ഭദ്രകുടുംബം

മുനി നാരായണപ്രസാദ് | Monday 04 February 2019 12:54 AM IST

editors-pick-

തലശ്ശേരി കനകമല ഗുരുകുലത്തിൽ നടന്ന ഗുരുപൂജയിലും സെമിനാറുകളിലും പങ്കെടുക്കാൻ വന്നതാണ്. അതു കഴിഞ്ഞ് കൊയിലാണ്ടിക്കടുത്തുള്ള നന്ദിയിലെ കടലോരത്തുള്ള, ഒഴിഞ്ഞു കിടക്കുന്ന ഒരു വീട്ടിലെത്തി, രണ്ടുദിവസം വിശ്രമിച്ചു. കടലിൽ കുളിക്കാനും സാധിച്ചു. സുഹൃത്ത് നൂറുദ്ദീന്റെ വകയാണ് വീട്. ആഹാരം അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് ഉണ്ടാക്കി എത്തിച്ചുതരുന്നു. അദ്ദേഹത്തിന്റെ വീട്ടിലും പോയി ആഹാരം കഴിച്ചിട്ടുണ്ട്. ഞങ്ങൾ അവിടെ താമസിക്കുന്ന സന്ദർഭങ്ങളിൽ അദ്ദേഹത്തിന്റെ ഭാര്യയും അവിടെ വരാറുണ്ട്. ഉമ്മയാണ് ആഹാരം ഉണ്ടാക്കി കൊടുത്തയയ്‌ക്കുന്നതെങ്കിലും അവർ അവിടെ വരാറില്ല.

ഞാൻ നൂറുദ്ദീനോടു ചോദിച്ചു.

''ഉമ്മാ വീട്ടിൽ നിന്നു പുറത്തു പോകാറില്ലേ?"

''ഉണ്ട്. പല സന്ദർഭങ്ങളിലും പോകാറുണ്ട്. എന്നാലും ഉമ്മായ്ക്ക് ഒരു നിർബന്ധമുണ്ട്. വീടിന്റെ ഗേറ്റിനു പുറത്തു പോകുന്നതിന് ഉപ്പായുടെ അനുവാദം വേണം. ഇതു ഉപ്പാ ഉണ്ടാക്കിയ നിയമമല്ല. ഉമ്മ സ്വയം ഉണ്ടാക്കിയതാണ്..

''എന്റെ ഒരു സുഹൃത്ത് ഞങ്ങളുടെ വീട്ടിനടുത്ത് ഒരു റസ്റ്റാറന്റ് തുടങ്ങി. അവിടെ പോയി ഒരു നേരം ആഹാരം കഴിച്ചു വരാൻ ഞാൻ ഉമ്മായെ വിളിച്ചു. അന്ന് ഉമ്മ കാസർകോട്ടു പോയിരിക്കുകയായിരുന്നു. ഉപ്പായുടെ അനുവാദം കിട്ടാൻ നിവൃത്തിയില്ലാത്തതിനാൽ ഉമ്മാ വന്നില്ല. മകനായ എന്റെ കൂടെയല്ലേ വരുന്നത് എന്നു ചോദിച്ചിട്ടും അവർ കൂട്ടാക്കിയില്ല."

ഭർത്താക്കന്മാർക്കു നേരേ അവകാശവാദം നടത്തി അവരെ വെല്ലുവിളിക്കുന്ന ആധുനിക ഭാര്യമാരുടെ സ്വഭാവവുമായി ഇതിനെ തട്ടിച്ചു നോക്കി. കേന്ദ്ര സർക്കാർ നടത്തുന്ന പരസ്യപ്രചാരണത്തിൽപ്പോലും ഭർത്താക്കന്മാരുടെ ക്രമവിരുദ്ധമായ പെരുമാറ്റങ്ങളെ നിയമപരമായി എതിർക്കാൻ ഭാര്യമാർക്കു പ്രേരണ നൽകുന്നുണ്ട്.

ബന്ധങ്ങളുടെ ലോകത്തിൽ ഏറ്റവും പവിത്രമായതു കുടുംബ ബന്ധമാണ്. അതിനെക്കാളുപരി പവിത്രതയുള്ളതെന്നു പറയാവുന്നത് ഗുരുശിഷ്യബന്ധം മാത്രം. അതാകട്ടെ, എല്ലാ ബന്ധങ്ങളിൽ നിന്നും മനുഷ്യനെ സ്വതന്ത്രനാക്കാൻ വേണ്ടിയുള്ളതും!

കുടുംബ ബന്ധത്തിന്റെ മർമ്മം ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ഹൃദയൈക്യമാണ്. സാമ്പത്തികമായോ തൊഴിൽപരമായോ സാമൂഹ്യമായ സ്ഥാനമാനങ്ങളിലോ അവർ തമ്മിലുള്ള തുല്യതയ്ക്ക് അവിടെ ഒരു സ്ഥാനവും ഇല്ല. അന്യോന്യം അറിഞ്ഞ് അന്യോന്യം സ്നേഹിക്കാനും, അന്യോന്യം സ്നേഹിക്കുന്നതിലൂടെ അന്യോന്യം കൂടുതൽ അറിഞ്ഞ് അന്യോന്യം ബഹുമാനിക്കാനും ഈ ഹൃദയൈക്യം സഹായിക്കും. അന്യോന്യമുള്ള വിട്ടുവീഴ്ചകൾ അവർ ചെയ്തെന്നു വരും. എന്നാൽ അവരുടെ കണ്ണിൽ അതൊന്നും വിട്ടുവീഴ്ചയല്ല, ഹൃദയൈക്യം കൊണ്ടു സ്വാഭാവികമായുണ്ടാകുന്ന ത്യാഗമാണ്.

അവകാശവാദമല്ല, ത്യാഗപൂർവകമായ സന്മനോഭാവമാണ് കുടുംബബന്ധത്തെ ഉറപ്പിക്കുന്നതും, കുടുംബജീവിതത്തെ സ്വസ്ഥമാക്കുന്നതും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT