നല്ല വിശേഷത്തിന് മുൻപ് അറിയണം ഈ കാര്യങ്ങൾ

Friday 09 November 2018 2:43 PM IST
pregnancy

ഗർഭിണിയാണെന്ന് അറിയുന്നതു മുതൽ ആശങ്കകളും വളരും. ഗർഭധാരണം ഒരിക്കലും രോഗമല്ലെന്നും ഒരവസ്ഥയാണെന്നും തിരിച്ചറിയുന്നതാണ് പ്രധാനം. അമ്മയുടെ ഉദരത്തിൽ ഇനി ഒരേ സമയം ഒന്നിലധികം ശിശുക്കളാണ് വളർന്നുവരുന്നതെങ്കിൽ ആശങ്കകളും ഇരട്ടിക്കും. ഒരേസമയം രണ്ടു ശിശുക്കളാണ് ഗർഭാശയത്തിൽ വളരുന്നതെങ്കിൽ അവയെ ഇരട്ടകൾ എന്നാണ് പറയുന്നത്. ഇരട്ടകളുടെ ജനനം അപൂർവ്വമാണെങ്കിലും ഇന്നത് അത്ഭുതപ്പെടുത്തുന്ന വാർത്തയല്ല.രണ്ടുതരത്തിലാണ് ഇരട്ടകളെ സാധാരണയായി കാണുന്നത്. സ്ത്രീയുടെ രണ്ടു അണ്ഡങ്ങൾ രണ്ടു പുരുഷ ബീജങ്ങളുമായി സംയോജിച്ച് രണ്ടു ഭ്രൂണങ്ങളുണ്ടാകുന്നതാണ് ആദ്യത്തേത്.ഇവിടെ കുട്ടികൾ ഒന്നുകിൽ രണ്ടും പെണ്ണോ, അതല്ലെങ്കിൽ രണ്ടും ആണോ അതല്ലെങ്കിൽ ആണും പെണ്ണുമോ ആകാം. രണ്ടു ശിശുക്കൾക്കും പ്രത്യേകം പ്രത്യേകം മറുപിള്ളകൾ ഉണ്ടാകും. ഇരട്ടശിശുക്കളിൽ മൂന്നിൽ രണ്ടുപങ്കും ഈ വിഭാഗത്തിൽപ്പെടും. ഇവിടെ സ്ത്രീയുടെ ഒരു അണ്ഡം മാത്രമാണ് ബീജസംയോഗത്തിൽ ഏർപ്പെടുന്നത്. ഈ ഇരട്ടകൾ ഒന്നുകിൽ രണ്ടും ആണോ അതല്ലെങ്കിൽ രണ്ടും പെണ്ണോ ആയിരിക്കും. രണ്ട് ശിശുക്കളുണ്ടെന്ന് കണ്ട് അമ്മ ഒട്ടും ഭയപ്പെടേണ്ട കാര്യമില്ല. അൾട്രാസൗണ്ട് പരിശോധന നടത്തിയാൽ രണ്ടര, മൂന്നുമാസമാകുമ്പോൾ തന്നെ ഇരട്ടകളാണോ എന്ന് തിരിച്ചറിയാം.ഗർഭാരംഭത്തിലെ മനം പിരട്ടലും ഛർദ്ദിയും തുടങ്ങിയ അസ്വസ്ഥതകൾ ഈ അമ്മമാർക്ക് കൂടുതലായിരിക്കും. ഗർഭസ്ഥ ശിശുക്കളുടെ ഹൃദയമിടിപ്പ് പരിശോധിക്കുമ്പോൾ ഒരേസമയം രണ്ടും വ്യത്യസ്തതയുള്ള അനുഭവമായി അറിയാൻ സാധിക്കും.

ബ്രീച്ച് ബേബി
സാധാരണ ഗർഭാവസ്ഥയിൽ ശിശു തല കുത്തനെയുള്ള പൊസിഷനിലാണ് ഗർഭാശയത്തിൽ കാണുന്നത്. എന്നാൽ ബ്രീച്ച് ബേബിയാകുമ്പോൾ തല മുകളിലായിട്ടാണ് കാണപ്പെടുക. സാധാരണ നിലയിൽ നിന്നും വ്യത്യസ്തമായി കൂടുതൽ സമയം വേണം ഈ കുഞ്ഞിനെ പ്രസവിക്കാൻ. ഉടൽ പുറത്തുവന്നശേഷം ഉടനേ തലയും പുറത്തുവരണം. ഇതിന് താമസമുണ്ടായാൽ ശിശുവിന് അപകടമുണ്ടാകും. അതിനാൽ മിക്കആശുപത്രികളിലും ഇത്തരം ഗർഭാവസ്ഥയുള്ളവരെ സിസേറിയന് വിധേയമാക്കും.

ടെസ്റ്റ് ട്യൂബ് ശിശു
ഭർത്താവിന്റെ ആരോഗ്യപ്രശ്നങ്ങൾ കാരണം സന്താനലബ്ധിയില്ലാത്തവർക്കു വേണ്ടിയുള്ള വിദഗ്ദ്ധ ചികിത്സാ മാർഗമാണിത്. ഇതിനുള്ള പൂർണ സംവിധാനങ്ങളുള്ള വന്ധ്യതാ നിവാരണ ക്ലിനിക്കുകൾ ഇന്ന് സർവസാധാരണമാണ്. സ്ത്രീകളിൽ നിന്നും ഓവം പുറത്തെടുക്കുകയും ഒരു ടെസ്റ്റ് ട്യൂബിൽ നിക്ഷേപിക്കുകയുമാണ് ചികിത്സയുടെ ആദ്യഘട്ടം. പിന്നീട് പുരുഷബീജം ഉപയോഗിച്ച് ടെസ്റ്റ് ട്യൂബിനുള്ളിൽ വച്ച് ബീജസങ്കലനം നടത്തുന്നു. ഫെർട്ടിലൈസേഷൻ നടന്ന സ്ത്രീബീജത്തെ ടെസ്റ്റ് ട്യൂബിൽ വളരാൻ അനുവദിക്കുകയും പിന്നീട് സ്ത്രീയുടെ ഗർഭാശയത്തിൽ നിക്ഷേപിക്കുകയും ചെയ്യും. ഗർഭാശയത്തിൽ നിക്ഷേപിച്ച ഭ്രൂണം സാധാരണ ഗർഭത്തിലെപ്പോലെ വളരുകയും ശിശു ജനിക്കുകയും ചെയ്യുന്നു.

സിസേറിയൻ പ്രസവം
വയറു കീറി ഗർഭാശയത്തിൽ മുറിവുണ്ടാക്കി കുഞ്ഞിനെ പുറത്തേയ്ക്കെടുക്കുകയാണ് ഈ ശസ്ത്രക്രിയയിൽ ചെയ്യുന്നത്. വേദനയറിയാതിരിക്കാൻ അനസ്തേഷ്യ നൽകും.സിസേറിൻ ശസ്ത്രക്രിയയിൽ അടിവയറ്റിൽ കുറുകെ മുറിവുണ്ടാക്കിയാണ് ശിശുവിനെ പുറത്തെടുത്തത്. ജനറൽ അനസ്തേഷ്യയോ, സ്പൈനൽ അനസ്തേഷ്യോ, എപ്പിഡ്യൂറൽ അനെസ്തേഷ്യാ നൽകിയാണ് സിസേറിയൻ നിർവ്വഹിക്കുന്നത്. കൂടുതൽ കേസുകളിലും വയറിന് താഴോട്ട് വേദനയറിയാത്ത വിധം മരവിപ്പിക്കുന്ന അനസ്തേഷ്യയാണ് നൽകുന്നത്. അമ്മ അബോധാവസ്ഥയിലാകുന്നില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. ജനറൽ അനസ്തേഷ്യയിലാണ് പ്രസവമെങ്കിൽ അമ്മ അബോധാവസ്ഥയിലാകും.

സാഹചര്യങ്ങൾ ഇങ്ങനെ
*തീരെ പൊക്കം കുറഞ്ഞ ഗർഭിണികൾക്ക് അരക്കെട്ടിലെ അസ്ഥികളുടെ വികാസക്കുറവുള്ളപ്പോൾ
*കുഞ്ഞുങ്ങൾക്ക് വലിപ്പം കൂടിയാൽ
*തലയ്ക്ക് സാധാരണയിൽ കൂടുതൽ വലിപ്പമുണ്ടെങ്കിൽ
*മരുന്ന് കുത്തിവച്ചിട്ടും പ്രസവപുരോഗതി ഇല്ലെങ്കിൽ
*ഗർഭസ്ഥശിശുവിന്റെ ഹൃദയമിടിപ്പ് സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ
*പ്രസവത്തിന് മുമ്പ് രക്തസ്രാവമുണ്ടാകുകയാണെങ്കിൽ
*ചില തരം ഹൃദ്രോഗമുള്ള അമ്മമാരിൽ

ഗർഭഛിദ്രം
ഗർഭഛിദ്രത്തെക്കുറിച്ച് വ്യക്തമായ അവബോധം മാറിയ കാലത്തുമുണ്ടായിട്ടില്ല. പ്രസവമോ, സിസേറിയനോ കഴിഞ്ഞ് ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ തന്നെ ഗർഭിണികളാകേണ്ടി വരുന്ന സ്ത്രീകളുണ്ട്. ഇവർക്ക് സുരക്ഷിതമായ ഗർഭഛിദ്രം നടത്തുവാൻ നിയമം അനുവദിക്കുന്നുണ്ട്. എന്നാൽ ഇതിനുള്ള അംഗീകാരവും സൗകര്യമുള്ളതുമായ സ്ഥാപനങ്ങളിൽ വേണം ചെയ്യാൻ. ഗർഭമുണ്ടെന്ന് ഉറപ്പാക്കിയാൽ എത്രയും വേഗം ഡോക്ടറെ തന്നെ കാണണം. മൂന്നുമാസം കഴിഞ്ഞെങ്കിൽ എം.ടി.പി ചെയ്യാതിരിക്കുന്നതാണ് നല്ലത്.

അമ്മയാകുന്നതിന് മുമ്പ് അറിയാൻ
ഭക്ഷണ കാര്യത്തിൽ അല്പമൊന്നു ശ്രദ്ധിച്ചാൽ ആരോഗ്യമുള്ള കുഞ്ഞിനെ സ്വന്തമാക്കാം. ഗർഭിണി ശ്രദ്ധിക്കേണ്ട ചില ഭക്ഷണ ക്രമങ്ങളുണ്ട്. ആഹാരത്തിൽ കുഞ്ഞിന്റെ വളർച്ചയ്ക്കു വേണ്ടുന്ന പോഷകാഹാരങ്ങൾ ഉൾപ്പെടുത്തുകയാണ് ഓരോ അമ്മമാരും ആദ്യം ചെയ്യേണ്ടത്. പോഷകാഹാരങ്ങളുടെ കുറവ് അമ്മയെക്കാൾ കൂടുതലായി കുട്ടികളെയാണ് ബാധിക്കുന്നത്. പ്രോട്ടീൻ, മിനറൽസ്, വിറ്റാമിനുകൾ എന്നിവയെല്ലാം ആഹാരത്തിൽ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം. എങ്കിൽ മാത്രമേ അമ്മയും കുഞ്ഞും പൂർണ ആരോഗ്യമുള്ളവരായി തീരൂ..


കാർബോഹൈഡ്രേറ്റ്സുകൾ
ശരീരത്തിനു വേണ്ടുന്ന ഊർജം പ്രദാനം ചെയ്യുന്നത് കാർബോഹൈഡ്രേറ്റുകളാണ്. ഇത് ഏറ്റവുമധികം അടങ്ങിയിട്ടുള്ള ഭക്ഷണ സാധനങ്ങൾ കഴിക്കാൻ ഗർഭിണി പ്രത്യേകം ശ്രദ്ധിക്കണം. കിഴങ്ങു വർഗങ്ങൾ, പയർവർഗ്ഗങ്ങൾ. പഴങ്ങൾ, സ്റ്റാർച്ച്, ഷുഗർ, സെല്ലുലോയിഡ് എന്നിവയടങ്ങിയ ധാന്യങ്ങൾ തുടങ്ങിയവയിലെല്ലാം തന്നെ ധാരാളമായി കാർബോഹൈഡ്രേറ്റുകൾ അടങ്ങിയിട്ടുണ്ട്.

പ്രോട്ടീനുകൾ
ശരീരത്തിലെ കലകളുടെ വളർച്ചയ്ക്കും ഹോർമോണുകളുടെ ഉത്പാദനത്തിലും പ്രോട്ടീനുകളെ ഒഴിവാക്കാൻ പറ്റില്ല. പാൽ, മുട്ട, പയർവർഗ്ഗങ്ങൾ എന്നിവയിലെല്ലാം ധാരാളമായി പ്രോട്ടീനുകൾ അടങ്ങിയിട്ടുണ്ട്.


കൊഴുപ്പുകൾ
ശരീരത്തിൽ ഊർജം പ്രദാനം ചെയ്യുന്നതിൽ കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾക്ക് വലിയ പങ്കുണ്ട്. ഒരു ഗ്രാം കാർബോഹൈഡ്രേറ്റു അടങ്ങിയ ഭക്ഷണത്തിൽ നിന്നു ലഭിക്കുന്നതിനേക്കാൾ മൂന്നിരട്ടി ഊർജം ഒരു ഗ്രാം കൊഴുപ്പിൽ നിന്നും ലഭിക്കും.
കാത്സ്യം
എല്ലിന്റെയും പല്ലിന്റെയും വളർച്ചയ്ക്ക് കാത്സ്യം അടങ്ങിയ ഭക്ഷണം കഴിക്കേണ്ടതുണ്ട്. പാൽ, മത്സ്യം, മാംസം എന്നിവയിലെല്ലാം കാൽസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്.
അയൺ
ഗർഭകാലത്ത് ഏറ്റവുമധികം പ്രശ്നങ്ങളുണ്ടാകുന്നത് അയണിന്റെ കുറവു കൊണ്ടാണ്. രക്തമുണ്ടാകാൻ സഹായിക്കുന്നതിൽ അയണിന്റെ പങ്ക് വളരെ വലുതാണ്. ഇറച്ചി, മത്സ്യം,മുട്ട, ഇലക്കറികൾ എന്നിവയിലെല്ലാം ധാരാളമായി ഇരുമ്പ് അടങ്ങിയിട്ടുണ്ട്.


സോഡിയം
വിയർപ്പിലൂടെയും മൂത്രത്തിലൂടെയും ധാരാളമായി സോഡിയം നഷ്ടപ്പെടുന്നതിനാൽ ധാരാളമായി സോഡിയം അടങ്ങിയ പദാർത്ഥങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തണം.


അയോഡിൻ
ഗർഭകാലത്ത് ധാരാളമായി ഹോർമോണുകൾ ശരീരത്തിൽ ഉൽപ്പാദിപ്പിക്കും. ഹോർമോണിന്റെ ഉൽപ്പാദനത്തിന് അയോഡിൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടതുണ്ട്. മീൻ, കൈതചക്ക, ഉള്ളി എന്നിവയിലെല്ലാം അയോഡിൻ അടങ്ങിയിട്ടുണ്ട്.


വിറ്റാമിനുകൾ
ശരീരത്തിലെ ഒട്ടു മിക്ക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു കിടക്കുകയാണ് വിറ്റാമിനുകൾ. ഇവയുടെ അഭാവം പല തരത്തിലുള്ള പ്രശ്നങ്ങൾക്കും വഴി വയ്ക്കും.


വിറ്റാമിൻ എ
ശരീരത്തിന്റെ വളർച്ചയ്ക്കും കാഴ്ചശക്തിക്കും രോഗപ്രതിരോധത്തിനും വിറ്റാമിൻ എ കൂടിയേ തീരൂ. വിറ്റാമിൻ എ യുടെ കുറവ് നിശാന്ധതയ്ക്കു വഴി വയ്ക്കും. മീൻ, മുട്ട. പാൽ എന്നിവയിലെല്ലാം ധാരാളമായി വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്.
വിറ്റാമിൻ ഡി
എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയെ ത്വരിതപ്പെടുത്തുന്നത് വിറ്റാമിൻ ഡി യാണ്. കരൾ, മുട്ട, മീനെണ്ണ എന്നിവയെല്ലാം വിറ്റാമിൻ ഡിയുടെ ഉറവിടങ്ങളാണ്.
വിറ്റാമിൻ ഇ
പ്രത്യുല്പാദന വ്യവസ്ഥയെ ഏറ്റവും കൂടുതലായി സ്വാധീനിക്കുന്നത് വിറ്റാമിൻ ഇ ആണ്. ഗർഭകാലത്ത് ഏറ്റവുമധികം കഴിക്കേണ്ടതും വിറ്റാമിൻ ഇ അടങ്ങിയ ഭക്ഷണങ്ങളാണ്. മുട്ടയിലും മീനെണ്ണയിലും ധാരാളമായി ഈ ജീവകം ഉണ്ട്.
വിറ്റാമിൻ കെ
രക്തം കട്ട പിടിപ്പിക്കുകയാണ് വിറ്റാമിൻ കെ യുടെ പ്രവർത്തനം. പച്ചക്കറികളിലും പഴവർഗങ്ങളിലും വിറ്റാമിൻ കെ അടങ്ങിയിട്ടുണ്ട്.
വിറ്റാമിൻ ബി 1
കാർബോഹൈഡ്രേറ്റുകളുടെ വിനിയോഗത്തിന് ബി1 അത്യാവശ്യമാണ്. ഈസ്റ്റ്, അണ്ടിപ്പരിപ്പ്, പയറുവർഗങ്ങൾ തുടങ്ങിയവയിലെല്ലാം ബി1 അടങ്ങിയിട്ടുണ്ട്. ഇതിന്റെ അഭാവം കുട്ടികളിൽ ബെറിബെറി എന്ന അസുഖത്തിനു കാരണമാകുന്നു.
വിറ്റാമിൻ ബി 2
പ്രോട്ടീൻ, കൊഴുപ്പ്, കാർബോഹൈഡ്രേറ്റുകൾ എന്നിവയുടെ വിനിയോഗത്തിന് ബി 2 ആവശ്യമാണ്. പാൽ, മുട്ട, ഇറച്ചി, പച്ചക്കറികൾ തുടങ്ങിയവയിലെല്ലാം ഇത് അടങ്ങിയിട്ടുണ്ട്. ഇതിന്റെ അഭാവം നാക്കിലും വായിലും കുരുക്കൾ ഉണ്ടാകുന്നതിനു കാരണമാകും.
ഫോളിക്കാസിഡ്
അമ്മമാർക്ക് ഫോളിക്കാസിഡിന്റെ കുറവുണ്ടെങ്കിൽ പ്രസവിക്കുന്ന കുട്ടികളിൽ തൂക്ക കുറവുണ്ടാകുന്നു. രക്തത്തിന്റെ ഘടകങ്ങളിലാണ് ഫോളിക്കാസിഡ് അടങ്ങിയിട്ടുള്ളത്. പച്ചക്കറികൾ ധാരാളമായി കഴിക്കുന്നത് ഫോളിക്കാസിഡിന്റെ അഭാവം കുറയ്ക്കും.
വിറ്റാമിൻ സി
രോഗപ്രതിരോധത്തിനും മുറിവുകൾ വേഗത്തിൽ കരിയുന്നതിനും വിറ്റാമിൻ സി സഹായിക്കുന്നു. ഇതിന്റെ കുറവ് കുട്ടികളിൽ സ്‌കർവി എന്ന അസുഖം ഉണ്ടാകുന്നതിനു കാരണമാകുന്നു. പയറിലും പഴവർഗ്ഗങ്ങളിലും ധാരാളമായി വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്.
മിനറലുകൾ
സുഗമമായ രീതിയിൽ ശരീരത്തിന്റെ പ്രവർത്തനങ്ങൾ നടത്താൻ മിനറലുകളുടെ സഹായം വേണം. അയൺ, കാത്സ്യം, പൊട്ടാസ്യം, ഫോസ് ഫറസ് എന്നിവയെല്ലാം ശരീരത്തിന്റെ ശരിയായ പ്രവർത്തനങ്ങൾക്ക് അത്യന്താപേക്ഷിതമാണ്. ഇവയൊക്കെ ആഹാരത്തിൽ ഉൾപ്പെടുത്തുന്നതിനു പുറമെ ഗർഭിണികൾ ധാരാളമായി വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. സാധാരണ കുടിക്കുന്നതിനേക്കാൾ കൂടുതലായി രണ്ടു ഗ്ലാസു വെള്ളമെങ്കിലും അധികം കുടിച്ചിരിക്കണം. പച്ചക്കറികൾ, പഴവർഗങ്ങൾ, പാൽ എന്നിവ ധാരാളമായി കഴിക്കണം. എണ്ണയിൽ വറുത്തതും അധികം മധുരമുള്ളതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുകയും വേണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN HEALTH
YOU MAY LIKE IN HEALTH