AUDIO

സംവരണത്തിലെ ചതിയും വഞ്ചനയും

വി.ആർ. ജോഷി | Wednesday 09 January 2019 12:04 AM IST

reservation-

രാജ്യം വീണ്ടും സംവരണം ചർച്ച ചെയ്യുന്ന തിരക്കിലേക്ക് മാറുന്നു. പൊതുതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന സാഹചര്യത്തിലാണ് ഈ വിഷയം ചർച്ച ചെയ്യപ്പെടുന്നത് എന്നത് മറ്റൊരു പ്രത്യേകതയാണ്. ഭരണഘടനാ തത്വങ്ങളും അടിസ്ഥാനപ്രമാണങ്ങളും ദുർവ്യാഖ്യാനം ചെയ്തുകൊണ്ടാണ് ഈ ചർച്ചകൾക്കൊക്കെ കളമൊരുക്കുന്നത് എന്നതും പ്രത്യേകം ശ്രദ്ധ അർഹിക്കുന്നു.

സംവരണം എന്നത് സാമൂഹികനീതിയുമായി ബന്ധപ്പെടുത്തി അധികാരപങ്കാളിത്തവും അവസരസമത്വവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഭരണഘടനയിൽ വ്യവസ്ഥ ചെയ്തിട്ടുള്ളതാണ്. അട്ടിമറിക്കപ്പെടാതിരിക്കാനും അവഗണിക്കാതിരിക്കുന്നതിനും വേണ്ടി മൗലികാവകാശമായാണ് ഈ വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുള്ളത്. അധികാരസ്ഥാനങ്ങളിൽനിന്നും ജാതിയുടെ പേരിൽ അകറ്റിനിർത്തപ്പെട്ടിരുന്ന ജനവിഭാഗങ്ങൾക്ക് ആത്മവിശ്വാസവും അഭിമാനവും വളർത്തി അധികാരത്തിന്റെ പങ്കു നല്കുക എന്നതാണ് ഈ ഭരണഘടനാവ്യവസ്ഥയുടെ അന്തഃസത്ത. മതിയായിടത്തോളം പ്രാതിനിധ്യം ലഭിച്ചിട്ടില്ലാത്ത പിന്നാക്കജനവിഭാഗങ്ങൾക്ക് അവ ലഭ്യമാക്കുന്നതിനുള്ള നടപടിയാണ് ലക്ഷ്യമിടുന്നത്. സാമ്പത്തിക പരാധീനതകൾ പരിഹരിക്കുന്നതിനോ തൊഴിൽ ഉറപ്പുവരുത്തുന്നതിനോ ലക്ഷ്യമിട്ട ഒരു പരിപാടിയല്ല ഇത്. അവസരങ്ങളിലും പദവികളിലും തുല്യത ഉണ്ടാവുകയും വിവേചനം അവസാനിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിൽ എല്ലാ ജനവിഭാഗങ്ങളും സമത്വമുള്ളവരായി മാറണം എന്ന സങ്കല്പമായിരുന്നു ഈ വ്യവസ്ഥ ഉൾപ്പെടുത്തുന്നതിലൂടെ ഭരണഘടനാ നിർമാതാക്കളും അതിനു പിന്നിൽ പ്രവർത്തിച്ച ദേശീയ നേതാക്കളും ആഗ്രഹിച്ചിരുന്നത്.
അധികാരവും പദവിയും കൈവശം വച്ചിരുന്നവർ അതിൽ ഒരു പങ്ക് മറ്റുള്ളവർക്കായി വിട്ടുകൊടുക്കുമ്പോൾ മാത്രമേ അവസരം ലഭിക്കാതിരുന്നവർക്ക് അത് ലഭ്യമാകുമായിരുന്നുള്ളൂ. എന്നാൽ അവ കൈവശം വച്ച് അനുഭവിച്ചിരുന്നവർ അത് കൈമാറുന്നതിന് ഒരിക്കലും അനുകൂലമായിരുന്നില്ല. അവ നിലനിർത്തുന്നതിനാവശ്യമായ കൗശലങ്ങളും തന്ത്രങ്ങളും അവർ മെനഞ്ഞുകൊണ്ടിരുന്നു. അത്തരം ആളുകളുടെ താല്പര്യം സംരക്ഷിക്കുന്നതിനുള്ള നടപടികളാണ് ഇപ്പോൾ പാവപ്പെട്ടവരുടെ പേരുപറഞ്ഞ് സാമ്പത്തികാടിസ്ഥാനത്തിൽ സംവരണം ഏർപ്പെടുത്തുന്നതിന് നേതൃത്വം നല്കുന്നവർ ശ്രമിക്കുന്നത്. അധികാരപങ്കാളിത്തം ഇല്ലാതിരുന്ന അധഃസ്ഥിത-പിന്നാക്ക ജനവിഭാഗങ്ങൾക്ക് അതുറപ്പാക്കുന്നതിനാവശ്യമായ ഒരു നടപടിയും സ്വീകരിച്ചില്ല എന്നു മാത്രമല്ല അതിനു ശ്രമിക്കുകപോലും ചെയ്തിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.
അഖിലേന്ത്യാടിസ്ഥാനത്തിൽ ഒ.ബി.സി. വിഭാഗങ്ങൾക്ക് അധികാരപങ്കാളിത്തം ഉറപ്പാക്കുന്ന ഉദ്യോഗസംവരണം നടപ്പാക്കിത്തുടങ്ങിയത് മണ്ഡൽ കേസിലെ 16.11.1992-ലെ വിധിയെത്തുടർന്ന് 1993 മുതൽ മാത്രമാണ്. അന്ന് ബി.പി. മണ്ഡൽ ശേഖരിച്ച കണക്കുപ്രകാരം രാജ്യത്തെ ജനങ്ങളിൽ 52% മറ്റ് പിന്നാക്ക വിഭാഗത്തിൽ (ഒ.ബി.സി.) ഉൾപ്പെട്ടവരാണ്. ഈ ജനവിഭാഗത്തിന് ഉദ്യോഗതലത്തിലുണ്ടായിരുന്ന പങ്കാളിത്തം 4.69 ശതമാനം മാത്രമായിരുന്നു. ഇവർക്ക് 52% സംവരണം അനുവദിക്കേണ്ടിയിരുന്നു. എന്നാൽ സംവരണത്തിനായി നീക്കിവെയ്ക്കുന്ന പദവികൾ 50 ശതമാനത്തിൽ കവിയരുതെന്ന ചില കോടതിവിധികളുടെ അടിസ്ഥാനത്തിൽ ഒ.ബി.സി. സംവരണം 27 ശതമാനമായി പരിമിതപ്പെടുത്തുകയായിരുന്നു. പട്ടികജാതി വിഭാഗത്തിന് 15 ശതമാനവും പട്ടികവർഗ്ഗവിഭാഗത്തിന് 7.5 ശതമാനവും സംവരണം അവരുടെ ജനസംഖ്യാനുപാതികമായി നിലവിലുണ്ടായിരുന്നു. അതുകൂടി കണക്കിലെടുത്താണ് ഈ പരിമിതപ്പെടുത്തൽ ആവശ്യമായി വന്നത്. ഇപ്രകാരം ഒ.ബി.സി. സംവരണം ഏർപ്പെടുത്തിയപ്പോൾ പിന്നാക്കസമുദായങ്ങളിലെ ക്രീമിലെയർ എന്ന ഒരു വിഭാഗത്തെ ഒഴിവാക്കുകയുണ്ടായി. തത്ഫലമായി യോഗ്യതയുണ്ടായിരുന്നവർക്ക് അർഹതയില്ലാത്ത അവസ്ഥയും അർഹതയുണ്ടായിരുന്നവർക്ക് യോഗ്യതയില്ലാത്ത സാഹചര്യവും സൃഷ്ടിക്കപ്പെട്ടു. അധികാരപങ്കാളിത്തം തടയുന്നതിന് ഭരണം നിയന്ത്രിച്ചിരുന്ന സവർണനേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും ഒരു കൗശലമായിരുന്നു ക്രീമിലെയർ വ്യവസ്ഥ ഏർപ്പെടുത്തൽ. അതിനെത്തുടർന്ന് അധികാരമുള്ള ഉയർന്ന തസ്തികകളിലും ഉന്നത ബിരുദവും സാങ്കേതിക പരിജ്ഞാനവും ആവശ്യമായ ഒട്ടനവധി തസ്തികകളിൽ അർഹരായവരെ ലഭ്യമാവാതെ തസ്തികകൾ ഒഴിഞ്ഞുകിടന്നു. സംവരണം 1993ൽ ഏർപ്പെടുത്തി 25 വർഷത്തിനുശേഷം 2018ൽ ലഭ്യമായ കണക്കുകൾ പ്രകാരം ഒ.ബി.സി. പ്രാതിനിധ്യം കേന്ദ്ര ഉദ്യോഗമേഖലയിൽ കേവലം 6.9 ശതമാനം മാത്രമാണ്. കേരളസംസ്ഥാനത്ത് ഇന്ന് നിലവിലുള്ള സംവരണം 1958-ൽ നിലവിൽ വന്ന കെ.എസ്. ആന്റ് എസ്.എസ്.ആർ. പ്രകാരം ഒ.ബി.സി. വിഭാഗത്തിന് 40 ശതമാനവും പട്ടികവിഭാഗത്തിന് 10 ശതമാനവുമാണ്. 2002-ൽ പിന്നാക്കസമുദായങ്ങളുടെ ഉദ്യോഗസ്ഥ പ്രാതിനിധ്യം സംബന്ധിച്ച കണക്കെടുപ്പ് നടത്തിയ ജസ്റ്റിസ് കെ.കെ. നരേന്ദ്രൻ കണ്ടെത്തിയത് പിന്നാക്കസമുദായങ്ങൾക്ക് സംവരണത്തിലൂടെ നീക്കിവച്ച തസ്തികകളിൽ പോലും പൂർണ്ണമായി എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല എന്നതാണ്. സംവരണത്തോടൊപ്പം മെറിറ്റിലൂടെയും ഉദ്യോഗത്തിലെത്തി മതിയായ പങ്കാളിത്തം (Adequate Representation) ഉറപ്പാകേണ്ടിയിരുന്നു. എന്നാൽ മതിയായ പങ്കാളിത്തം എത്തിയില്ല എന്നു മാത്രമല്ല സംവരണതോതുപോലും പൂർത്തിയാക്കാനായില്ല എന്നതായിരുന്നു വസ്തുത.
ഈ സാഹചര്യത്തിൽ വേണം ഇപ്പോഴത്തെ സാമ്പത്തികസംവരണ നീക്കത്തെ വിലയിരുത്തുവാൻ. സാമ്പത്തികസംവരണവും മുന്നോക്കജാതികൾക്ക് സംവരണം ഏർപ്പെടുത്തുന്നതും ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീംകോടതിയുടെ ഒൻപതംഗ ഭരണഘടനാബഞ്ച് പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഈ സാഹചര്യത്തിലായിരിക്കാം ഭരണഘടനാഭേദഗതിക്ക് സർക്കാർ ശ്രമം തുടങ്ങിയിട്ടുള്ളത്. യഥാർത്ഥത്തിൽ സർക്കാർ അധികാരപങ്കാളിത്തത്തിൽ എത്തിച്ചേരാൻ കഴിയാതെപോയ പിന്നാക്കവിഭാഗങ്ങൾക്ക് അതുറപ്പാക്കുന്നതിനുവേണ്ടിയായിരുന്നു ഭരണഘടനാഭേദഗതിക്ക് ശ്രമിക്കേണ്ടിയിരുന്നത്. അധികാരം പങ്കുവെയ്ക്കാൻ തയ്യാറല്ലാത്തവനെ സംരക്ഷിക്കുവാനുള്ള നീക്കത്തിന് ശ്രമിക്കുന്നത് ജനാധിപത്യവിരുദ്ധവും നീതിനിഷേധവുമാണ്. ഭരണഘടനാഭേദഗതി വേണ്ടിയിരുന്നത് പങ്കാളിത്തം ഇപ്പോഴും എത്തിച്ചേരാത്ത പിന്നാക്കവിഭാഗങ്ങളുടെ സംവരണതോത് 27 ശതമാനത്തിൽനിന്നും 52 ശതമാനമായി ഉയർത്തുന്നതിനും അവസരം നിഷേധിക്കുന്ന ക്രീമിലെയർ വ്യവസ്ഥ ഒഴിവാക്കുന്നതിനും വേണ്ടി ആവണമായിരുന്നു.
പാവപ്പെട്ടവരെ സഹായിക്കുന്നതിന് വേണ്ടിയിരുന്നത് സാമ്പത്തികോന്നമന പരിപാടികളാണ്. അത് ശക്തിപ്പെടുത്തുകയും മതിയായ തുക കണ്ടെത്തി അത്തരക്കാർക്ക് ലഭ്യമാക്കുകയുമായിരുന്നു ഭരണാധികാരികൾ നിർവ്വഹിക്കേണ്ടിയിരുന്ന കടമ. രാഷ്ട്രീയനേതൃത്വങ്ങളുടെയും അധികാരികളുടെയും നയവും ആദർശവും നിലപാടും പ്രായോഗികതലത്തിൽ വരുമ്പോൾ ഒഴിവാക്കപ്പെടുന്ന കൗശലം സാധാരണക്കാരായ ജനങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. സി.പി.എമ്മും നായർ സർവ്വീസ് സൊസൈറ്റി (എൻ.എസ്.എസ്.) യും ജാതിസംവരണം നിർത്തലാക്കണമെന്നും പാവപ്പെട്ടവർക്ക് സാമ്പത്തികാടിസ്ഥാനത്തിൽ സംവരണം നല്കണമെന്നുമാണ് അവകാശപ്പെടുന്നത്. എന്നാൽ ഇരുകൂട്ടരും ഇപ്പോൾ നടപ്പാക്കാൻ ശ്രമിക്കുന്നത് മുന്നോക്കജാതികൾക്ക് മാത്രമായ സംവരണമാണ്. ജാതിയും മതവുമൊക്കെ ഒഴിവാക്കണമെന്നും വർഗ്ഗപരമായ സ്ഥിതിയാണ് ഉണ്ടാവേണ്ടതെന്നും ഇവർ ആഗ്രഹിക്കുന്നെങ്കിൽ മുന്നോക്കജാതിയിൽപ്പെട്ടവർ എന്ന പ്രയോഗം ഒഴിവാക്കി പാവപ്പെട്ടവർ എന്ന് മാത്രം തീരുമാനിക്കേണ്ടിയിരുന്നു. അങ്ങനെയായാൽ ജാതിയും മതവുമൊക്കെ ഉപേക്ഷിക്കുവാൻ ആഗ്രഹിക്കുന്ന പട്ടിക-പിന്നാക്കവിഭാഗങ്ങളിൽപ്പെട്ടവർക്കും ഈ അവസരം പ്രയോജനപ്പെടുത്താനാവുമായിരുന്നു. മുന്നോക്കജാതി എന്ന് നിർബന്ധപൂർവ്വം ആവർത്തിച്ചാവശ്യപ്പെടുന്നതിൽനിന്നും ഇവരുടെ നയത്തിന്റെയും ആദർശത്തിന്റെയും പൊള്ളത്തരം പുറത്തുവരുന്നു. ഇനി മുന്നോക്കജാതിയിൽപ്പെട്ടവർക്ക് 10 ശതമാനം സംവരണം അനുവദിക്കുമ്പോൾ ഈ സംവരണതോത് നിശ്ചയിച്ചതിന്റെ യുക്തി പരിശോധിക്കപ്പെടേണ്ടതുണ്ട്. ഇന്ത്യയിൽ ഇപ്പോൾ ഒ.ബി.സി. വിഭാഗം 55 ശതമാനമാണ്. പട്ടികജാതി-പട്ടികവർഗ്ഗവിഭാഗക്കാരും 25 ശതമാനത്തോളം വരും. മൊത്തത്തിൽ പട്ടിക-പിന്നാക്കവിഭാഗങ്ങൾ ആകെ ജനസംഖ്യയുടെ 80 ശതമാനമാണ്. സംവരണത്തെ അട്ടിമറിക്കാൻ താല്പര്യമുള്ള ആളുകൾ ചില സാമ്പിൾ സർവേകളും തല്പരകക്ഷികളുടെ റിപ്പോർട്ടുകളും ചൂണ്ടിക്കാണിച്ച് ഈ ജനസംഖ്യാ പ്രാതിനിധ്യത്തെ കുറച്ചുകാണിക്കാൻ ശ്രമിക്കുന്നുണ്ട്. 1993-നുശേഷം കൂടുതൽ സമുദായങ്ങൾ ഒ.ബി.സി. പട്ടികയിൽ എത്തിച്ചേർന്നതും ഇതരമുന്നോക്കസമുദായങ്ങളെ അപേക്ഷിച്ച് പട്ടിക-പിന്നാക്കവിഭാഗങ്ങളുടെ ജനന നിരക്കിലുള്ള വർദ്ധനവുമാണ് ഈ വർദ്ധിച്ച പങ്കാളിത്തത്തിനു കാരണം. നിലവിൽ ജനസംഖ്യയിൽ 20 ശതമാനം മാത്രം വരുന്ന മുന്നോക്കസമുദായങ്ങളാണ് അധികാരത്തിന്റെ 80 ശതമാനവും അനുഭവിക്കുന്നത്. 55 ശതമാനമുള്ള ഒ.ബി.സി.ക്ക് 27 ശതമാനവും 25 ശതമാനമുള്ള പട്ടികവിഭാഗങ്ങൾക്ക് 22.5 ശതമാനവുമാണ് നിലവിലുള്ള സംവരണം. കേവലം 20 ശതമാനം മാത്രം വരുന്ന മുന്നോക്കസമുദായങ്ങൾക്കാണ് വീണ്ടും 10 ശതമാനം സംവരണം ഏർപ്പെടുത്തുവാൻ നീക്കം നടത്തുന്നത്. യഥാർത്ഥത്തിൽ പിന്നാക്കസമുദായങ്ങൾക്ക് പങ്കാളിത്തം ഉറപ്പാക്കുന്നതിന് നിലവിലുള്ള സംവരണതോത് ഉയർത്തുകയും തടസ്സങ്ങൾ (ക്രീമിലെയർ വ്യവസ്ഥ) നീക്കംചെയ്യുകയുമാണ് വേണ്ടത്. ഇതിലേക്കാണ് ഭരണഘടനാഭേദഗതി ഉണ്ടാവേണ്ടത്. ഇതിനാവശ്യമായ പ്രവർത്തനങ്ങൾക്ക് രാജ്യത്തെ മുഴുവൻ പട്ടിക-പിന്നാക്കവിഭാഗ സംഘടനകളും നേതാക്കളും ഒത്തൊരുമിക്കേണ്ടതുണ്ട്. ഈ ഒരുമയും ചെറുത്തുനില്പും അവകാശസമ്പാദനവുമാകണം സാമൂഹ്യനീതി ആഗ്രഹിക്കുന്ന, ഭരണഘടനയെ അംഗീകരിക്കുകയും അതിനോട് കൂറുപുലർത്തുകയും ചെയ്യുന്ന മുഴുവൻ ജനാധിപത്യവിശ്വാസികളുടെയും ചുമതല.
ഇപ്പോൾ നടക്കുന്നത് അന്ധനായ വ്യക്തിയുടെ സ്വത്തുവകകൾ തട്ടിയെടുക്കുവാൻ കാണിക്കുന്ന തന്ത്രവും വൈകല്യമുള്ളവനെ തോല്പിക്കുവാൻ നടത്തുന്ന കായികാഭ്യാസപ്രകടനവും മാത്രമാണ്. രാജ്യത്തെ ഭൂരിപക്ഷം പിന്നാക്കജനതയും അന്ധന്റെയും വൈകല്യമുള്ളവന്റെയും അവസ്ഥയിലാണ്. ദാരിദ്ര്യം കൊണ്ട് പൊറുതിമുട്ടുന്നവൻ വിത്ത് എടുത്തു കുത്തി കഞ്ഞിവച്ചും ആഹാരമുണ്ടാക്കുവാൻ ശ്രമിക്കും. അതവന്റെ കുറ്റമല്ല. ഗതികേടാണ്. ഇത്തരം ഗതികേടുകളെയും ദൗർബല്യങ്ങളെയും ചൂഷണംചെയ്യുന്ന ഭരണാധികാരികളെയും രാഷ്ട്രീയനേതാക്കളെയും തള്ളിപ്പറയുവാനും തള്ളിക്കളയുവാനും അധഃസ്ഥിത-പിന്നാക്കജനത തയ്യാറാവുമ്പോൾ മാത്രമേ സാമൂഹ്യനീതിയും അധികാരപങ്കാളിത്തവും അതിലൂടെ യഥാർത്ഥ സ്വാതന്ത്ര്യവും കൈവരികയുള്ളൂ. അതിനുള്ള പോരാട്ടത്തിന് തയ്യാറാവുക.

(പിന്നാക്കവിഭാഗ വികസനവകുപ്പ് ഡയറക്ടറായിരുന്നു ലേഖകൻ
9447275809)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT