അസം വിഷമദ്യദുരന്തത്തിൽ മരണം 102 ആയി,​ 350 പേർ‌ ആശുപത്രിയിൽ

Saturday 23 February 2019 9:25 PM IST
assam-

ഗുവാഹത്തി: അസമിലെ ഗൊലഘട്ടിലുണ്ടായ വിഷമദ്യ ദുരന്തത്തി. മരിച്ചവരുടെ എണ്ണം 102 ആയി. 350ലേറെപ്പേർ ആശുപത്രിയിൽ ചികിത്സയിലാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഉത്തർപ്രദേശ്,​ ഉത്തരഖണ്ഡ് സംസ്ഥാനങ്ങളിൽ വിഷമദ്യദുരന്തത്തിൽ 100 പേർ മരിച്ച് രണ്ടാഴ്ച തികയും മുമ്പാണ് വീണ്ടും ഒരുദുരന്തം. കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം മരണ സംഖ്യ 30 മാത്രമായിരുന്നു.

വ്യാഴാഴ്ച രാത്രിയോടെയാണ് മദ്യം കഴിച്ച നിരവധി പേർ കുഴഞ്ഞുവീഴുകയും അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയും ചെയ്തത്. തുടർന്ന് നിരവധി പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി ഗൊലാഘട്ട് സിവിൽ ആശുപത്രിയിൽ എത്തിച്ചപ്പോള്‍ തന്നെ പന്ത്രണ്ട് പേർ മരിച്ചിരുന്നു. തുടർന്ന് രാത്രി വൈകി മൂന്ന് പേരും പതിനഞ്ച് പേർ വെള്ളിയാഴ്ചയുമാണ് മരിച്ചത്. ബാക്കിയുള്ളവർ ശനിയാഴ്ചയോടെ മരിച്ചു. ഗൊലാഘട്ട് ജില്ലയിൽ നിന്ന് 59ഉം ജോർഹത് ജില്ലയിൽ നിന്ന് 43 മരണവുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 15000 ലിറ്റർ മദ്യവും നശിപ്പിച്ചു. . വിഷമദ്യ ദുരന്തത്തില്‍ മരണസംഖ്യ ഉയരുന്ന സാഹചര്യത്തില്‍ വിശദമായ അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ ഉത്തരവിട്ടിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN INDIA
YOU MAY LIKE IN INDIA