സ്‌ത്രീകളിലെ മൂത്രരോഗാണുബാധ

Saturday 13 April 2019 12:35 PM IST

health

മുതിർന്ന സ്‌ത്രീകളിൽ 50 ശതമാനം പേർക്ക് ജീവിതത്തിലൊരിക്കലെങ്കിലും മൂത്രരോഗാണുബാധ ഉണ്ടായിരിക്കും. വൃക്കയെ ബാധിക്കുന്ന മൂത്രരോഗാണുബാധമൂലം നടുവേദന, പനി, വിറയൽ മുതലായവ ഉണ്ടാകും. മൂത്രാശയത്തിലെ രോഗാണുബാധമൂലം മൂത്രമൊഴിക്കുമ്പോൾ വേദന, കൂടുതൽ തവണ മൂത്രം പോവുക, പെട്ടെന്ന് മൂത്രം പോവുക മുതലായവ ഉണ്ടാകും.

മലാശയത്തിലുള്ള ബാക്ടീരിയയാണ് സാധാരണയായി രോഗാണുബാധ ഉണ്ടാക്കുന്നത്. ഇ കോളി ആണ് പ്രധാനവില്ലൻ. പ്രോടിയസ്, ക്ളെബ്‌സിയല്ല മുതലായ ബാക്ടീരിയകളും മൂത്രരോഗാണുബാധ ഉണ്ടാക്കുന്നുണ്ട്. സ്‌ത്രീകളിലെ മൂത്രനാളം പുരുഷന്മാരെ അപേക്ഷിച്ച് നീളം കുറവായതിനാൽ മൂത്രരോഗാണുബാധ കൂടുതലായി കാണപ്പെടുന്നു. സ്ത്രീകളിൽ യോനിയുടെ ആവരണങ്ങളിൽ രൂപപ്പെടുന്ന ബാക്ടീരിയൽ കോളനികളാണ് മൂത്രരോഗാണുബാധ ഉണ്ടാക്കുന്നത്. ആവരണങ്ങളിൽ ഒട്ടിപ്പിടിക്കാനുള്ള ബാക്ടീരിയയുടെ കഴിവ്, യോനിസ്രവങ്ങൾ, P H ഈസ്ട്രജൻ ഹോർമോണിന്റെ സാന്നിദ്ധ്യം മുതലായവ അണു ബാധയുടെ സാദ്ധ്യതയെ ബാധിക്കുന്ന ഘടകങ്ങളാണ്.

ലൈംഗികബന്ധം, ഗർഭനിരോധന ഉപാധികൾ മുതലായവ അണുബാധ വർദ്ധിപ്പിക്കുന്നു. പ്രമേഹം, വയസാകുമ്പോൾ ജനനേന്ദ്രിയങ്ങളിലെ വ്യതിയാനങ്ങൾ മുതലായവ മൂത്രരോഗാണുബാധ കൂട്ടുന്നു.

ബാല്യകാലത്തെ മൂത്രരോഗാണുബാധ, മൂത്രവ്യവസ്ഥയിൽ ചെയ്ത ശസ്ത്രക്രിയകൾ, മൂത്രക്കല്ല്, പ്രമേഹം മുതലായ കാര്യങ്ങൾ ഉള്ള സ്ത്രീകൾക്ക് വിശദമായ പരിശോധന അർഹിക്കുന്നു. മൂത്രത്തിൽ രക്തത്തിന്റെ സാന്നിദ്ധ്യം ഉണ്ടെങ്കിൽ അൾട്രാസൗണ്ട് സ്കാൻ, സിടി സ്കാൻ, സിസ്റ്റോസ്കോപി മുതലായ പരിശോധനകളും അവശ്യം ചെയ്യണം.

മേൽ പറഞ്ഞ പ്രശ്നങ്ങളൊന്നും ഇല്ലാത്ത മൂത്രരോഗാണുബാധയുള്ള സ്‌ത്രീകൾക്ക് മൂന്നു ദിവസത്തെ ആന്റി ബാക്ടീരിയൽ മരുന്നുകൾ മതിയാകും. ചികിത്സയ്ക്കു ശേഷം നിലനിൽക്കുന്ന മൂത്രരോഗാണുബാധ 7-10 ദിവസത്തെ ആന്റി ബാക്ടീരിയൽ ചികിത്സ വേണ്ടിവരും. മൂത്രത്തിന്റെ കൾചർ വഴി അണുബാധയുടെ സാന്നിദ്ധ്യം തിരിച്ചറിയണം,

മൂത്രം കെട്ടിനിൽക്കാതെ ഒഴിച്ചുകളയുക, ലൈംഗികബന്ധത്തിനു മുൻപും ശേഷവും മൂത്രം ഒഴിച്ചുകളയുക, മലശോധനയ്ക്ക് ശേഷം പിറകോട്ട് കഴുകി വൃത്തിയാക്കുക മുതലായ കാര്യങ്ങൾ മൂത്രരോഗാണുബാധയുടെ പ്രതിരോധത്തിന് സഹായകരമാകും. ക്രാൻബറി പഴങ്ങളുടെ സത്ത്, ഈസ്ട്രജൻ ക്രീമുകൾ, ലൈംഗിക ബന്ധത്തിന് ശേഷമുള്ള ഒറ്റ ഡോസ് ആന്റി ബാക്ടീരിയൽ മരുന്നുകൾ മുതലായവ പ്രതിരോധത്തിന് സഹായിക്കും.

ഡോ. എൻ. ഗോപകുമാർ

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN HEALTH
YOU MAY LIKE IN HEALTH