ഒരു മാതൃകാ അദ്ധ്യാപിക

മുനി നാരായണ പ്രസാദ് | Sunday 23 December 2018 12:39 AM IST

manavadarshanam

ഒരദ്ധ്യാപിക. ഇംഗ്ളീഷാണ് പഠിപ്പിക്കുന്നത്. ക്ളസ്റ്റർ ട്രെയിനിംഗിൽ പരിശീലനം നൽകേണ്ടുന്ന അദ്ധ്യാപകരെ പരിശീലിപ്പിക്കുന്ന അദ്ധ്യാപിക കൂടിയാണവർ. എങ്കിലും സാധാരണഗതിയിൽ പഠിപ്പിക്കുന്നത് അപ്പർ പ്രൈമറി ക്ളാസുകളിൽ.

അവർ ഗുരുകുലത്തിലെ വിദ്യാർത്ഥിനി കൂടിയാണ്. ദിവസവും സന്ധ്യയ്ക്ക് നടക്കുന്ന ക്ളാസിൽ പങ്കെടുക്കാൻ ഗുരുകുലത്തിലെത്തും.

ഒരുദിവസം ഞാൻ ചോദിച്ചു: 'അപ്പർ പ്രൈമറി ക്ളാസിൽ ഇംഗ്ളീഷ് പഠിപ്പിക്കുന്നത് ഇംഗ്ളീഷിലാണോ മലയാളത്തിലാണോ?"

'ഇംഗ്ളീഷിൽ."

'കൊച്ചുകുട്ടികൾക്ക് ഇംഗ്ളീഷ് എങ്ങനെ മനസിലാകും?"

' കൊച്ചുകൊച്ചു ചോദ്യങ്ങൾ അവർക്ക് അർത്ഥം മനസിലാകത്തക്കവണ്ണം പ്രത്യേക ടോണിൽ ചോദിച്ചാൽ അർത്ഥം പറഞ്ഞുകൊടുക്കാതെ തന്നെ അവർ ഗ്രഹിക്കും. എന്നിട്ടും മനസിലാകാത്തവർക്കുവേണ്ടി ചോദ്യത്തെ ഒന്നുകൂടി മാറ്റിമറിച്ച് ചോദിക്കും. അപ്പോൾ അവർ തീർച്ചയായും ഗ്രഹിച്ചിരിക്കും. അതങ്ങനെ തുടരുമ്പോൾ അവർ അറിയാതെതന്നെ ഇംഗ്ളീഷ് പഠിച്ചുപോകും. ചില കൊച്ചുകുട്ടികൾ രാത്രിയിൽ പോലും ഇംഗ്ളീഷിലെ സംശയങ്ങൾ ചോദിച്ചുകൊണ്ട് എന്നെ വിളിക്കാറുണ്ട്.". 'മോനേ!" 'മോളേ!" എന്നൊക്കെ വിളിച്ച് ഞാൻ അവരുടെ സംശയം തീർക്കും."

'ഒരമ്മ പരാതിപോലും പറഞ്ഞു. ഇംഗ്ളീഷിനോട് അല്പം പോലും താത്പര്യമില്ലാതിരുന്ന, ഒരക്ഷരം അറിയാൻ പാടില്ലാതിരുന്ന, മകൻ ഇപ്പോൾ ഇംഗ്ളീഷ് പുസ്തകം താഴെ വയ്ക്കുന്നില്ല എന്ന്. എനിക്കത് കേട്ടപ്പോൾ എന്തൊരു നിർവൃതിയാണുണ്ടായത്!"

'കഴിഞ്ഞദിവസം അഖിലയെന്ന കുട്ടിയുടെ അമ്മ സ്കൂളിൽ വന്നു. കുട്ടിക്ക് കിട്ടാനുള്ള ലംപ്സം ഗ്രാൻഡ് വാങ്ങാൻ വന്നതാണ്. അപ്പോൾ റാണി ടീച്ചറെ കണ്ടു. അവർ ഒാടി ടീച്ചറുടെ അടുത്തെത്തിയിട്ട് ചോദിച്ചു.

'റാണി ടീച്ചറല്ലേ?"

'അതേ."

'ഞാൻ അഖിലയുടെ അമ്മയാണ്. മോള് ടീച്ചറെപ്പറ്റി എന്നും പറയും."

അവരുടെ തോളിൽ പിടിച്ചുകൊണ്ട് ടീച്ചർ പറഞ്ഞു.

'ഒാ! അഖിലയുടെ അമ്മയാണോ? ഒന്നുകൊണ്ടും വിഷമിക്കണ്ട കേട്ടോ. അഖിലയെ നല്ല മിടുക്കിയാക്കി ഞാൻ തിരികെ തരും."

ഇത് കേട്ട ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞു. അത് കണ്ടപ്പോൾ ടീച്ചറുടെയും.

ടീച്ചർ എന്നോട് പറയുന്നു, 'ക്ളാസിലെ ഒാരോ കുട്ടിയും ആ കുട്ടിയുടെ പ്രത്യേകതയും എപ്പോഴും എന്റെ മനസിലുണ്ടാകും. ആ കുട്ടിയെ എങ്ങനെ നന്നാക്കിയെടുക്കാം? ആ കുട്ടിയുടെ അറിവ് എങ്ങനെ വളർത്തിയെടുക്കാം. ഇൗ ചിന്ത എപ്പോഴും എന്നിലുണ്ടാവും. അതുള്ളതുകൊണ്ട് അവരുടെ മുമ്പിലെത്തുമ്പോൾ സ്വാഭാവികമായി ഒരു വഴി തെളിഞ്ഞുവരും. അതിനുവേണ്ടി ഞാൻ ക്ളേശിക്കേണ്ടി വരുന്നില്ല. ഒപ്പം ഇൗ കൊച്ചുകുട്ടികളെ പഠിപ്പിക്കുന്നത് എനിക്കൊരു ഉത്സവമായിത്തീരുകയും ചെയ്യുന്നു. ഒപ്പം കുട്ടികൾക്കും."

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT