AUDIO

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്‌കരണ നീക്കം ആത്മഹത്യാപരം

എം. വിജയകുമാർ | Saturday 23 February 2019 12:45 AM IST
m-vijayakumar

കേരളത്തിന്റെ പൈതൃക സ്വത്താണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. ചരിത്ര പ്രാധാന്യമുള്ള ഈ വിമാനത്താവളം 1932ൽ തിരുവിതാംകൂറിൽ സ്ഥാപിതമായി.

1991 ൽ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന വി.പി. സിംഗ് തിരുവനന്തപുരം വിമാനത്താവളത്തെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഇ.കെ. നായനാർ അദ്ധ്യക്ഷനായ ഒരു പൗരസ്വീകരണത്തിൽ വച്ചാണ് സുപ്രധാനമായ ആ പ്രഖ്യാപനം ഉണ്ടായത്. വി.പി. സിംഗ് സർക്കാരിന് പ്രഖ്യാപനം മാത്രമേ നടത്താൻ സാധിച്ചുള്ളൂ. തുടർന്നുള്ള വികസനത്തിന് ഒരു വ്യാഴവട്ടക്കാലം തന്നെ കാത്തിരിക്കേണ്ടിവന്നു.

ഇടതുപക്ഷത്തിന് നിർണായക സ്വാധീനമുള്ള ഒരു ഭരണമാറ്റം കേന്ദ്രത്തിൽ വന്നു. ഒന്നാം യു.പി.എ സർക്കാർ അധികാരത്തിൽ വന്നു. വിമാനത്താവളത്തിന് ചിറകുമുളച്ചു. നമുക്ക് ഒരു പുതിയ ഇന്റർനാഷണൽ ടെർമിനൽ അനുവദിച്ചുകിട്ടി. 2006ൽ അധികാരത്തിൽ വന്ന എൽ.ഡി.എഫ് സർക്കാർ അതിനു ആക്കം കൂട്ടി. ചാക്കയിൽ പുതിയ ടെർമിനൽ 290 കോടി രൂപ കേന്ദ്രം അനുവദിച്ചു. സംസ്ഥാന സർക്കാർ സ്ഥലം ഏറ്റെടുത്തു നൽകണം പുതിയ കവാടവും നിർമ്മിച്ചു നൽകണം. സമയബന്ധിതമായി പുതിയ ടെർമിനൽ പൂർത്തീകരിച്ചു. ഇതോടൊപ്പം മറ്റൊരു വികസനവും കടന്നുവന്നു. സംസ്ഥാന സർക്കാർ മുൻകൈയെടുത്തു എയർ ഇന്ത്യയുടെ ഒരു ഹാംഗർ യൂണിറ്റ് ചാക്കയിൽ സ്ഥാപിച്ചു

രണ്ടാം ഘട്ട വികസനത്തിന് കാലതാമസം വന്നു എങ്കിലും ഇപ്പോൾ തുടക്കം കുറിച്ചു. സംസ്ഥാന സർക്കാർ 18 ഏക്കർ സ്ഥലം ഏറ്റെടുത്തു നൽകണം. എ.എ.ഐ 600 കോടി രൂപ ചെലവഴിച്ചു രണ്ടാംഘട്ട വികസനം പൂർത്തിയാക്കും. അതിനുവേണ്ടി കേരളത്തിലെ മുഖ്യമന്ത്രി ചെയർമാനായ ഒരു വികസന സമിതിക്ക് രൂപം നൽകി. അപ്പോഴാണ് നാടകീയമായ ഈ സ്വകാര്യവത്‌കരണം.

വികസന സാദ്ധ്യതകളും

തിരുവനന്തപുരം ഉൾപ്പെടെ ലാഭകരമായി പ്രവർത്തിക്കുന്ന 6 വിമാനത്താവളങ്ങളെ സ്വകാര്യവത്‌കരിക്കാനുള്ള മോദി സർക്കാരിന്റെ തീരുമാനം തികച്ചും ആത്മഹത്യാപരമാണ്. കോർപറേറ്റ് താത്‌പര്യങ്ങൾ മാത്രം ലക്ഷ്യം വച്ചുള്ളതുമാണ്. അതോടൊപ്പം പ്രസ്തുത നടപടി നിയമവിരുദ്ധവും, ജനാധിപത്യ വിരുദ്ധവുമാണ്. നിലവിലുള്ള കേന്ദ്ര സർക്കാർ ഉത്തരവുകൾക്കും വിരുദ്ധമാണ്.

എയർ പോർട്ട് സ്വകാര്യവത്‌കരണത്തിന് തുടക്കം കുറിച്ചത് കഴിഞ്ഞ യു.പി.എ സർക്കാരാണ്. രാജ്യത്തെ ഏറ്റവും പ്രമുഖമായ രണ്ട് വിമാനത്താവളങ്ങൾ ഡൽഹിയും മുംബൈയും അന്ന് സ്വകാര്യവത്കരിച്ചു. വൻ വിവാദങ്ങൾക്കതു വഴിതെളിച്ചു.

1994ലെ എയർപോർട്ട് അതോറിട്ടി ഒഫ് ഇന്ത്യ ആക്ട് അനുസരിച്ചാണ് ഇന്ത്യയിലെ എയർപോർട്ടുകൾ പ്രവർത്തിക്കുന്നത്. ആ ആക്ടിലെ വ്യവസ്ഥകൾ വച്ചുകൊണ്ടല്ലാതെ ഒരു എയർപോർട്ടിനും പ്രവർത്തിക്കാൻ അവകാശമില്ല. എയർപോർട്ടുകൾ സ്വകാര്യവത്‌കരിക്കണമെങ്കിൽ ആദ്യം നിലവിലുള്ള നിയമങ്ങൾ ഭേദഗതി ചെയ്ത് പാർലമെന്റ് പാസാക്കണം. അതുകൊണ്ട് തന്നെ മന്ത്രിസഭായോഗത്തിന്റെ സ്വകാര്യവത്‌കരണ തീരുമാനം നിയമപരമായി നിലനിൽക്കുന്നതല്ല. നിയമവിരുദ്ധമാണ് ഈ നടപടി.

സ്വകാര്യവത്കരണംഅനിവാര്യമാണോ?

പ്രസക്തമായ ഒരു ചോദ്യമാണിത്. വികസനത്തിന് സ്വകാര്യവത്‌കരണമാണ് പോംവഴി എന്നു പറയുന്നത് ഒരു കോർപറേറ്റ് പ്രചാരവേലയാണ്. ഭരണകൂടം ആയാൽ പോലും അതിനു കൂട്ടുനിൽക്കുന്നത് കോർപറേറ്റ് താത്‌പര്യത്തിനും കൊള്ളലാഭത്തിനും കൂട്ടുനിൽക്കുന്നതിന് തുല്യമാണ്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള വികസനം ഏതു രൂപത്തിൽ വികസിപ്പിക്കുന്നതിനും എയർ പോർട്ട് അതോറിട്ടി ഒഫ് ഇന്ത്യയ്ക്ക് സാധിക്കും. അതിനുള്ള വിഭവങ്ങൾ ഇവിടെ തന്നെയുണ്ട്. കഴിഞ്ഞ വർഷത്തെ ലാഭം തന്നെ 170 കോടി രൂപയാണ്. സ്വകാര്യവത്‌കരണ വാദഗതിയുടെ മുനയൊടിക്കുന്നതാണ് ഈ വസ്തുതകൾ.

സമയോചിതമായ ഇടപെടൽ

സ്വകാര്യവത്‌കരണം പാടില്ല എന്ന തരത്തിലുള്ള ജനങ്ങളുടെ വികാരവും പ്രതിഷേധവും ശക്തമായിക്കൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ കേരളത്തിലെ പിണറായി സർക്കാരിന്റെ ഉറച്ച നിലപാട് നമുക്ക് ആശ്വാസം നൽകുന്ന കാര്യമാണ്. സംസ്ഥാന സർക്കാർ സ്വകാര്യവത്‌കരണം നിറുത്തിവയ്ക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവർത്തിച്ച് ആവർത്തിച്ച് പറഞ്ഞു കഴിഞ്ഞു. തിരുവനന്തപുരം വിമാനത്താവളം കേരള ജനതയുടെ പൊതുസ്വത്താണ്, പൈതൃക സ്വത്താണ്. അതിന്റെ നടത്തിപ്പിൽ നിന്ന് കേന്ദ്ര സർക്കാർ പിൻവാങ്ങുന്നെങ്കിൽ അത് സംസ്ഥാന സർക്കാരിന് കൈമാറണം എന്ന ഉറച്ച നിലപാടിലാണ് സംസ്ഥാന സർക്കാർ.( ( എയർപോർട്ട് ആക്‌ഷൻ കൗൺസിൽ ചെയർമാനണ് ലേഖകൻ)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT