ദുർമന്ത്രവാദിയായ 27കാരൻ അമ്മയെ കൊന്ന് ചോരകുടിച്ചു

Monday 07 January 2019 1:09 AM IST
murder

റായ്‌പൂർ:ചത്തീസ്ഗഡിൽ ദുർമ്മന്ത്രവാദിയായ മകൻ നരബലിക്കായി അമ്മയെ കൊന്ന് രക്തം കുടിച്ച ശേഷം മൃതദേഹം വെട്ടിനുറുക്കി കത്തിച്ചു. ദിലീപ് യാദവ് എന്ന 27കാരനാണ് അമ്മ സുമരിയയെ കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തിയത്. ഇയാൾ ഒളിവിലാണ്.

കോർബ ജില്ലയിലെ കുഗ്രാമത്തിൽ ജനുവരി ഒന്നിന് നടന്ന സംഭവം ശനിയാഴ്ചയാണു പുറംലോകം അറിഞ്ഞത്. സംഭവത്തിന് ദൃക്‌സാക്ഷിയായതിന്റെ മാനസികാഘാതത്തിലായിരുന്ന അയൽക്കാരി സമിറൻ യാദവ് രണ്ട് ദിവസത്തിന് ശേഷമാണ് പൊലീസിൽ അറിയിച്ചത്.

സമിറൻ പതിവ് പോലെ സുമരിയയുടെ വീട്ടിൽ എത്തിയപ്പോഴാണ് കൊലപാതകത്തിന് ദൃക്‌സാക്ഷിയായത്. വീടിനടുത്തെത്തിയപ്പോൾ അസാധാരണ ശബ്ദങ്ങൾ കേട്ടു. കോടാലി ഉപയോഗിച്ച് മകൻ അമ്മയുടെ കഴുത്തിലും നെഞ്ചിലും തലയിലും വെട്ടുന്നത് ഇവർ നേരിട്ടുകണ്ടു. സുമരിയ പ്രാണവേദനയിൽ പുളയുമ്പോൾ മകൻ രക്തം കുടിക്കുകയായിരുന്നു. തുടർന്ന് ഇയാൾ മൃതദേഹം വെട്ടിനുറുക്കി തീയിലെറിഞ്ഞു. ഭീകരതയുടെ ആഘാതത്തിൽ സമിറന് ഒരക്ഷരം മിണ്ടാനായില്ല.

രണ്ട് ദിവസങ്ങൾക്കു ശേഷമാണ് ഇവർ മരുമകനോട് ഇക്കാര്യം വെളിപ്പെടുത്തിയത്. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു.

ദിലീപ് വീട്ടിൽ മന്ത്രവാദം നടത്തിയിരുന്നതായും നരബലിയെക്കുറിച്ച് സംസാരിച്ചിരുന്നതായും അയൽവാസികൾ പറഞ്ഞു. തന്റെ പിതാവിന്റെ മരണത്തിന് കാരണക്കാരി അമ്മയാണെന്നും അവർ ദുർമന്ത്രവാദിയാണെന്നും ഇയാൾ അധിക്ഷേപിച്ചിരുന്നു.

താന്ത്രിക കർമ്മങ്ങൾക്കായുള്ള പുസ്തകങ്ങൾ പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെത്തി. അച്ഛന്റെയും സഹോദരന്റെയും മരണത്തിലും ഭാര്യ വിട്ടുപോയതിലും ദിലീപ് അമ്മയെ കുറ്റപ്പെടുത്തിയിരുന്നു. ഇതാണ് ഇയാളെ ദുർമന്ത്രവാദത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN INDIA
YOU MAY LIKE IN INDIA