കർണാടകയിൽ വീണ്ടും ഭക്ഷ്യവിഷബാധ,​ ക്ഷേത്രത്തിൽ നിന്നു വിതരണം ചെയ്ത പ്രസാദം കഴിച്ച സ്ത്രീ മരിച്ചു,​ 11 പേർ ആശുപത്രിയിൽ

Saturday 26 January 2019 9:05 PM IST
karnataka

ബെംഗളൂരു: കര്‍ണാടകയിൽ ക്ഷേത്രത്തിൽ നിന്നു കഴിച്ച പ്രസാദത്തിൽ നിന്നുള്ള വിഷബാധയേറ്റ് സ്ത്രീ മരിച്ചു. ഭക്ഷ്യവിഷബാധയേറ്റ പതിനൊന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിക്കബല്ലാപുരയിലെ ചിന്താമണി ഗംഗമ്മ ദേവീക്ഷേത്രത്തില്‍ വിതരണം ചെയ്ത പ്രസാദം കഴിച്ച കവിത (28)​ എന്ന വീട്ടമ്മയാണ് മരിച്ചത്. ഇവരുടെ കുട്ടികളും അവശനിലയില്‍ ആശുപത്രിയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുസ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച ക്ഷേത്രത്തില്‍ വിതരണം ചെയ്ത പ്രസാദം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ചിന്താമണി താലൂക്കിലെ ഗംഗമ്മ ദേവീ ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ രണ്ട് സ്ത്രീകള്‍ പ്രസാദമെന്ന് പറഞ്ഞ് ഹല്‍വ വിതരണം ചെയ്തിരുന്നു. ഇത് കഴിച്ചവരെയാണ് പിന്നീട് ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സംഭവദിവസം രണ്ട് അജ്ഞാതരായ സ്ത്രീകള്‍ ക്ഷേത്രത്തിലെത്തിയിരുന്നതായും ഇവരാണ് ഹല്‍വ വിതരണം ചെയ്തതെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രസാദം വിതരണം ചെയ്ത രണ്ടു സ്ത്രീകളെയും പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം, ഹല്‍വ വിതരണം ചെയ്തത് ക്ഷേത്ര അധികൃതരുടെ അറിവോടെയല്ലെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

കഴിഞ്ഞ ഡിസംബറില്‍ കര്‍ണാടകയിലെ ചാമരാജനഗറിൽ ക്ഷേത്രത്തില്‍ പാകംചെയ്ത പ്രസാദത്തില്‍ വിഷം കലര്‍ത്തിയതിനെ തുടര്‍ന്ന് 17 പേര്‍ മരിക്കുകയും നൂറിലേറെ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN INDIA
YOU MAY LIKE IN INDIA