൾ വായിച്ചയാളാണ്.അവരോടും അവരുടെ രചനകളോടും തോന്നിയ അടുപ്പം രാജലക്ഷ്മിയോട് ഉണ്ടായിട്ടില്ല. മനസിൽ വന്ന് കേറിക്കൂടുക എന്നു പറയില്ലേ. അങ്ങനെയൊരു അവസ്ഥയിലാണ് ഞാൻ രാജലക്ഷ്മിയുടെ പുസ്തകങ്ങൾ അന്വേഷിച്ചുപിടിച്ച് വായിക്കാൻ തുടങ്ങിയത്.

വായിച്ചപ്പോൾ അവരെക്കുറിച്ച് തോന്നിയതെന്താണ്?

അവർ അസന്തുഷ്ടയായ ഒരു സ്ത്രീയാണെന്ന് തോന്നി.

എഴുത്തുകാരിയെന്ന  നിലയിലോ?
അവർ ഒരു നല്ല എഴുത്തുകാരിയാണ്. ഒരു മികച്ച  എഴുത്തുകാരിയെന്ന് പറയാനുമാവില്ല.ഒരു പക്ഷേ കുറേക്കാലം കൂടി ജീവിച്ചിരുന്നെങ്കിൽ അങ്ങനെയായേനെ. ജീവിതാനുഭവങ്ങൾ കുറവായിരുന്നു. ഒതുങ്ങിയ ജീവിതമായിരുന്നു. അതിന്റെയുള്ളിൽ ചെയ്യാവുന്ന കാര്യങ്ങൾ അവർ ചെയ്തിട്ടുണ്ട്. വലിയ എഴുത്തുകാരുടെ രചനകളിൽ  പ്രകടമാകുന്ന ആഴം അവരുടെ രചനകളിൽ കാണാനാവില്ല. എന്നാൽ അവർ എഴുതിയ ചില കാര്യങ്ങൾ തികച്ചും ആധുനികമായിരുന്നു. ശരിക്കും കാലത്തിനു മുമ്പേ എന്നു പറയാവുന്നവ. പക്ഷേ അത്രയുമൊക്കെ എഴുതിയിട്ടും അതിനനുസരിച്ചുള്ള അംഗീകാരം കിട്ടിയില്ലന്ന് അവർക്ക് തോന്നിയിരിക്കും. ആത്മസംതൃപ്തിയെന്നൊക്കെ പറയില്ലേ. അതുണ്ടായിട്ടുണ്ടാവില്ല.

 രാജലക്ഷ്മിയുടെ രചനകളിൽ അവർ ഉണ്ടായിരുന്നോ?
ഉണ്ടായിരുന്നുവെന്ന് തോന്നുന്നു. കുറേ വർഷമായി എഴുതുന്നയാൾ എന്ന നിലയിൽ അവരുടെ രചനകൾ വായിക്കുമ്പോൾ അവരുടെ സ്വന്തം അനുഭവങ്ങളാണ് അവർ എഴുത്തിലേക്ക് കൊണ്ടുവന്നിരിക്കുന്നതെന്ന് തോന്നും. അങ്ങനത്തെ ഒരു സെൻസ്. ഭാവനാത്മകത കാണാം. അവരുടെ രചനകൾ വായിക്കുമ്പോൾ അവരുടെ ഒരു സെൽഫ് അതിൽ കാണാം. അല്ലെങ്കിൽ കഥാനായിക അവർ തന്നെയായിരുന്നു.

അനിതയുടെ രചനകൾ വെറും ഭാവന മാത്രമല്ല, ഗവേഷണം ഉണ്ട്. ഇതിൽ എത്രമാത്രം  ഗവേഷണം ഉണ്ട്?

രാജലക്ഷ്മിയുടെ ജീവിതം റിസർച്ച് ചെയ്യാൻ പോയാൽ വളരെക്കുറച്ച് ഇൻഫർമേഷൻ മാത്രമേ കിട്ടുകയുള്ളു. എന്നെ വല്ലാതെ സ്വാധീനിച്ചത് അവർ മരിച്ചശേഷം കേരളകൗമുദിയിൽ വന്ന വിശദാംശങ്ങൾ നിറഞ്ഞ ചരമക്കുറിപ്പായിരുന്നു. എങ്ങനെ മരിച്ചുവെന്നും  കത്തെഴുതി വച്ചിരുന്നില്ല എന്നുമൊക്കെയുള്ള വിവരങ്ങൾ ആ കുറിപ്പിൽ ഉണ്ടായിരുന്നു. ഒരാൾ മരിച്ചുവെന്നും എങ്ങനെ മരിച്ചുവെന്നും അറിയാം. എന്തുകൊണ്ട് മരിച്ചുവെന്നിടത്താണ് ഭാവന ഉത്ഭവിക്കുന്നത്.

  ശ്രീലക്ഷ്മി മാത്രമല്ല, ഉർവശി, മായ വൃന്ദ ,ഇറ്റാലിയൻ പെൺകുട്ടി തുടങ്ങി പല കഥാപാത്രങ്ങൾ വരുന്നു. അവരിൽ പലരും ജീവിതത്തിൽ വരുന്ന പ്രതിസന്ധിയെ
നേരിടുന്നവരാണ്.  ഇതെങ്ങനെ ലിങ്ക് ചെയ്തു?

പഴയ ഒരു കഥപറച്ചിൽ ടെക്നിക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ഉദാഹരണത്തിന് വിക്രമാദിത്യനും വേതാളവുമെടുത്താൽ അതിൽ വിക്രമാദിത്യന്റെ കഥയുണ്ട്, വേതാളത്തിന്റെ  കഥയുണ്ട്.വേറെ പറയുന്ന കഥകളുണ്ട്.അതിനൊരു  ഉത്തരമാണ് വിക്രമാദിത്യൻ കൊടുക്കേണ്ടത്. അതേപോലെ തന്നെ ശ്രീലക്ഷ്മിയുടെ മരണശേഷം അവരുടെ അസ്ഥി ഒരു  റിസോർട്ടിൽ എത്തുകയാണ്. അത് ഓരോരുത്തരിലും എത്തുമ്പോൾ അവരുടെ കഥ ശ്രീലക്ഷ്മി  മനസിലാക്കുകയാണ്.

 ശ്രീലക്ഷ്മിയുടെ പ്രേതം കഥാന്വേഷണം തുടരുകയാണ്?

പ്രേതത്തിനും എഴുത്തുകാരിക്കും / എഴുത്തുകാരനും ആർക്കും കേറിച്ചെല്ലാൻ പറ്റാത്തിടത്ത് കേറിച്ചെല്ലാൻ കഴിവുണ്ടെന്ന് ശ്രീലക്ഷ്മിയുടെ പ്രേതം പറയുന്നുണ്ട്. ഓരോ കഥാപാത്രത്തിന്റെയും ഉള്ളിൽ നടക്കുന്ന ക്‌ളേശങ്ങൾ ഒക്കെ അവർക്കു മനസിലാക്കാൻ കഴിയും. ശ്രീലക്ഷ്മിയുടെ അസ്ഥി അവരുടെ ആത്മാവാണ്.
ശ്രീലക്ഷ്മി കണ്ടെത്തുന്ന കഥാപാത്രങ്ങൾ അതിജീവിച്ചതു പോലെ  ശ്രീലക്ഷ്മിക്കും ആത്മഹത്യയിലേക്കു പോകാതെ പ്രതിസന്ധിയെ തരണം ചെയ്യാമായിരുന്നു?
 അതെ. ഈറ്റിംഗ് വാസ്പ് എന്നു പറഞ്ഞാൽ ശരിക്കും ധൈര്യത്തിനുള്ള,തന്റേടത്തിന്റെ ഒരു ആലങ്കാരിക പ്രയോഗമാണ്. ശ്രീലക്ഷ്മി കുട്ടിക്കാലത്ത് ഒരു കടന്നലിനെ (ംമെു) കടിച്ചു തിന്നുന്നുണ്ട്. അവർ പക്ഷേ ആ തന്റേടം ജീവിതത്തിൽ കാണിച്ചില്ല. ബാക്കി കഥാപാത്രങ്ങൾ ഈ ധീരസാഹസം കാണിച്ചിട്ടില്ല. പക്ഷേ ജീവിതം നിലനിറുത്തണം, പ്രതിസന്ധികളെ അതിജീവിക്കണമെന്ന മന്ത്രം അവരുടെ മനസിലുണ്ട്. അതാവാം അവരെ മുന്നോട്ടു നയിച്ചത്. പക്ഷേ ശ്രീലക്ഷ്മിക്ക് അതുപോലെ പിടിച്ചുനിൽക്കാനുള്ള മനക്കരുത്ത് ഉണ്ടായില്ല. ആ ഒരു വൈരുദ്ധ്യം വരുന്നുണ്ട്.

 ശ്രീലക്ഷ്മിയുടെ ആത്മാവ് പശ്ചാത്തപിക്കുന്നുണ്ടാകും?

ഇടയ്ക്കിടെ അവർ പറയാറുണ്ട്. ഓരോ ജീവിതകഥകൾ മനസിലാക്കുമ്പോൾ താനെടുത്ത തീരുമാനം ശരിയായിരുന്നുവോയെന്ന ചോദ്യം അവരുടെ ഉള്ളിൽ ഉയരുന്നുണ്ട്. അതുതന്നെയാണ് ഈ ബുക്കിൽ എന്റെ ഐഡിയ ഒഫ് ക്രിയേഷൻ. ജീവിതത്തിൽ പ്രതിസന്ധികളും വെല്ലുവിളികളും ഉണ്ടാകും. പക്ഷേ അതിനെ നമ്മൾ അതിജീവിക്കുക തന്നെ വേണം.

 നോവലിൽ സാമൂഹികമായ ഒരു പ്രശ്നം കൊണ്ടുവരുന്നുണ്ട്. 1965ൽ ശ്രീലക്ഷ്മി ആത്മഹത്യ ചെയ്യുന്നു. അന്ന് അവർക്ക് പിടിച്ചുനിൽക്കാൻ പറ്റാത്ത പല ഘടകങ്ങളുണ്ട്. കുടുംബം, പാരമ്പര്യം, സമൂഹത്തിന്റെ പെരുമാറ്റം അങ്ങനെ പലതും. സ്ത്രീകളോടുള്ള പെരുമാറ്റത്തിൽ വല്ല മാറ്റവും ഇന്നുണ്ടോ?

പെരുമാറ്റത്തിൽ വലിയ വ്യത്യാസമില്ല. സ്ത്രീവിരുദ്ധത വേറെയൊരു രൂപത്തിലുണ്ട്. ഈ കാലഘട്ടത്തിൽ സ്ത്രീകൾക്കു കുറേക്കൂടി തന്റേടമുണ്ട്. പിടിച്ചുനിൽക്കാനുള്ള ധൈര്യമുണ്ട്. അതാണ് ഒരു വ്യത്യാസം. എന്നെക്കുറിച്ച് സമൂഹം എന്താണ് ചിന്തിക്കുക, മറ്റുള്ളവർ എന്താണ് പറയുക എന്നൊക്കെയുള്ള ശ്വാസം മുട്ടിക്കുന്ന പരിതസ്ഥിതി തള്ളിമാറ്റി ജീവിക്കാനുള്ള കരുത്ത് അവർക്കുണ്ട്. സ്ത്രീകൾക്ക് സ്വന്തം കാര്യങ്ങൾ നോക്കാനും പിടിച്ചുനിൽക്കാനും കഴിയുന്നു.

 പക്ഷേ പീഡനം വർദ്ധിക്കുന്നു?

വർദ്ധിച്ചുവരികയാണോ. മാദ്ധ്യമങ്ങൾ അത് അറിയുന്നുവെന്നതാണോ. അതിന്റെ സ്ഥിതിവിവരക്കണക്ക് നോക്കണം. സമൂഹമാദ്ധ്യമവും ഓൺലൈൻ മീഡിയയും ഒക്കെയുള്ള കാരണം അതറിയുന്നു. മുമ്പ് അത്തരം കാര്യങ്ങൾ സ്ത്രീകൾ തുറന്നു പറഞ്ഞിരുന്നില്ല. ഇന്ന് തുറന്നു പറയുന്നു. നമ്മുടെ നിയമവ്യവസ്ഥയും മാറി. ആക്ടിവിസം വലുതായി നിൽക്കുന്നു. സ്ത്രീകൾ പറഞ്ഞാൽ കൂടെനിൽക്കാൻ ആളുണ്ടെന്ന ധൈര്യമുണ്ട്. അങ്ങനെയുള്ള കാലഘട്ടത്തിലല്ല  ശ്രീലക്ഷ്മി വളർന്നത്.

ശ്രീലക്ഷ്മി സാഹിത്യ അക്കാഡമി അവാർഡ് ജേതാവാണ്.  അവരോട് ഒരു വാരിക നോവൽ ആവശ്യപ്പെടുന്നു. പ്രസിദ്ധീകരണത്തിനിടെ വിവാദമാകുന്നു.  പ്രസിദ്ധീകരണം നിറുത്തുന്നു.അവരുടെ ഗൈഡ് പിന്മാറുന്നു. സ്‌നേഹിച്ച പുരുഷൻ പിന്മാറുന്നു. സമാനമായ ഒരു പശ്ചാത്തലത്തിലൂടെ രാജലക്ഷ്മിയും  കടന്നുപോയിരുന്നില്ലേ?

 ഇതിൽ ആകെയുണ്ടായ ഒരു കാര്യം അത്രയേയുള്ളൂ. രാജലക്ഷ്മി ഒരു നോവൽ പ്രസിദ്ധീകരിക്കാൻ തുടങ്ങിയിരുന്നു. അതിന്റെ മൂന്നുഭാഗമാണ് വന്നത്. അതു കഴിഞ്ഞ് അവർ ആത്മഹത്യ ചെയ്തു. അത്രമാത്രം സാമ്യതയേ ശ്രീലക്ഷ്മിക്ക് രാജലക്ഷ്മിയുമായുള്ളൂ. ബാക്കിയൊക്കെ ഞാൻ സൃഷ്ടിച്ച എന്റെ ഭാവനയിൽ വരുന്ന കഥാപാത്രം മാത്രമാണ്.

 രാജലക്ഷ്മിക്ക്  എന്തു സംഭവിച്ചുവെന്നതിന്റെ ഉത്തരമില്ല?

ഒരിക്കലുമില്ല. രാജലക്ഷ്മി എന്തിന് ആത്മഹത്യ ചെയ്‌തെന്ന് എനിക്കറിയില്ല.

 രാജലക്ഷ്മിയുടെ  കഥയാണെന്ന് വായനക്കാർക്ക് വ്യാഖ്യാനിച്ചുകൂടെ?

യാതൊരു അടിസ്ഥാനവുമില്ലാത്ത വ്യാഖ്യാനമാവും അത്. മേഘങ്ങളെ നോക്കിയിട്ട് ആനയാണ്, പൂച്ചയാണ് എന്നു പറയുന്നതുപോലെ.

  എപ്പോഴെങ്കിലും ആത്മഹത്യ ചെയ്യണമെന്നു തോന്നിയിട്ടുണ്ടോ?

ഒരിക്കലും ഇല്ല. എന്റെ ഒരു ഇറ്റാലിയൻ സുഹൃത്തിന്റെ  മകൻ ആത്മഹത്യ ചെയ്തു. ഈ പുസ്തകം വായിച്ചിട്ട് അവർ വല്ലാതെ വേദനിച്ചു. അവരുടെ മകൻ എത്രമാത്രം അനുഭവിച്ചിട്ടുണ്ടാകും എന്ന് സങ്കടപ്പെട്ടു. ഒരു മുറിയിൽ നമ്മളെ പൂട്ടിയിടുകയാണ്. അവിടെ വാതിലില്ല, ജനലില്ല... നമ്മൾ ശ്വാസം മുട്ടുകയാണ്. അങ്ങനെയൊരു അവസ്ഥ വരുമ്പോഴാകും ആത്മഹത്യ ചെയ്യുക. അങ്ങനെയൊരു തോന്നൽ എനിക്ക് ഇതുവരെ വന്നിട്ടില്ല, തോന്നിയിട്ടില്ല.

 എഴുതൂ എന്ന് ഉള്ളിൽ വന്ന് പറഞ്ഞ രാജലക്ഷ്മി എഴുതി തീർന്നപ്പോൾ എന്തു പറഞ്ഞു?

രാജലക്ഷ്മിയുടെ മരണം മാത്രമല്ല ആ കാലഘട്ടത്തിൽ അവിവാഹിതയായ ഒരു സ്ത്രീ എല്ലാ സൗഭാഗ്യങ്ങളും ഉണ്ടായിട്ടും വ്യക്തിയെന്ന നിലയിൽ അവർക്ക് ജീവിക്കാൻ പറ്റാത്ത ഒരു സാഹചര്യം വരുന്നല്ലോ. അതിനെക്കുറിച്ച് എഴുതണമെന്നാണ് രാജലക്ഷ്മി എന്നോടു പറഞ്ഞതെന്ന് എനിക്ക് തോന്നുന്നു.

 ഈ നോവൽ കേരളത്തിൽ ഏത് രീതിയിൽ സ്വീകരിക്കപ്പെടുമെന്ന ഉത്കണ്ഠയുണ്ടോ?

 ഇല്ല. കാരണം സെൻസേഷണലിസത്തിനുവേണ്ടിയല്ല ഞാൻ എഴുതുന്നത്. അല്ലെങ്കിൽ ഒരാളെ വിമർശിക്കാൻ വേണ്ടിയിട്ടല്ല എഴുതുന്നത്. എഴുത്തുകാരിയെന്ന നിലയിൽ ഉള്ളിൽ തോന്നുന്നതാണ് എഴുതുന്നത്. ഒരു പുസ്തകം എഴുതുക എന്നത് ചെറിയ വെല്ലുവിളിയൊന്നുമല്ല. നമ്മുടെ ജീവിതം മുഴുവൻ അതിനായി ഒഴുക്കിക്കളയുകയാണ്. എന്റെ ഊർജ്ജമാണത്. എന്റെ നിക്ഷേപമാണത്.എനിക്കത് വളരെ പ്രധാനമാണ്. ആ ഒരു വികാരം ഉണ്ടെങ്കിലേ എനിക്ക് എഴുതാൻ സാധിക്കുകയുള്ളൂ. ഞാൻ നീതി പുലർത്തി എന്നാണ് എന്റെ വിശ്വാസം.

 ഇത്  രാജലക്ഷ്മിയുടെ കഥയല്ലെങ്കിലും രാജലക്ഷ്മിയുടെ ആത്മാവിനോടൊപ്പമുള്ള സഞ്ചാരങ്ങളും  സംവാദങ്ങളും അല്ലേ?

 അതെ.

 മലയാളത്തിൽ?
മലയാളത്തിൽ പരിഭാഷ ഇറങ്ങും. അടുത്ത വർഷം ഇറങ്ങും.

 രാജലക്ഷ്മിയെക്കുറിച്ചുള്ള അന്വേഷണത്തിനിടെ അവരുടെ ബന്ധുക്കളെ ആരെയെങ്കിലും കണ്ടോ?

ഇല്ല. ഞാൻ അതിനായി ഇറങ്ങിയില്ല. ഇത് രാജലക്ഷ്മിയെക്കുറിച്ചുള്ള ബയോഗ്രഫിയല്ല. ഇത് കേരളത്തിൽ സെറ്റ് ചെയ്തതുകൊണ്ട് രാജലക്ഷ്മിയായി തോന്നുന്നു. ഇത് എവിടെയും സംഭവിക്കാവുന്ന ഒരു കഥ മാത്രമാണ്. കേരളത്തിനു പുറത്തുപോയാൽ വളരെക്കുറച്ചുപേർക്കേ രാജലക്ഷ്മിയെക്കുറിച്ച് അറിയൂ. ഒ.വി. വിജയന്റെയോ എം.ടിയുടെയോ പേരു പറഞ്ഞാൽ അറിയുന്നതുപോലെ. എന്നാൽ രാജലക്ഷ്മിയുടെ  രചനകളുടെ എണ്ണം കുറവായിരുന്നു.അവർ അത്ര പ്രശസ്തയായിരുന്നില്ല.

 ശ്രീലക്ഷ്മി എന്ന പേര് രാജലക്ഷ്മിയുമായി നല്ല സാമ്യമുണ്ട്. ബോധപൂർവമിട്ടതാണോ?

എന്റെ  മകന് പേരിടാൻ ഞാൻ അത്രയും സമയം ചെലവഴിച്ചിട്ടില്ല. എന്റെ ഓരോ കഥാപാത്രങ്ങളുടെ പേരിടുന്നതും മുഖ്യമാണ്.ആ  കാലഘട്ടത്തിലെ പേരുകൾ ഒക്കെ നോക്കി.ശ്രീലക്ഷ്മി എന്നുപറഞ്ഞാൽ ഐശ്വര്യം അല്ലേ. അങ്ങനെയുള്ള  ഒരാളാണ് പിന്നെ ജീവിതത്തിൽ  ഒന്നുമല്ലെന്ന തോന്നലിൽ എത്തുന്നത്. അതൊക്കെ നോക്കിയിട്ടാണ് പേരിടുന്നത്.

 ലീലാകല്യാണ രാമനാണ് നോവൽ സമർപ്പിച്ചിരിക്കുന്നത്. ആരാണത്?

അടുത്ത സുഹൃത്താണവർ. കരൾ മാറ്റിവച്ചു. അത് കഴിഞ്ഞപ്പോൾ വൃക്ക തകരാറിലായി. അത് മാറ്റിവച്ചു. പ്രശ്നങ്ങൾ ഉണ്ടായാലും അവർ തകർന്ന് ഞാൻ കണ്ടിട്ടേയില്ല. അസാമാന്യമായ മനക്കരുത്താണ്. അതുകൊണ്ടാണ് അവർക്ക് ഡെഡിക്കേറ്റ് ചെയ്യുന്നത്.എല്ലാ സാഹചര്യങ്ങളെയും നേരിടാനുള്ള ഒരു പ്രേരണ യാണ് അവരുടെ ജീവിതം. എന്തായാലും അതിജീവിക്കണമെന്ന തോന്നൽ വേണം. ഈ രചന എഴുതാനുള്ള എന്റെ പ്രചോദനവുമതാണ്.

 താങ്കൾ ഏറ്റവും വിലമതിക്കുന്നതെന്താണ്?

സ്വതന്ത്രമായ ആവിഷ്‌കാരം.ഞാൻ ആഗ്രഹിക്കുന്നതുപോലെ എഴുതാനും പ്രവർത്തിക്കാനുമുള്ള സ്വാതന്ത്ര്യം. എനിക്ക് ആ പദവി വേണമെന്നോ ഇന്ന അവാർഡ് വേണമെന്നോ പറഞ്ഞ് ആരുടെയും പിറകെ നടക്കാറില്ല. എന്റെ ഈ ചെറിയ ജീവിതത്തിൽ ഞാൻ തൃപ്തയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT