എട്ട് ലക്ഷത്തിന് കിഡ്നി വാങ്ങി, ആറ് വർഷമായി: ഈ അവസ്ഥ ഇനി ആർക്കും വരരുത്

Wednesday 07 November 2018 11:33 PM IST
kidney

ശരീരത്തിന് അസ്വസ്ഥതയോ വേദനയോ അനുഭവപ്പെടുമ്പോൾ ഡോക്ടറെ കാണാതെ വേദന സംഹാരികൾ തേടി മെഡിക്കൽ സ്റ്റോറുകളിൽ കയറിയിറങ്ങുന്നവരാണ് നൂറിൽ പകുതിയിൽ പേരും. അൽപനേരത്തെ സുഖത്തിനും ആശ്വാസത്തിനും വേണ്ടി വേദനസംഹാരികൾ കഴിക്കുന്നതിലൂടെ നമ്മളെ തേടിയെത്തുന്ന ആരോഗ്യപ്രശ്നങ്ങൾ ഒട്ടും ചില്ലറയല്ല. ഇത് നമ്മുടെ കിഡ്നിയടക്കമുള്ള ആന്തരീകാവയവങ്ങൾ വരെ തകരാറിലാക്കിയേക്കാം. ഇങ്ങനെ ഡോക്ടോറ് ചോദിക്കാതെ ദിവസവും തോന്നിയപോലെ വേദനസംഹാരികൾ വാങ്ങി കഴിച്ച് സ്വന്തം കിഡ്നിയുടെ പ്രവർത്തനം നിലച്ച ഒരു യുവാവിന്റെ കഥയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഡോ.ഷിനു ശ്യാമളനാണ് ആ യുവാവിന്റെ കഥ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചത്. സ്വന്തം കിഡ്നിയുടെ പ്രവർത്തനം നിലച്ചപ്പോൾ പത്രത്തിൽ പരസ്യം കൊടുത്ത് 8 ലക്ഷം രൂപയ്ക്കാണ് യുവാവ് കിഡ്നി വാങ്ങിയത്. ആറ് വർഷമായി ഈ കിഡ്നിയിലൂടെയാണ് യുവാവ് തന്റെ ജീവൻ നിലനിർത്തുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

വയസ്സ് 29. രണ്ട് കിഡ്നിയും പ്രവർത്തനം നിലച്ചപ്പോൾ പത്രത്തിൽ പരസ്യം കൊടുത്തു 8 ലക്ഷം രൂപയ്ക്കു ഒരു കിഡ്നി വാങ്ങി. ഇപ്പോൾ 6 വർഷങ്ങൾ കഴിഞ്ഞു.

വിനു എന്നു വിളിക്കാം. ഇന്ന് കിഡ്നിയ്ക്ക് ഇരട്ടി തുകയാകുമെന്ന് വിനു പറയുന്നു. ഇന്നവൻ ഈ. എസ്. ഐ ആശുപത്രിയിൽ സ്ഥിരം മരുന്നുകൾ വാങ്ങാൻ വരും.

'എങ്ങനെയാണ് വിനു കിഡ്നി പോയത്?'

'ഡോക്ടറോട് ചോദിക്കാതെ ദിവസവും തോന്നിയപോലെ വേദനസംഹാരികൾ വാങ്ങി കഴിച്ചു. '

ഡോസ് അനുസരിച്ചു ഒരു ദിവസം 2 ഗുളികകൾ മാത്രം കഴിക്കേണ്ടവ വിനു 4,5 ഗുളികകൾ ഒരു ദിവസം കഴിച്ചു. ഡോസ് അറിയാതെ മെഡിക്കൽ സ്റ്റോറുകൾ മാറി മാറി കയറിയിറങ്ങി അവൻ പലതരം ഗുളികകൾ ദിവസങ്ങളോളം തുടർച്ചയായി കഴിച്ചു കൊണ്ടേയിരുന്നു.

ഒടുവിൽ വേദന കുറഞ്ഞു. പക്ഷെ മൂത്രം പോകാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. കാലിലും മുഖത്തും നീരും അനുഭവപ്പെട്ടപ്പോൾ തീരെ വയ്യാതെ ഡോക്ടറെ കാണാൻ പോയി.

രക്തം പരിശോധിച്ചു ക്രീയാറ്റിനിൻ, യൂറിയ ഒരുപാട് കൂടുതലായിരുന്നു. ഡയാലിസിസ് ചെയ്ത് എത്ര നാളുകൾ ജീവിക്കാനാകും?

അങ്ങനെ വിനു പത്രത്തിൽ പരസ്യം കൊടുത്തു. കോട്ടയത്തു നിന്നും കാശിന് അത്യാവശ്യമുള്ള ഒരു യുവതി അവരുടെ കിഡ്നി 8 ലക്ഷം രൂപയ്ക്ക് വിനുവിന് കൊടുത്തു.

അങ്ങനെ 6 വർഷങ്ങൾ കഴിഞ്ഞു. ഇന്നവൻ എന്നോട് ഒരേയൊരു കാര്യമേ അവശ്യപ്പെട്ടുള്ളൂ.

'ഡോക്ടറെ, എനിക്ക് പറ്റിയത് പറ്റി. ഇനിയാർക്കും ഈ ഒരനുഭവം ഉണ്ടാകാതെയിരിക്കാൻ ഡോക്ടർ ഈ കാര്യം പരമാവധി ആളുകളിൽ എത്തിക്കണം'.

(വേദനസംഹാരികൾ മാത്രമല്ല, എന്ത് ഗുളികയും ഡോക്ടറെ കണ്ട് മാത്രം വാങ്ങി കഴിക്കുക. ഡോസും ഡോക്ടർ പറയുന്നപോലെ മാത്രം കഴിക്കുക. വേദന കുറയുന്നില്ല എന്നു കരുതി ഒരു നേരം കഴിക്കേണ്ട ഗുളിക 4 നേരം കഴിക്കരുത്, അല്ലെങ്കിൽ 1 ഗുളിക കഴിക്കുന്നത് പകരം 2, 3 ഗുളിക വീതം ഒരുമിച്ചു കഴിക്കരുത്.)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN HEALTH
YOU MAY LIKE IN HEALTH