AUDIO

പെയ്‌തൊഴിയാതെ വിഷമേഘങ്ങൾ

ഒ.സി.മോഹൻരാജ് | Wednesday 30 January 2019 12:23 AM IST

endosulfan

കാസർകോട് ജില്ലയിലെ നെഞ്ചം പറമ്പിലെയും മിഞ്ചിപദവിലെയും കുഞ്ഞുമരണങ്ങൾ ഇപ്പോൾ ഒരു വാർത്തയല്ലാതായിരിക്കയാണ്. ഒന്നുറക്കെ കരയും മുമ്പ് കൈവിട്ടു പോകുന്ന കുഞ്ഞുങ്ങളുടെ വിയോഗം കാസർകോട്ടെ അമ്മമാരുടെ നെഞ്ചിൽ ഇപ്പോഴും നെരിപ്പോടായി എരിയുകയാണ്. എൻഡോസൾഫാൻ എന്ന ആഗോള വിഷഭീകരന്റെ നീരാളിക്കൈകൾ അമ്മമാരുടെ ചേർത്തുവച്ച നെഞ്ചിൽ ഒട്ടിപ്പിടിച്ച കുഞ്ഞുങ്ങളെ അടർത്തിമാറ്റുന്നു. കുഞ്ഞുങ്ങളുടെ വിലാപം കാതുകളിൽ ആർത്തലക്കുമ്പോഴും അതിർത്തി ഗ്രാമങ്ങളിലെ അമ്മമാർ ഉറങ്ങുന്നില്ല. അവർ വീണ്ടും സമരത്തിനിറങ്ങുകയാണ്. എൻഡോസൾഫാൻ ദുരിതം പേറുന്ന കാസർകോട് ജില്ലയിലെ 11 ഗ്രാമപഞ്ചായത്തുകളിലെ അമ്മമാരും ഇരകളും ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല ഉപവാസത്തിന് തുടക്കമിടുകയാണ്. ഓരോ സമരവും പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന ചരിത്രം ഇത്തവണ ആവർത്തിക്കില്ലെന്ന വാശിയോടെയാണ് സമരക്കാർ സെക്രട്ടറിയേറ്റിനു മുന്നിലെത്തുന്നത്. കേരളത്തിന്റെ വടക്കേ അറ്റത്ത് നിന്നു തിരുവനന്തപുരത്തേക്കുള്ള 500 കിലോമീറ്റർ യാത്ര പുതുജീവന്റെ തീർഥയാത്ര കൂടിയാണ്.

നെഞ്ചംപറമ്പിലെ നാരായണനെയും മമതയെയും കേരളത്തിന് ഒരിക്കലും മറക്കാനാവില്ല. നാല് കുഞ്ഞുങ്ങളുടെ മരണം ഏറ്റുവാങ്ങിയ ദമ്പതികളാണ് അവർ. പുത്രവിയോഗത്തിന്റെ ആൾരൂപങ്ങൾ.മൂത്തവൻ നവീൻ. രണ്ടാമത്തെവൻ നാഗേഷ്. മോണ കാട്ടി പാൽപുഞ്ചിരി പൊഴിച്ച് മുട്ടിലിഴഞ്ഞ് നടക്കും മുമ്പെ വിധി അവരെ അടർത്തി മാറ്റുകയായിരുന്നു. മാതാപിതാക്കളെ തനിച്ചാക്കി ഒരു വാക്കുപോലും പറയാതെ വിഷമഴയിൽ നനഞ്ഞ് കുതിർന്ന് മരണത്തെ പുൽകിയ പിഞ്ചോമനകൾ നാരായണന്റെയും മമതയുടെയും ഓർമ്മചിത്രങ്ങളാണ്.

ഒരു പക്ഷേ ഭോപ്പാലിനു ശേഷം കേരളത്തിൽ തലമുറകളായി ദുരിതം പേറുന്ന മറ്റൊരു ഇടം കാസർകോട്ടെ ഈ അതിർത്തി ഗ്രാമങ്ങളാണ്. 2001ന് ശേഷം ബാക്കിയായ എൻഡോസൾഫാൻ കുഴിച്ചിട്ട കുന്നിൻചെരിവാണ് നെഞ്ചംപറമ്പ്. ഒരു ഗ്രാമത്തിന് അകാലമരണവും അംഗവൈകല്യവും സമ്മാനിച്ച വിഷക്കൂട്ട് നിറച്ച സിമന്റ് ടാങ്കുകൾ ഇവിടെ ഇപ്പോഴും കശുമാവിൻ തോട്ടത്തിൽ പ്രേതം പോലെ പല്ലിളിക്കുന്നുണ്ട്.

സ്വർഗയും കാറഡുക്കയിലും എൻമഗജെയും കാഡകവും ബേഡകവും കൈക്കോണ്ടുകുണ്ടും

മീനാപ്പീസും കണ്ണീർമഴയിൽ നനയാതെ കടന്നുപോകാൻ കഴിയില്ല.മുപ്പത് കഴിഞ്ഞ സമീറയെയും സതീശനെയും ഒക്കത്ത് ചേർത്ത് വച്ച് പേറി നടക്കുന്ന അമ്മമാർ പാതയോരത്തെ ദുരന്തകാഴ്ചകളാണ്. വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കൗമാരം വിട്ടുമാറിത്തുടങ്ങിയ മക്കൾ അമ്മയ്ക്ക് ചുറ്റും വട്ടമിട്ടു കളിക്കുന്നതും കരൾ പിളരുന്ന നൊമ്പരങ്ങളായി മാറുകയാണ്.

കഴിഞ്ഞ വർഷവും ഇതേ ദിവസം ഈ അമ്മമാരും ഇരകളും സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്തു. എൻഡോസൾഫാൻ പീഡിത മുന്നണിയുടെ നേതൃത്വത്തിലായിരുന്നു സമരം. എല്ലാവരെയും പീഡിതരുടെ പട്ടികയിൽ ഉൾപ്പെടുത്തുമെന്ന സർക്കാർ വ്യവസ്ഥയിൽ സമരം അവസാനിപ്പിക്കുകയായിരുന്നു. എന്നിട്ടും ഇവർ ഇപ്പോഴും ഏതോ നിഴലുകളെ നോക്കി നിലവിളിക്കുകയാണ്.

ഈ സർക്കാർ 1905 പേരുടെ പട്ടിക തയ്യാറാക്കി. പിന്നീട് അത് 287 പേരായി ചുരുങ്ങി. പതിനായിരം പേരാണ് സഹായധനത്തിനും മറ്റുമായി അപേക്ഷ നൽകിയിരുന്നത്. 2013ൽ ഇരുപതിനായിരം അപേക്ഷകൾ ലഭിച്ചു. ആറായിരം പേരെ പട്ടികയിൽ ഉൾപ്പെടുത്തി. പക്ഷേ സഹായധനം ലഭിച്ചത് നാനൂറിൽ താഴെ പേർക്ക് മാത്രം. പട്ടികയിൽ അട്ടിമറികൾ ആവർത്തിക്കുമ്പോൾ ഇവരുടെ കാത്തിരിപ്പിൽ ബാക്കിയാകുന്നത് ശൂന്യത മാത്രമാണ്.

അജാന്നൂരിലെ അമൃതവർഷിണിയും പള്ളിക്കരയിലെ സ്മിതയും കൈക്കോണ്ടുംകുണ്ടിലെ അറഫാത്തും ബേഡകത്തെ അശ്വിനും അത്തിക്കോത്തെ ശ്രീരാജും കാഡകത്തെ ദേവ്നയും ഇവരിൽ ചിലർ മാത്രമാണ്. അമ്മമാരുടെ മുലപ്പാലിൽ പോലും വിഷഭീകരൻ പിടിമുറുക്കിയതു കാരണം ഇവരിൽ പലർക്കും ജീവിതത്തിലേക്ക് തിരിച്ചുവരാൻ കഴിയില്ലെന്ന് വിധിയെഴുതിയത് കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ വിദഗ്ധ സംഘമാണ്.

മുഴുവൻ ദുരിതബാധിതരെയും പട്ടികയിൽ ഉൾപ്പെടുത്തുക, കടങ്ങൾ എഴുതിത്തള്ളുക,പുനരധിവാസ ഗ്രാമം യാഥാർഥ്യമാക്കുക തുടങ്ങിയവയാണ് ഇവരുടെ പ്രധാനആവശ്യങ്ങൾ.

ഈ സർക്കാർ വന്നതിനു ശേഷം 110 പേർക്കാണ് സഹായധനം നൽകിയത്. കടങ്ങൾ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചുവെങ്കിലും അതും യാഥാർഥ്യമായില്ല. അരലക്ഷം മുതൽ മൂന്ന് ലക്ഷം വരെയാണ് ഇവരുടെ കടങ്ങൾ. ഇതിനായി വിവിധ കമ്മിറ്റികൾ നിരവധി തവണ യോഗം ചേർന്നെങ്കിലും പ്രഖ്യാപനം നടന്നില്ലെന്ന് സമര സമിതി നേതാക്കൾ പറയുന്നു.

എൻഡോസൾഫാൻ ദുരിതബാധിതരായ മുപ്പത് പേരാണ് ഇന്ന് മുതൽ സമരത്തിനിറങ്ങുന്നത്. നീതി ലഭിക്കും വരെ സമരം തുടരാനാണ് അവരുടെ തീരുമാനം.

പോരാട്ടം പാതിവഴിയിൽ അവസാനിപ്പിക്കില്ല

ഇത്തവണ മുമ്പത്തെ പോലെ സമരം പാതിവഴിയിൽ അവസാനിപ്പിക്കാൻ തയ്യാറല്ല. തങ്ങളുടെ ആവശ്യങ്ങൾ അനുവദിച്ചും കിട്ടും വരെ സമര മുഖത്ത് തുടരും. ദുരിതബാധിതരുടെ വേദനകൾ പൂർണമായും അറിയുന്ന മന്ത്രി ഇ. ചന്ദ്രശേഖരൻ ഉൾപ്പടെയുള്ളവരിലാണ് ഇത്തവണ പ്രതീക്ഷ. സർക്കാർ തങ്ങളുടെ ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കുമെന്നാണ് കരുതുന്നത്. ഇപ്പോൾ നൽകി വരുന്ന തുച്ഛമായ പെൻഷൻ തുക വർദ്ധിപ്പിക്കുന്നതുൾപ്പടെയുള്ള ആവശ്യങ്ങൾ സർക്കാരിന്റെ പരിഗണനയിലാണ്.

നേരത്തെ 77 പഞ്ചായത്തുകളിലെയും മൂന്ന് നഗരസഭകളിലെയും എൻഡോസൾഫാൻ ബാധിതരുടെ കണക്കെടുത്തുവെങ്കിലും പിന്നീട് അത് 11 പഞ്ചായത്തുകളിലായി ചുരുക്കുകയായിരുന്നു. ഈ നീതിനിഷേധം പൊറുക്കാനാവാത്തതാണ്. അർഹതയുള്ളവരെ വെട്ടിനിരത്തി പട്ടികയിൽ തിരിമറി നടത്തിയതിനെയും ഗൗരവത്തോടെ തന്നെയാണ് സമര സമിതി കാണുന്നത്. ആവശ്യങ്ങൾ അനുവദിക്കുന്നതു വരെ സമര രംഗത്ത് നിന്ന് പിന്മാറില്ല.

-അമ്പലത്തറ കുഞ്ഞികൃഷ്ണൻ, സമരസമിതി കൺവീനർ

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT