ഇ.പി.എഫ് പെൻഷൻകാരോട് കേന്ദ്ര സർക്കാരിന്റെ അവഗണന...?

Thursday 07 February 2019 12:29 AM IST

letters-

തൊഴിൽ മേഖലയിൽ നിന്നു വിരമിച്ച ഇ.പി.എഫ് പെൻഷൻകാർക്ക് വാർദ്ധക്യകാലത്ത് ഭദ്രമായ സാമ്പത്തിക സാഹചര്യം സംജാതമാക്കാൻ ലക്ഷ്യമിട്ട് നവീകരിച്ച പെൻഷൻ പദ്ധതികളിൽ 65 ലക്ഷത്തിലധികം പെൻഷൻകാർ രാജ്യത്തുണ്ട്.

1995 മുതൽ പ്രാബല്യത്തിൽ വന്നതാണ് പദ്ധതി. എന്നാൽ 2018 കഴിഞ്ഞിട്ടും സംസ്ഥാന സർക്കാരുകൾ വാർദ്ധക്യകാല പെൻഷൻ നൽകുന്ന തുകയ്ക്ക് താഴെയാണ് ,​ 1995 മുതൽ 2008 വരെ പെൻഷൻ ആയിട്ടുള്ളവർക്ക് നൽകുന്നത്.

30, 40 വർഷക്കാലം പണിശാലകളിൽ പണിയെടുത്ത തൊഴിലാളികളുടെ സർവീസ് കണക്കാക്കാതെ നക്കാപ്പിച്ച പെൻഷൻ നൽകുന്ന കേന്ദ്ര സർക്കാരിന്റെ ദുഷ്ടലാക്കോടുകൂടിയുള്ള പദ്ധതിയാണ്.

ഇ.പി.എഫ്.ഒ യുടെ മനഃപൂർവമായ അലംഭാവം മൂലം ഡി.എ എന്ന ആശ്വാസം നിറുത്തലാക്കിയതും കമ്മ്യൂട്ടേഷൻ ആജീവനാന്തം പിടിച്ചുകൊണ്ടിരിക്കുന്നതും റിട്ടേൺ ഒഫ് ക്യാപിറ്റൽ നിറുത്താക്കിയതും വാർദ്ധക്യകാലത്ത് ഇ.എസ്.ഐ ചികിത്സയും മറ്റ് സഹായം നടപ്പാക്കാത്തതും പെൻഷൻകാരെ ദ്രോഹിക്കുന്ന നടപടികളാണ്.

30 വർഷത്തിലധികം പണിയെടുത്ത ഒരു പെൻഷൻകാരന് ലഭിക്കുന്നത് ഒരു ദിവസം 20 രൂപ കണക്കിലാണ്.

പി.എഫ്.ഒയിൽ ആഡംബര ജീവിതം നയിക്കുന്ന വെള്ളാനകൾ ലക്ഷക്കണക്കിന് ശമ്പളം വാങ്ങി വിരമിക്കുമ്പോൾ ശമ്പളത്തിന്റെ മുക്കാൽ ഭാഗം പെൻഷനായി ലഭിക്കും.

ഇ.പി.എഫ് പെൻഷൻ നടപ്പിലാക്കിയിട്ട് 23 വർഷം കഴിഞ്ഞിട്ടും സി.ബി.ടിയുമായി സർക്കാർ ഒത്തുകളിച്ച് യാതൊരു വർദ്ധനയും ആനുകൂല്യങ്ങളും നൽകാതിരിക്കുന്നത് കാട്ടുന്നത് കൊടുംക്രൂരതയാണ്.

95ലെ സ്കീം നീണ്ട 23 വർഷങ്ങൾക്കു ശേഷം ഒരു സമഗ്ര പഠനത്തിനും മൂല്യനിർണയത്തിനുമായി കേന്ദ്ര സർക്കാർ വീണ്ടും നിയോഗിച്ച ഹീരലാൽ സമരിയ കമ്മിറ്റിയുടെ റിപ്പോർട്ടിലെ ശുപാർശകളെപ്പറ്റി ജനുവരി 10 ലെ പത്ര റിപ്പോർട്ടുകൾ പെൻഷൻകാരെ സംബന്ധിച്ച് തീർത്തും നിരാശാജനകമാണ്.

ഇപ്പോഴത്തെ സമിതിയുടെ തീരുമാനപ്രകാരം മിനിമം പെൻഷൻ 2000 രൂപയായി വർദ്ധിപ്പിക്കാനാണ്. 3000 രൂപയായി വർദ്ധിപ്പിക്കണമെന്ന 2013 ലെ സമിതിയുടെ ശുപാർശകൾ ഉദ്യോഗസ്ഥർ അവഗണിക്കുകയാണ്.

കേന്ദ്ര സർക്കാരിന്റെ കുറഞ്ഞ പെൻഷൻ 9000 രൂപയാണ്. ഈ തുക 23 വർഷം പഴക്കമുള്ള ഇ.പി.എഫ് പെൻഷൻകാർക്കും ബാധകമാണ്. 100 മാസം കാലാവധി കഴിഞ്ഞ് കമ്മ്യൂട്ടേഷൻ പൂർണ പെൻഷൻ, ക്ഷാമബത്ത, ഇ.എസ്.ഐ, ചികിത്സാ സഹായം, കേന്ദ്ര്ര പെൻഷന് തുല്യമായ പെൻഷൻ ഫോർമുല അംഗീകരിക്കുക എന്നിവ നടപ്പിലാക്കേണ്ടതാണ്. ഇത് നടപ്പിലാക്കാതെ സർക്കാരിന്റെ തണലിൽ ഉദ്യോഗസ്ഥർ മലക്കം മറിയുകയാണ്.

65 ലക്ഷം പെൻഷൻകാരുടെയും കുടുംബാംഗങ്ങളുടെയും വോട്ടുകളാണ് കേന്ദ്ര സർക്കാരിന് ലക്ഷ്യമെങ്കിൽ, പെൻഷൻകാർക്ക് ജീവിക്കാൻ വേണ്ടിയുള്ള,​ ന്യായമായ അവകാശങ്ങൾക്ക് പരിഹാരം ഉണ്ടായില്ലെങ്കിൽ കോടിക്കണക്കിന് വോട്ടർമാർ ശക്തമായി പ്രതികരിക്കുമെന്ന് ഉറപ്പാണ്. ഞങ്ങൾക്ക് മരണം വരെ ആഹാരത്തിനും മരുന്നിനും ഉള്ള പെൻഷൻ വർദ്ധന നടപ്പാക്കുമെന്നാണ് പ്രതീക്ഷ.

പട്ടം എൻ. ശശിധരൻ, നെട്ടയം,

തിരുവനന്തപുരം,​ ഫോൺ : 9562526919.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT